നിര്‍ദ്ദിഷ്ട കപ്പല്‍പ്പാതയ്‌ക്കെതിരെ മത്സ്യ തൊഴിലാളികളുടെ പ്രതിഷേധം ശക്തമാകുന്നു.
ചാൾസ് ജോർജ്ജ്
കേരളത്തിന്റെ കടലില്‍ അടിക്കടിയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പലുകള്‍ക്ക് കടന്നുപോകാവുന്ന പാതയുമായി ബന്ധപ്പെട്ട് ഷിപ്പിംഗ് മന്ത്രാലയം ജൂലൈ 2 -ന് ഒരു നോട്ടീസ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കപ്പലുകള്‍ ഇടിച്ച് മത്സ്യബന്ധന യാനങ്ങള്‍ തകരുന്നതും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ നഷ്ടപ്പെടുന്നതുമായ സാഹചര്യം കണക്കിലെടുത്താണ് പുതിയ കപ്പല്‍ പാത്തിയുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയിരിക്കുന്നതെന്ന് ഷിപ്പിംഗ് ഡയക്ടറേറ്റ് പുറത്തിറക്കിയ നോട്ടീസില്‍ പറയുന്നുണ്ട്. ആഗസ്റ്റ് ഒന്നു മുതല്‍ കപ്പല്‍പാതയെ സംബന്ധിച്ച ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരുമായോ മത്സ്യത്തൊഴിലാളി സംഘടനകളുമായോ ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുന്ന ഉത്തരവിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് മത്സ്യത്തൊഴിലാളികള്‍ തയ്യാറെടുക്കുകയാണ്. ആദ്യഘട്ടമെന്ന നിലയില്‍ ആഗസ്റ്റ് 1 ശനിയാഴ്ച കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്തിനു മുന്നില്‍ ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതാക്കളുടെ ധര്‍ണ്ണ നടക്കും. തുടര്‍ന്ന് കപ്പല്‍ പാത ഉപരോധമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ക്കാണ് സമിതി രൂപം നല്‍കിയിട്ടുള്ളത്.
കപ്പല്‍ പാതയുടെ ഒന്നാം പാദത്തെയും രണ്ടാംപാദത്തേയും സംബന്ധിച്ച വിവരങ്ങളാണ് ഷിപ്പിംഗ് മന്ത്രാലയം ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ടാം പാദം പടിഞ്ഞാറന്‍ ആഴക്കടലിലൂടെയായതിനാല്‍ കേരളത്തിലെ മത്സ്യബന്ധന സമൂഹത്തെ അതു കാര്യമായി ബാധിക്കുന്നതല്ല. ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകള്‍ക്കിടയിലൂടെയാണ് അതു കടന്നു പോകുന്നത്. എന്നാല്‍ ഒന്നാമത്തെ പാദം (പാത) കടന്നുപോകുന്നത് ക്വയിലോണ്‍ ബാങ്ക് എന്നറിയപ്പെടുന്ന പ്രദേശത്തു കൂടിയാണ്. കേരളത്തില്‍ നീണ്ടകര കേന്ദ്രീകരിച്ച് ഏറ്റവും കൂടുതല്‍ മത്സ്യബന്ധന ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത് ഈ ഭാഗത്താണ്. കരിക്കാടി ചെമ്മീനുകള്‍ അടക്കമുള്ള വിവിധ ഇനം ചെമ്മീനുകളും, വിവിധ ഇനം അടിത്തട്ടു മത്സ്യങ്ങളും ധാരാളമായുള്ള ഒരു പ്രദേശമാണ് ക്വയിലോണ്‍ ബാങ്ക്.
കൊല്ലം, ആലപ്പുഴ ജില്ലകളിലായി തീരത്ത് നിന്നും 60 കിലോമീറ്റര്‍ പടിഞ്ഞാറ് 50 കിലോമീറ്റര്‍ വീതിയില്‍ പരന്നു കിടക്കുന്ന ഒരു കടല്‍ത്തട്ടാണ് കൊല്ലം പരപ്പ് എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ പരപ്പിലൂടെയാണ് നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത കടന്നുപോകുന്നത്. വര്‍ക്കലയുടെ തീരത്തുനിന്ന് 68 കിലോമീറ്റര്‍ പടിഞ്ഞാറ് 12 കിലോമീറ്റര്‍ വീതിയില്‍ വടക്ക് അമ്പലപ്പുഴ വരെ 85 കിലോമീറ്ററാണ് നിര്‍ദ്ദിഷ്ട കപ്പല്‍പാത്തി. അമ്പലപ്പുഴക്ക് 70 കിലോമീറ്റര്‍ പടിഞ്ഞാറ് അവസാനിക്കുന്ന രൂപത്തിലാണ് പാത്തി രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിന്റെ പ്രധാനപ്പെട്ട മത്സ്യസങ്കേതങ്ങളായ വാഡ്ജ് ബാങ്ക് ചേറ്റുവാ പരപ്പ്, ഏഴിമല ബാങ്ക്, മഞ്ഞപ്പാറ പരപ്പ് എന്നിവയെ സംബന്ധിച്ച് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല. ഏഴിമല ബാങ്ക് നെയ്മീനിന്റെ പ്രധാന ആവാസ കേന്ദ്രമാണ്. മഞ്ഞപ്പാറ ഭാഗം ഇന്ത്യയില്‍ ഏറ്റവുമധികം ചൂരമത്സ്യം ലഭിക്കുന്ന ഇടവുമാണ്. ട്രോള്‍ ബോട്ടുകള്‍ പുറമേ, ചൂണ്ട-ഗില്‍ നെറ്റ് ബോട്ടുകളും ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളതീരത്ത് അടിക്കടി ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ കപ്പല്‍പ്പാത കൂടുതല്‍ പടിഞ്ഞാറേക്ക് മാറ്റണമെന്ന് കേരള ഫിഷറീസ് വകുപ്പ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു വരികയാണ്.
2018 നവംബര്‍ 10, 11 തീയതികളില്‍ കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ഫിഷറി വകുപ്പു മന്ത്രിമാരുടെ യോഗത്തില്‍ നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത 50 നോട്ടിക്കല്‍ മൈല്‍ (92.5 കി.മീ.) പടിഞ്ഞാറു കൂടി വേണമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ എടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് നിഷ്‌ക്കരുണം തള്ളിക്കളയുകയാണ് ഷിപ്പിംഗ് മന്ത്രാലയം ചെയ്തിരിക്കുന്നത്.
ജീവിക്കാനും തൊഴിലെടുക്കാനുമുള്ള മത്സ്യത്തൊഴിലാളികളുടെ അവകാശത്തെ ഹനിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേരള സര്‍ക്കാരുമായും തദ്ദേശീയ മത്സ്യബന്ധന സമൂഹവുമായും ചര്‍ച്ച ചെയ്തുകൊണ്ട് കപ്പല്‍പാതയില്‍ ആവശ്യമായ നീക്കുപോക്കുണ്ടാക്കാൻ ആവശ്യമായ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കേരള മത്സ്യതൊഴിലാളി ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. അതോടൊപ്പം മത്സ്യബന്ധന യാനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷാ, വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നല്‍കുന്നതിനുള്ള നടപടികളെടുക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഐക്യവേദി ആവശ്യപ്പെട്ടു
.
കേരളത്തിന്റെ തീരക്കടലിൽ മത്സൃ ബന്ധനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെകപ്പലിടിച്ചുണ്ടായ സമീപകാലത്തെ അപകടങ്ങള്‍:
- 2012 ഫെബ്രുവരി 15 നാണ് എൻറിക്ക ലെക്‌സി എന്ന കപ്പലില്‍ നിന്നുള്ള വെടിയേറ്റ് 2 മത്സ്യത്തൊഴിലാളികള്‍ മരണമടഞ്ഞത്. 20.2 നോട്ടിക്കൽ മൈൽ അകലെ വെച്ചായിരുന്നു സംഭവം.
- 2012 മാര്‍ച്ച് 1ന് വെളുപ്പിന് മനക്കോടത്തിന് പടിഞ്ഞാറ് പ്രഭൂദയ എന്ന കപ്പലിടിച്ച് 5 ബോട്ട് തൊഴിലാളികള്‍ മരണമടഞ്ഞു.
- 2017 ജനുവരി : കൊല്ലത്തിന് 67 നോട്ടിക്കല്‍ മൈൽ അകലെ കപ്പലിടിച്ച് ബോട്ട് മറിഞ്ഞ് 7 പേര്‍ക്ക് പരിക്കുപറ്റി.
- 2017 ജൂണ്‍ : കൊച്ചിക്ക് 14 നോട്ടിക്കല്‍ മൈൽ അകലെ വച്ച് പനാമയുടെ ആംബര്‍-എല്‍ കപ്പലിടിച്ച് കാര്‍മല്‍ മാത ബോട്ടിലെ 3 പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കുപറ്റി.
- 2017 ഓക്‌ടോബര്‍: ബേപ്പൂരിന് 50 നോട്ടിക്കല്‍ മൈൽ അകലെ കപ്പലിടിച്ച് ഇമ്മാനുവല്‍ ബോട്ട് തകര്‍ന്നു. കപ്പലിനെ തിരിച്ചറിഞ്ഞിട്ടില്ല.
- 2017 ആഗസ്റ്റ് : കൊല്ലത്തിന് 39 നോട്ടിക്കല്‍ മൈൽ അകലെ വച്ച് ഹോങ്കോങ് പതാക വഹിച്ച കപ്പലിടിച്ച് ആരോഗ്യ അന്ന എന്ന ബോട്ട് തകര്‍ന്നു. കപ്പല്‍ തിരിച്ചറിഞ്ഞിട്ടില്ല.
- 2018 ജനുവരി : കന്യാകുമാരിക്ക് പടിഞ്ഞാറു ഭാഗത്തു വച്ച് അജ്ഞാത കപ്പലിടിച്ച് 'നെല്‍സണ്‍' എന്ന ബോട്ട് തകര്‍ന്നു.
- 2018 ജൂലൈ 2 : മുനമ്പത്തിന് പടിഞ്ഞാറ് മയൂരിനാരി എന്ന കപ്പലിടിച്ച് 'ഡിവൈന്‍' എന്ന വള്ളം തകര്‍ന്നു.
- 2018 ആഗസ്റ്റ് 7: ചേറ്റുവക്ക് പടിഞ്ഞാറ് ദേശശക്തി എന്ന കപ്പലിടിച്ച് 'ഓഷ്യാന' എന്ന ബോട്ട് തകര്‍ന്ന് മൂന്ന് പേര്‍ മരിച്ചു.
(കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) യുടെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ.)