ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധിയുടെ രാഷ്ട്രീയം : P.C. Unnichekkan


ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: സുപ്രീം കോടതി വിധിയുടെ രാഷ്ട്രീയം 


                                                                                                                                                        പി.സി. ഉണ്ണിച്ചെക്കൻ 

image courtesy: bnblegal



തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം കേസുമായി ബന്ധപ്പെട്ട് വന്ന സുപ്രീം കോടതി വിധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പോന്ന ഒന്നാണ്. ഒരു രാജാവിന്റെ മരണത്തോടെ രാജകുടുംബത്തിനുള്ള അംഗീകാരം ഇല്ലാതാവുന്നില്ല എന്ന പരാമർശത്തിന് ഭയപ്പെടുത്തുന്ന അർത്ഥ തലങ്ങളുണ്ട്. ഇന്ത്യ ജനാധിപത്യ രാഷ്ട്രമായിട്ട് 7 പതിറ്റാണ്ട് കഴിഞ്ഞെങ്കിലും രാജാധികാരവും അവകാശങ്ങളും കവനെന്റും നിലനിൽക്കും എന്ന ഈ കോടതി വിധിയിലെ പരാമർശങ്ങൾ അങ്ങേയറ്റം ഗൗരവത്തോടെയാണ് കാണേണ്ടത്. രാജവാഴ്ച എന്ന അശ്ലീലം മനസ്സിൽ പേറുന്നവർ ഈ വിധിയിൽ യാതൊരു കുഴപ്പവും കാണാത്തതിൽ യാതൊരു അദ്ഭുതവുമില്ല. 

പരമ ഭക്തനും മുൻ I.B. ഉദ്യോഗസ്ഥനുമായ ഐ.പി.എസുകാരൻ സുന്ദരരാജൻ 2011 ജനുവരി 31-ന് ക്ഷേത്രം സർക്കാർ ഏറ്റെടുക്കണം എന്നും ക്ഷേത്ര സമ്പത്ത് രാജകുടുംബം കടത്തിക്കൊണ്ടു പോവുന്നുണ്ട് എന്നുമുള്ള ആരോപണങ്ങൾ ഉന്നയിച്ച് നൽകിയ കേസിൽ കേരള ഹൈക്കോടതി 3 മാസത്തിനകം ക്ഷേത്രം ഏറ്റെടുക്കണം എന്ന് വിധിക്കുകയുണ്ടായി. ഈ വിധിക്കെതിരെ മുൻ രാജകുടുംബം 27/04/2011-ന് തന്നെ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. സുപ്രീം കോടതി പ്രമുഖ നിയമജ്ഞനായ ഗോപാൽ സുബ്രഹ്മണ്യത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അദ്ദേഹം 579 പേജുള്ള ഒരു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. അതിൽ 119 കാര്യങ്ങൾ ചൂണ്ടിക്കാട്ടുകയുണ്ടായി. ഇതിനെ തുടർന്ന് മുൻ C.A.G. വിനോദ് റായിയെ ക്ഷേത്രത്തിന്റെ സ്വത്തുവിവരങ്ങളെ കുറിച്ചും വരവ് ചെലവുകളെ കുറിച്ചും കണക്കെടുപ്പ് നടത്താൻ നിയോഗിച്ചു. അദ്ദേഹത്തിന്റെ കണക്കെടുപ്പിൽ 266 കിലോ സ്വർണം നഷ്ടപ്പെട്ടതായി കണ്ടെത്തി. പല ആവശ്യങ്ങൾക്കായി 893 കിലോ സ്വർണം പുറത്തു കൊണ്ടുപോയെന്നും തിരിച്ചുവന്നത് 678 കിലോ മാത്രമാണെന്നും ചൂണ്ടിക്കാട്ടി. മറ്റു പല ക്രമക്കേടുകളെ കുറിച്ചും അമൂല്യ വസ്തുക്കളുടെ നഷ്ടങ്ങളെ കുറിച്ചും റിപ്പോർട്ടിൽ ഉണ്ടായതായാണ് പത്രവാർത്തകൾ. ഈ വിധി പ്രസ്താവം നടത്തുമ്പോൾ ഇതൊന്നും കോടതി പരിഗണിച്ചില്ലേ? 

ഈ കോടതി വിധിയുടെ ചുവടു പിടിച്ച് മറ്റ് മുൻ രാജാക്കന്മാരോ നാടുവാഴികളോ ഇതുപോലെ കേസ് നൽകിയാൽ എന്തായിരിക്കും സ്ഥിതി? ശബരിമല പ്രശ്‌നത്തിൽ പന്തളം കൊട്ടാരം കവനന്റിന്റെ പേര് പറഞ്ഞാണ് കേസിന് പോയതെന്ന് ഓർക്കണം. ചില നാട്ടുരാജ്യങ്ങളെ ഇന്ത്യയിൽ ലയിപ്പിച്ചപ്പോൾ അവക്ക് ചില സവിശേഷ അധികാരങ്ങൾ നൽകുകയുണ്ടായി. ജമ്മു കശ്മീരിന് ഉണ്ടായിരുന്ന 370-ആം വകുപ്പ്, മറ്റ് എട്ടോളം സംസ്ഥാനങ്ങൾക്ക് ഇതുപോലെ 371 A, 371 B  തുടങ്ങിയ സംരക്ഷണങ്ങളും ഉണ്ടായിരുന്നു. 370-ആം വകുപ്പ് മോഡി സർക്കാർ ഈയടുത്ത് റദ്ദാക്കുകയും ചെയ്തു. 

ഇന്ത്യ റിപ്പബ്ലിക്ക് ആയതോടെ പ്രജകൾ ഇല്ലാതാവുകയും എല്ലാവരും പൗരന്മാർ ആയി മാറുകയും ഉണ്ടായി. മുൻ രാജാക്കന്മാർക്ക് ഭരണഘടന അനുസരിച്ച് സവിശേഷ അധികാരങ്ങൾ ഒന്നും ഇല്ല താനും. ഭരണഘടനയുടെ ഇരുപത്താറാം വകുപ്പ് ഭേദഗതി ചെയ്ത് ഇന്ദിരാ ഗാന്ധി പ്രിവി പഴ്സ് നിർത്തലാക്കിയിരുന്നു. ഇന്ത്യൻ യൂണിയൻ യാഥാർത്ഥ്യമായതോടെ മുൻ ബ്രിട്ടീഷ് സർക്കാരിന്റെ ഇന്ത്യയിൽ ഉണ്ടായിരുന്ന സ്വത്തുവകകൾ എല്ലാം രാഷ്ട്രത്തിന്റേതായി മാറുകയാണുണ്ടായത്. ഇന്ത്യ റിപ്പബ്ലിക്ക് ആയ കാര്യം ഇത്തരം കേസുകളിൽ വിധി പറയുമ്പോൾ പലരും മറന്നു പോയതായി കാണാം. 

ആയ് രാജാക്കന്മാരാണ് തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം നിർമ്മിച്ചത് എന്നാണ് ചരിത്രം. മാർത്താണ്ഡ വർമ്മ ഇത് പിടിച്ചെടുക്കുകയും ക്ഷേത്രപരിപാലനം നടത്തിയിരുന്ന എട്ടര യോഗക്കാരെ കൊന്നു തള്ളുകയുമാണ് ഉണ്ടായത്. വേണാട്, തിരുവിതാംകൂറിൽ ഉണ്ടായിരുന്ന അനേകം നാട്ടുരാജ്യങ്ങളെ പിന്നീട് പിടിച്ചെടുക്കുകയും അവിടുത്തെ സമ്പത്തെല്ലാം കവർന്നെടുക്കുകയും ചെയ്തു. ഏറ്റവും പ്രാകൃതമായ നികുതി ഘടനയും ശിക്ഷാ രീതികളുമാണ് തിരുവിതാംകൂറിൽ ഉണ്ടായിരുന്നത്. Dr. പല്പുവിന്റെ അനുഭവം ഓർമ്മയുണ്ടല്ലോ. സ്വാതിതിരുനാളിനെ 'അനന്തപുരത്തെ നീചൻ' എന്ന് വൈകുണ്ഠ സ്വാമികൾക്ക് വിളിക്കേണ്ടിവന്ന ഭരണമായിരുന്നു ഉണ്ടായിരുന്നത്. വൈക്കം സത്യഗ്രഹവും ചാന്നാർ ലഹളയും അയ്യങ്കാളിയുടെ വില്ലുവണ്ടി സമരവും മലയാളിക്ക് മറക്കാനാവുന്ന കാര്യങ്ങളല്ല. ബ്രാഹ്മണർക്കും ക്ഷത്രിയർക്കും ഒരു പൈസ പോലും നികുതി അടക്കേണ്ടി വന്നിരുന്നില്ല. മുറജപം പോലെ ബ്രാഹ്മണരെ ഊട്ടുന്ന പരിപാടികൾക്കായി ജനങ്ങളെ പിഴിഞ്ഞൂറ്റുകയാണ് ഉണ്ടായത്. മനുഷ്യന്റെ ഓരോ ശരീര ഭാഗത്തിന് പോലും നികുതി ഈടാക്കിയിരുന്നു. താഴ്ന്ന ജാതിയിൽ പെട്ടവർ ആയിരുന്നു ഈ നികുതി ഭാരം പേറേണ്ടി വന്നിരുന്നത്. എഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണ്, കാഴ്ച, ദത്തുകാഴ്ച, പൊന്നരിപ്പ്, അറ്റാലടക്ക്, ചേരിക്കൽ, ആയ്മുല, മുമ്മുല, ചെങ്കൊമ്പ്, കൊമ്പ്, കുറവ്, വലുത്താലി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരിമ്പേര്, ചങാതം, തിരുമുൽക്കാഴ്‌ച, ആണ്ടുകാഴ്ച്ച , കെട്ടുതെങ്‌ പൊളിച്ചെഴുത്ത്, പാശിപ്പാട്ടം , അങ്ങാടിപ്പാട്ടം, തറി കടമൈ, കുടി കടമൈ, കാട്ടുഭോഗം, ഉലാവ്‌ കാഴ്ച, ചേക്കിറൈ, ചാവുകാണിക്ക, അടിമപ്പണം, വട്ടിവാരം, കൊട്ടൈ പണം, അഞ്ചാലി, മേട്ടുകാവൽ, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, മേനിപ്പൊന്ന്, മീൻപാട്ടം, മീശക്കാഴ്ച എന്നിങ്ങനെ നീണ്ടുപോവുന്നയായിരുന്നു തിരുവിതാംകൂറിലെ നികുതികൾ.
നങ്ങേലി സ്വന്തം മുല മുറിച്ച് മരിച്ചുവീണതിന് ശേഷമാണ് മുലക്കരം നിർത്തലാക്കിയത്. ഇങ്ങനെ ജനങ്ങളെ ചൂഷണം ചെയ്ത് സ്വരൂപിച്ച സമ്പത്താണ് ക്ഷേത്ര നിലവറയിൽ ഉള്ളത്. ക്ഷേത്രം നിർമ്മിച്ചവർക്കും പരിപാലിച്ചവർക്കും ആണ് അവകാശം എങ്കിൽ അത് മുൻ തിരുവിതാംകൂർ രാജ്യത്തിന് അവകാശപ്പെട്ടതല്ലല്ലോ. ആയ് രാജവംശത്തിന്റെ പിന്മുറക്കാർക്കല്ലേ ലഭിക്കേണ്ടത്? പക്ഷേ ഇത് രാഷ്ട്രത്തിന് അവകാശപ്പെട്ടതാണ്. 

ബ്രിട്ടീഷുകാർ ഇന്ത്യ വിടാൻ തീരുമാനിച്ചപ്പോൾ സ്വാതന്ത്രരാഷ്ട്രമായി നിൽക്കാനാണ് തിരുവിതാംകൂർ തീരുമാനിച്ചത്. ഈ പ്രഖ്യാപനം റേഡിയോയിലൂടെ നടത്തിയത് ചിത്തിര തിരുനാൾ രാജാവായിരുന്നു. ഈ പ്രഖ്യാപനം വന്ന ഉടനെ സർ സി.പി-ക്ക് അനുമോദന സന്ദേശമായി ടെലഗ്രാം കിട്ടിയത്‌ ഹിന്ദു മഹാസഭയുടെ നേതാവ് സവർക്കറിൽ നിന്നായിരുന്നു എന്ന ചരിത്രവും നാമോർക്കണം. സർ സി.പി-ക്ക് മുഖത്തു വെട്ടേറ്റ് അദ്ദേഹം നാടു വിട്ടതിനു ശേഷമാണ് വി.പി.മേനോന് രാജാവ് വഴങ്ങിക്കൊടുക്കുന്നത്. 1948-ലാണ് തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. 'അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രാവാക്യം വിളിച്ചാണ് സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനെതിരെ പുന്നപ്ര-വയലാർ പ്രക്ഷോഭം നടക്കുന്നത്. ആയിരക്കണക്കിന് ദേശാഭിമാനികളുടെ ചോര ചിന്തിയതിനു ശേഷമാണ് തിരുവിതാംകൂർ ഇന്ത്യയുടെ ഭാഗമായത് എന്ന ചരിത്ര സത്യം ആരും മറക്കരുത്.

എന്തുകൊണ്ടാണ് 2014 നു ശേഷം തുടർച്ചയായി ഇത്തരം വിധികൾ ഉണ്ടാവുന്നത്? അതിനു മുൻപും ഇത്തരം വിധികൾ ഉണ്ടായിട്ടില്ല എന്നല്ല പറഞ്ഞുവരുന്നത്. ഭരണഘടനയുടെ അന്ത:സത്തക്ക് നിരക്കാത്ത വിധത്തിൽ ഇത്തരം വിധികൾ ഉണ്ടാവുന്നത് എന്തുകൊണ്ടാണ്? 2017-ലെ സുപ്രീം കോടതി വിധിയിൽ നിന്ന് നേർ വിപരീതമായ തരത്തിൽ വിധി വരുന്നത് എന്തുകൊണ്ടാണ്? 

ബ്രിട്ടീഷ് ഭരണകാലത്ത് ബംഗാൾ, മദ്രാസ്, ബോംബേ പ്രൊവിൻസുകളിലെ ഭരണാധികാരികൾ ആയിരുന്ന ഹെൻറി സ്റ്റാച്ചിയും തോമസ് മൺറോയും കേണൽ സാക്കറും ഇന്ത്യൻ കോടതികളുടെ പ്രവർത്തനങ്ങളെ കുറിച്ച് ലണ്ടനിലേക്ക് അയച്ച കത്തുകളിൽ നിശിത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. താഴെ പറയും വിധമാണ് ഇന്ത്യൻ കോടതികളുടെ പ്രവർത്തനത്തെ കുറിച്ച് അവർ ഉന്നയിച്ച വിമർശനങ്ങൾ:
"അഴിമതി നടമാടുന്ന കോടതികൾ, ഭാഷയറിയാത്ത ജഡ്ജിമാർ, ഏറ്റവും വലിയ വിലയ്ക്ക് ലേലം വിളിക്കപ്പെടുന്ന നീതി, മനുഷ്യർ നീതിന്യായ വ്യവസ്ഥയെ വെറുക്കാൻ തുടങ്ങിയിരിക്കുന്നു." "പതുക്കെപ്പതുക്കെ നീതിന്യായത്തിന്റെ ലക്ഷ്യം നേർ വിപരീതമായിരിക്കുന്നു." 
ബ്രിട്ടീഷ് ഭരണകാലത്തെ കോടതികളുടെ പ്രവർത്തനം അതേ പോലെ സ്വതന്ത്ര ഇന്ത്യയിലും ആവർത്തിക്കുകയാണോ?

സുപ്രീം കോടതിയിൽ എഴുതിവച്ചിരിക്കുന്ന ഒരു ആപ്തവാക്യമുണ്ട്: "Fiat Justitia Ruvat Caelum". ഈ ലാറ്റിൻ വാക്കിന്റെ അർത്ഥം ആകാശം ഇടിഞ്ഞുവീണാലും നീതി നടപ്പാക്കപ്പെടട്ടെ എന്നാണ്. എന്നാലിപ്പോൾ ആകാശം ഇടിഞ്ഞുവീഴുന്നത് നീതിക്കു വേണ്ടി കേഴുന്നവരുടെ തലയിലാണ്. 
ആഗോളവൽക്കരണ നയങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചപ്പോൾ രാഷ്ട്രനിർമ്മാണത്തിനായി നിർമ്മിച്ചിരുന്ന സുരക്ഷാ കവചങ്ങൾ എല്ലാം ഘടനാ ക്രമീകരണത്തിനായി പൊളിച്ചുമാറ്റിയിരുന്നു. 'ആഗോളവൽക്കരണത്തിന് അനുസൃതമായി ഇന്ത്യൻ ജുഡീഷ്യറിയെ പുനർ വാർക്കുക' എന്ന ലക്ഷ്യത്തോടെ ബെബക് ബെബറോയ്‌ കമ്മീഷനെ നിയമിക്കുകയുണ്ടായി. തുടർന്ന് ഇങ്ങോട്ടുള്ള പല വിധികളും പരിശോധിച്ചാൽ നാടൻ-വിദേശ മൂലധന ശക്തികൾക്ക് അനുകൂലമാകുന്ന വിധി പരമ്പരകൾ നമുക്ക് കാണാനാവും. ജെ. ബന്ദാമിന്റെ പ്രസിദ്ധമായ ഒരു പ്രസ്താവനയുണ്ട്: 'നിയമം അറിയാത്തത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടാത്തവർ നിയമജ്ഞർ മാത്രം' പക്ഷേ ഇവിടെ നിയമം അറിയാത്തതല്ല, നിയമത്തിന്റെ ദുർവ്യാഖ്യാനമല്ലേ നടക്കുന്നത്? ഒരു കാര്യമുറപ്പാണ്. ചരിത്രം ഇവരെ കുറ്റക്കാരായി വിധിക്കുക തന്നെ ചെയ്യും.