ജൽ ജീവൻ പദ്ധതി: ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണം കൈയൊഴിയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ലോകബാങ്ക് പദ്ധതി

ജൽ ജീവൻ പദ്ധതി: 
ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണം  കൈയൊഴിയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്ന ലോകബാങ്ക് പദ്ധതി 


 അഡ്വ. ടി. ബി. മിനി. 

Image courtesy: Mathrubhumi


പൊയ്യ ഗ്രാമ പഞ്ചായത്ത് തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലാണ് .അതി മനോഹരമായ ഒരു ദ്വീപ്. താഴ്ന്ന പ്രദേശങ്ങളിൽ ഉപ്പുവെള്ളം മാത്രം ലഭ്യമാകുന്ന ഒരു പ്രദേശം. കൂടുതലും മത്സ്യബന്ധന തൊഴിലാളികൾ. അവരുടെ ഏറ്റവും വലിയ പ്രശ്നം എന്നും കുടിവെള്ളമായിരുന്നു. കുളി, ആഴ്ചയിൽ ഒരു ദിവസം മാത്രം നടത്തുന്ന ആഡംബരമായിരുന്ന ഒരു കാലമുണ്ടായിരുന്നു പൊയ്യക്കാർക്ക്. കുടിവെള്ളത്തിന് കിലോമീറ്ററുകളോളം സഞ്ചരിച്ചിരുന്ന കാലത്തിന് അറുതി വന്നത് 1987 ലാണ്. അന്നാണ് വാട്ടർ അതോറിറ്റിയുടെ പദ്ധതി പ്രകാരം പൊതു ടാപ്പുകളും പിന്നീട് വീടുകളിലേക്കടക്കം  പൈപ്പ് കണക്ഷൻ വഴി കുടിവെള്ളമെത്തിക്കുന്ന സംവിധാനവും നിലവിൽ വന്നത്. 48 മണിക്കൂർ ഇടവിട്ടായിരുന്നു വാട്ടർ അതോറിറ്റി വെള്ളം കൊടുത്തു കൊണ്ടിരുന്നത്. സാമ്പത്തികമായി താഴ്ന്ന നിലവാരത്തിലുള്ളവർക്ക് സൗജന്യമായി കുടിവെള്ളം കിട്ടുന്നതിനു വേണ്ടി 24 ഓളം പൊതു ടാപ്പുകൾ ഓരോ വാർഡിലും ഉണ്ടായിരുന്നു. ബി.പി.എൽ കുടുംബങ്ങൾക്ക് 15,000 ലിറ്റർ വരെ വെള്ളം സൗജന്യമായിരുന്നു. 1000 ലിറ്റർ വെള്ളത്തിന് വാട്ടർ അതോറിറ്റി 4 രൂപയാണ് ഈടാക്കിയിരുന്നത്. ഇപ്പോൾ അവർ 1000 ലിറ്ററിന് 16 രൂപ വരെ കൊടുക്കേണ്ടി വരുന്നു. 48 മണിക്കൂറിനിടക്ക് കിട്ടിക്കൊണ്ടിരുന്ന കുടിവെള്ളം ഇപ്പോൾ 12 ദിവസം വരെ കൂടുമ്പോഴാണ് കിട്ടുന്നത്.
2012 ൽ ലോകബാങ്ക് സഹായത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ ഗ്രാമീണ കുടിവെള്ള പദ്ധതിയാണു (ജലനിധി പദ്ധതി) പൊയ്യക്ക് ദോഷകരമായത്.

"ഞങ്ങൾക്ക് 1000 ലിറ്റർ വെള്ളം 4 രൂപക്ക് നല്കിയിരുന്ന വാട്ടർ അതോറിറ്റി ജലനിധിക്കു നൽകുന്നത് 6 രൂപക്കാണ്. ജനങ്ങൾക്ക് ഈ വെള്ളം 16 രൂപക്കാണ് നൽകുന്നത്. പക്ഷേ, ഒരു തുള്ളി ഉപയോഗിച്ചില്ലെങ്കിലും 70 രൂപ മാസം നൽകണം.   എല്ലാ ദിവസവും വെള്ളം കിട്ടും എന്ന വ്യാമോഹം അവർ പ്രചരിപ്പിച്ചത് വിശ്വസിച്ചതിനാലാണ് ഞങ്ങൾ പദ്ധതിയിൽ ചേർന്നത്. ഇപ്പോൾ 12 ദിവസം കൂടുമ്പോഴാണ് വെള്ളം വരുന്നത്. ഈ പദ്ധതി നടപ്പാക്കാൻ മുൻകൈ എടുത്ത ഞങ്ങൾ ഇന്ന് ഈ പദ്ധതിക്കെതിരെ സമരത്തിനൊരുങ്ങുകയാണ്". പൊയ്യ പഞ്ചായത്തിൽ  ജലനിധി പദ്ധതി നടപ്പാക്കുന്നതിന് മുൻകൈ എടുത്ത ഉപഭോക്തൃ കമ്മറ്റിയുടെ പ്രസിഡൻ്റ് പോൾ അമ്പൂക്കൻ പറയുന്നു. "ഞങ്ങൾക്ക് വാട്ടർ അതോറിറ്റി വേണം:" "ജനങ്ങളോട് ചെയ്ത തെറ്റിന് പ്രായശ്ചിത്തം വേണം'' പോൾ അമ്പൂക്കന്റെ ഭാര്യ മേരി പോൾ പറഞ്ഞു.
 
 കൊട്ടിഘോഷിച്ച് ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കാൻ, 2012 ൽ നടപ്പാക്കിയ 'ജലനിധി' പദ്ധതിയുടെ ബലിയാടുകളാണ് പൊയ്യ പഞ്ചായത്തുകാർ. ഈ പദ്ധതിയുടെ നടത്തിപ്പിനെ കുറിച്ച് പൊയ്യ ഗ്രാമ പഞ്ചായത്ത് നടത്തിയ പഠനത്തിൽ പറയുന്നത് ഇങ്ങനെയാണ്: "കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പൊയ്യ, കുഴൂർ, അന്നമനട, മാള പുത്തൻചിറ, വെള്ളാങ്ങല്ലൂർ എന്നിങ്ങനെ 6 പഞ്ചായത്തുകൾക്കായി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ 2012 സെപ്തംബർ 16 ന് ജലനിധിയും ഗ്രാമ പഞ്ചായത്തും ചേർന്ന് എഗ്രിമെൻ്റ് ഒപ്പു വച്ച് പൊയ്യ പഞ്ചായത്തിൽ ജലനിധി പദ്ധതി നടപ്പാക്കി. ഈ പഞ്ചായത്തിൽ 24 മണിക്കൂറും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. പുഴയുടെ തീരത്തുള്ള കാടുകുറ്റി ഗ്രാമപഞ്ചായത്തിൽപ്പെട്ട വൈന്തലയിൽ വാട്ടർ അതോറിറ്റിയുടെ അധീനതയിൽ പ്രവർത്തിച്ചു വന്നിരുന്ന വാട്ടർ ട്രീറ്റ്മെൻ്റ് പ്ലാൻ്റും ജലവിതരണ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. പുതിയ മോട്ടോർ സ്ഥാപിച്ച് പ്ലാൻ്റിൻ്റെ ശേഷി കൂട്ടുകയും വിവിധ പഞ്ചായത്തുകളിൽ ജലസംഭരണികൾ നിർമ്മിച്ച് സംഭരണ ശേഷി വർദ്ധിപ്പിക്കുകയും പുതിയ സപ്ലൈ ലൈനുകൾ സ്ഥാപിച്ച് വിതരണ ശൃംഖല വിപുലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആറു പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നുള്ള തുകകളും ലോകബാങ്ക് ധനസഹായം ഉപയോഗിച്ചുള്ള സർക്കാർ വിഹിതവും ഗുണഭോക്താക്കളിൽ നിന്നും പിരിച്ചെടുത്ത ഗുണഭോക്തൃവിഹിതവും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പഞ്ചായത്തിലേയും മുഴുവൻ വാർഡുകളിലും വാർഡുതല സമിതികളും പഞ്ചായത്തു തലത്തിൽ ഒരു പഞ്ചായത്തുതല  സമിതിയും 1860 ലെ സൊസൈറ്റീസ് റെജിസ്ട്രേഷൻ ആക്ട് XXI ന്റെയും1955 ലെ തിരുവിതാംകൂർ-കൊച്ചി സാഹിത്യ, ശാസ്ത്ര, ധർമ്മസംഘങ്ങൾ റജിസ്റ്റർ ആക്കൽ ആക്ടിന്റേയും വ്യവസ്ഥകൾ അനുസിച്ച് റജിസ്റ്റർ ചെയ്തു കൊണ്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. പൊയ്യ ഗ്രാമ പഞ്ചായത്തിലെ പുളിപ്പറമ്പിൽ 4.65 ലക്ഷം ലിറ്റർ ശേഷിയുള്ള പുതിയ വിതരണ ശൃംഖലകൾ സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ നിർവ്വഹണ പരമായ കാര്യങ്ങൾക്കു വേണ്ടി സർക്കാർ രൂപം നൽകിയിരുന്ന സപ്പോർട്ടിംഗ് ഏജൻസി കേരള റൂറൽ വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഏജൻസി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ പൂർത്തീകരിച്ചതിനാൽ സർക്കാർ നിർദ്ദേശം അനുസരിച്ച് സകല പ്രവർത്തനങ്ങളും ധനസഹായങ്ങളും  അവസാനിപ്പിക്കുകയും സ്ഥാപിക്കപ്പെട്ടിട്ടുള്ള സകല ഉപകരണങ്ങളുടേയും ഇതര സംവിധാനങ്ങളുടേയും ഉത്തരവാദിത്തവും അവയുടെ പരിപാലനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്പിച്ച് അവരുടെ ജീവനക്കാരെ പിൻവലിക്കുന്നതിനും സർക്കാർ നിർദ്ദേശം വന്നിട്ടുണ്ട്. പദ്ധതിയുടെ പരിപാലനം ഉൾപ്പെടെ നടത്തി ലാഭകരമായി കൊണ്ടു പോകുന്നതിനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളേയും തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്തൃ കമ്മിറ്റികളേയും ഏല്പിക്കേണ്ടതുണ്ട്.  പൊയ്യ പഞ്ചായത്തിൽ കാലാവധി കഴിഞ്ഞ സമിതികളുടെ സ്ഥാനത്തേക്ക് പുതിയ സമിതികളെ തെരഞ്ഞെടുക്കുന്നതിന് കഴിഞ്ഞിട്ടില്ല. പദ്ധതി ലക്ഷ്യം കാണാത്തതും അത് ജനങ്ങൾക്കു മേൽ അമിതമായ ഭാരം അടിച്ചേല്പിക്കുന്നതും മൂലം  ജനങ്ങൾക്കുള്ള എതിർപ്പും പ്രതിഷേധവുമാണ് പുതിയ സമിതികൾ തെരഞ്ഞെടുക്കുന്നതിന് തടസ്സമായി നില്ക്കുന്നത്.
കുടിവെള്ളത്തിന് വാട്ടർ അതോറിറ്റിക്ക് നൽകിയിരുന്നതിനേക്കാൾ കൂടുതൽ പണം കൊടുക്കേണ്ടി വരുന്നതും 48 മണിക്കൂർ ഇടവിട്ട് വാട്ടർ അതോറിറ്റി നൽകിയിരുന്ന സ്ഥാനത്ത്  12 ദിവസത്തിൽ ഒരിക്കൽ മാത്രം നൽകുന്നതും അറ്റകുറ്റപണികൾ പൂർത്തിയാക്കുന്നതിലും ജലവിതരണത്തിലെ തടസ്സങ്ങൾ പരിഹരിക്കുന്നതിലും വരുത്തുന്ന കാലതാമസവുമാണ്  ജനങ്ങളുടെ പ്രതിഷേധത്തിനു കാരണം. പ്രതിഷേധത്തിന്റെ ഭാഗമായി ജലനിധി ആവശ്യപ്പെട്ട ഉയർന്ന നിരക്കിലുള്ള പണം ജനങ്ങൾ അടക്കാൻ വിസമ്മതിച്ചതു മൂലം ജലനിധി വാട്ടർ അതോറിറ്റിക്കു നൽകാനുള്ള 20 ലക്ഷത്തിലധികം രൂപ കുടിശ്ശികയായിരിക്കുന്നു. ഇത് ജലനിധിയുടെ ആ പഞ്ചായത്തിലെ പ്രവർത്തനത്തേയും ബാധിച്ചിരിക്കുന്നു. അവർ പണമടക്കാതെ വന്നത് പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പഞ്ചായത്ത് വഴിയാണ് വാട്ടർ അതോറിറ്റിക്ക് പണം അടക്കുന്നത്. ഇപ്പോൾ തന്നെ 20 ലക്ഷം രൂപയോളം വാട്ടർ അതോറിറ്റിക്ക് കുടിശ്ശിക വന്നിട്ടുണ്ട്".പൊയ്യയിൽ ജലനിധിയുടെ വരവോടെ പൊതു ടാപ്പുകൾ ഇല്ലാതായി. പഞ്ചായത്ത് തലത്തിൽ ഒരു കമ്മറ്റിയും വാർഡ് തലത്തിൽ 15 കമ്മറ്റികളുമുണ്ടാക്കി കുടിവെള്ള വിതരണം കൈമാറി. ലഭ്യമായ ഫണ്ടുപയോഗിച്ച് പൈപ്പ് മാറ്റി പുതിയതിട്ടു. 150 കിലോമീറ്റർ പുതിയ പൈപ്പും 50 കിലോമീറ്റർ വാട്ടർ അതോറിറ്റിയുടെ പൈപ്പുമാണ് ഉപയോഗിച്ചത്. പദ്ധതി നടപ്പാക്കിയതോടെ സാങ്കേതിക പ്രശ്നങ്ങൾ രൂക്ഷമായി. നാലു എം.എൽ.ഡി വെള്ളം ദിവസവും കിട്ടിക്കൊണ്ടിരുന്നത് 2.8 എം എൽ ഡിയായി കുറഞ്ഞു. 1600 കുടുംബങ്ങൾക്കു വേണ്ടിയാണ് ആദ്യം ഇവിടെ കണക്ഷനുകൾ നൽകിയത്. ഇപ്പോൾ 2700 ഓളം കണക്ഷൻ ഉണ്ട്. ഇത്രയും പേർക്ക് വെള്ളമെത്തിക്കാൻ ബുദ്ധിമുട്ടുകയാണ്  ഗുണഭോക്തൃ സമിതി. പലപ്പോഴും വെള്ളം കിട്ടുന്നത് രാത്രി സമയങ്ങളിലാണ്. വീടുകളിൽ വലിയ ടാങ്കുകൾ വാങ്ങി വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്.

ഇത് ജലനിധി പദ്ധതി നടപ്പാക്കിയ പഞ്ചായത്തിൻ്റെ അനുഭവപാഠമാണ്. ജലനിധി പദ്ധതി നടപ്പാക്കിയ കോട്ടയം ജില്ലയിലെ അയ്മനം പഞ്ചായത്തിനും ഇതേ അനുഭവം തന്നെയാണ് പറയുവാനുള്ളത്. വയനാട്ടിലെ പട്ടികജാതി -  പട്ടികവർഗ്ഗ ജനവിഭാഗങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ വേണ്ടി ലോകബാങ്ക് വായ്പ എടുത്തു നടപ്പാക്കിയ ഗിരിധാര പദ്ധതിയും ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ സ്വജൽധാര പദ്ധതിയും പരാജയപ്പെട്ടു. കേടിക്കണക്കിന് രൂപ ചെലവാക്കി നടപ്പാക്കിയ ഈ പദ്ധതികൾ പരാജയപ്പെട്ടതോടെ നടപ്പാക്കിയ പഞ്ചായത്തിലെ ജനങ്ങൾ  ദുരിതത്തിലമർന്നു.

ജലനിധി പദ്ധതിയുടെ നടത്തിപ്പും കണക്കും പരിശോധിച്ച കംപ്ട്രോളർ ആൻറ് ഓഡിറ്റർ ജനറലിന്റെ (സി & എ ജി) 2015 ലെ റിപ്പോർട്ടിൽ കേരള റൂറൽ വാട്ടർ സപ്ലൈ ആൻ്റ് എൻവയോൺമെൻ്റൽ സാനിറ്റേഷൻ പദ്ധതി (ജലനിധി) യുടെ പരാജയത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.  2016 ൽ സമർപ്പിച്ച ഈ റിപ്പോർട്ടിൽ പല പഞ്ചായത്തിലും ജലനിധി പദ്ധതിക്ക് അതിന്റെ ലക്ഷ്യം നേടാൻ ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിന് കഴിഞ്ഞില്ല എന്നും പദ്ധതിയുടെ പ്രവർത്തനം, പരിപാലനം എന്നിവ ഗുണഭോക്താക്കളെ ഏല്പിച്ചതും സർക്കാരിന്റേയോ, സർക്കാർ ഏജൻസിയുടേയോ പങ്കാളിത്തം ഉറപ്പു വരുത്താത്തതും പരാജയത്തിനു കാരണമായി എന്നും പറയുന്നുണ്ട്. പദ്ധതിയെ പറ്റി പഠിച്ച നിയമസഭാ സബ് കമ്മറ്റി അതിന്റെ പരാജയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയത് സർക്കാർ പരിഗണിച്ചില്ല. 

കേരളത്തിൽ ഗ്രാമീണ കുടിവെള്ള വിതരണത്തിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കപ്പെട്ട കേന്ദ്ര സർക്കാർ പദ്ധതികളായ ഗിരിധാര, ജീവധാര, കേരള റൂറൽ വാട്ടർ സപ്ലൈ ആൻ്റ്  എൻവയോൺമെൻറൽ സാനിറ്റേഷൻ പ്രൊജക്ട് (ജലനിധി), ഇപ്പോൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജൽജീവൻ എന്നിവയാണ്.  കേരളത്തിലെ നഗര കേന്ദ്രീകൃത കുടിവെള്ള  പദ്ധതികൾക്ക് ധനസഹായം നൽകുന്നത് എ.ഡി.ബി (ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്) യാണ്. എ.ഡി.ബിയായാലും ലോകബാങ്ക് ആയാലും അവരുടെ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് പദ്ധതികൾ നടപ്പിലാക്കേണ്ടത്. 

പൊതുവായ
പ്രധാന മാർഗ്ഗ നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

  1. ആവശ്യത്തിനനുസരിച്ച് ജനകീയ പങ്കാളിത്തത്തോടെ ഗ്രാമീണ ജനജീവിതം ശക്തിപ്പെടുത്തുന്ന ദത്തെടുക്കൽ നയം.
  2. കുടിവെള്ള പദ്ധതികളുടെ സ്വത്തവകാശം പൂർണ്ണമായും പഞ്ചായത്തുകൾക്ക് കൈ മാറുക.
  3. പദ്ധതിയുടെ ചെലവും നടത്തിപ്പിനും പരിപാലനത്തിനും അറ്റകുറ്റപണികൾക്കുമുള്ള ചെലവ് ഉപഭോക്താക്കളിൽ നിന്ന് സമാഹരിക്കണം. ഈ ഗുണഭോക്തൃവിഹിതം പണമായോ അദ്ധ്വാനമായോ നൽകാം.
  4. കുടിവെള്ള വിതരണത്തിന്റെ നേരിട്ടുള്ള ഉത്തരവാദിത്തത്തിൽ നിന്നും സർക്കാർ പിന്മാറണം.
  5.  എല്ലാ ഉപഭോക്താക്കളിൽ നിന്നും യൂസേഴ്സ് ഫീ ഈടാക്കണം.
  6. ഈ പദ്ധതികൾ നടപ്പാക്കുന്നത് സ്വതന്ത്ര പരമാധികാര സംവിധാനങ്ങളിലൂടെ ആയിരിക്കണം. (മാർഗ്ഗ നിർദ്ദേശങ്ങൾ ഗിരിധാര, ജീവധാര, ജലനിധി, ഗ്രാമീണ കുടിവെള്ള പദ്ധതി).
  7. പദ്ധതിയുടെ നടത്തിപ്പു ചെലവിന്റെ 10% ഉപഭോക്തൃ വിഹിതമായും 15% പഞ്ചായത്ത് വിഹിതമായും 30% സംസ്ഥാന സർക്കാർ വിഹിതമായും 45% കേന്ദ്ര സർക്കാർ വിഹിതമായുമാണ് കണ്ടെത്തേണ്ടത്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം സർക്കാരിന്റെ മേൽനോട്ടത്തിലുള്ള ഏതെങ്കിലും സ്വതന്ത്ര ഏജൻസികൾക്ക് ലോകബാങ്ക് വായ്പയായി നൽകും. തിരിച്ചടക്കുന്നതിന്റെ ഉത്തരവാദിത്തം സർക്കാരുകൾക്കാണ്. 

ജനകീയ പങ്കാളിത്തം എന്നു കേൾക്കുമ്പോൾ അത് ആകർഷകമായ ഒരു ജനാധിപത്യ സംവിധാനമാണ് എന്ന തോന്നലുണ്ടാവാം. വാസ്തവത്തിൽ ക്ഷേമ പദ്ധതികളുടെ നടത്തിപ്പിൽ നിന്ന് സർക്കാരുകളെ ഒഴിവാക്കി നിർത്താനും അവയുടെ ഭാരം മുഴുവൻ ജനങ്ങളുടെ ചുമലിൽ കെട്ടിയേല്പിക്കാനുമുള്ള ഗൂഢപദ്ധതിയുടെ ഭാഗമാണ് വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയിട്ടുള്ള 'ജനകീയ പങ്കാളിത്തം'. തീരുമാനങ്ങൾ എടുക്കുന്നതിലോ, അംഗീകരിക്കുന്നതിലോ, അധികാര പ്രയോഗത്തിലോ അനുവദിക്കപ്പെടാത്ത ഒരു 'ജനപങ്കാളിത്ത'മാണ് ഇത്തരം പദ്ധതികളിൽ കല്പിച്ചു നൽകുന്നത്.

ഗിരിധാര, ജീവധാര, ജലനിധി 

ലോകബാങ്ക് സഹായത്തോടെ ഗിരിധാര പദ്ധതി വയനാട് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു. 1663 ലക്ഷം രൂപയാണ് ഈ പദ്ധതിക്കു വേണ്ടി ചെലവഴിച്ചത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ (SEUF) എന്ന ഏജൻസിയാണ് പദ്ധതി നടപ്പാക്കിയത്.

SEUF, SRP (സെക്ടറൽ റിഫോം പ്രൊജക്റ്റ് ) എന്നീ ഏജൻസികളായിരുന്നു ജീവധാര പദ്ധതി നടപ്പാക്കിയത്‌. സുനാമി ബാധിതമായ, വെള്ളം കിട്ടാത്ത ഗ്രാമ പഞ്ചായത്തുകളിലായിരുന്നു പദ്ധതി. 

സ്വജൽധാര പദ്ധതി 1999-2000 ൽ രാജീവ് ഗാന്ധി നാഷണൽ ഡ്രിങ്കിംഗ് വാട്ടർ മിഷന്റെ ഭാഗമായി നടപ്പാക്കി. 2002 ൽ ആണ് പദ്ധതി പ്രവർത്തനം ആരംഭിച്ചത്. 1328.38 കോടി രൂപ ചെലവഴിച്ചു. ഈ പദ്ധതിയിലാണ് സർക്കാർ ജനങ്ങൾക്ക് കുടിവെള്ളം മൗലികാവകാശമായി നൽകേണ്ടതില്ല എന്ന നിർദ്ദേശം മുന്നോട്ടു വക്കുന്നത്. (ദേശീയ ജലനയം 2002) 28 സംസ്ഥാനങ്ങളിലെ 67 പഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. 

ജലനിധി പദ്ധതിയുടെ ഒന്നാം ഘട്ടം 2001മുതൽ 2008 വരെ നടന്നു. 2011 മുതൽ 2019 വരെ പദ്ധതി 2012 ൽ കേരള റൂറൽ വാട്ടർ സപ്ലൈ ആൻ്റ് സാനിറ്റേഷൻ ഏജൻസി (KRWSA) വഴിയാണ് കേരളത്തിൽ നടപ്പാക്കിയത്. 112 പഞ്ചായത്തുകളിലാണ് ഈ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയത്. ജലനിധി രണ്ടാം ഘട്ടം 115 പഞ്ചായത്തുകളിൽ നടപ്പാക്കി. ഒരു കണക്ഷന് 1500 രൂപയാണ് ആദ്യം തീരുമാനിച്ചത്. ഇപ്പോൾ അത് 3000 രൂപയിലേക്ക് ഉയർന്നു. ഇതേ മാതൃകയിൽ തന്നെയാണ് ഇപ്പോൾ ജൽജീവൻ പദ്ധതി നടപ്പിലാക്കുവാൻ തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിലെ ഗ്രാമീണ കുടിവെള്ള വിതരണം ജൽജീവൻ മിഷൻ വഴി നടത്തുന്നതിന് 2020 ജൂൺ 3ന് കേരള മന്ത്രിസഭ അംഗീകാരം നൽകി. ജൂൺ 8 ന് ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിന് ഉത്തരവിറങ്ങി. 52.85 ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ വഴി കുടിവെള്ളം വീടുകളിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമായി പറയുന്നത്. 22,720 കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്. ഈ വർഷം കേരള സംസ്ഥാനത്ത് 10 ലക്ഷം കുടിവെള്ള കണക്ഷൻ കൊടുക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ വർഷത്തെ പദ്ധതി ചെലവ് 880 കോടി രൂപയാണ്. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുല്യ വിഹിതവും 10% ഉപഭോക്തൃവിഹിതവും 15% ഗ്രാമപഞ്ചായത്ത് വിഹിതവുമായാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രിസഭയുടെ തീരുമാനവും ഇതു തന്നെ. അഞ്ചു വർഷം കൊണ്ട് 52.85 ലക്ഷം വീടുകളിലേക്ക് കുടിവെള്ളം എത്തിക്കുക എന്നത് വലിയ കാര്യമാണ്. എന്നാൽ ലോകബാങ്കിൽ നിന്നും വായ്പയെടുത്ത് ഈ പദ്ധതി നടപ്പാക്കുമ്പോൾ കേരളത്തിലെ ഗ്രാമീണ മേഖലയിലെ കുടിവെള്ള വിതരണ രംഗത്തു നിന്നും സർക്കാരും സർക്കാർ നിയന്ത്രണത്തിലുള്ള കേരള വാട്ടർ അതോറിറ്റിയും പിന്മാറുകയും കുടിവെള്ള വിതരണത്തിന്റെ ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും സർക്കാരിതര സംഘടനകളേയും ഉപഭോക്തൃ കമ്മറ്റികളേയും ഏൽപ്പിക്കുകയും കേരള വാട്ടർ അതോറിറ്റിയെ ഗ്രാമീണ കുടിവെള്ള വിതരണ മേഖലയിൽ നിന്നും ഒഴിവാക്കുകയും ചെയ്യും. അതാണ് ഈ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം.

കേന്ദ്ര സർക്കാരിന്റെ മാർഗ്ഗരേഖയിൽ പറയുന്നത് നാഷണൽ ജൽജീവൻ മിഷൻ അടക്കമുള്ള സ്വതന്ത്ര പരമാധികാര സമിതികളാണ് ജൽ ജീവൻ പദ്ധതി നടപ്പിലാക്കുക എന്നാണ്. ജൽ ജീവൻ മിഷൻ മാർഗ്ഗരേഖ പ്രകാരം   ദേശീയ തലത്തിൽ നാഷണൽ ജൽജീവൻ മിഷൻ (NJJM), സംസ്ഥാന തലത്തിൽ സ്റ്റേറ്റ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ (SWSM), ജില്ലാ തലത്തിൽ ഡിസ്ട്രിക്ട് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ (DWSM), പഞ്ചായത്തു തലത്തിൽ വില്ലേജ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ (VWSM) എന്നിവ ഉണ്ടായിരിക്കും. ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതങ്ങളും ഗുണഭോക്‌തൃ വിഹിതമായി കിട്ടുന്ന ഫണ്ടും എത്തിച്ചേരുന്നതും വിനിയോഗിക്കുന്നതും പരിപാലിക്കുന്നതും ഈ കമ്മിറ്റികൾ വഴിയാണ്. തുടർ നടത്തിപ്പിനും പരിപാലനത്തിനുമുള്ള പണം ഗുണഭോക്താക്കളിൽ നിന്നും യൂസർ ഫീ ആയി പിരിച്ചെടുക്കണം എന്നാണ് നിബന്ധന.

ജൽജീവൻ മിഷൻ പ്രവർത്തനത്തിന്റെ ഫണ്ട് വിനിയോഗം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 50:50 എന്ന അനുപാതത്തിലാണ് നടത്തേണ്ടത് എന്നാണ് ജൽജീവൻ മിഷൻ മാർഗ്ഗനിർദ്ദേശങ്ങളിൽ കാണുന്നത്. 10% ഉപഭോക്തൃ വിഹിതം 15% പഞ്ചായത്ത് വിഹിതം എന്നൊക്കെ പറയുന്നുണ്ടെങ്കിലും എങ്ങനെയാണ് ഫണ്ട് കണ്ടെത്തുക എന്നത് പ്രശ്നമാണ്.

 2020 ജൂൺ 16 ന് കേരള സർക്കാരിനു വേണ്ടി 124/ M/WRD/L/2020 നമ്പറായി  ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി  പ്രസിഡന്റിന് അയച്ച കത്തിൽ ഒരു കാര്യം വ്യക്തമാക്കിയിട്ടുണ്ട്.  രാജ്യത്തെ ഗ്രാമീണ മേഖലയിലെ എല്ലാ വീടുകൾക്കും 2023 - 24 ഓടു കൂടി ഗാർഹിക കുടിവെള്ള കണക്ഷനുകൾ ലഭ്യമാക്കി പ്രതിദിന ആളോഹരി ലഭ്യത 55 ലിറ്റർ എന്ന കണക്കിൽ കുടിവെള്ളം ഉറപ്പാക്കുവാനുള്ള പദ്ധതിയായ ജൽജീവൻ മിഷൻ നടപ്പാക്കാനുള്ള നടപടി നമ്മുടെ സംസ്ഥാനത്തും  സ്വീകരിച്ചു വരികയാണ് എന്നാണത്. കേരളത്തിലെ നിലവിലുള്ള ഗ്രാമീണ ഭവനങ്ങൾ 67 ലക്ഷമാണെങ്കിലും ഗാർഹിക കണക്ഷനുകൾ വഴി ജലം വിതരണം നടത്തുന്നത് 17.50 ലക്ഷം ഭവനങ്ങളിലാണ്. ഗ്രാമീണ മേഖലയിൽ നിലവിൽ 1.56 ലക്ഷം പൊതു ടാപ്പുകൾ വഴി കുടിവെള്ള വിതരണം നടത്തുന്നുണ്ട്. വാട്ടർ അതോറിറ്റിയുടെ കണക്കു പ്രകാരം കേരളത്തിൽ 55 ലക്ഷം ആളുകൾക്ക് വീടുകളിൽ കുടിവെള്ള കണക്ഷൻ ഇല്ല. ജൽജീവൻ മിഷനിലൂടെ കേരളത്തിൽ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത് 49.50 ലക്ഷം ഗ്രാമീണ ഭവനങ്ങളിൽ ഗാർഹിക കണക്ഷനുകൾ മുഖേന ആളോഹരി കുറഞ്ഞത് 55 ലിറ്റർ എന്ന കണക്കിൽ ശുദ്ധജല ലഭ്യത ഉറപ്പാക്കുക എന്നതാണ്. 2020-21 മുതൽ 2023-24 വരെയുള്ള കാലയളവു കൊണ്ട് കുടിവെള്ള കണക്ഷനുകൾ ഉറപ്പാക്കാൻ വേണ്ട പരിപാടിയുണ്ടാവണം. വില്ലേജ് വാട്ടർ ആന്റ് സാനിറ്റേഷൻ കമ്മറ്റിയാണ് (VWSC) വില്ലേജ് തല ആക്ഷൻ പ്ലാൻ തയ്യാറാക്കുകയും അംഗീകാരത്തിനായി ഡിസ്ട്രിക്റ്റ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷൻ (DWSM) മുമ്പാകെ സമർപ്പിക്കുകയും ചെയ്യേണ്ടത്. ക്രോഡീകരിച്ച ഡിസ്ട്രിക്റ്റ് ആക്ഷൻ പ്ലാൻ (DAP) സ്റ്റേറ്റ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷനിലേക്ക് (SWSM) നൽകേണ്ടത് DWSM ആണ്. അങ്ങനെ സമാഹരിച്ച പ്രവർത്തന പദ്ധതികളിൽ നിന്ന് 2020-21 മുതൽ 2023-24 വരേക്കുള്ള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കും. ഇതു വരെയുള്ള നടത്തിപ്പു പുരോഗതി 2020-21 സാമ്പത്തിക വർഷത്തെ ജൽ ജീവൻ മിഷനിൽ ഉൾപ്പെടുത്തി നിലവിൽ പൂർത്തീകരിച്ചതും പണി പൂർത്തീകരിച്ചു വരുന്നതുമായ പദ്ധതികളിൽ നിന്നും 10 ലക്ഷം കണക്ഷനുകൾ നൽകുന്നതിന് 1520 കോടി രൂപയുടെ രൂപരേഖ കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനു സമർപ്പിക്കുന്നതിന് തയ്യാറാക്കിയിട്ടുണ്ട്. 2020-21 വാർഷിക പദ്ധതിയുടെ ഫണ്ടിംഗ് രീതി ഇങ്ങനെയാണ്: ആകെ കണക്ഷനുകൾ
10,01,268. ആകെ തുക 1520 കോടി (100 %). അതിൽ ഉപഭോക്തൃവിഹിതം 10% അതായത് 152 കോടി. കേന്ദ്ര വിഹിതം 684 കോടി (45%). സംസ്ഥാന വിഹിതം 456 കോടി (30%). പഞ്ചായത്ത് വിഹിതം 228 കോടി (15%)

പത്തു ശതമാനം ഗുണഭോക്തൃ വിഹിതമാണ്. 15% പഞ്ചായത്തു വിഹിതവും കൂടി ഉൾപ്പെടുമ്പോൾ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിഹിതം 50:50 എന്ന അനുപാതത്തിലാണ്. ഇതിനാവശ്യമായ ഫണ്ട് സംസ്ഥാന തലത്തിലെ SWSM ന്റെ അധീനതയിലുള്ള ജൽജീവൻ മിഷന്റെ മാർഗ്ഗരേഖയിൽ നിഷ്ക്കർഷിച്ചിട്ടുള്ള PFMS (പബ്ലിക് ഫണ്ട് മാനേജുമെന്റ് സിസ്റ്റം) മാനദണ്ഡം പാലിക്കുന്ന ഒറ്റ അക്കൗണ്ടിലേക്ക് ലഭ്യമാക്കേണ്ടതാണ്. വില്ലേജ് ഇൻഫ്രാസ്ട്രക്ചർ നടപ്പാക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് തുകയുടെ 10 ശതമാനം ഉപഭോക്തൃവിഹിതമായും ഉറപ്പാക്കേണ്ടതുണ്ട്. കൂടാതെ, നടപ്പാക്കിയ പദ്ധതികളുടെ പ്രവർത്തനവും പരിപാലനവും ഗ്രാമ പഞ്ചായത്തിന്റെ ഉത്തരവാദിത്തമായിട്ടാണ് നിഷ്ക്കർഷിച്ചിട്ടുള്ളത്.
പദ്ധതിയുടെ ഓപ്പറേഷൻ ആൻ്റ് മെയിൻറനൻസിന് ആവശ്യമായ താരിഫ് നിശ്ചയിച്ച് സമാഹരിക്കേണ്ടതാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് 10 ലക്ഷം ഗാർഹിക കണക്ഷനുകൾ നൽകുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിലേക്കായി പരമാവധി പഞ്ചായത്ത് ഫണ്ട് മാറ്റി വക്കണമെന്നും അഭ്യർത്ഥിക്കുന്നുണ്ട്. ഉദാഹരണമായി ഈ വർഷം 1000 കണക്ഷനുകൾ പഞ്ചായത്ത് ഏറ്റെടുക്കുകയാണ് എങ്കിൽ പഞ്ചായത്ത് വിഹിതമായി 22,50,000 രൂപ 2020-21 ലെ പദ്ധതിയിൽ വകയിരുത്തണം. കൂടുതൽ കണക്ഷനുകൾ ഏറ്റെടുക്കുന്നവർക്ക് ഈ നിരക്കിൽ പണം വകയിരുത്താം. ഇതിനായി തനത് ഫണ്ട്, പ്ലാൻ ഫണ്ട്, ധനകാര്യ കമ്മീഷൻ ഗ്രാൻറ് എന്നിവ ഉപയോഗപ്പെടുത്താവുന്നതാണ്. 100 % ODF, സമ്പൂർണ്ണ ഭവന നിർമ്മാണം എന്നിവയിൽ സ്തുത്യർഹമായ വിജയം നേടിയ പഞ്ചായത്ത് 100 % ഭവനങ്ങളിലും ടാപ്പ് കണക്ഷനിലൂടെ ശുദ്ധജലം എത്തിച്ചു കൊടുക്കണം. മന്ത്രിയുടെ ഉത്തരവിൽ പറയുന്ന പ്രകാരം ഗ്രാമീണ മേഖലയിൽ നിലവിൽ 1.56 ലക്ഷം പൊതു ടാപ്പുകൾ നിലനിൽക്കുന്നു എന്ന് വ്യക്തമാണ്. ജൽജീവൻ മിഷൻ ഈ പൊതു ടാപ്പുകൾ ഇല്ലാതാക്കുമെന്നതും വ്യക്തം.

കേരളത്തിലെ 52.85 ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും എന്നാണ് പരസ്യങ്ങളിലെ അവകാശവാദം. മന്ത്രിസഭാ തീരുമാനവും അങ്ങനെയാണ്. പക്ഷേ, മന്ത്രിയുടെ ഉത്തരവിൽ അത് 49.50 ലക്ഷം കുടുംബ കണക്ഷനുകൾ എന്നാണ്. കേരള വാട്ടർ അതോറിറ്റി 35 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ നൽകി കഴിഞ്ഞിട്ടുണ്ട്. ഒരു കുടുംബത്തിന് ജൽജീവൻ മിഷൻ പ്രകാരം 55 ലിറ്റർ വെള്ളം ഉറപ്പു വരുത്തണം എന്നാണ് ഉത്തരവിൽ സൂചിപ്പിച്ചിരുന്നത്. വാട്ടർ അതോറിറ്റിയുടെ കണക്കു പ്രകാരം കേരളത്തിൽ ഒരു വ്യക്തിക്ക് ശരാശരി 50 ലിറ്റർ വെള്ളം വേണം. ജൽജീവൻ മിഷൻ നിർദ്ദേശങ്ങളനുസരിച്ച് ഒരു കുടുംബത്തിന് മൂന്നു ടാപ്പുകളാണ് അനുവദിക്കുന്നത്‌. അതിൽ ഒരു ടാപ്പു മാത്രമാണ് മിഷൻ ഫണ്ട് അനുവദിക്കുന്നത്. ബാക്കി രണ്ടു ടാപ്പുകൾക്ക് ഉപഭോക്താവ് പ്രത്യേകം ഫണ്ട് നൽകണം.(ജൽജീവൻ മിഷൻ ഗൈഡ് ലൈൻസ്. അദ്ധ്യായം 3 - പേജ് 16) ജൽജീവൻ മിഷന്റെ നടത്തിപ്പിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിൽ ദേശീയ ജൽജീവൻ മിഷനും സംസ്ഥാനത്ത് സ്റ്റേറ്റ് വാട്ടർ ആൻറ് സാനിറ്റേഷൻ മിഷനും ഗ്രാമ പഞ്ചായത്തിൽ വില്ലേജ് വാട്ടർ ആന്റ് സാനിറ്റേഷൻ മിഷനും ആയിരിക്കും. (ജൽജീവൻ മിഷൻ ഗൈഡ് ലൈൻ അദ്ധ്യായം 5) ഇതിൽ നിന്നും സർക്കാരിനോ വാട്ടർ അതോറിറ്റിക്കോ ഒരു ബന്ധവും ഇല്ല എന്നു വ്യക്തമാണ്.

നടത്തിപ്പിനായി കേന്ദ്രം മുതൽ വില്ലേജ് വരെ രൂപീകരിക്കുന്ന കമ്മറ്റികളിൽ പേരിന് വാട്ടർ അതോറിറ്റിയുടെ പ്രാതിനിധ്യം അനുവദിച്ചിട്ടുണ്ട്. ഈ കമ്മിറ്റികൾ പൂർണ്ണമായും സ്വതന്ത്രപരമാധികാര ബോഡികളാണ്. എന്നാൽ ജലവിഭവ വകുപ്പ് ഉത്തരവ് 37/2020 / ജലവിഭ. 8 - 6‌ - 2020 പ്രകാരം രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മറ്റി സംസ്ഥാന തല പദ്ധതി അംഗീകരിക്കുന്നതിനുള്ള ജലവിഭവ വകുപ്പിൻ്റെ കീഴിൽ വരുന്ന ഉദ്യോഗസ്ഥ തല കമ്മിറ്റിയായിട്ടാണ് രൂപീകരിക്കപ്പെട്ടിട്ടുള്ളത്. അതിൽ ജനപ്രതിനിധികൾ ആരും ഇല്ല. ഈ പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയാണെന്നാണ് കേന്ദ്ര സർക്കാരിൻ്റെ അവകാശവാദം. 2020 ജൂൺ16 ലെ മന്ത്രിയുടെ കത്തിൽ 1520 കോടിയുടെ 10,01,268 കണക്ഷനുകൾ എന്നാണ്. 2020 ജൂൺ 3 ലെ മന്ത്രിസഭാ തീരുമാനമായി പുറത്തു വന്നിരിക്കുന്നത് 10 ലക്ഷം കണക്ഷനുകൾ
എന്നാണ്. മന്ത്രിയുടെ ഉത്തരവിൽ ഈ ചെലവിന്റെ 15 ശതമാനം എന്നത് 22,50,000 രൂപ പഞ്ചായത്തുകൾ ഓരോ വർഷവും നീക്കി വക്കണം. പിന്നെ പഞ്ചായത്തിൽ മറ്റു വികസന പ്രവർത്തനങ്ങൾക്ക് പണമില്ലാതെ വരും. ജൽജീവൻ മിഷന്റെ കേന്ദ്ര മാർഗ്ഗേഖയിൽ എം.പിമാരുടേയും എംഎൽഎ മാരുടേയും ഫണ്ട് ഉപയോഗിക്കാം എന്നു പറയുന്നുണ്ട്. ഈ പദ്ധതിയുടെ ഫണ്ട് വിഹിതത്തിൽ സംസ്ഥാന വിഹിതമായി പറയുന്നത് 30% കേരള ജലവിഭവ വകുപ്പും 15% പഞ്ചായത്തും നൽകുന്നതായിട്ടാണ്. എന്നാൽ കേരള ജലവിഭവ വകുപ്പിന് ഈ പദ്ധതിയുടെ നടത്തിപ്പിലോ യൂസർ ഫീയുടെ വരുമാനത്തിലോ ഒരു പങ്കും ഇല്ല. ജലവിഭവ വകുപ്പ് വലിയ കടബാദ്ധ്യതയിലാണ്. പദ്ധതികളുടെ നടത്തിപ്പിന് ലോകബാങ്ക് ലോൺ എടുത്താലേ ജലവിഭവ വകുപ്പിന് ഈ തുക കണ്ടെത്തുവാൻ കഴിയുകയുള്ളൂ. തിരിച്ചടവിന്റെ ബാദ്ധ്യത വരുന്നത് വാട്ടർ അതോറിറ്റിക്കാണ്. ഇപ്പോൾ തന്നെ കോടിക്കണക്കിന് രൂപ വാട്ടർ അതോറിറ്റിക്ക് ജലനിധി നടപ്പാക്കിയ പഞ്ചായത്തുകൾ അടക്കം പലയിടങ്ങളിൽ നിന്നുമായി കിട്ടാനുണ്ട്.

പദ്ധതി വിഹിതമായി ഉപഭോക്താക്കൾ 10% തുക നൽകണം. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞ സ്ഥലങ്ങളിൽ ഓരോ ആളും ഉപഭോക്തൃ വിഹിതമായി വലിയ തുക നൽകേണ്ടിവരും. അത്തരത്തിൽ പദ്ധതിയുടെ 10 ശതമാനം ചെലവു നൽകാൻ പാർശ്വവത്കരിക്കപ്പെട്ട വിഭാഗക്കാർ പ്രയാസപ്പെടും. ദരിദ്രർ, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ടവർ, തീരദേശവാസികൾ,  സെറ്റിൽമെന്റ് കോളനി നിവാസികൾ തുടങ്ങിയവർക്ക് വലിയ ബുദ്ധിമുട്ടായിരിക്കും. അവർക്ക് ഇന്നു നിലവിലുള്ള പൊതുടാപ്പുകൾ നഷ്ടപ്പെടുകയും ചെയ്യും.

ഗ്രാമീണ മേഖലയിൽ ഇപ്പോൾ നിലവിലുള്ള സ്വജൽധാര, ജലനിധി പദ്ധതികൾ നടപ്പിലാക്കുന്നതിന്റെ പ്രധാന നിബന്ധനകളിൽ ഒന്ന് പൊതു പൈപ്പ് നിർത്തലാക്കുക എന്നതായിരുന്നു. ജൽജീവൻ പദ്ധതിയിലും അത് പ്രധാനപ്പെട്ട നിബന്ധനകളിൽ ഒന്നാണ്. ഗൈഡ്ലൈലൈനിൽ (7.1 പേജ് 44) പറയുന്നത്, കണക്ഷൻ മാത്രം എടുക്കുന്നതിന്  ഒരു വീടിനു വരുന്ന ചെലവായി 7500 രൂപ വകയിരുത്തിയിട്ടുണ്ട് എന്നാണ്. ഒരു സിംഗിൾ വില്ലേജ് സ്കീമിന് ഒരു വീടിന് 15,000 രൂപ. ഭൂഗർഭ ജലം ശുദ്ധീകരണത്തിന് വിധേയമാവുകയാണെങ്കിൽ 25,000 രൂപ, മൾട്ടിലെവൽ വില്ലേജ് സ്കീമിന് ഒരു വീടിന് 45000 രൂപ, സൗരോർജ്ജം ഉപയോഗിക്കുന്ന മിനി സോളാർ പദ്ധതിയാണ് എങ്കിൽ അത് ഒരു വീടിന് 7 ലക്ഷം രൂപ.

 ബിപിഎൽ കുടുംബങ്ങൾക്ക് വാട്ടർ അതോറിറ്റി 15,000 ലിറ്റർ വരെ വെള്ളം സൗജന്യമായി നൽകുമ്പോൾ ജൽജീവൻ മിഷനിൽ മിനിമം 90 രൂപയോളം  നൽകിയാൽ മാത്രമേ വെള്ളം കിട്ടൂ. ഓരോ ഗ്രാമ പഞ്ചായത്തിനും അവരവരുടെ ജല സ്രോതസ് കണ്ടുപിടിച്ച് ഉപയോഗിക്കാം. അങ്ങനെ വരുമ്പോൾ ഉപഭോക്താക്കളുടെ ചെലവ് അനുസരിച്ച് വെള്ളത്തിന്റെ വില പിന്നേയും വർദ്ധിക്കും.  മലയോര പ്രദേശങ്ങളിൽ ബൂസ്റ്റിംഗ് മുതലായ സംവിധാനങ്ങളിലൂടെ വെള്ളം എത്തിക്കേണ്ടി വന്നാൽ ഇലക്ട്രിക്
ചാർജ്ജ്, ജീവനക്കാരുടെ ശമ്പളം തുടങ്ങിയവ കൂടുതലാകും. ഗുണഭോക്താക്കളുടെ എണ്ണം കുറവായതിനാൽ പരിപാലന തുക അധികമായിരിക്കും. ട്രീറ്റ്മെന്റിനുള്ള ആധുനിക സജ്ജീകരണങ്ങളുടെ വില ഒരു പഞ്ചായത്തിന് തനിയെ വഹിക്കുക സാധ്യമാവില്ല. ഇത് ശുദ്ധജല വിതരണം അവതാളത്തിലാക്കും.

ഇന്ത്യയിൽ ആദ്യമായി ഒരു ദേശീയ ജലനയം പ്രഖ്യാപിക്കുന്നത് 1987 ലാണ്.രാജ്യത്തെ എല്ലാ ജലസ്രോതസ്സുകളുടേയും ഉടമസ്ഥാവകാശം സർക്കാരിനാണ് എന്നും ജനങ്ങൾക്ക് കുടിവെള്ളം നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ് എന്നും അസന്ദിഗ്ദ്ധമായി ഈ നയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിന്റെ പ്രഥമ പരിഗണന കുടിവെള്ള വിതരണത്തിനും ജലസേചനത്തിനുമാണ് എന്നും അതിൽ വ്യക്തമാക്കിയിരുന്നു. (ദേശീയ ജലനയം 1987)

രാജ്യത്ത് 1991 മുതൽ നടപ്പാക്കിയ പുത്തൻ സാമ്പത്തിക നയങ്ങളെ തുടർന്ന്  എല്ലാ സേവനങ്ങളിലും ക്ഷേമ പ്രവർത്തനങ്ങളിലും നിന്ന് സർക്കാർ പിൻമാറിക്കൊണ്ടിരുന്നു. അതിന്റെ ഭാഗമായി ലോക ബാങ്കിന്റെ വായ്പയിലാണ് 2001 ൽ ജലനിധി പദ്ധതി നടപ്പാക്കുന്നത്. 2002 ൽ കേന്ദ്ര സർക്കാർ പുതിയ ദേശീയ ജലനയം പ്രഖ്യാപിക്കുകയും 1987 ലെ ജലനയത്തിൽ വലിയ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. കുടിവെള്ള വിതരണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന നിലപാടു മാറ്റി. വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ആവശ്യക്കാർക്കു യൂസേഴ്സ് ഫീ ഈടാക്കി കുടിവെള്ളം വിതരണം നടത്തണം എന്ന് നയം തിരുത്തി. ( ദേശീയ ജലനയം 2002)

പിന്നീട് ഇതേ നിലപാട് 2012 ൽ കുറേക്കൂടി കർശനമാക്കി 2012 ലെ ജലനയം പ്രഖ്യാപിച്ചു. ഈ നിലപാടു മാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ലോകബാങ്ക് വായ്പയും അതിന്റെ നിബന്ധനകളുടെ സ്വാധീനവും കാണാൻ കഴിയും. യു.പി.എ സർക്കാരും ഇപ്പോൾ എൻ.ഡി.എ സർക്കാരും തുടരുന്ന സാമ്പത്തിക നയങ്ങളുടെ ഭാഗമാണ് കുടിവെള്ള വിതരണ ഉത്തരവാദിത്തത്തിൽ നിന്നും സർക്കാരിന്റെ പിൻമാറ്റം.

ഇന്ത്യയുടെ വർത്തമാന സാമ്പത്തിക പ്രതിസന്ധിക്ക് ഐ എം.എഫ്- ലോക ബാങ്ക് ശക്തികൾ വലിയ പങ്കു വഹിക്കുന്നതായി ഒരു ചരിത്ര പരിശോധന നടത്തിയാൽ മനസ്സിലാകും. സമ്പദ് വ്യവസ്ഥയുടെ തന്ത്ര പ്രധാന മേഖലയിലും പശ്ചാത്തല വ്യവസായങ്ങളിലും പൊതുമേഖലക്ക് ഊന്നൽ നൽകിക്കൊണ്ട് ആഭ്യന്തര ഉല്പാദനം വർദ്ധിപ്പിച്ച് ഇറക്കുമതി കുറക്കുക എന്ന നെഹ്റുവിയൻ വ്യവസായവത്ക്കരണ നയങ്ങളിൽ നിന്നും മാറി ഇറക്കുമതി കേന്ദ്രീകൃതമായ വ്യവസായ നയമാണ് ഐ. എം.എഫ് മുന്നോട്ടു വച്ചത്.


ജീവിതത്തിന്റെ അതിസൂക്ഷ്മ തലങ്ങളിലേക്കു വരെ ഫിനാൻസ് മൂലധനത്തിന്റെ ചൂഷകമൂലങ്ങളെ തുളച്ചുകടത്താൻ ശേഷിയുള്ള ലോക ബാങ്കിന് പണ്ടു മുതൽ തന്നെ കുടിവെള്ള കച്ചവടം ഒരു താല്പര്യമേഖലയാണ്. ലോക വാണിജ്യ സംഘടന (WTO) ഗാട്ട് കരാർ ഉടമ്പടികൾ വഴി ലോക ബാങ്കിന്റെ ഒത്താശയോടെ ആവശ്യക്കാരിൽ നിന്നും ഇല്ലാത്ത ഒരു പാട് കാര്യങ്ങൾ നിരത്തി സർക്കാരുകളുടെ ഉത്തരവാദിത്തത്തിൽ നിന്ന് കുടിവെള്ള വിതരണം മാറ്റി. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കുന്ന നടപടികൾ ലോകബാങ്ക് പദ്ധതികളായ ജലനിധിയും ജലമിഷനും ജൽജീവനുമൊക്കെ വഴിയാകുമ്പോൾ കേരളം പോലുള്ള മധ്യവർഗ്ഗ സമൂഹത്തിൽ ഒരു വർഷം 10 ലക്ഷം വച്ച് അഞ്ചു വർഷത്തേക്ക് 50 ലക്ഷം ഉപഭോക്താക്കളുടെ മാർക്കറ്റ് ഉറപ്പിക്കുകയാണു ചെയ്യുന്നത്. വാട്ടർ അതോറിറ്റി മാറി സ്വതന്ത്ര സമിതികൾ വരുന്നത് ഈ ബിസിനസ്സിന്റെ ആദ്യ ഘട്ടമാണ്. അടുത്ത ഘട്ടത്തിൽ അദാനിയോ അംബാനിയോ പോലുള്ള കോർപ്പറേറ്റുകളാണ് കുടിവെള്ളക്കച്ചവടക്കാരായി എത്തുക. അമ്പതു ലക്ഷം കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ എന്നു പറയുമ്പോൾ 50 ലക്ഷം കസ്റ്റമർമാരെയാണ് മുതലാളിത്തം ലക്ഷ്യം വക്കുന്നത്. ആരോഗ്യരക്ഷാ രംഗത്തെ പൊതു മേഖലയെ തകർത്ത മുതലാളിത്ത രാജ്യങ്ങൾക്ക് കോവിഡ് - 19 നൽകിയത് വലിയ ഒരു പാഠമാണ്. സ്വന്തം ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ അവർക്കു കഴിഞ്ഞില്ല. പൊതു ആരോഗ്യമേഖല ശക്തമായ ഇടങ്ങളിലേ പിടിച്ചു നിൽക്കാൻ കഴിഞ്ഞുള്ളു എന്നത് സമകാലിക ലോകം തിരിച്ചറിഞ്ഞതാണ്. കുടിവെള്ളത്തിന്റെ കാര്യത്തിലും ഇതു നിർണ്ണായകമാണ്. ലോകബാങ്ക് നിർദ്ദേശ പ്രകാരമുള്ള കുടിവെള്ള മേഖലയിലെ സ്വകാര്യവത്ക്കരണം നാശത്തിനാണ്. അനുഭവങ്ങളിൽ നിന്നും പാഠം പഠിച്ച് പൊതു ജലവിതരണ ശൃംഖലയെ നില നിർത്തുകയും വിപുലപ്പെടുത്തുകയുമാണ് ജനപക്ഷത്തു നിൽക്കുന്ന സർക്കാരുകളും ജനാധിപത്യ ശക്തികളും ചെയ്യേണ്ടത്.