കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നു.

 കർഷക പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുന്നു. 

രമേശൻ

 

മോഡി സർക്കാരിന്റെ കോർപ്പറേറ്റ് അനുകൂല കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭം ശക്തിപ്പെടുകയാണ്. 

(Source: Express Photo by Gurmeet Singh)


മോഡി സർക്കാർ പാസ്സാക്കിയെടുത്ത കർഷകവിരുദ്ധമായ ബില്ലുകൾക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന കർഷക പ്രക്ഷോഭം ശക്തിപ്പെടുകയാണ്. രാജ്യത്തെ കർഷക സംഘടനകൾക്കിടയിൽ ഈ നിയമ നിർമ്മാണങ്ങൾക്കെതിരായി ഒരു സമര ഐക്യം രൂപപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. സെപ്തംബർ 25 നു നടന്ന അഖിലേന്ത്യാ പ്രക്ഷോഭത്തിനു നേതൃത്വം നൽകാൻ വേണ്ടി ഭാരതീയ കിസാൻ യൂണിയനും (BKU) ആൾ ഇന്ത്യാ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയും (AIKSCC) ആൾ ഇന്ത്യാ കിസാൻ മഹാസംഘും (AlKM) പത്തോളം മറ്റു പ്രമുഖ കർഷക സംഘടനകളും ചേർന്ന് ഒരു പൊതു പ്ലാറ്റ്ഫോമിന് രൂപം നൽകിയിരുന്നു. ഇടതുപക്ഷ പാർട്ടികളും അവയുടെ നേതൃത്വത്തിലുള്ള കർഷക പ്രസ്ഥാനങ്ങളും പ്രക്ഷോഭത്തിൽ പങ്കു ചേരുകയും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. പ്രതിപക്ഷ പാർട്ടികളും പ്രക്ഷോഭത്തെ പിന്തുണക്കുന്നു. ബി കെ യു വിന്റെ പ്രസിഡന്റായ രാകേഷ് തികായത്ത് പറഞ്ഞത് നൂറിലധികം കർഷക സംഘടനകൾ സെപ്തംബർ 25 ന്റെ പ്രക്ഷോഭത്തിൽ പങ്കെടുത്തു എന്നാണ്. ഉത്തര പ്രദേശിലും പഞ്ചാബിലും ഹരിയാനയിലും റോഡുകൾ തടയുകയും റെയിൽവേ സ്തംഭിപ്പിക്കുകയും ഭരണത്തെ തന്നെ ഒരളവു വരെ നിശ്ചലമാക്കുകയും ചെയ്തുകൊണ്ടാണ് സമരരംഗത്തിറങ്ങിയ കർഷകർ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിക്കുകയും ദേശ താല്പര്യങ്ങൾക്കു വിരുദ്ധമായ നിയമനിർമ്മാണം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്.


ഉത്തരേന്ത്യയിലെ മാത്രമല്ല, കർണ്ണാടകയിലേയും മഹാരാഷ്ട്രയിലേയും തമിഴ്നാട്ടിലേയും കർഷക സംഘടനകളും 25-ാം തിയതിയിലെ പ്രക്ഷോഭത്തിലും ബന്ദിലും സജീവമായി പങ്കെടുത്തു. 

ടാക്സി, ലോറി ഡ്രൈവർമാരുടേയും പീടിക തൊഴിലാളികളുടേയും സംഘടനകൾ ഉൾപ്പെടെ നിരവധി ബഹുജന സംഘടനകൾ പല സംസ്ഥാനങ്ങളിലും കർഷക സമരത്തെ പിന്തുണക്കുന്നുണ്ട്.


കഴിഞ്ഞ ദിവസം, അതായത്, സെപ്തംബർ 20ന് പാർലമെന്റിന്റെ ഹ്രസ്വമായ വർഷകാല സമ്മേളനത്തിൽ, ചട്ടപ്രകാരം വേണ്ട ചർച്ചയോ സൂക്ഷ്മപരിശോധനയോ കൂടാതെയാണ് ബി ജെ പി സർക്കാർ, ധൃതി പിടിച്ച് കാർഷിക പരിഷ്ക്കരണ ബില്ലുകൾ പാസ്സാക്കിയെടുത്തത്. തങ്ങൾക്കു ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബില്ല് വോട്ടിനിടാൻ പോലും തയ്യാറാകാതെ, ഒരു തരം ബലപ്രയോഗത്തിലൂടെയാണ് സർക്കാർ ബില്ല് പാസ്സാക്കിയെന്നു അവകാശപ്പെടുന്നത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദന മേഖലയായ കാർഷിക രംഗത്തെ ഗുരുതരമായി ബാധിക്കുന്ന ബില്ലുകൾ സെലക്ട് കമ്മിറ്റിയുടെ സൂക്ഷ്മപരിശോധനക്ക് അയക്കണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല. ബില്ല് വോട്ടിനിടണമെന്ന എം.പി.മാരുടെ ആവശ്യം തികച്ചും ജനാധിപത്യ വിരുദ്ധമായി അവഗണിച്ച സർക്കാർ ശബ്ദവോട്ടോടെ ബിൽ പാസായതായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിഷേധിച്ച രാജ്യസഭാംഗങ്ങളെ സഭയിൽ നിന്നും പുറത്താക്കിക്കൊണ്ട് തങ്ങളുടെ ജനാധിപത്യ വിരുദ്ധത സർക്കാർ പക്ഷം ഒരിക്കൽ കൂടി പ്രഖ്യാപിച്ചു.


കർഷക വിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ ഈ ബില്ലുകൾ അവതരിപ്പിക്കാൻ പോകുന്നു എന്നറിഞ്ഞ സമയം മുതൽ തന്നെ രാജ്യത്തെങ്ങുമുള്ള കർഷകർ അവക്കെതിരെ തങ്ങൾക്കുള്ള കടുത്ത എതിർപ്പുകൾ രേഖപ്പെടുത്തിയിരുന്നതാണ്. ആ എതിർപ്പുകളെ വകവക്കാതെ ഇപ്പോൾ സർക്കാർ പാസാക്കിയെടുത്ത ഈ ബില്ലുകൾക്ക് പ്രസിഡന്റിന്റെ ഔപചാരികമായ അംഗീകാരം കൂടി കിട്ടിക്കഴിഞ്ഞാൽ അവ നിയമമാവും.


കഴിഞ്ഞ ജൂൺ മാസം 5-ാം തിയതി, ഈ ബില്ലുകളിലെ വ്യവസ്ഥകൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസുകൾക്കു പകരമായാണ് ഈ ബില്ലുകൾ അവതരിപ്പിച്ചു പാസ്സാക്കിയത്. ഭരണഘടനയിലെ വ്യവസ്ഥകൾ പ്രകാരം സംസ്ഥാന വിഷയമായ കാർഷിക മേഖലയിലേക്ക്, കേന്ദ്ര സർക്കാർ നടത്തുന്ന ഏറ്റവും വലിയ കടന്നുകയറ്റമായിരുന്നു ഈ ഓർഡിനൻസുകൾ.  ഫെഡറൽ വ്യവസ്ഥകൾ അനുസരിച്ച് കാർഷിക മേഖലയിൽ സംസ്ഥാനങ്ങൾക്കു ലഭ്യമായ അവകാശങ്ങളേയും അധികാരങ്ങളേയും ദുർബ്ബലമാക്കുകയാണ് ഈ നിയമ നിർമ്മാണത്തിലൂടെ കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് നിയമ വിദഗ്ദ്ധരും ജനാധിപത്യവാദികളും ചൂണ്ടിക്കാട്ടിയതാണ്.  ''ഒരൊറ്റ ഇന്ത്യ, ഒരൊറ്റ കാർഷികവിപണി'' എന്ന അയഥാർത്ഥവും അശാസ്ത്രീയും അടിസ്ഥാന രഹിതവുമായ മുദ്രാവാക്യം നടപ്പിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഓർഡിനൻസുകൾ എന്നു തിരിച്ചറിഞ്ഞു കൊണ്ടു കൂടിയാണ് കർഷക സംഘടനകളും ഇടതുപക്ഷം ഉൾപ്പെടെയുള്ള പ്രതിപക്ഷ

ങ്ങളും അവക്കെതിരായി സമരരംഗത്തുവന്നത്.


കർഷകരുടെ താല്പര്യങ്ങൾക്കെതിരായ ഈ ഓർഡിനൻസുകൾ  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ് പഞ്ചാബ് നിയമസഭ ആഗസ്റ്റ് 28 ന് പ്രമേയം പാസ്സാക്കി. ഈ ഓർഡിനൻസുകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്കു മേലുള്ള പ്രത്യക്ഷമായ കടന്നുകയറ്റമാണെന്നും ഭരണഘടന വിഭാവനം ചെയ്യുന്ന സഹകരണാത്മക ഫെഡറലിസത്തിന്റെ  നിഷേധമാണെന്നും പഞ്ചാബ് നിയമസഭ ചൂണ്ടിക്കാട്ടിയിരുന്നു.


ഈ ഓർഡിനൻസുകളും അവയെ നിയമമാക്കാൻ വേണ്ടി തയ്യാറാക്കിയ ബില്ലുകളും കർഷക വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ശിരോമണി അകാലി ദൾ എം. പിയും മോഡി മന്ത്രിസഭയിൽ ഭക്ഷ്യ സംസ്ക്കരണ വകുപ്പു മന്ത്രിയുമായിരുന്ന ഹർസിംമ്രത് കൗർ ബാദൽ മന്ത്രിസ്ഥാനം രാജി വച്ചത്.


കേന്ദ്രം പാസ്സാക്കിയെടുത്ത 'കാർഷികോല്പന്ന വ്യാപാര, വാണിജ്യ (പ്രോത്സാഹന, സൗകര്യമൊരുക്കൽ) ബിൽ 2020' പ്രകാരം കാർഷികോല്പന്നങ്ങൾ പ്രഖ്യാപിത വിപണികൾക്ക് പുറത്ത് എവിടെയും വിപണനം നടത്താം. സംസ്ഥാന സർക്കാരുകളുടെ വിജ്ഞാപനമനുസരിച്ചു പ്രവർത്തിക്കുന്ന കാർഷികോല്പന്ന വിപണന സമിതികളുടെ (APMC- Agricultural Produce Market Committee) നേതൃത്വത്തിലുള്ള 'മണ്ഡി'കൾ എന്നറിയപ്പെടുന്ന പ്രഖ്യാപിത വിപണികൾക്കു പുറത്ത് കച്ചവടം നടത്തുന്നവരിൽ നിന്നും പ്രത്യേക ഫീസോ, സെസ്സോ, ലെവിയോ ഈടാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അവകാശമില്ലെന്നു ബിൽ പറയുന്നു. കാർഷികോല്പന്നങ്ങളുടെ സംസ്ഥാനാന്തരവില്പനക്കും ഇലക്ട്രോണിക് വില്പനക്കുമുള്ള നിയന്ത്രണങ്ങൾ ഈ നിയമം എടുത്തുകളയുന്നു. കാർഷികോല്പന്ന വിപണിയിൽ APMC കൾക്കുള്ള പ്രാമുഖ്യം എടുത്തുകളയുന്നതോടെ വിപണി പൂർണ്ണമായും കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിലാവുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷ്യധാന്യങ്ങൾ മിനിമം താങ്ങുവില നൽകി സംഭരിക്കുന്ന സമ്പ്രദായം ഇതോടെ നിർത്തിക്കളയാൻ സർക്കാരിന് സൗകര്യം നൽകുന്ന നിയമമാണിത്. താങ്ങുവിലയോ, സംഭരണമോ നിർത്താൻ തങ്ങൾക്കുദ്ദേശമില്ലെന്ന് സർക്കാരും ബി ജെ പി നേതാക്കളും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഓർഡിനൻസ് വന്നപ്പോൾ മുതൽ കർഷകർ പ്രകടിപ്പിക്കുന്ന ആശങ്കകൾക്ക് പരിഹാരം നൽകുന്ന വ്യവസ്ഥകൾ ബില്ലുകളിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറായിട്ടില്ല. 


'വിലസ്ഥിരതയും കാർഷിക സേവനങ്ങളും സംബന്ധിച്ച കർഷക (ശാക്തീകരണവും സംരക്ഷണവും) ഉടമ്പടി ബിൽ 2020' എന്ന ബിൽ കരാർ കൃഷിയുമായും കാർഷികോല്പന്നങ്ങൾ വാങ്ങുന്നതും വില്ക്കുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളാണ് പറയുന്നത്. വിലസ്ഥിരതയെപ്പറ്റി പറയുന്ന ഈ നിയമം വില നിശ്ചയിക്കുന്നതിന്റെ വ്യവസ്ഥകളെപ്പറ്റിയോ, അതുറപ്പാക്കാനുള്ള സംവിധാനങ്ങളെപ്പറ്റിയോ പറയുന്നില്ല. സ്വകാര്യ കുത്തകകൾക്ക് കരാർ കൃഷി വ്യവസ്ഥകളും വില നിർണ്ണയനത്തിനുള്ള ഉപാധികളും നിശ്ചയിക്കാൻ അവസരം നൽകുന്ന ഈ നിയമം തങ്ങളുടെ താല്പര്യങ്ങളെ വലിയ തോതിൽ ബാധിക്കുമെന്ന ബോദ്ധ്യമാണ് കർഷകരെ സമര രംഗത്തിറക്കിയത്.


ഇക്കൂട്ടത്തിലെ മൂന്നാമത്തെ ബിൽ അവശ്യ സാധന (ഭേദഗതി) ബില്ലാണ്. ഈ ബില്ലനുസരിച്ച് നെല്ലും ഗോതമ്പും പോലുള്ള ഭക്ഷ്യധാന്യങ്ങളോ, പയറു വർഗ്ഗങ്ങളോ, എണ്ണക്കുരുക്കളോ, ഭക്ഷ്യ എണ്ണയോ, ഉള്ളിയോ, ഉരുളക്കിഴങ്ങോ ഒന്നും അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നില്ല. ഇവ ഉൾപ്പെടെയുള്ള കാർഷികോല്പന്നങ്ങളുടെ ഉല്പാദനവും സംഭരണവും വിതരണവും ഗതാഗതവും ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും ദുർബ്ബലപ്പെടുത്തുന്നതാണ് ഈ നിയമം. ഈ സാധനങ്ങളുടെ വിപണനത്തിനു വേണ്ടിയിരുന്ന ലൈസൻസുകളെ അനാവശ്യമാക്കുന്നതും പൂഴ്ത്തിവയ്പ്പ് നിയമ വിധേയമാക്കുന്നതുമാണ് ഈ ബിൽ .


കാർഷികോല്പന്നങ്ങൾ വിറ്റഴിക്കുന്നതിന് സർക്കാർ വ്യവസ്ഥകൾ പ്രകാരം പ്രവർത്തിക്കുന്ന 'മണ്ഡി'കളും AMCP കളും നിന്നുപോയാൽ സ്വകാര്യ കച്ചവടക്കാരുടെ ലാഭക്കൊതിക്കു മുന്നിൽ കർഷകർ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങൾ എത്ര മാത്രമാണെന്നു ബീഹാറിന്റെ അനുഭവം വച്ചു കൊണ്ടു കർഷകർക്കു വിലയിരുത്താനാവും. മിനിമം താങ്ങുവിലയും വിള സംഭരണവും അവസാനിപ്പിച്ചാൽ കർഷകർ മാത്രമല്ല അതിന്റെ ദുരിത ഫലങ്ങൾ അനുഭവിക്കാൻ പോകുന്നത്. സംഭരണം അവസാനിപ്പിക്കുക എന്നു പറഞ്ഞാൽ പൊതുവിതരണ സമ്പ്രദായം (PDS - Public Distribution System) അനുസരിച്ചുള്ള റേഷനും ഭക്ഷ്യ സബ്സിഡിയും അവസാനിപ്പിക്കുക എന്നാണർത്ഥം. സംഭരണത്തിന്റെ ചുമതല വഹിക്കുന്ന എഫ് സി ഐ യും (FCI - Food Corporation of India) അതോടെ അപ്രസക്തമാവും.1994 ൽ ഗാട്ട് കരാർ ഒപ്പു വക്കപ്പെടുകയും 1995 ജനുവരിയിൽ ലോക വാണിജ്യ സംഘടന (WTO) നിലവിൽ വരികയും ചെയ്ത കാലം മുതൽ, അതിലെ വ്യവസ്ഥകൾ ഉപയോഗിച്ച് ഇന്ത്യയിലെ കാർഷിക മേഖലയിൽ സമ്പൂർണ്ണ ആധിപത്യമുറപ്പിക്കാൻ കോർപ്പറേറ്റ് ശക്തികൾ കടുത്ത ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. കർഷകർക്ക് സഹായം നൽകുന്നതിനുള്ള എല്ലാ പദ്ധതികളിൽ നിന്നും സർക്കാർ പിന്മാറണമെന്ന കോർപ്പറേറ്റ് ആവശ്യങ്ങളെ അംഗീകരിക്കുന്ന നിലപാടാണ് ആഗോളീകരണ നയങ്ങൾ നടപ്പാക്കുന്നതിനു തുടക്കം കുറിച്ച നരസിംഹറാവു സർക്കാരിന്റെ കാലം മുതലുള്ള എല്ലാ സർക്കാരുകളും സ്വീകരിച്ചത്. കോൺഗ്രസ്സും അവരുടെ നേതൃത്വത്തിൽ രൂപം കൊണ്ട യു പി എ യും ബി ജെ പി നേതൃത്വത്തിലുള്ള എൻ ഡി എയുമൊക്കെ തങ്ങളുടെ ഭരണകാലത്ത് കർഷകവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവുമായ കാർഷിക നയങ്ങളാണ് നടപ്പാക്കിപ്പോന്നത്. രാസവള സബ്സിഡി നിർത്തലാക്കിയും താങ്ങുവില സമ്പ്രദായവും പൊതുവിതരണ സംവിധാനവും ദുർബ്ബലപ്പെടുത്തിക്കൊണ്ടുമൊക്കെ കർഷകരെ കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് കൂടുതൽ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയാണ് ഈ ഭരണക്കാർ എല്ലാവരും ചെയ്തത്. ഇവർ നടപ്പാക്കിയ കാർഷിക നയങ്ങളുടെ ഇരകളിൽ ചിലർ മാത്രമാണ് ആത്മഹത്യയിൽ അഭയം തേടിയ നാലു ലക്ഷത്തോളം വരുന്ന കൃഷിക്കാർ.


മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ കർഷകരെ ആത്മഹത്യയിൽ നിന്നു രക്ഷിക്കാൻ എന്തെങ്കിലും ചെയ്യുന്നതിനു പകരം കർഷകരുടെ ആത്മഹത്യയെ സംബന്ധിച്ച കണക്കുകൾ പ്രസിദ്ധപ്പെടുത്തുന്നത് തടയുകയാണു ചെയ്തത്. മോഡി നടപ്പാക്കിയ ഇതര സാമ്പത്തിക നയങ്ങൾക്കൊപ്പം 2016 നവംബർ 8 ന് നടപ്പാക്കിയ നോട്ടു പിൻവലിക്കൽ (Demonitisation) കൂടി വന്നപ്പോൾ കർഷകർ കൂടുതൽ ദുരിതബാധിതരാവുകയാണു ചെയ്തത്.


നോട്ടു പിൻവലിക്കലിന്റെ ആഘാതത്തിൽ നിന്നും ഇനിയും മോചിതരായിട്ടില്ലാത്ത ഇന്ത്യൻ സമ്പദ്ഘടനയും ഇന്ത്യൻ കർഷകരും കോവിഡ് മഹാമാരിക്കിടയിലാണ് മോഡിയുടെ അടുത്ത പ്രഹരത്തെ നേരിടേണ്ടി വന്നിരിക്കുന്നത്. കാർഷിക മേഖലക്കു മേലുള്ള കോർപ്പറേറ്റ് നിയന്ത്രണം പൂർത്തിയാക്കാൻ വേണ്ടി കൊണ്ടു വന്നിട്ടുള്ള പുതിയ നിയമ നിർമ്മാണത്തെറ്റി മോഡിയും കൂട്ടാളികളും ഇപ്പോഴും പ്രചരിപ്പിക്കുന്നത് കർഷകരെ വിമോചിപ്പിക്കാനും സ്വതന്ത്രരാക്കാനും വേണ്ടിയുള്ള നിയമനിർമ്മാണം എന്നാണ്. ഈ വ്യാജ പ്രസ്താവനയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞു കൊണ്ട് കോർപ്പറേറ്റ് അനുകൂല നിയമനിർമ്മാണത്തിനെതിരെ സമര രംഗത്ത് ഉറച്ചു നിൽക്കുന്ന കർഷകർക്ക് എല്ലാ ദേശസ്നേഹികളുടേയും ജനാധിപത്യവാദികളുടേയും പിന്തുണയുണ്ട്.