ഡൽഹി കലാപത്തിന്റെ പേരിൽ വിമർശകരെ തുറുങ്കിലടക്കാൻ കേന്ദ്ര ഭരണക്കാരുടെ ഗൂഢാലോചന?

 ഡൽഹി കലാപത്തിന്റെ പേരിൽ വിമർശകരെ തുറുങ്കിലടക്കാൻ കേന്ദ്ര ഭരണക്കാരുടെ ഗൂഢാലോചന? 

റോബിൻസൺ 2020 ഫെബ്രുവരിയിൽ, സംഘപരിവാർ ശക്തികൾ സംഘടിപ്പിച്ച വടക്കു കിഴക്കൻ ഡൽഹിയിലെ വർഗ്ഗീയ കലാപത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളേയും മോദി സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന അക്കാദമിക് ബുദ്ധിജീവികളേയും കള്ളക്കേസുകളിൽ കുടുക്കി ജയിലിലടക്കാനുള്ള ശ്രമമാണ് ഡൽഹി പോലീസ് നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പോലീസിനെ, വർഗ്ഗീയ കലാപ സമയത്ത്  നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ട് അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുത്ത അതേ കേന്ദ്രങ്ങൾ തന്നെയാണ് അന്നത്തെ അതിക്രമങ്ങളുടേയും കുറ്റകൃത്യങ്ങളുടേയും ഗൂഢാലോചനക്കുറ്റം ആരോപിച്ച് ബുദ്ധിജീവികൾക്കെതിരെ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. അങ്ങേയറ്റം നികൃഷ്ടവും അപലപനീയവുമായ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കു പിന്നിൽ കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കളും അവരുടെ ആജ്ഞാനുവർത്തികളും ഉൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടായിരിക്കണം. ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമ (CAA) ത്തിനെതിരെ  ഷഹീൻ ബാഗിലും മറ്റും നടന്ന ബഹുജന സമരങ്ങളാണ് ദൽഹി കലാപത്തിനു കാരണമെന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങളും അവർ നടത്തിക്കൊണ്ടിരിക്കുന്നു. ഈ സമര സ്ഥലങ്ങൾ സന്ദർശിക്കുകയോ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തെ പിന്തുണക്കുകയോ അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയോ ചെയ്ത പ്രമുഖരെയെല്ലാം കലാപത്തിനു പ്രേരിപ്പിച്ചവരെന്ന കുറ്റം ചുമത്തി തടവിലാക്കാൻ ആയിരിക്കണം ബിജെപി സർക്കാർ ലക്ഷ്യമിടുന്നത്. സി.പി.ഐ. (എം) അഖിലേന്ത്യാ സെക്രട്ടറി സ: സീതാറാം യെച്ചൂരി, സാമ്പത്തിക ശാസ്ത്രജ്ഞയായ ഡോ. ജയതി ഘോഷ്, ജവഹർലാൽ നെഹ്റു സർവ്വകലാശാലയിലെ അദ്ധ്യാപകനായ പ്രൊ. അപൂർവ്വാനന്ദ്, ഡോക്യുമെന്ററി സംവിധായകനായ രാഹുൽ റോയ് തുടങ്ങിയവരെയാണ് ഇപ്പോൾ ഒരു അനുബന്ധ കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് എങ്കിലും ഇനിയും കൂടുതൽ ആളുകളെ അതിൽ ഉൾപ്പെടുത്താൻ തന്നെയായിരിക്കും അവർ ഉദ്ദേശിച്ചിട്ടുണ്ടാവുക.


ബി ജെ പിയേയും കേന്ദ്ര സർക്കാരിനേയും വിമർശിക്കുന്ന ബുദ്ധിജീവികളേയും പൗരാവകാശ പ്രവർത്തകരേയും ആക്റ്റിവിസ്റ്റുകളേയും യുഎപിഎ (UAPA) പോലുള്ള കരിനിയമങ്ങൾ ചുമത്തി തടവിലാക്കാനും നിശ്ശബ്ദരാക്കാനും ഭീമ - കൊറിഗാവ് കേസ് ഉപയോഗിക്കുന്നതു പോലെ ഡൽഹി കലാപക്കേസുകളേയും ഉപയോഗിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2018 ഡിസംബർ 31 നു മഹാരാഷ്ട്രയിലെ പൂണെയിൽ ഭീമ - കൊറിഗാവ് യുദ്ധവിജയത്തിന്റെ 200-ാം വാർഷികം ആഘോഷിക്കാനായി  എൽഗാർ പരിഷത്ത് സംഘടിപ്പിച്ച യോഗത്തിന്റെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബുദ്ധിജീവികളെ ഇപ്പോഴും തെരഞ്ഞു പിടിച്ചു തടവിലാക്കിക്കൊണ്ടിരിക്കുകയാണ് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസിയായ എൻ ഐ എ (NIA - National Investigation Agency). വർഗ്ഗീയ കലാപത്തിനു പ്രേരിപ്പിച്ചുവെന്നും പ്രകോപനമുണ്ടാക്കുന്ന വിധം പ്രസംഗിച്ചുവെന്നും തുടങ്ങി പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നു വരെയുള്ള കുറ്റം ആരോപിച്ചാണ് അവരെ തടവിലാക്കിയിട്ടുള്ളത്. അഭിഭാഷകയായ സുധ ഭരദ്വാജും കവിയായ വരവരറാവുവും അദ്ധ്യാപികയായ ഷോമ സെന്നും ബുദ്ധിജീവിയും പണ്ഡിതനുമായ ആനന്ദ് തെൽടുംബ്ഡെയും പൗരാവകാശ പ്രവർത്തകനായ റോണ വിൽസനുമൊക്കെ അങ്ങനെ തടവിലാക്കപ്പെട്ടവരാണ്. ഡൽഹി സർവ്വകലാശാലയിലെ അദ്ധ്യാപകനായ ഹാനി ബാബു ഇതേ കേസിൽ പ്രതി ചേർക്കപ്പെട്ട് തടവിലായത് അടുത്തയിടെയാണ്. ഡോ. വിജയനും രാകേഷ് രഞ്ജനും ഉൾപ്പെടെയുള്ള പലരും ചോദ്യം ചെയ്യലിനെ നേരിട്ടു കൊണ്ടിരിക്കുകയാണ്. ഭീമ - കൊറിഗാവ് കേസിന്റെ പേരിൽ ഭരിക്കുന്നവർക്ക് ഇഷ്ടമല്ലാത്ത ആരേയും തടവിലാക്കാം എന്നതാണു സ്ഥിതി. അവിടെ സാമുദായിക കലാപം സൃഷ്ടിക്കുകയും കൊലപാതകങ്ങൾക്കും അക്രമങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്ത മിലിന്ദ് എക്‌ബോട്ടേ, സംഭാജി ഭിഡേ തുടങ്ങിയ സംഘപരിവാർ നേതാക്കൾ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് അവിടെ പോയിട്ടു പോലുമില്ലാത്തവർ രണ്ടു വർഷത്തിലധികമായി തടവറകളിൽ നരകിക്കുന്നത്.


സമാനമായ ഒരു പദ്ധതിയായിരിക്കണം ഡൽഹി കലാപവുമായി ബന്ധപ്പെട്ട കാര്യത്തിലും സംഘപരിവാർ തയ്യാറാക്കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമ (CAA) ത്തിനെതിരെ രാജ്യമാസകലം വളർന്നു വന്ന പ്രതിഷേധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ദൽഹിയിലെ ഷഹീൻ ബാഗിലുണ്ടായ ബഹുജനസമരത്തിന്റെ തുടർച്ചയും ഫലവുമാണ് ദൽഹി കലാപം എന്നു വരുത്തിത്തീർക്കാനാണ് പോലീസിന്റെ ശ്രമം. ഷഹീൻ ബാഗിൽ CAA വിരുദ്ധ സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനെത്തിയ ആക്റ്റിവിസ്റ്റുകളേയും ബുദ്ധിജീവികളേയുമാണ് കലാപത്തിനു പ്രേരണ നൽകിയവരെന്ന നിലയിൽ കേസുകളിൽ പ്രതി ചേർക്കാൻ പോലീസ് ശ്രമിക്കുന്നത്. അതിനു വേണ്ടി, പിടിയിലായ ചില വിദ്യാർത്ഥികളുടെ വ്യാജ മൊഴികളെയാണ് അവർ അടിസ്ഥാനമാക്കുന്നത്. ഈ മൊഴികളുടെ പല പേജുകളിലും ഒപ്പിട്ടു കൊടുക്കാൻ വിദ്യാർത്ഥികൾ തയ്യാറായിട്ടുമില്ല. ഈ പേജിൽ ഒപ്പിടാൻ തങ്ങൾ വിസമ്മതിക്കുന്നു എന്നു തന്നെ എഴുതി അവർ ഒപ്പു വച്ചിട്ടുണ്ട്. പല വിദ്യാർത്ഥികളുടെ പേരിൽ എഴുതിയിട്ടുള്ള മൊഴികളിൽ ഒരേ തരം അക്ഷരത്തെറ്റുകളും പദപ്രയോഗങ്ങളും ആവർത്തിച്ചു വരുന്നതു കൊണ്ട് പല വിദ്യാർത്ഥികളുടെ പേരിൽ ഒരാൾ തന്നെ തയ്യാറാക്കിയ വ്യാജ പ്രസ്താവനകളാണവ എന്നു വേണം കരുതാൻ. അതു കൊണ്ടു തന്നെയാവണം അവയിൽ ഒപ്പു വക്കാൻ വിദ്യാർത്ഥികൾ വിസമ്മതിച്ചതും.


സീതാറാം യച്ചൂരി മുതലുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയ അനുബന്ധ കുറ്റപത്രത്തിന്റെ വിവരം പി.ടി.ഐ. പുറത്തു വിടുകയും അതു വലിയ പ്രതിഷേധങ്ങൾക്കു വഴി വക്കുകയും ചെയ്തപ്പോൾ അത്തരം ആളുകളെ പ്രതി ചേർക്കാൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ലെന്നു ദൽഹി പോലീസ് നിഷേധ പ്രസ്താവന നൽകിയിരുന്നു. പക്ഷേ, ദൽഹി കലാപവുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിച്ച നടപടികൾ ശ്രദ്ധിച്ചിട്ടുള്ളവർക്ക് ഈ നിഷേധ പ്രസ്താവന മുഖവിലക്കെടുക്കാനാവില്ല.


കലാപം നടക്കുമ്പോൾ, 2002 ൽ ഗുജറാത്തിൽ സംഭവിച്ചതു പോലെ,  ഇരകളെ അവഗണിക്കുകയും അക്രമികൾക്ക് ഒത്താശ ചെയ്തു കൊടുക്കുകയും ചെയ്യുകയായിരുന്നു ദൽഹിയിലെ പോലീസ്. (ഇതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാണ് രണ്ടു മലയാളം ന്യൂസ് ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് അടച്ചുപൂട്ടാൻ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയം ഉത്തരവിട്ടത്.) കലാപത്തിനു ശേഷം കുറ്റവാളികളെന്ന പേരിൽ പോലീസ് അറസ്റ്റു ചെയ്തവരിൽ നല്ലൊരു പങ്കും ജാമിയയിലെ വിദ്യാർത്ഥികളും കലാപത്തിൽ ഇരയാക്കപ്പെട്ട ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവരും അവരുടെ പല വിധ സംഘടനാ നേതാക്കളുമായിരുന്നു. കോവിഡ് വ്യാപനത്തിനെതിരെ നടപ്പാക്കിയ ലോക്ക് ഡൗണും മറ്റു നിയന്ത്രണങ്ങളും പോലീസ് നടപടിക്കെതിരായ പ്രതിഷേധങ്ങളെ ഒഴിവാക്കാൻ സർക്കാരിനു സൗകര്യം നൽകുകയും ചെയ്തു. കലാപത്തിന്റെ പിന്നിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തവരാണെന്ന സംഘപരിവാർ പ്രചരണത്തെ സാധൂകരിക്കാൻ ഉതകുന്ന വിധമാണ് പോലീസ് രേഖകൾ തയ്യാറാക്കുകയും ആളുകളെ തടവിലാക്കുകയും  ചെയ്തത്.


കലാപത്തിനു പ്രേരണ നൽകുകയും അതിനു വേണ്ടി അണികളെ ഒരുക്കി അയക്കുകയും ചെയ്ത ബി ജെ പി നേതാക്കളാരും പ്രഥമ വിവര റിപ്പോർട്ടുകളിൽ ഉൾപ്പെട്ടില്ല. മുൻ എം.എൽ.എയും ബി ജെ പി നേതാവുമായ കപിൽ മിശ്രയുടെ പ്രസംഗമായിരുന്നു കലാപത്തിന്റെ മുഖ്യ പ്രേരക ഘടകമെന്നിരിക്കുമ്പോഴും അയാൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം സുരക്ഷയൊരുക്കുകയാണ് പോലീസ് ചെയ്തത്. മിശ്രയിൽ കുറ്റകരമായി യാതൊന്നും അവർ കണ്ടില്ല. ജഫ്രാബാദിൽ CAA ക്കെതിരെ സമരം ചെയ്യുന്ന പ്രക്ഷോഭകരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്ന കപിൽ മിശ്രയുടെ പ്രസംഗത്തിനു തൊട്ടു പിന്നാലെയാണ് വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമം ആരംഭിക്കുന്നത്. ഷഹീൻ ബാഗിൽ CAA ക്കെതിരെ പ്രതിഷേധിക്കുന്ന "രാജ്യദ്രോഹികളെ'' വെടി വക്കണമെന്നു പറഞ്ഞ കേന്ദ്ര മന്ത്രി കൂടിയായ അനുരാഗ് ഠാക്കുറിനും സമാനമായ വിധത്തിൽ അക്രമത്തിനാഹ്വാനം ചെയ്ത ബിജെപിയുടെ എം പി യായ പർവേഷ് വർമ്മക്കുമെതിരെ എന്തെങ്കിലും നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറായില്ല. കപിൽ മിശ്ര ഉൾപ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ ബി ജെ പി നേതാക്കൾക്കെതിരെ കേസെടുക്കാത്ത പോലീസ് നടപടിയിൽ ഉത്ക്കണ്ഠയും രോഷവും പ്രകടിപ്പിച്ച ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ് മുരളീധരനെ രായ്ക്കു രാമാനം സ്ഥലം മാറ്റുകയാണ് കേന്ദ്ര ഭരണകൂടം ചെയ്തത്; അല്ലാതെ, കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കുകയല്ല.


53 പേരുടെ മരണത്തിനും ആയിരത്തോളം ആളുകൾക്ക് മാരകമായ പരിക്കേൽക്കുന്നതിനും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നഷ്ടത്തിനും കാരണമാക്കിയ ഈ കലാപത്തിന്റെ അരങ്ങൊരുക്കുന്നതിൽ കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രി അമിത് ഷായുടേയും ഉത്തര പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും വിദ്വേഷ പ്രസംഗങ്ങൾക്കു കൂടി പങ്കുണ്ടെന്നാണ് കലാപത്തെ പറ്റി അന്വേഷണം നടത്തിയ ഡൽഹി ന്യൂനപക്ഷ കമ്മീഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. വസ്തുതകൾ ഇതായിരിക്കുമ്പോഴും സ: സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കുന്നതിനെ കുറിച്ചാണ് ഡൽഹി പോലീസും അവരുടെ രാഷ്ട്രീയ യജമാനന്മാരും ആലോചിച്ചു കൊണ്ടിരിക്കുന്നത്.


1933 ൽ ജർമ്മൻ പാർലമെന്റ് മന്ദിരത്തിന് (റീയ്സ്റ്റാഗ്- Reichstag) തീ വച്ച നാസികൾ ആ കുറ്റകൃത്യത്തിന്റെ പേരിലാണ് കമ്യൂണിസ്റ്റുകാർ ഉൾപ്പെടെയുള്ള വിമർശകരെ വേട്ടയാടിയത്. ഫാസിസത്തിന്റെ ഇതേ രീതി തന്നെയാണ് ഭീമ - കൊറിഗാവിന്റെ പേരിലും ഇപ്പോൾ ഡൽഹി കലാപത്തിന്റെ പേരിലും ഇന്ത്യൻ ഫാസിസ്റ്റുകളും ആവർത്തിക്കാൻ ശ്രമിക്കുന്നത്.