കോവിഡും മോഡി സർക്കാരിന്റെ ഗൂഢപദ്ധതികളും


കോവിഡും മോഡി സർക്കാരിന്റെ ഗൂഢപദ്ധതികളും  

പി.സി. ഉണ്ണിച്ചെക്കൻ


Img courtesy: New Indian Express


 
കോവിഡ് മഹാമാരി ലോകത്തെമ്പാടും പടർന്നുകൊണ്ടിരിക്കുക തന്നെയാണ്. ജനുവരി 30-നാണ് ഇന്ത്യയിൽ ആദ്യത്തെ രോഗം റിപ്പോർട്ട് ചെയ്യുന്നത്. ഇതെഴുതുമ്പോൾ(27/07/2020) ലോകത്ത് ഒന്നരകോടിയിലധികം പേരും ഇന്ത്യയിൽ 14 ലക്ഷത്തിലധികവും രോഗബാധിതരാണ്. ജനതാത്പര്യങ്ങൾക്ക് പകരം മൂലധന താൽപര്യങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന ഭരണാധികാരികൾ ഉള്ള നാടുകളിലാണ് രോഗം അതിവേഗം പടരുന്നത്. ആപത്തിനെ അവസരമാക്കി മാറ്റാനാണ് മോഡി സർക്കാർ ശ്രമിക്കുന്നത്. ജനവിരുദ്ധ ഭരണാധികരികളായ ട്രമ്പും ബോൾസേനാരോയും ഒർദോഗാനും അടങ്ങുന്ന ഭരണാധികാരികളുടെ കൂട്ടത്തിലാണ് ഇന്ത്യൻ പ്രധാനമന്ത്രിയേയും കൂട്ടാനാവുക.

2014-ൽ മോഡി പ്രധാനമന്ത്രി സ്ഥാനമേറ്റപ്പോൾ ഇന്ത്യയിൽ സമ്പൂർണ വിപ്ലവം നടന്നു എന്നാണ് ഇന്ത്യൻ കുത്തകകൾ വിശേഷിപ്പിച്ചത്. പൃഥ്വിരാജ് ചൗഹാന് ശേഷം ഡൽഹി സിംഹാസനത്തിൽ ഒരു ഹിന്ദു സാമ്രാട്ട് എത്തിയിരിക്കുന്നു എന്ന് വിശ്വഹിന്ദു പരിഷത്തും പ്രഖ്യാപിച്ചു. ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ നടപ്പാക്കിയ കുത്തക പ്രീണനവും ആ കാലത്ത് അരങ്ങേറിയ വർഗ്ഗീയ കലാപങ്ങളും ന്യൂനപക്ഷ വേട്ടയുമാണ് ഇവരെ ഇങ്ങനെ ആനന്ദപുളകിതർ ആക്കിയത്. 

'വലിയ ചരിത്ര പാരമ്പര്യമുള്ള ഒരു നാടിന്റെ ആത്മാവ് ഇരുണ്ട രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിന്റെ തുടക്കം' എന്നാണ് ഗാർഡിയൻ പത്രം മോഡിയുടെ രണ്ടാം വരവിനെ വിശേഷിപ്പിച്ചത്. ഇത് ശരിവെക്കുന്നതാണ് രാജ്യത്ത് നടക്കുന്ന സംഭവങ്ങൾ. ഇന്ത്യ എന്ന ആശയം, വ്യാജമായ ദേശീയതാ വാദത്തിന്റെ മലിന രക്തത്താൽ ഹിംസ്രാത്മകമായിരിക്കുകയാണ്. 

കോവിഡ് ഇന്ത്യയിൽ പടരുന്നതിന് മുൻപ് രാജ്യം തൊഴിലാളികളുടെയും കർഷകരുടെയും പ്രക്ഷോഭങ്ങളാൽ ഇളകിമറിയുകയായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിക്കാനുള്ള നിയമ ഭേദഗതിക്കെതിരെ രാജ്യം പ്രക്ഷോഭ ജ്വാലയിൽ തിളച്ചുമറിയുകയായിരുന്നു. ഒരർത്ഥത്തിൽ കൊറോണാ വൈറസ് മോഡി സർക്കാരിനെ ജനരോഷത്തിൽ നിന്ന് തൽക്കാലം രക്ഷിച്ചിരിക്കുകയാണ്. 

അടച്ചുപൂട്ടലുകളെ കൊണ്ട് മാത്രം രോഗം തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തേ ചൂണ്ടി കാട്ടിയിരുന്നതാണ്. രോഗപ്രതിരോധത്തിനും മറ്റും മോഡിസർക്കാർ നൽകുന്ന ഊന്നലിനെക്കാൾ പ്രാമുഖ്യം നൽകിയിട്ടുള്ളത് സമൂഹത്തെ വർഗ്ഗീയവൽക്കരിക്കാനും മൂലധന സേവ നടപ്പിലാക്കാനുമാണ്. 

മുന്നൊരുക്കമില്ലാത്ത അടച്ചു പൂട്ടൽ 

വെറും നാലു മണിക്കൂർ സമയം നല്കിയാണ് പ്രധാനമന്ത്രി ഒന്നാമത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഒരു പാതിരാത്രിക്ക് നോട്ടു നിരോധനവും  ജി എസ് ടി യും  പ്രഖ്യാപിച്ചതു പോലെ മറ്റൊരു മിന്നൽ പ്രഖ്യാപനമാണ് ലോക്ക് ഡൗൺ കാര്യത്തിലും മോഡി നടത്തിയത്. ഒരു പ്രധാന ദൗത്യത്തിനു കരസേനയെ  വിടുന്നതിനു പോലും നാലു മണിക്കൂറിലധികം നോട്ടീസ് നല്കും. മുതിർന്ന സിവിൽ സർവ്വീസ് ഉദ്യോഗസ്ഥൻ എം ജി ദേവസഹായത്തിന്റെ വാക്കുകളാണിത്. അപ്പോഴാണ് നൂറ്റിമുപ്പത് കോടിയിൽപ്പരം ജനങ്ങളുടെ ജീവിതം അടച്ചുപൂട്ടാൻ വെറും നാലു മണിക്കൂർ നൽകിയത്. മാർച്ച് 24 ന് അടച്ചുപൂട്ടൽ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യയിൽ ആകെ കോവിഡ് രോഗികൾ 556 പേരും മരണം 10 ഉം ആയിരുന്നു. ഇത് എഴുതുമ്പോൾ (ജൂലൈ 27) രോഗികളുടെ എണ്ണം 14 ലക്ഷം കവിഞ്ഞു. മരണം മുപ്പത്തി രണ്ടായിരത്തി എഴുന്നൂറും കഴിഞ്ഞു. 

മാർച്ച് 24 മുതൽ ഏപ്രിൽ 14 വരെ 10492 രോഗികൾ പുതിയതായി ഉണ്ടായി. മരണം 346  ആയി. ആകെ രോഗികളുടെ എണ്ണം 11056 ആയിരുന്ന സമയത്താണ് ഏപ്രിൽ 15 ന് രണ്ടാം ഘട്ട ലോക്ക് ഡൗൺ  പ്രഖ്യാപിക്കുന്നത്. മെയ് 3 വരെയാണ് അന്ന് ലോക്ക് ഡൗൺ നീട്ടിയത്. അപ്പോൾ ആകെ രോഗികൾ 42224 മരണം 1016 ആയി. മേയ് 4 മുതൽ 17 വരെ മരണം 1623-ഉം ആകെ രോഗികൾ 95389-മായി. മേയ് 18 മുതൽ 31 വരെ രോഗികളുടെ എണ്ണം 1,90,162-ഉം മരണം 3779-മായി. 


രോഗപ്രതിരോധത്തിന് കേന്ദ്ര സർക്കാർ എടുത്ത നടപടികൾക്കെതിരെ ശക്തമായ വിമർശനമാണ് ഉയർന്നു വന്നത് . പകർച്ചവ്യാധി പ്രതിരോധ രംഗത്ത് ഒരു പരിചയവും ഇല്ലാത്തവരുടെ ഉപദേശം മാത്രം കേട്ടാണ് കേന്ദ്ര സർക്കാർ നടപടികൾ എടുക്കുന്നത് എന്നാണ് ആരോഗ്യരംഗത്തെ പ്രമുഖ സംഘടനകളുടേയും വ്യക്തികളുടേയും വിമർശനം. ഇന്ത്യൻ പബ്ലിക്ക്‌  ഹെൽത്ത് അസോസിയേഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് പ്രിവന്റീവ് ആന്റ് സോഷ്യൽ മെഡിസിൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് എപ്പിഡെമോളജിസ്റ്റ് എന്നീ സംഘടനകൾ പ്രധാനമന്ത്രിക്ക് കത്തയച്ചു. കോവിഡ് - 19 കർമ്മസമിതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നിയമിച്ച എപ്പിഡമോളജി ആന്റ് സർവയ്ലൻസ് റിസർച്ച് ഗ്രൂപ്പ് തലവനും ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ മുൻ പ്രഫസറായ ഡോ. സി. സി. എസ്. റെഡ്ഡിയും കത്തയച്ചവരുടെ കൂട്ടത്തിൽ ഉണ്ട്.ലോക് ഡൗൺ അടക്കമുള്ള നിയന്ത്രണ സംവിധാനങ്ങളൊന്നും സർക്കാർ ശരിയായ രീതിയിലല്ല നടപ്പാക്കിയതെന്നും ഈ നയമില്ലായ്മയുടെ ഫലമാണ് രോഗവ്യാപനത്തിന് കാരണമായതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.  ലോക്ക് ഡൗണിന്റെ ആദ്യഘട്ടത്തിലെ സമയം ഉപയോഗിച്ച് ചികിത്സയും പരിശോധനയും നടത്താനുള്ള സംവിധാനമാണ് ഏർപ്പെടുത്തേണ്ടതെന്ന ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ നിർദ്ദേശം പോലും കേന്ദ്ര സർക്കാർ അവഗണിച്ചു.


പാത്രം കൊട്ടലും വിളക്കണച്ച് മെഴുകുതിരി കത്തിക്കലും പുഷ്പ വൃഷ്ടിയുമൊക്കെ പ്രധാനമന്ത്രി  പ്രചരിപ്പിച്ചപ്പോൾ ഗംഗാജലവും ഗോമൂത്രവും പഞ്ചഗവ്യവും പ്രചരിപ്പിക്കുന്ന തിരിക്കലായിരുന്നു അനുയായികൾ.  തബ് ലീഗ് കോവിഡ് എന്നു നാമകരണം ചെയ്ത് മുസ്ലീം വിഭാഗങ്ങളിൽ പെട്ടവരാണ് രോഗം പടർത്തുന്നത് എന്ന വർഗ്ഗീയ കുപ്രചരണം അഴിച്ചുവിട്ടു. രോഗം പടരുമ്പോഴും പാർലമെന്റ് സമ്മേളനം തുടർന്നു. മദ്ധ്യപ്രദേശിലെ കോൺഗ്രസ്സ് മന്ത്രിസഭയെ അട്ടിമറിച്ച് ബി.ജെ.പി മുഖ്യമന്ത്രിയെ വാഴിക്കുന്ന തിരക്കിലായിരുന്നു സർക്കാരും ഭരിക്കുന്ന കക്ഷിയുടെ നേതാക്കളും.

കേന്ദ്ര പാക്കേജ് എന്ന തട്ടിപ്പ്    

പ്രതിപക്ഷ പാർട്ടികളുടേയും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധരുടേയും ശക്തമായ സമ്മർദ്ദത്തെ തുടർന്ന് 1.76 ലക്ഷം കോടിയുടേയും പിന്നീട് 20 ലക്ഷം കോടിയുടെയും കേന്ദ്ര പാക്കേജുകൾ പ്രഖ്യാപിച്ച് മാധ്യമങ്ങളുടെ തലക്കെട്ട് നിറച്ചു. ജി ഡി പി (GDP - Gross Domestic Product- മൊത്തം ആഭ്യന്തര ഉല്പാദനം) യുടെ പത്തു ശതമാനം വരും ഈ പാക്കേജ്  എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  മുമ്പ് പ്രഖ്യാപിച്ച 1.76 ലക്ഷം കോടിയും RBI ബാങ്കുകൾക്ക് നൽകിയ 8.02 ലക്ഷം കോടിയും ഈ 20 ലക്ഷം കോടിയുടെ  പാക്കേജിൽ പെട്ടതായിരുന്നു.


കേന്ദ്ര ധനമന്ത്രിയുടെ ഒന്നാം ദിന പ്രഖ്യാപനത്തിൽ  കേന്ദ്ര മുതൽ മുടക്ക് 25500 കോടിയാണ്. രണ്ടാം ദിനത്തിൽ 5000 കോടിയും മൂന്നാം ദിനത്തിൽ 30000 കോടി യും നാലാം ദിനത്തിൽ 5000 കോടിയും അഞ്ചാം ദിനത്തിൽ തൊഴിൽ ഉറപ്പിനായി നീക്കിവച്ച 40000 കോടിയും  മാത്രമാണ് നേരിട്ടുള്ള മുതൽമുടക്ക്. ഈ കേന്ദ്ര  പാക്കേജിൽ ആരോഗ്യമേഖലയ്ക്ക് വെറും  15000 കോടി രൂപ മാത്രമാണ് നീക്കി വച്ചത്. ജിഡിപിയുടെ ഒരു ശതമാനം പോലും ഈ ഘട്ടത്തിലും നീക്കിവച്ചില്ല എന്നതാണ് വസ്തുത.

 കേന്ദ്ര പാക്കേജിൽ വായ്പകളാണ് ഭൂരിപക്ഷവും. കേന്ദ്ര  പാക്കേജിനു മുമ്പ് റിസർവ്വ് ബാങ്ക് 8.02 ലക്ഷം കോടി രൂപ ബാങ്കുകൾക്ക് നല്കിയിരുന്നു. 5.5 ശതമാനം പലിശക്കു ലഭിച്ച ഈ പണം വായ്പയായി ഗുണഭോക്താക്കൾക്കു നല്കാതെ മൂന്നര ശതമാനം പലിശയ്ക്ക് റിസർവ്വ് ബാങ്കിൽ തന്നെ (RBI) തിരിച്ചടക്കുകയാണ് ബാങ്കുകൾ ചെയ്തത്. ചെറുകിട സംരംഭകർക്ക് നാലു ലക്ഷം കോടിയും കാർഷിക മേഖലയ്ക്ക് 3 ലക്ഷം കോടിയും എല്ലാം എഖ്യാപിച്ചത് വായ്പയാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം.

കോവിഡിന്റെ മറവിൽ സമ്പൂർണ്ണ സ്വകാര്യവല്ക്കരണം.   

കോവിഡിന്റെ മറവിൽ പ്രഖ്യാപിച്ച കേന്ദ്ര  പാക്കേജിൽ 80 ശതമാനവും അതുമായി ബന്ധമില്ലാത്തവയായിരുന്നു - മണ്ണും വിണ്ണും വരെ വില്‌പനയക്കു വയ്ക്കുന്ന നയപ്രഖ്യാപനമായിരുന്നു കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയത്. ഭൂമിക്കടിയിൽ കിടക്കുന്ന ധാതു-ഖനിജ സമ്പത്തു മുതൽ പ്രതിരോധവും ആണവമേഖലയും ISRO യും വരെ വില്പനയ്ക്ക് വച്ചു. ഡോ. ഹോമി ഭാഭ യും വിക്രം സാരാഭായിയും അടക്കമുള്ള ശാസ്ത്രജ്ഞർ ജീവൻ കൊടുത്ത് സ്വാശ്രയത്വത്തിൽ ഊന്നി  പടുത്തുയുർത്തിയതാണ് ഇന്ത്യൻ ആണവ മേഖലയും  ISRO യും പോലെയുള്ള സ്ഥാപനങ്ങൾ. ISRO നാളിതു വരെ വിക്ഷേപിച്ച  422 ഉപണങ്ങളിൽ 319  എണ്ണവും വിദേശികളുടേതാണ് എന്നറിയുമ്പോഴാണ് അതിന്റെ മഹത്വം അറിയുക.

പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം  49 ശതമാനത്തിൽ നിന്ന് 74 ശതമാനമാക്കിയാണ് ഉയർത്തിയത്. ഓർഡനൻസ് ഫാക്ടറി (ആയുധ നിർമ്മാണ ശാല) സ്വകാര്യവല്ക്കരണത്തിനെതിരെ ട്രേഡ് യൂണിയനുകൾ സമരം ചെയ്ത് സർക്കാർ നീക്കത്തെ തടഞ്ഞിരുന്നു. രാജ്യത്തെ 41 ആയുധ നിർമ്മാണ ഫാക്ടറികളുടെ ചുമതല രാജ്യരക്ഷാ വകുപ്പിന് കീഴിലുള്ള ഓർഡനൻസ് ഫാക്ടറി ബോർഡിനാണ്. ഇതിൽ സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നു 'രാജ്യരക്ഷ'യെ അപകടപ്പെടുത്തുന്ന നീക്കമാണിത്.

മിലിട്ടറി ഇൻറലിജൻസ് റിപ്പോർട്ടു പ്രകാരം, മരണപ്പെടുന്ന ഇന്ത്യൻ സൈനികരുടെ എണ്ണം കഴിഞ്ഞ 30 വർഷങ്ങളിലെ ഉയർന്ന നിരക്കാണ്.  പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പ്രതിരോധ  രഹസ്യ രേഖകൾ മോഷ്ടിക്കപ്പെട്ടത് മോഡി ഭരണകാലത്തു തന്നെയാണ്. ഈ സമയത്താണ് പ്രതിരോധ മേഖലയിലെ സ്വകാര്യവത്ക്കരണം 74 ശതമാനമായി വർദ്ധിപ്പിക്കുന്നത്. ഇത് രാജ്യസുരക്ഷ അപകടപ്പെടുത്തും.

'ആത്മനിർഭർ ഭാരത്' എന്ന മുദ്രാവാക്യം ജനവഞ്ചനയുടെ മറ്റൊരു മുഖം. 

സാമ്രാജ്യത്വ സേവയും കുത്തക മൂലധന പ്രീണനവും ജന്മമുദ്രയായി കൊണ്ടു നടക്കുന്ന ബി.ജെ.പിയ്ക്ക് എങ്ങനെയാണ് സ്വയം പര്യാപ്ത രാഷ്ട്രത്തിനായി പരിശ്രമിക്കാൻ ആവുക?  ആർ.എസ്സ്.എസ്സിന്റെ രാഷ്ട്രീയ ശാഖയായ ബി.ജെ.പിയ്ക്ക് അതിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങൾ കയ്യൊഴിയാതെ ഇത് സാധ്യമല്ല. ആസൂത്രണ കമ്മീഷൻ വരെ പിരിച്ചുവിട്ടവരാണ് 'ആത്മനിർഭർ ഭാരതി'നെ കുറിച്ച് പുലമ്പുന്നത്!


വാജ്പേയ് സർക്കാർ അധികാരത്തിൽ വരുന്നതിന് മുമ്പ് RSS ന്റെ കീഴിലുള്ള 'സ്വദേശി ജാഗരൺ മഞ്ച് ' സ്വദേശി ഉല്പന്നങ്ങൾ ഉപയോഗിക്കുവാൻ ഒരു കാമ്പയിൻ  സംഘടിപ്പിച്ചിരുന്നു. വാജ്പേയി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കാൻ ഒരു മന്ത്രിയെ തന്നെ നിയമിച്ചു. സ്വദേശി മുദ്രാവാക്യം സാമ്രാജ്യത്വ മേലാളന്മാർക്ക് ആശങ്കയുണ്ടാക്കാതിരിക്കുവാൻ അന്നത്തെ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിങ്ങിനെ അമേരിക്കയിലേക്ക് പറഞ്ഞു വിട്ടു.1998 ഏപ്രിൽ 14 ന് ന്യൂയോർക്കിലെ ഹാർവാർഡ് ക്ലബ്ബിൽ 350 അമേരിക്കൻ കുത്തകകളുടെ യോഗത്തിൽ വച്ച് സ്വദേശി എന്നുള്ളത് എന്താണ് എന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശി എന്നത് ഒരു മനോനിലയാണെന്നും അത് ആഗോളവല്ക്കരണത്തിന് അനുകൂലമാണെന്നും കുത്തക മൂലധനത്തിന് എതിരല്ലെന്നും ബോധ്യപ്പെടുത്താൻ ശ്രമിച്ചു. സ്വാശ്രയത്വ സമ്പദ് ഘടന കെട്ടിപ്പടുക്കണമെങ്കിൽ സാമ്രാജ്യത്വ വിരുദ്ധമായ ഒരു സമീപനം ഉണ്ടാകണം. ബി.ജെ.പിയ്ക്ക് ഇല്ലാത്തതും അതാണ്.

അട്ടിമറിക്കുന്ന തൊഴിൽ നിയമങ്ങൾ 

ഇന്ത്യയിൽ നിർമ്മിക്കുക എന്ന മുദ്രാവാക്യം മോഡി സർക്കാർ മുന്നോട്ട് വെക്കുകയുണ്ടായി. ഇതിന്റെ ആദ്യ പരിപാടിയിൽ അഞ്ഞൂറോളം വ്യവസായ പ്രമുഖർ പങ്കെടുത്തു. അവരുടെ ആവശ്യങ്ങൾ മോഡിക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തു. ടാറ്റ ഗ്രൂപ്പിന്റെ സൈറസ് മിസ്രി തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കണം എന്നും ആവശ്യപ്പെടുകയുണ്ടായി. ലോകത്തെവിടെ നിന്നും മൂലധനം കൊണ്ടുവരുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കണം എന്നും ചരക്ക് സേവന നികുതി(GST) വേഗം നടപ്പിലാക്കണം എന്നുമാണ് മുകേഷ് അംബാനി ആവശ്യപ്പെട്ടത്. മാരുതി സുസുക്കിയുടെ കെനീചി ആയുകാവ മത്സരക്ഷമതക്ക് തടസം നിൽക്കുന്നവയെല്ലാം മാറ്റണമെന്നും നിർമ്മാണചിലവ് കുറക്കാൻ നിയമങ്ങളിലും ചട്ടങ്ങളിലും ഇളവ് വരുത്തണം എന്നും ആവശ്യപ്പെട്ടു. അമരിക്കയിലെ മാഡിസൻ സ്ക്വയറിൽ മോഡി നടത്തിയ പ്രകടനവും തുടർന്ന് 11 ബഹുരാഷ്ട്ര കുത്തക കമ്പനികളുമായി ഒപ്പുവച്ച കാര്യങ്ങളും പുറത്ത് വരികയുണ്ടായി. ഇന്ത്യയുടെ പ്രകൃതിവിഭവങ്ങൾ കൊള്ളയടിക്കാൻ നിയമത്തിന്റെ തടസ്സമില്ലാതെ സൗകര്യമൊരുക്കാനാണ് പിന്നീട് മോഡിസർകാർ ശ്രമിച്ചത്. 

'ശ്രമമേവ ജയതേ'(വിക്ടറി റ്റു ലേബർ) എന്ന് തൊഴിലിനെ പ്രകീർത്തിക്കുന്നതിനൊപ്പം ശ്രമയോഗി, രാഷ്ട്രയോഗി, രാഷ്ട്രനിർമത തുടങ്ങിയ വിശേഷണങ്ങളാണ് തൊഴിലാളികൾക്ക് മോഡി നൽകിയത്. "ഉൽപ്പാദന ക്ഷമത വർധനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പ്രോത്സാഹിപ്പിക്കുന്നതിന് തൊഴിൽ നിയമങ്ങൾ ലഘൂകരിക്കണം എന്നും ആധുനികവൽക്കരിക്കണം എന്നും ലോകബാങ്ക് നിർദ്ദേശിച്ചിട്ടുണ്ടെ"-ന്നാണ് കേന്ദ്ര തൊഴിൽ മന്ത്രി നിയമ ഭേദഗതികളെ കുറിച്ച് ലോകസഭയിൽ പറഞ്ഞത്. 

അസാധാരണ സാഹചര്യത്തിൽ അസാധാരണമായ തീരുമാനങ്ങൾ എടുക്കേണ്ടി വരും എന്ന് പറഞ്ഞുകൊണ്ടാണ് കോവിഡിന്റെ മറവിൽ തൊഴിൽ നിയമങ്ങൾ ഇപ്പോൾ അട്ടിമറിക്കുന്നത്. പല സംസ്ഥാനങ്ങളിലും പ്രവൃത്തി സമയം 8 മണിക്കൂറിൽ നിന്നും 12 മണിക്കൂറാക്കി വിജ്ഞാപനം ഇറക്കിക്കഴിഞ്ഞു. കോവിഡിന് മുമ്പ് ഇന്ത്യയിലെ തൊഴിലില്ലായ്മ, കഴിഞ്ഞ 45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കോവിഡിന് ശേഷം 14 കോടി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു കഴിഞ്ഞു.2017-18 പീരിയോഡിക്ക് ലേബർ ഫോഴ്സ് സർവ്വേ പ്രകാരം തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ ശരാശരി മാസ വരുമാനം 10,000 രൂപയിൽ താഴെയാണ്. വ്യക്തിഗത ശരാശരി മാസവരുമാനം വെറും 3300 രൂപ മാത്രമാണ്.


2019 -20 സാമ്പത്തിക സർവ്വേയിൽ വ്യവസായ വളർച്ചയ്ക്ക് തടസ്സമായി നില്ക്കുന്നത് നിലവിലുള്ള തൊഴിൽ നിയമങ്ങളാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.2014-ൽ മോഡി പ്രധാനമന്ത്രി ആയ ഉടനെ ഗുജറാത്ത്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ മുതലാളിമാർക്ക് അനുകൂലമായി തൊഴിൽ നിയമങ്ങൾ മാറ്റുകയും ഇതു മൂലം വ്യാവസായികമായി ആ സംസ്ഥാനങ്ങൾ മുന്നേറിയെന്നു പ്രചരണം കെട്ടഴിച്ചുവിടുകയും ചെയ്തിരുന്നു. കേരളം, ആസാം, പശ്ചിമ ബംഗാൾ, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ വ്യാവസായികമായി പിന്നിലായതിനു കാരണം തൊഴിൽ നിയമങ്ങളാണെന്ന് അവർ പ്രചരിപ്പിച്ചു. ഇവ വസ്തുതയ്ക്ക് നിരക്കാത്തതായിരുന്നു. ഹിറ്ലറുടെ നാസി തടവറയിൽ എഴുതിവച്ച ഒരു മുദ്രാവാക്യമുണ്ട്. 'Arbit  macht  frey'(Work makes you free). തൊഴിൽ നിങ്ങളെ സ്വതന്ത്രമാക്കും എന്നാണതിൽ എഴുതി വച്ചിരുന്നത്. നാസി തടവറയിലെ മനുഷ്യർ എങ്ങനെയാണ് സ്വതന്ത്രൻ ആയതെന്ന് ആരെയും പഠിപ്പിക്കേണ്ടതില്ലല്ലോ? കോവിഡിന്റെ മറവിൽ കുത്തക മൂലധന പ്രീണനത്തിനായി കൊണ്ടുവരുന്ന തൊഴിൽ നിയമ ഭേദഗതികൾ ഇത്തരമൊരു അവസ്ഥയിലേക്കാണ് ഇന്ത്യൻ തൊഴിലാളികളെ നയിക്കാൻ പോകുന്നത്. 

വൈദ്യുതി നയം പൊളിച്ചെഴുതുന്നു 

'വൈദ്യുതി നിയമം 2003 ഭേദഗതി 2020 ബിൽ' കേന്ദ്രം അവതരിപ്പിച്ചു കഴിഞ്ഞു. ജൂൺ 5 ന് മുമ്പ് അഭിപ്രായങ്ങൾ അറിയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്.2003-ലെ നിയമത്തിൽ കുത്തക താല്പര്യത്തിന് എതിരായി ഉണ്ടായിരുന്ന വകുപ്പുകൾ പൂർണമായി ഒഴിവാക്കാനാണ് പുതിയ ഭേദഗതി. (2003 ലെ നിയമം തന്നെ ജനവിരുദ്ധമായ രൂപത്തിലാണ് ഭേദദഗതി ചെയ്തിരുന്നത്) വൈദ്യുത മേഖലയിൽ പൊതു  താല്പര്യത്തിനു പകരം വാണിജ്യ താല്പര്യങ്ങൾക്ക് മുൻഗണന നൽകലാണ് ലക്ഷ്യം. ഈ നിയമം  പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന വൈദ്യുത ബോർഡുകൾക്ക് ഇപ്പോഴുള്ള  അധികാരങ്ങൾ പോലും നഷ്ടപ്പെടും. വൈദ്യുതി വകുപ്പ്  നിലവിലുള്ള പെട്രോളിയം ഗ്യാസ് മന്ത്രാലയത്തിനു ,കീഴിലാവും. കേന്ദ്ര  റെഗുലേറ്ററി കമ്മീഷനാണ് ലൈസൻസ് നൽകുക. സംസ്ഥാന റെഗുലേറ്ററി കമ്മീഷൻ കേന്ദ്ര കമ്മീഷനു കീഴിലാകും. സംസ്ഥാനങ്ങളിൽ ആര് എവിടെ വൈദ്യുതി വിതരണം നടത്തണം എന്ന് കേന്ദ്ര  റെഗുലേറ്ററി കമ്മീഷനാണ് നിശ്ചയിക്കുന്നത്. എല്ലാ സബ്സിഡികളും നിർത്തലാക്കും. തർക്കങ്ങൾ പരിഹരിക്കാനുള്ള  അവസാന വാക്കായി ഇലക്ട്രിസിറ്റി കോൺട്രാക്ട്  എൻഫോഴ്സ്മെന്റ് അതോറിറ്റി എന്നൊരു പുതിയ സ്ഥാപനം രൂപീകരിയ്ക്കും. കേരളത്തിൽ ആതുരാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുന്നത്. കാർഷിക ആവശ്യങ്ങൾക്കു വൈദ്യുതി സബ്സിഡിയുണ്ട്. ഇതെല്ലാം ഇല്ലാതാകും. സംസ്ഥാന ലിസ്റ്റിലും കൺകറൻറ് ലിസ്റ്റിലും ഉള്ള അധികാരങ്ങൾ കേന്ദ്രം കവർന്നെടുക്കുകയാണ്.

വിറ്റു തുലയ്ക്കുന്ന പൊതുമേഖല സ്ഥാപനങ്ങൾ 

 പൊതുമേഖല സ്ഥാപനങ്ങളെ പൂർണ്ണമായി കൈയൊഴിയുന്ന സമീപനമാണ് മോഡി സർക്കാരിന് ഉള്ളത്. വാജ്പേയ് പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പൊതുമേഖല വിറ്റഴിക്കാനായി ഒരു മന്ത്രിപദം തന്നെ സൃഷ്ടിച്ചിരുന്നു. 1951 ൽ നെഹ്റു സർക്കാർ പൊതുമേഖലക്ക്‌  അസ്ഥിവാരം ഇടുമ്പോൾ 29 കോടി ആസ്തിയുള്ള അഞ്ചു പൊതുമേഖല സ്ഥാപനങ്ങൾ ആണ് ഉണ്ടായിരുന്നത്. ഇന്ന് നൂറുകണക്കിന് കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ ഉണ്ട്. 1991 മുതൽ ആരംഭിച്ച പൊതുമേഖല വിൽപ്പന മോഡിയുടെ ഭരണത്തിൽ പൊതുമേഖലയെ തന്നെ ഇല്ലാതാക്കുന്നതിൽ എത്തിച്ചേർന്നിരിക്കുകയാണ്. ആകെ നാല് പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രം മതിയെന്നാണ് കേന്ദ്രസർക്കാർ നിലപാട്.2018 ലെ സിഎജി റിപ്പോർട്ട് പ്രകാരം 142 കമ്പനി കോർപ്പറേഷനുകളിലായി കേന്ദ്ര നിക്ഷേപം 357064 കോടി രൂപയാണ്.  ഇതിൽ ലിസ്റ്റ് ചെയ്യപ്പെട്ട 42 കമ്പനികളിലെ സർക്കാർ ഓഹരികളുടെ വിപണിമൂല്യം 13,631,94 കോടി രൂപയാണ്. 2019 ലെ സിഎജി റിപ്പോർട്ട് പ്രകാരം 31635 കോടി രൂപയാണ് പൊതുമേഖലയുടെ നഷ്ടം. ഇതിൽ 84 ശതമാനവും ബിഎസ്എൻഎൽ, എംടിഎൻഎൽ, എയർ ഇന്ത്യ എന്നിവയുടേതാണ്. ഈ നഷ്ടത്തിന് കാരണം കേന്ദ്ര സർക്കാരാണ്. ഈ കാലയളവിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 71916 കോടി രൂപ ലാഭവിഹിതം ആയി കേന്ദ്ര സർക്കാരിന് നൽകിയിട്ടുണ്ട്. രാഷ്ട്രത്തെ പടുത്തുയർത്താനുള്ള ഈ പൊതു സമ്പത്താണ് കുത്തകകൾക്ക് കൈമാറുന്നത്. 

റെയിൽവേയും സ്വകാര്യവൽക്കരണവും

ഇന്ത്യയുടെ ലൈഫ് ലൈൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന റയിൽവേയും മുറിച്ചു വിൽക്കുകയാണ്. 2019-ൽ ബെബക് ബെബറോയ്‌ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഈ മുറിച്ചുവില്പന നടക്കുന്നത്. റെയിൽവേ ബോർഡ് ഉടച്ചുവാർക്കുകയും പുറമെ നിന്നുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥരെ അതിൽ ഉൾപ്പെടുത്തുകയും ചെയ്തു. ലക്‌നോ-ഡൽഹി തേജസ് എന്ന സ്വകാര്യ തീവണ്ടി സർവീസ് ആരംഭിച്ചതിന് ശേഷം 119-ഓളം യാത്രാവണ്ടികളും ചരക്ക് വണ്ടികളും സ്വകാര്യമേഖലക്ക് നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. റെയിൽവേ സ്റ്റേഷനുകൾ കൈകാര്യം ചെയ്യാനും റയിൽവേയുടെ കൈവശമുള്ള ഏക്കർ കണക്കിന് ഭൂമി സ്വകാര്യ കുത്തകകൾക്ക് കൈമാറാനുമാണ് പദ്ധതി. 

റെയിൽവേ മുറിച്ചുവിൽക്കുന്നതോടൊപ്പം നവരത്ന പദവിയിലുള്ള റെയിൽവേ കണ്ടെയ്‌നർ കോർപ്പറേഷനും വിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. റെയിൽവേയുടെ പ്രധാന വരുമാനങ്ങളിൽ ഒന്നാണിത്. 44530.79 കോടി രൂപ ഈ വർഷം വരുമാനം ഉണ്ടാക്കുകയും 311.52 കോടി രൂപ ലാഭമുണ്ടാക്കുകയും ചെയ്ത സ്ഥാപനമണിത്. FICCI(Federation of Indian Chamber of Commerce and Industry)-യുടെ സമ്മേളനത്തിൽ പൊതുമേഖലകൾ മരിക്കാനാണ് ജനിച്ചത് എന്ന് മോഡി പ്രസ്താവിക്കുകയുണ്ടായി.

കാർഷിക മേഖലയും വിൽപ്പനക്ക്

'നിങ്ങൾക്ക് എന്തെങ്കിലും ചെയ്ത് തരുന്നത് വരെ എനിക്ക് സമാധാനമായി ഉറങ്ങാൻ കഴിയില്ല' എന്നാണ് 2014-ൽ മോഡി കർഷകരോട് പറഞ്ഞത്. മോഡി ഭരണത്തിന്റെ ആദ്യത്തെ 3 വർഷത്തിൽ തന്നെ കർഷക ആത്മഹത്യകൾ 42% വർധിച്ചു. മരിച്ച കർഷകരുടെ തലയോട്ടിയേന്തിയും മത്സ്യ വിസർജ്ജം ഭക്ഷിച്ചും വരെ ഡൽഹിയിൽ കർഷകരുടെ പ്രക്ഷോഭങ്ങൾ അരങ്ങേറി. കിലോമീറ്ററുകളോളം വിണ്ടുകീറിയ കാലുകളുമായി നടന്ന കർഷകരുടെ ചിത്രം വർത്തമാന ഇന്ത്യയുടെ യാഥാർഥ്യത്തെ വിളിച്ചോതി. ഇതൊന്നും പരിഗണിക്കാതെ, കോവിഡിന്റെ മറവിൽ കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് അരങ്ങേറുന്നത്. 

കർഷകർക്ക് സുവർണ കാലം എന്ന പ്രചാരണത്തോടെ കോവിഡ് കാലത്ത് പുറത്തിറക്കിയിരിക്കുന്ന ഓർഡിനൻസുകൾ കാർഷിക മേഖലയെ വിദേശ-നാടൻ കുത്തകകൾക്ക് പൂർണമായും തീറെഴുതുന്നതിനുള്ള ലൈസൻസ് ആണ്. 

ഭരണഘടന അനുസരിച്ച് കൃഷി സംസ്ഥാന വിഷയമാണ്. പക്ഷേ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുത്തുകൊണ്ടാണ് ഓർഡിനൻസുകൾ പുറപ്പെടുവച്ചിരിക്കുന്നത്. 'Farmers produce trade and commerce(promotion and facilitation) ordinance 2020 അനുസരിച്ച് കൃഷിയെ ഒരു കേന്ദ്ര വിഷയമാക്കി മാറ്റുന്നു. കൃഷി, ഭൂമി, തണ്ണീർത്തടങ്ങൾ എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാനുളള അവകാശം പോലും ഇല്ലാതാക്കി. ഒരു രാഷ്ട്രം, ഒരു വിപണി എന്ന ആശയം മുന്നോട്ടുവച്ച് സംസ്ഥാനങ്ങളുടെ അധികാരം കവരുന്നു. അവശ്യ വസ്തുക്കൾ വാങ്ങൽ നിയന്ത്രണ നിയമ ഓർഡിനൻസ് വഴി കുത്തകകൾക്ക് ആവശ്യമായ വിളകൾ ഏത് കർഷകരുടെ ഭൂമിയിലും കൃഷി ചെയ്യിപ്പിക്കാനാവും. ഓരോ പ്രദേശത്തെയും സവിശേഷതകൾക്ക് അനുസരിച്ചാണ് സംസ്ഥാനങ്ങൾ ഭൂവിനിയോഗ നിയമങ്ങൾ നിർമ്മിക്കുന്നത്. ഈ ഓർഡിനൻസ് വഴി ഭൂവിനിയോഗ നിയമങ്ങൾ ദുർബലപ്പെടും. കർഷകരുടെ കൃഷിഭൂമി ഏറ്റെടുത്ത് കോർപറേറ്റ് ഫാമിംഗ് വിപുലപ്പെടുത്താനാണ് ഈ ഓർഡിനൻസുകൾ തയ്യാറാക്കിയിരിക്കുന്നത്. സ്വന്തം കൃഷിഭൂമിയിൽ കൂലി അടിമകളെ പോലെ പണിയെടുക്കേണ്ടവരായി കർഷകരെ മാറ്റുകയാണ് ഈ ഓർഡിനൻസുകൾ വഴി. 

വിലക്കയറ്റം  സൃഷ്ടിക്കുന്ന വികല നയങ്ങൾ 

ലോക്ക് ഡൌൺ കാലത്തും വിലക്കയറ്റം സൃഷ്ടിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ അവലംബിക്കുന്നത്. അന്താരാഷ്ട്ര മാർക്കറ്റിൽ വില കുറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ്  പെട്രോളിനും ഡീസലിനും പാചക വാതകത്തിനും ഇടയ്ക്കിടെ വില വർധിപ്പിക്കുന്നത്. 2014 നും 2017 നും ഇടയ്ക്ക് തീരുവ വർദ്ധിപ്പിച്ച് 5.5 ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തു. 2020 മാർച്ചിൽ തീരുവ വർദ്ധിപ്പിച്ചതിലൂടെ മുപ്പതിനായിരം കോടി രൂപ സമാഹരിച്ചിരുന്നു. ഇപ്പോൾ പാചക വാതക വില വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.  ഡീസലിന്റേയും പെട്രോളിന്റേയും വില കഴിഞ്ഞ അഞ്ചു ദിവസമായി ദിനേന വർദ്ധിപ്പിക്കുകയാണ്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വിലയിൽ കുറവു വന്നപ്പോൾ ഒരു പൈസയുടെ കുറവു പോലും വരുത്തിയിട്ടില്ലാത്ത കമ്പനികൾക്ക് ഇപ്പോൾ അന്താരാഷ്ട്ര വിപണിയിൽ നേരിയൊരു വർദ്ധനയുണ്ടായതിന്റെ പേരിൽ വില വർദ്ധനവിന് അനുമതി നൽകിയിരിക്കുന്നു സർക്കാർ. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവ് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കുമെന്ന് ഇതിനെ കുറിച്ച് പഠനം നടത്തിയ Mike Clare മുൻപു തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. കുത്തകകളുടെ താൽപര്യം മാത്രം സംരക്ഷിക്കുന്ന തിരക്കിൽ ജീവിതം വഴിമുട്ടി നിൽക്കുന്ന ജനങ്ങളെ കുറിച്ച് മോഡി സർക്കാർ ചിന്തിക്കുന്നതു പോലുമില്ല.

ലക്ഷ്യം മറക്കുന്ന ഭക്ഷ്യ സ്വയം പര്യാപ്തത 

ആഗോള പട്ടിണി സൂചികയിൽ 117 രാജ്യങ്ങളിൽ 102 -ാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പട്ടിണിക്കെതിരായ യുദ്ധത്തിൽ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നു എന്ന് മുമ്പ് ഈ സംഘടന വിലയിരുത്തിയിട്ടുണ്ട്. ലോക്ക് ഡൗൺ മൂലം ജനങ്ങൾ പട്ടിണികൊണ്ട് പൊറുതി മുട്ടുമ്പോൾ എഫ് സിഐ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെന്ന ആവശ്യം സർക്കാർ ചെവിക്കൊണ്ടില്ല. പകരം സ്പിരിറ്റ് നിർമ്മാണത്തിന് വിട്ടുകൊടുക്കാനാണ്  തീരുമാനിച്ചത്. ദേശീയ ജൈവ ഇന്ധന ഏകോപന സമിതി (എൻ.ബി.സി.ഡി) എടുത്ത തീരുമാനം കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനാണ് വെളിപ്പെടുത്തിയത്. സ്പിരിറ്റ് നിർമ്മിച്ച് ഹാന്റ് സാനിറ്റൈസറും ജൈവ ഇന്ധനവും നിർമ്മിക്കാനാണ് പദ്ധതി. സ്പിരിറ്റിന്റെ ദൗർലഭ്യം ഇന്ത്യയിൽ ഇല്ല. സംഭരിക്കാൻ ഇടമില്ലാത്തതിനാൽ സ്വകാര്യ കമ്പനികൾ നിർമ്മാണം നിർത്തി വച്ചിരിക്കുകയാണ്..

                  
ഇതു കൂടാതെ 1955 ലെ അവശ്യസാധന നിയന്ത്രണ നിയമം എടുത്തു മാറ്റുന്നു. പരിപ്പ്, പയറു വർഗ്ഗങ്ങൾ, ധാന്യങ്ങൾ, എണ്ണക്കരുക്കൾ, ഉരുളക്കിഴങ്ങ്, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്കുണ്ടായിരുന്ന സംഭരണ നിയന്ത്രണം എടുത്തു കളയുന്നു.  കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയനാണ് ഈ നിയമം കൊണ്ടുവന്നത്. വിളവിറക്കുന്നതിനു മുമ്പ് വില നിശ്ചയിക്കുന്ന അവധി വ്യാപാരം നടപ്പിലാക്കുന്നു.  കൃത്രിമമായി വിലക്കയറ്റം സൃഷ്ടിച്ചതിനാൽ അവധി വ്യാപാരം നിയമ വിരുദ്ധമാക്കിയതാണ്. 


സ്വാതന്ത്ര്യത്തിനു ശേഷം ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ചില മുൻകരുതലുകൾ എടുത്തിരുന്നു.

1) കാർഷിക ഉല്പന്നങ്ങളുടെ വ്യാപാരത്തിലുള്ള നിയന്ത്രണം.

 2) ഉടമകൾക്ക് തങ്ങളുടെ ഭൂമി ഉപയോഗിക്കുന്നതിനു ള്ള നിയന്ത്രണം.

3)  വായ്പ, സബ്സിഡി തുടങ്ങിയ സഹായങ്ങൾ 4) ഭക്ഷ്യ സംഭരണവും പൊതു വിതരണവും ഉറപ്പാക്കൽ. ഇതെല്ലാം അട്ടിമറിയ്ക്കപ്പെടുകയാണ്.

കൽക്കരിപ്പാടങ്ങൾ വിൽപ്പനക്ക്

കൽക്കരിപ്പാടങ്ങൾ സ്വകാര്യ മേഖലക്ക് തീരെഴുതാൻ കോവിഡ് കാലത്തും മറന്നില്ല. സർക്കാർ നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടി നിൽക്കുന്ന കൽക്കരി മേഖലയെ സ്വതന്ത്രമാക്കി എന്നാണ് മോഡി ഇതിനെക്കുറിച്ച് പരാമർശിച്ചത്. വിഷൻ 2030 എന്ന പേരിൽ കോൾ ഇന്ത്യാ ലിമിറ്റഡ് പുറത്തിറക്കിയ റിപോർട്ടിൽ 10 വർഷത്തേക്ക് പുതിയ ഖനികൾ ഒന്നും തുറക്കേണ്ടതില്ലാ എന്നാണ് പറഞ്ഞിരുന്നത്. 1972-73 കാലത്താണ് കൽക്കരി മേഖലയെ ഇന്ത്യയിൽ ദേശസാൽക്കരിച്ചത്. 1975-ൽ കോൾ ഇന്ത്യാ ലിമിറ്റഡും രൂപീകരിച്ചു. 1993-ൽ കൽക്കരി ഖനി ദേശസാത്കരണ നിയമം ഭേദഗതി ചെയ്തുകൊണ്ട് സ്വകാര്യവൽക്കരണ നീക്കങ്ങൾ ആരംഭിച്ചു. ഇപ്പോൾ സമ്പൂർണ സ്വകാര്യവൽക്കരണത്തിലേക്ക് ഈ മേഖലയെ നയിക്കുകയാണ്. കഴിഞ്ഞ ജൂലൈ 2 മുതൽ 4 വരെ തൊഴിലാളി പ്രക്ഷോഭങ്ങളെക്കൊണ്ട് ആ മേഖല സ്തംഭിച്ചു. 8 സംസ്ഥാനങ്ങളിൽ ആയാണ് ഇന്ത്യയുടെ കൽക്കരിപ്പാടങ്ങൾ നിലകൊള്ളുന്നത്. ഇതിൽ ഭൂരിപക്ഷം പ്രദേശങ്ങളും ഭരണഘടനയുടെ അഞ്ചാം പട്ടികയിൽ പെട്ടതാണ്. ഈ നിയമപ്രകാരം ആദിവാസികൾക്ക് അർഹതപ്പെട്ട ഈ ഭൂപ്രദേശം കൈമാറ്റം ചെയ്യാൻ പാടില്ല. പക്ഷേ ഇതൊന്നും മോഡി സർക്കാരിന് ബാധകമല്ല. 

കോവിഡ് കാലത്തെ സിലബസ് പരിഷ്‌കാരങ്ങൾ 

3 പതിറ്റാണ്ടായി തുടരുന്ന ജനവിരുദ്ധ സാമ്പത്തിക നയങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്കും കൊണ്ടുവരുന്നതിന് വേണ്ടിയാണ് ദേശീയ വിദ്യാഭ്യാസനയം എന്ന പേരിൽ കഴിഞ്ഞ വർഷം ഒരു കരട് പുറത്തിയക്കിയത്. സർവകലാശാലകളുടെ അധികാരങ്ങളെ ചുരുക്കുന്നതും നിലവിലുള്ള പൊതുസ്ഥാപനങ്ങളെ പോലും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുന്നതുമാണ് ഇതിന്റെ ഉള്ളടക്കം. എല്ലാ സർവകാലശാലകൾക്കുമായി പൊതു സിലബസും പൊതു കരിക്കുലവും അടിച്ചേൽപ്പിക്കുന്നു. സമൂഹത്തെ വർഗ്ഗീയമായി ചേരിതിരിക്കാനും ഹിന്ദുരാഷ്ട്ര നിർമ്മിതിക്കായി സമൂഹത്തെ ഒരുക്കിയെടുക്കുന്നതിനും വിദ്യാഭ്യാസ മേഖലയെ പതുക്കെപ്പതുക്കെ മാറ്റിയെടുക്കുകയായിരുന്നു. ദീനാനാഥ് ബത്രയുടെ കുറിപ്പടിക്ക് അനുസരിച്ച് സംഘപരിവാർ അജണ്ട സിലബസിൽ തിരുകിക്കേറ്റുകയും ശാസ്ത്രബോധവും ചരിത്രബോധവും ചോർത്തികളയുകയും ചെയ്യുകയായിരുന്നു നാളിതുവരെ. 

പാഠഭാരം കുറക്കാനെന്ന പേരിൽ CBSE സിലബസിൽ നിന്ന് 30 ശതമാനത്തോളം പഠഭാഗങ്ങൾ വെട്ടിച്ചുരുക്കി. 9 മുതൽ 12 വരെയുള്ള ക്ലാസുകളിൽ നിന്നാണ് പാഠഭാഗങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. ഒൻപതാം ക്ലാസ്സിലെ സിലബസിൽ നിന്ന് ജനാധിപത്യ അവകാശങ്ങൾ, ഭക്ഷ്യസുരക്ഷ എന്നിവയും പത്താം ക്ലാസ്സിലെ സിലബസിൽ നിന്ന് ജനാധിപത്യം, വൈവിധ്യം, ജാതി, മതം, ലിംഗം, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നിവയും ഒഴിവാക്കി. പതിനൊന്നാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവ വെട്ടിമാറ്റി. പന്ത്രണ്ടാം ക്ലാസ്സിലെ ബിസിനസ് സ്റ്റഡീസിൽ നിന്ന് ആഗോളവൽക്കരണ-സ്വകാര്യവത്കരണ-ഉദാരവത്കരണ നയങ്ങൾ എന്നിവ വാണിജ്യ നയത്തിൽ ഉണ്ടാക്കിയ മാറ്റം, നോട്ട് നിരോധനം തുടങ്ങിയവ മാറ്റി. ബയോളജിയിൽ നിന്ന് പരിണാമ സിദ്ധാന്തവും സാമ്പത്തിക ശാസ്ത്രത്തിൽ നിന്ന് വിദ്യാഭ്യാസ മേഖലയുടെ വളർച്ചയും മാറ്റി. പന്ത്രണ്ടാം ക്ലാസ്സിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് ആസൂത്രണ കമ്മീഷൻ, പഞ്ചവത്സര പദ്ധതി, സാമ്പതികാവസ്ഥയുടെ സ്വഭാവവും വ്യതിയാനവും എന്നിവ ഒഴിവാക്കി. വിദേശ നയത്തിൽ നിന്ന് അയൽ രാജ്യങ്ങളുമായുള്ള ബന്ധം, നവ സാമൂഹ്യ മുന്നേറ്റങ്ങൾ എന്നിവ ഒഴിവാക്കി. ഈ പ്രായത്തിലെ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതും പഠിക്കേണ്ടതുമായ പ്രധാനപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ശാസ്ത്രബോധവും ചരിത്രബോധവും സാമൂഹ്യബോധവും ഇല്ലാത്ത ഒരു തലമുറയെ വാർത്തെടുക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇതിന് പിന്നിലുള്ളത്. 

സൈന്യത്തെയും കാവിവൽക്കരിക്കാനുള്ള ഗൂഢശ്രമം

ഇന്ത്യയെ ഹിന്ദുത്വവൽക്കരിക്കുക, ഹിന്ദുക്കളെ സൈനികവൽക്കരിക്കുക എന്നത് RSS-ന്റെ മുമ്പേയുള്ള പദ്ധതിയാണ്. മോഡി പ്രധാനമന്ത്രി ആയതിന് ശേഷം ഈ നീക്കത്തിന് ആക്കം കൂട്ടി. ഓരോ ദീപാവലിക്കും അദ്ദേഹം സൈന്യത്തോടൊപ്പമാണ് കഴിച്ചുകൂട്ടുന്നത്. 2014-ൽ സിയാച്ചിനിലും 2015-ൽ പഞ്ചാബിലെ പാക് അതിർത്തിയിലും 2016-ൽ ഹിമാചലിലെ ചൈനീസ് അതിർത്തിയിലും 2017-ൽ ജമ്മു കാശ്മീരിലെ BSF ജവാന്മാരോടൊപ്പവും 2018-ൽ ഇന്ത്യാ-ചൈന അതിർത്തിയിൽ UP-യിലെ ഉത്തരകാശി ജില്ലയിലെ ഹർഷിൻ കന്റോണ്മെന്റിലെ ഇന്ത്യ-ടിബറ്റൻ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിനൊപ്പവും 2019-ൽ ജമ്മു കാശ്മീരിലുമാണ് മോഡി ദീപാവലി ആഘോഷിച്ചത്. ഇപ്പോൾ പ്രതിരോധ ചെലവ് കുറക്കാൻ എന്നപേരിൽ 3 വർഷത്തേക്ക് ടൂർ ഓഫ് ഡ്യൂട്ടി എന്ന പേരിലൊരു പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ്. സൈന്യത്തിന് യുദ്ധസജ്ജമാകാൻ ഏറെ സമയം വേണ്ടിവരും എന്നും എന്നാൽ RSS വോളന്റിയർമാർക്ക് മണിക്കൂറുകൾ മാത്രം മതിയെന്നും കുറച്ചു മുൻപാണ് RSS മേധാവി മോഹൻ ഭഗവത് പ്രസ്താവിച്ചത്. ഇത്തരക്കാരെ സൈനീക പരിശീലനം കൊടുത്ത് സജ്ജമാക്കാനുള്ള ഗൂഢ പദ്ധതിയാണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മാറ്റിമറിക്കുന്ന പരിസ്ഥിതി നിയമങ്ങൾ 

 പരിസ്ഥിതി സംരക്ഷണത്തിൽ ലോകത്തെ ഏറ്റവും മോശമായ രാജ്യമാണ് ഇന്ത്യ എന്ന് EPI 2018 റിപ്പോർട്ട്‌ ചൂണ്ടിക്കാണിക്കുമ്പോൾ, കേന്ദ്രം പരിസ്ഥിതി നിയമങ്ങളെ ദുർബ്ബലപ്പെടുത്താനുള്ള വിജ്ഞാപനം പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്ര പരിസ്ഥിതി - വനം - കാലാവസ്ഥ മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനം (ElA വിജ്ഞാപനം 2020) അനുസരിച്ചു വ്യവസായികവും അല്ലാത്തതുമായ പദ്ധതികൾക്ക് അനുമതി കൊടുക്കും മുമ്പ് വിശദമായ പരിസ്ഥിതി ആഘാത പഠനം നിർബ്ബന്ധമാക്കുന്ന നിബന്ധനകൾ ദുർബ്ബലപ്പെടുത്തുന്നു. ഒന്നാം മോഡി സർക്കാർ ഒന്നര ലക്ഷം ചതുരശ്രമീറ്റർ വരെയുള്ള നിർമ്മാണങ്ങൾക്ക് പരിസ്ഥിതി അനുമതിയിൽ ഇളവു നല്കി. 2006-ലെ  നിയമത്തിന് വിരുദ്ധമായതിനാൽ ദേശീയ ഹരിത ട്രിബൂണൽ ഈ വിജ്ഞാപനം റദ്ദാക്കി. ദേശീയ ഹരിത ട്രിബൂണലിന്റേയും വിവിധ കോടതികളുടേയും വിധികൾ മറികടക്കാനാണ് പുതിയ വിജ്ഞാപനം കൊണ്ടു വന്നിരിക്കുന്നത് .ദേശീയ പാർക്ക്, വന്യ ജീവി കേന്ദ്രം പരിസ്ഥിതി ദുർബ്ബല പ്രദേശം എന്നിവിടങ്ങളിലെ ഖനന - നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ഇളവ് നല്കുന്നു. കൃഷിഭൂമി നിയന്ത്രണമില്ലാതെ വൻകിട വ്യവസായങ്ങൾക്ക് ഏറ്റെടുക്കാൻ സഹായിക്കുന്ന വിജ്ഞാപനം മാർച്ച് 12ന് പുറപ്പെടുവിച്ചു. 

ഈ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളാണ് രാജ്യത്തിനകത്തും പുറത്തും നിന്ന് ഉയർന്നിരിക്കുന്നത്. 4 ലക്ഷത്തിലധികം പരാതികളാണ് പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേത്കറിന് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ഈ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നിയമത്തിനെതിരെ വകുപ്പ് മന്ത്രിക്ക് ഇമെയിൽ സന്ദേശമയച്ച സ്വീഡനിലെ ഗ്രെറ്റ തുൻബെർഗിനെതിരെ UAPA-യിലെ പതിനെട്ടാം വകുപ്പ് ചാർജ്ജ് ചെയ്യാൻ ശ്രമിച്ചു. ഇത് നിലനിൽക്കില്ലെന്ന് മനസ്സിലാക്കിയപ്പോൾ IT നിയമത്തിലെ വകുപ്പുകൾ അനുസരിച്ച് കേസ് ചാർജ്ജ് ചെയ്യാൻ ശ്രമിക്കുകയാണ്. കരട് വിജ്ഞാപനത്തെ ചോദ്യം ചെയ്ത Let India Breath, There is no Earth B എന്നിവയുടെ വെബ്‌സൈറ്റുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. 

കോവിഡും ദുരന്ത മുതലാളിത്തവും

നവോമി ക്ലെയ്ന്റെ ഷോക്ക് ഡോക്ടറീനിൽ ദുരന്ത മുതലാളിത്തത്തെ കുറിച്ച് പറയുന്നുണ്ട്. യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ അവസ്ഥയെ പോലും ലാഭം ഉണ്ടാക്കാനുള്ള അവസരമാക്കി മാറ്റുന്ന മുതലാളിത്തത്തെ കുറിച്ചാണ് വിവരിക്കുന്നത്. നിയോ ലിബറൽ നയങ്ങളുടെ തലത്തോട്ടപ്പനായ മിൽട്ടൻ ഫ്രീഡ്മാന്റെ അഭിപ്രായത്തിൽ കോർപറേറ്റ് മാനേജ്‌മെന്റിന്റെ ലക്ഷ്യം ലാഭമുണ്ടാക്കൽ മാത്രമാണ്. കത്രീന ചുഴലിക്കാറ്റ് അമേരിക്കയിലെ ന്യൂ ഓർലിയൻസ് നഗരത്തെ തകർത്തെറിഞ്ഞപ്പോൾ റിപ്പബ്ലിക്കൻ സെനറ്റർ റിച്ചാർഡ് ബേക്കർ പറഞ്ഞത് 'നമുക്കത് ചെയ്യാൻ കഴിഞ്ഞില്ല, പക്ഷേ ദൈവം നമുക്ക് വേണ്ടി അത് ചെയ്തുതന്നു' എന്നാണ്. 

2003-ൽ സാർസ് പിടിപെട്ടപ്പോൾ വൈറസ് മഹാമാരികളെ കുറിച്ച് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയെങ്കിലും എല്ലാ രാജ്യങ്ങളും അത് അവഗണിച്ചു. നിയോ ലിബറൽ നയങ്ങളുടെ സ്വാഭാവികമായ സൃഷ്ടിയാണ് കോവിഡ് 19 എന്നാണ് നോം ചോംസ്കി അഭിപ്രായപ്പെട്ടത്. ഈ നവ ലിബറൽ നയങ്ങൾ മൂലം 2001-2018-നിടക്ക് 172 രാജ്യങ്ങളിലായി 1483 പകർച്ച വ്യാധികൾ ഉണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ ലോകാരോഗ്യ സംഘടന 'ഗ്ലോബൽ പ്രിപ്പേഡ്നെസ് മോണിറ്ററിങ് ബോർഡ്' രൂപീകരിച്ചു. 2019 സെപ്റ്റംബറിൽ 'A World at Risk' എന്ന പേരിൽ വരാൻ പോകുന്ന മഹാമാരികളെ കുറിച്ചു മുന്നറിയിപ്പ് നൽകി. ഇതും ലോകം അവഗണിച്ചു. അമേരിക്ക അടക്കമുളള രാജ്യങ്ങളിൽ വെന്റിലേറ്റർ നിർമ്മിക്കാൻ ശ്രമം തുടങ്ങിയെങ്കിലും ലാഭമില്ലാത്ത ബിസിനസ് എന്നു കണ്ട് നിർത്തി വെക്കുകയാണ് ഉണ്ടായത്. ഫ്രീഡ്മാൻ പറഞ്ഞതുപോലെ രാഷ്ട്രീയമായി അസാധ്യമായത് അനിവാര്യമായ സന്ദർഭത്തിൽ ഉപയോഗിക്കുക എന്ന തത്വമാണ് ഈ കോവിഡ് കാലത്ത് മോഡി സർക്കാർ നടപ്പാക്കുന്നത്. 


ഡിവൈഡർ- ഇൻ-ചീഫ് എന്ന്  വിശേഷിപ്പിച്ചു കൊണ്ട് ടൈം വാരിക കവർ സ്‌റ്റോറി ആക്കിയ മോഡിയുടെ ഭരണത്തിൻ കീഴിൽ രാജ്യതാല്പര്യങ്ങൾ ബലി കഴിയ്ക്കപ്പെടുകയാണ്. ജനങ്ങൾ പട്ടിണി കിടന്നു മരിയ്ക്കുമ്പോൾ എഫ് സി ഐ ഗോഡൗണുകളിൽ ഭക്ഷ്യധാന്യം സ്പിരിറ്റ് നിർമ്മാണത്തിന് കൊടുക്കാനാണ് മോഡി സർക്കാർ ശ്രമിച്ചത്. അമേരിക്കയുമായി ആയുധ കച്ചവടം ഉറപ്പി ക്കുന്നതിന് കോവിഡ് തടസ്സമായില്ല. അടച്ചുപൂട്ടലിനെ തുടർന്ന് തൊഴിലിൽ നിന്നും വലിച്ചെറിയപ്പെട്ട ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികൾ നഗ്നപാദരായി നടന്ന് പുതിയ ഭാരതത്തിന്റെ ഭൂപടം നിർമ്മിച്ചു കൊണ്ടിരിക്കുമ്പോഴും സുപ്രീം കോടതിയിൽ അറ്റോർണി ജനറൽ തുഷാർ മേത്ത ആരും റോഡിലില്ല  എന്നാണ് സത്യവാങ്മൂലം നൽകിയത്. രാജ്യവും ജനങ്ങളും എന്തെന്ന് അറിയാത്ത ഭരണാധികാരിയിൽ നിന്ന് ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കാനാവില്ല.


ഏറ്റവും മോശപ്പെട്ട സാമ്പത്തിക-സാമൂഹിക സാഹചര്യങ്ങൾ പോലും മൂലധന താല്പര്യത്തിന് എങ്ങനെ ഉപയോഗിക്കാമെന്നാണ്  മിൽട്ടൺ ഫ്രീഡ്മാനെപ്പോലുള്ള നിയോലിബറൽ സാമ്പത്തിക വിദഗ്ദ്ധർ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്. മോഡിയും ട്രംപുമെല്ലാം ഈ സിദ്ധാന്തം പിൻ പറ്റുന്നവരാണ്. ആപത്തിനെ അവസരമാക്കി മാറ്റുക എന്ന് മോഡി പറയുകയുണ്ടായി. ഈ മഹാമാരിയുടെ കാലത്ത് അദ്ദേഹം അവസരം ഉണ്ടാക്കിക്കൊടുക്കുന്നത് സാമ്രാജ്യത്വ മൂലധനത്തിനും  കുത്തകകൾക്കുമാണ്. തന്നെ എതിർക്കുന്ന ആനന്ദ് തെൽതുംബ്ഡെ പോലുള്ള  ബുദ്ധിജീവികളെ യു.എ.പി.എ ചുമത്തി ജയലിലടച്ചു. സർക്കാരുകളെ, വിമർശിക്കുന്ന ജഡ്ജിമാരെ മാറ്റുന്നത് നിത്യസംഭവങ്ങളായിക്കഴിഞ്ഞു - എൻ.ആർ.സി ക്കും എൻ പി ആർ - നുമെതിരെ  സമരം ചെയ്ത വിദ്യാർത്ഥികളെ വരെ തടവിലാക്കി. ഗർഭിണികളോടു പോലും കരുണ കാണിച്ചില്ല.   

ഭരണകൂടത്തിന്റേയും കുത്തകകളുടേയും താല്പര്യങ്ങൾ ഒന്നായി മാറുന്ന അവസ്ഥയെയാണ് ഫാസിസം എന്ന്  സ. ദിമിത്രോവ് വിശേഷിപ്പിച്ചത്. മോഡി ഭരണം അതിന് ഉത്തമ ഉദാഹരണമാണ്. ഈ ഫാസിസ്റ്റ് തേർവാഴ്ച്ചക്കെതിരെ വിശാല ഐക്യനിര വളർത്തിയെടുക്കേണ്ടത് അടിയന്തിര കർത്തവ്യമാണ്.

സത്യത്തെ സ്വർണപാത്രം കൊണ്ട് മൂടിയിരിക്കുന്നു എന്ന് ഈശാവസ്യോപനിഷത്തിൽ പറയുന്നുണ്ട്. ഇന്ത്യയിലിപ്പോൾ സാമ്രാജ്യത്വ മൂലധന സേവയെ വ്യാജ ദേശീയതയുടെ കാവിയിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ്. കോവിഡിന്റെ മറവിൽ എല്ലാ ഭരണകൂട സ്ഥാപനങ്ങളും മോഡി സ്വേച്ഛാധിപത്യത്തിന് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുകയാണ്. സുപ്രീം കോടതി ജഡ്ജിമാരുടെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷണെതിരെ കോടതിയലക്ഷ്യക്കേസ് ചാർജ്ജ്‌ ചെയ്തിരിക്കുകയാണ്. അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആകേണ്ട അശോക് ലവാസയെ പുകച്ചു പുറത്തു ചാടിച്ചു. 2019-ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ മോഡിക്കും സംഘത്തിനും ക്ലീൻ ചിറ്റ് കൊടുക്കാതിരുന്നതാണ് കാരണം. മഹാമാരിയുടെ മറവിൽ ഭരണകൂട സ്വേച്ഛാധിപത്യമാണ് അരങ്ങേറുന്നത്. കോവിഡ് കാലത്ത് നടത്തിയ തീവെട്ടിക്കൊള്ളകളും ഭരണ നടപടികളും എല്ലാം സൂചിപ്പിക്കുന്നത് ഇതാണ്.