സ്വാമി അഗ്നിവേശ്: മതനിരപേക്ഷതയുടെ അചഞ്ചലനായ പോരാളി. : പി. കെ. വേണുഗോപാലൻ

 സ്വാമി അഗ്നിവേശ്: മതനിരപേക്ഷതയുടെ അചഞ്ചലനായ പോരാളി. 

പി. കെ. വേണുഗോപാലൻ 


കഴിഞ്ഞ സെപ്റ്റംബർ 11-ാം തിയതി കരൾ രോഗ ചികിത്സക്കുള്ള ഡൽഹിയിലെ ആശുപത്രിയിൽ (Institute of Liver and Biliary Sciences) വച്ച്  അന്തരിച്ച സ്വാമി അഗ്നിവേശിനെക്കുറിച്ച് ടcroll.in എന്ന ഓൺലൈൻ പത്രത്തിൽ ലേഖനമെഴുതിയ, അദ്ദേഹത്തിന്റെ സുഹൃത്തു കൂടിയായ ജോൺ ദയാൽ ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മരിക്കുമ്പോൾ 81 വയസ്സു തികയാൻ 10 ദിവസം  മാത്രമുണ്ടായിരുന്ന സ്വാമിയുടെ മരണ കാരണം, രണ്ടു വർഷം മുമ്പ് 2018 ജൂലൈ 17 ന് ഝാർഖണ്ഡിൽ വച്ച് സായുധരായ അക്രമികൾ അദ്ദേഹത്തെ കടന്നാക്രമിച്ചപ്പോൾ ഏറ്റ പരിക്കുകളുടെ ദീർഘകാല ആഘാതമായിരുന്നു എന്നാണ് ജോൺ ദയാൽ എഴുതിയത്. ആക്രമണ സമയത്ത് സ്വാമിയുടെ കരളിനേറ്റ പരിക്കാണ് മരണത്തിലേക്കു നയിച്ചതെന്ന് അഡ്വ. പ്രശാന്ത് ഭൂഷണും പറഞ്ഞു. ജോൺ ദയാൽ പറയുന്നതു പോലെ കൊലപാതകത്തിന് ഒരുങ്ങിവന്ന ഒരാൾക്കൂട്ടം തന്നെ (lynch mob) യാണ് സ്വാമിയെ ആക്രമിച്ചത്. ബി ജെ പി പ്രവർത്തകരായ അക്രമികളുടെ ആരോപണം സ്വാമി ഹിന്ദുക്കൾക്കെതിരായി ക്രിസ്ത്യൻ മിഷണറിമാരെ സഹായിക്കുന്നു എന്നായിരുന്നു. ഭാഗ്യവശാൽ ആ ആക്രമണത്തിൽ അദ്ദേഹം അപ്പോൾ തന്നെ കൊല്ലപ്പെട്ടില്ലെന്നു മാത്രം. പക്ഷേ അക്രമികളേല്പിച്ച ആഘാതം അദ്ദേഹത്തെ പിന്തുടരുകയും ഒടുവിൽ ആ വിലപ്പെട്ട ജീവനെടുക്കുകയും ചെയ്തു. സ്വാമിക്കെതിരെ സായുധരായ അക്രമിസംഘത്തെ അയച്ച സംഘപരിവാരം തങ്ങളുടെ വിജയത്തിൽ ആഹ്ലാദഭരിതരായിട്ടുണ്ടാവാം.

ഏതായാലും സ്വാമിയെ വക വരുത്താൻ അക്രമി സംഘത്തെ അയച്ച സംഘപരിവാരത്തിന്റെ അതേ ക്രിമിനൽ മനസ്സു പങ്കു വക്കുന്ന ഒരു റിട്ടയേഡ് പോലീസ് മേധാവി തന്റെ ആഹ്ലാദം മറച്ചു വച്ചില്ല. അഗ്നിവേശ് മരിച്ചപ്പോൾ ഒരു ''മഹാ ശല്യം ഒഴിവായെ" ന്നു ട്വിറ്റർ സന്ദേശത്തിൽ കുറിച്ചത് സി ബി ഐ യുടെ അഡീഷണൽ ഡയറക്ടറായി റിട്ടയർ ചെയ്ത ഐ.പി.എസുകാരൻ എം. നാഗേശ്വരറാവുവായിരുന്നു. അഗ്നിവേശ് "കാവി വസ്ത്രം ധരിച്ച ഹിന്ദു വിരുദ്ധനായിരുന്നു" വെന്നും അദ്ദേഹം "ഹിന്ദു മതത്തിന് വലിയ ഹാനി വരുത്തിയിട്ടുണ്ടെ"ന്നും "ഒരു തെലുഗു ബ്രാഹ്മണനായിരുന്നു അദ്ദേഹമെന്നതിൽ താൻ ലജ്ജിക്കുന്നു"വെന്നും നാഗേശ്വരറാവു എഴുതുന്നുണ്ട്. "അഗ്നിവേശിന്റെ മരണം നടപ്പിലാക്കാൻ യമരാജാവ് ഇത്രയും കാത്തു നിന്നതിലുള്ള ഖേദം" കൂടി പ്രകടിപ്പിച്ചേ ഈ മുൻ സി ബി ഐ ഉപമേധാവി തന്റെ ട്വിറ്റർ സന്ദേശം അവസാനിപ്പിക്കുന്നുള്ളു. സമൂഹത്തിന്റെ നന്മ മാത്രം അഭിലഷിക്കുകയും വേദനിക്കുന്നവർക്കൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്ത ഒരു വയോധികന്റെ മരണത്തിൽ ഇത്ര കണ്ട് ആഹ്ലാദം കണ്ടെത്തുന്ന ഈ ഐപിഎസുകാരനെയാണ്, മോഡി ഭരണത്തിന് അനഭിമതനായിരുന്ന അലോക് വർമ്മയെ സിബിഐ ഡയറക്റ്റർ സ്ഥാനത്തു നിന്നു നീക്കിയതിനു ശേഷം, 2019 ജനുവരിയിൽ സിബിഐയുടെ ഇടക്കാല ഡയറക്റ്ററായി നിയമിക്കാൻ കേന്ദ്ര സർക്കാർ കണ്ടെത്തിയത്. വർഗ്ഗീയതക്കു കുപ്രസിദ്ധനും ഒട്ടേറെ അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നയാളുമായ നാഗേശ്വരറാവുവിന് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് അവിടെ തുടരാനായില്ലെന്നു മാത്രം.

സ്വാമി അഗ്നിവേശിനെക്കുറിച്ചു പറയുന്ന ഒരു കുറിപ്പ് അദ്ദേഹത്തെ കടന്നാക്രമിക്കുകയും അദ്ദേഹത്തിന്റെ മരണത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്തവരെപ്പറ്റി പറഞ്ഞു കൊണ്ടു തുടങ്ങുന്നത് ഒരു പക്ഷേ, അനുചിതമാവാം. പക്ഷേ, സ്വാമി അഗ്നിവേശിന്റെ മരണം ആഗ്രഹിച്ചിരുന്നവർ ആരൊക്കെ എന്നു മനസ്സിലായാൽ അഗ്നിവേശ് ഏതുതരം നിലപാടുകൾക്കു വേണ്ടിയാണ് നിലകൊണ്ടതെന്നും പോരാടിയതെന്നും വ്യക്തമാവും.

ഉടുപ്പിന്റെ നിറം കാവിയായിരുന്നുവെങ്കിലും 'ആര്യസമാജ'ത്തിന്റെ ഭാഗമായിരുന്നുവെങ്കിലും മതമോ, വിശ്വാസമോ ആദ്ധ്യാത്മികതയോ ആയിരുന്നില്ല സ്വാമി അഗ്നിവേശ് എന്നറിയപ്പെട്ട വേപ ശ്യാം റാവുവിനെ ഉത്ക്കണ്ഠപ്പെടുത്തിയിരുന്നത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്തു ജനിച്ച വേപ ശ്യാം റാവു വളർന്നത് ഇന്നത്തെ ഛത്തീസ്ഗഢിലെ 'ശക്തി'യെന്ന ഗോണ്ട് നാട്ടുരാജ്യത്തിലെ ദിവാനായിരുന്ന മുത്തച്ഛനൊപ്പമായിരുന്നു.മാനേജുമെന്റ് ബിരുദത്തിനു പുറമെ നിയമബിരുദവും കോമേഴ്സിൽ മറ്റൊരു ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം ജെസ്യൂട്ട് സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുറേ നാൾ അദ്ധ്യാപകനായി തുടർന്നതിനു ശേഷമാണ് ഒരു മനുഷ്യാവകാശ പ്രവർത്തകനാവാൻ അദ്ദേഹം തീരുമാനിക്കുന്നത്.

1968 ൽ ആര്യസമാജിൽ ചേരുകയും 1970 ൽ സന്യാസം സ്വീകരിക്കുകയും ചെയ്തെങ്കിലും 1976 ൽ ആ സംഘടനയിൽ നിന്നും അഗ്നിവേശ് പുറത്താക്കപ്പെട്ടു. 1977 ൽ, അടിയന്തിരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഹരിയാന നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1979 ൽ അവിടെ വിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായി. മന്ത്രിയായിരിക്കുമ്പോൾ തന്നെയാണ്, 1981ൽ 'ബന്ധുവാ മുക്തി മോർച്ച' എന്ന അടിമത്ത വിമോചന മുന്നണിക്ക് ( Bonded Labour Liberation Front) അദ്ദേഹം രൂപം നൽകുന്നത്.  തനിക്ക് അനഭിലഷണീയമായ അധികാരത്തിന്റെ രീതികൾ തുടരാൻ സന്നദ്ധനല്ലാത്തതു കൊണ്ട് സ്വാമി മന്ത്രി സ്ഥാനം രാജി വക്കുകയായിരുന്നു.

ഒരു പക്ഷേ, സ്വാമി അഗ്നിവേശിന്റെ ഏറ്റവും പ്രമുഖമായ പ്രവർത്തനം കുട്ടികളുൾപ്പെടെ ലക്ഷക്കണക്കിനാളുകളെ അടിമപ്പണിയിൽ നിന്നും വിമോചിപ്പിക്കാൻ അദ്ദേഹം നടത്തിയ ധീരവും മഹത്തരവുമായ ശ്രമങ്ങൾ തന്നെയാണ്. അടിമവേല 1976 ൽ നിയമം മൂലം നിരോധിക്കപ്പെട്ടുവെങ്കിലും ആ നിയമങ്ങൾ നടപ്പാക്കപ്പെട്ടിരുന്നില്ല എന്നതാണു വാസ്തവം. ഖനികളിലും കൃഷിയിടങ്ങളിലും തോട്ടങ്ങളിലും പരമ്പരാഗത വ്യവസായങ്ങളിലുമൊക്കെ യാതൊരു തടസ്സവും കൂടാതെ അടിമവേല തുടർന്നു. ജാതീയതയും ഫ്യൂഡൽ മൂല്യങ്ങളുടെ ആധിപത്യവും അധികാരത്തിന്റെ വിധ്വംസകമായ പല തരം പ്രയോഗ രൂപങ്ങളും അതിനു കാവൽ നിന്നു. 

സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തിൽ 'ബന്ധുവ മുക്തി മോർച്ച' നടത്തിയ അടിമവേലക്കെതിരായ പ്രവർത്തനങ്ങൾ പലയിടത്തും നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാനങ്ങളുള്ളതായിരുന്നു. ബാലവേലക്കെതിരായ നിയമനിർമ്മാണത്തിനും അടിമവേലക്കെതിരായ കോടതി ഉത്തരവുകൾക്കും പിന്നിൽ ഈ പ്രവർത്തനങ്ങൾ മുഖ്യ പ്രേരക ഘടകമായി.

2011 ൽ മാവോയിസ്റ്റുകൾ ബന്ദികളാക്കിയ പോലീസ് ഉദ്യോഗസ്ഥരെ വിട്ടുകിട്ടാനായി അവരുമായി ഒത്തുതീർപ്പു ചർച്ചകൾ നടത്തിയ ജസ്റ്റിസ് രജീന്ദർ സച്ചാറും ഗൗതം നവലാഖയും കവിത ശ്രീവാസ്തവയുമൊക്കെ ഉൾപ്പെട്ട പൗരാവകാശ പ്രവർത്തകരുടെ സംഘത്തിൽ സ്വാമി അധിവേശും അംഗമായിരുന്നു. 2013ൽ, മാവോയിസ്റ്റുകളുമായി കൂടിയാലോചനകൾ നടത്താനും സംഘർഷം ഒഴിവാക്കാനും അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോട് സ്വാമി അഭ്യർത്ഥിക്കുക പോലും ചെയ്തിരുന്നു.

മരണപ്പെട്ട ഭർത്താവിന്റെ ചിതയിൽ ഭാര്യയെ കൂടി ദഹിപ്പിക്കുന്ന 'സതി'യെന്ന ദുരാചാരത്തിനെതിരെയും പെൺഭ്രൂണഹത്യക്കെതിരെയും അദ്ദേഹം സ്വീകരിച്ച നിലപാടുകൾ  സാമൂഹത്തിൽ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത്  അഴിമതിക്കെതിരായി നടന്ന സമരങ്ങളിലും അദ്ദേഹം ശ്രദ്ധേയമായ സാന്നിദ്ധ്യമായിരുന്നു.

സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കൊപ്പം നിലയുറപ്പിച്ച സ്വാമി വലതുപക്ഷ ശക്തികളുടെ കണ്ണിലെ കരടാകുന്നത് സ്വാഭാവികം മാത്രം. മോഡി സർക്കാരിന്റെ വർഗ്ഗീയ രാഷ്ട്രീയത്തേയും പശു രക്ഷയുടെ പേരിൽ വർഗ്ഗീയ ശക്തികൾ നടത്തിയ ആൾക്കൂട്ട കൊലപാതകങ്ങളേയും ദളിത് ഹിംസയേയും ചോദ്യം ചെയ്ത സ്വാമി അഗ്നിവേശിനെ വകവരുത്താൻ തന്നെയാണ് 2018 ജൂലായിൽ ത്സാർഖണ്ഡിലെ പാക്കൂരിൽ വച്ച് ബി ജെ പിയുടെ ആൾക്കൂട്ടം അദ്ദേഹത്തെ ആക്രമിച്ചത്. പിന്നീട് 2018 ആഗസ്റ്റ് 17 ന്, അന്തരിച്ച അടൽ ബിഹാരി വാജ്പേയിക്ക് ആദരമർപ്പിക്കാൻ പോയ സ്വാമി അഗ്നിവേശിനെ ഡൽഹിയിലെ ഭീൻ ദയാൽ ഉപാദ്ധ്യായ മാർഗ്ഗിൽ വച്ചും ബി ജെ പിക്കാർ ശാരീരികമായി ആക്രമിക്കുകയുണ്ടായി.

ഒറീസ്സയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കൾക്കു കൂടി പ്രവേശനം അനുവദിക്കണമെന്ന് അഭിപ്രായപ്പെട്ട സ്വാമി അഗ്നിവേശിനെ അവിടത്തെ പുരോഹിതന്മാർ ഹിന്ദു വിരുദ്ധനായിട്ടാണ് കണക്കാക്കിയത്. അമർനാഥ് ഗുഹാക്ഷേത്രത്തിലെ 'ശിവലിംഗം' ഒരു സാധാരണ മഞ്ഞു കൂന (stalagmite) മാത്രമാണെന്നു പറഞ്ഞ അഗ്നിവേശിനെ കൊല്ലുന്നവർക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്യുക പോലും ചെയ്തു, 'അഖില ഭാരതീയ ഹിന്ദുമഹാസഭ'! 

നിരവധി തവണ കേരളം സന്ദർശിച്ചിട്ടുള്ള സ്വാമിക്ക്   കേരളത്തിൽ ഒട്ടേറെ സൗഹൃദങ്ങളുണ്ടായിരുന്നു. മതനിരപേക്ഷതക്ക് മേൽക്കൈയുള്ള കേരളീയസമൂഹത്തെ സ്വാമി ഏറെ ബഹുമാനത്തോടെയാണു കണ്ടത്. ജാതീയതയേയും വർഗ്ഗീയ രാഷ്ട്രീയത്തേയും ഇനിയും വേരുറക്കാൻ അനുവദിക്കാത്ത കേരളം മനുഷ്യത്വത്തെ സ്നേഹിക്കുന്നവരുടെ മുന്നിൽ ഒരു പ്രതീക്ഷയാണെന്നു സ്വാമി കരുതുകയും അതു തുറന്നു പറയുകയും ചെയ്തു.

2018 ഡിസംബർ ൪-ന് തൃശൂരിൽ ചേർന്ന 'ജനാഭിമാന സംഗമ'-ത്തിന്റെ വേദിയിൽ സ്വാമി അഗ്നിവേശ്. കെ.എൽ.ജോസ് സംസാരിക്കുന്നു. ഉഷാകുമാരി, വൈശാഖൻ, പി.എസ്.ഇഖ്ബാൽ, പ്രൊ. സാറാ ജോസഫ്, സ. കെ. അജിത, സ. പി.കെ. വേണുഗോപാലൻ എന്നിവരെയും വേദിയിൽ കാണാം


കേരളത്തിൽ സ്വാമി നടത്തിയ നിരവധി പ്രസംഗങ്ങളിൽ രണ്ടിടത്ത് അദ്ദേഹത്തിന്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ അവസരം ലഭിക്കുകയുണ്ടായെന്നു ഇതെഴുതുന്നയാൾ ആദരപൂർവ്വം സ്മരിക്കുന്നു. 2012 ൽ 'കേരളീയം' മാസിക തൃശൂരിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ഭരണകൂടതലത്തിൽ നടക്കുന്ന അഴിമതിയേയും ഭരണത്തിലും സമ്പദ് വ്യവസ്ഥയിലും കള്ളപ്പണം ചെലുത്തുന്ന സ്വാധീനത്തേയും കുറിച്ചായിരുന്നു സ്വാമി പ്രസംഗിച്ചത്. 2018 ൽ ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, വലതുപക്ഷ ശക്തികൾ കേരളീയ സമൂഹത്തെ കലാപ കലുഷമാക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സാഹചര്യത്തിൽ 2018 ഡിസംബർ 4 ന് തൃശ്ശൂരിൽ നടന്ന 'ജനാഭിമാനസംഗമം' ഉദ്ഘാടനം ചെയ്യാൻ എത്തിയത് സ്വാമി അഗ്നിവേശായിരുന്നു. വർഗ്ഗീയ ശക്തികളുടെ സാംസ്കാരിക, രാഷ്ട്രീയ നിലപാടുകൾ എത്രമാത്രം ഹിംസാത്മകവും നശീകരണക്ഷമവുമാണെന്നു വിശദീകരിക്കുന്ന പ്രഭാഷണമായിരുന്നു സ്വാമി അഗ്നിവേശിന്റേത്.

സ്വാമി അഗ്നിവേശിന്റെ മരണത്തിൽ അനുശോചിച്ചു കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയിൽ സി.പി.ഐ.(എം .എൽ) റെഡ് ഫ്ലാഗ് ജനറൽ സെക്രട്ടറി സ: എം.എസ്. ജയകുമാർ ചൂണ്ടിക്കാട്ടിയതു പോലെ, ജനാധിപത്യത്തിന്റേയും മതനിരപേക്ഷതയുടേയും ഏറ്റവും മികച്ച പോരാളികളിൽ ഒരാളെയാണ് സ്വാമി അഗ്നിവേശ് അന്തരിച്ചപ്പോൾ നമ്മുടെ രാജ്യത്തിനും ജനങ്ങൾക്കും നഷ്ടമായത്. സ്വാതന്ത്ര്യത്തിന്റേയും സമത്വപൂർണ്ണമായ സാമൂഹ്യ ജീവിതത്തിന്റേയും ധീരനായ പതാകാ വാഹകനായിരുന്നു അദ്ദേഹം. രാജ്യം കടുത്ത വെല്ലുവിളികളെ നേരിടുന്ന വർത്തമാന സന്ദർഭത്തിൽ നിലപാടുകളിലും പ്രവർത്തന രംഗങ്ങളിലും യുവത്വത്തിന്റെ ധീരതയും ഊർജ്ജസ്വലതയും പ്രകടിപ്പിച്ചു കൊണ്ട് കർമ്മനിരതനായിരുന്ന ആ എൺപതുകാരന്റെ 'അകാല' നിര്യാണം സൃഷ്ടിച്ച ശൂന്യത വളരെ വലുതു തന്നെയാണ്.