Labour law reforms: Fascist attempt to deny labour rights by using covid 19 pandemic: by Charles George

തൊഴിൽ നിയമ ഭേദഗതികൾ:കൊറോണയുടെ മറവിൽ തൊഴിലവകാശങ്ങളെ നിഷേധിക്കുന്ന ഫാസിസ്റ്റ് നടപടി

 by ചാൾസ് ജോർജ്ജ്(Gen. Secretary, Trade  Union  Centre  of  India)



കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ ബി.ജെ.പി. ഭരിക്കുന്ന യു.പി.യിലും മദ്ധ്യപ്രദേശിലും വന്‍തോതില്‍ തൊഴില്‍ നിയമങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. മൂന്നു വര്‍ഷത്തേക്ക് തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉത്തര്‍പ്രദേശ് മന്ത്രിസഭ അംഗീകരിച്ചു പുറത്തിറക്കി. പ്രധാനപ്പെട്ട തൊഴില്‍ നിയമങ്ങള്‍ 1000 ദിവസത്തേക്ക് ഇളവു ചെയ്യുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴില്‍ സമയം എട്ടു മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കാന്‍ ഗുജറാത്ത് സര്‍ക്കാരും തീരുമാനിച്ചു. ഈ സര്‍ക്കാരുകളുടെ ചുവടുപിടിച്ച് ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബ്, രാജസ്ഥാന്‍ സര്‍ക്കാരുകളും മഹാരാഷ്ട്ര, ബീഹാർ, ഒഡീഷ തുടങ്ങിയ ബി.ജെ.പി. ഇതര സര്‍ക്കാരുകളും നിയമ നിര്‍മ്മാണത്തിന്റെ പാതയിലാണ്. ഓര്‍ഡിനന്‍സുകളിറക്കിയും എക്‌സിക്യൂട്ടീവ് ഉത്തരവുകളിലൂടെയും  അസംബ്ലികളെത്തന്നെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് ഈ നടപടികള്‍ നടക്കുന്നത്.
കോവിഡ് ലോക്ഡൗണിന് ഇളവുകള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച വിശാഖപട്ടണം എല്‍.ജി. പോളിമേഴ്‌സില്‍ സ്റ്റെയ്റിന്‍ വിഷവാതകം ചോര്‍ന്ന് മെയ് 6-ാം തീയതി വെളുപ്പിന് 12 പരിസരവാസികള്‍ മരിക്കുകയുണ്ടായി. മെയ് 7-ന് വെളുപ്പിന് മഹാരാഷ്ട്രയിലെ ജല്‍ന ഉരുക്കു കമ്പനിയിലെ തൊഴില്‍ നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികള്‍ ജന്മസ്ഥലമായ മധ്യപ്രദേശിലെ ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യവേ പാളത്തില്‍ തളര്‍ന്നു കിടന്നുറങ്ങുമ്പോള്‍ ഔറംഗാബാദില്‍ വെച്ച് തീവണ്ടി കയറി മരിച്ച ദാരുണ സംഭവവുമുണ്ടായി. ആ ദിവസം തന്നെയാണ് യു.പി. മുഖ്യമന്ത്രിയുടെ ദൗര്‍ഭാഗ്യകരമായ പ്രഖ്യാപനവുമുണ്ടായത്. രാജ്യം ഇന്നെത്തിപ്പെട്ടിരിക്കുന്ന പരിതാപകരമായ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിവാക്കുന്ന സംഭവങ്ങളാണ് ഇവ മൂന്നും.

വരൂ, രാജ്യം തുറന്നിട്ടിരിക്കുന്നു!

നിലവിലുള്ളതും പുതിയതുമായ എല്ലാ വ്യവസായ യൂണിറ്റുകള്‍ക്കും ബാധകമാകാവുന്നതാണ്, യു.പി.യിലെ നിയമഭേദഗതി. കോവിഡിനു ശേഷമുള്ള കാലത്തെ ലക്ഷ്യം വച്ച് പുതിയ ഉല്പാദന നയം പ്രഖ്യാപിക്കുമെന്ന് ഒരു മാസം മുമ്പു തന്നെ ബി.ജെ.പി. വക്താവ് ഗോപാല്‍ അഗര്‍വാള്‍ പറയുകയുണ്ടായി. ചൈനയ്‌ക്കെതിരായ അസംബന്ധ പ്രസ്താവനകള്‍ നടത്തുന്നത് പതിവാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരം അമേരിക്കന്‍ കുത്തകകള്‍ വന്‍തോതില്‍ ചൈന വിടുന്ന സാഹചര്യം മുതലെടുത്ത് ഇന്ത്യയിലെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലോകമെമ്പാടും ഉളവായിരിക്കുന്ന സാമ്പത്തിക മാന്ദ്യം മുതലെടുക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണിതെന്നും ബി.ജെ.പി. കണക്കു കൂട്ടുന്നുണ്ട്. ചൈനയില്‍ നിന്നുള്ള നിക്ഷേപം ആകര്‍ഷിക്കാന്‍ തൊഴില്‍ നിയമ പരിഷ്‌ക്കാരം അത്യാവശ്യമാണെന്ന് യോഗി ആദിത്യനാഥും പ്രസ്താവിച്ചിട്ടുണ്ട്. എന്നാല്‍ ചൈനയിലെ അടിസ്ഥാന സൗകര്യങ്ങളും വിപണി സാധ്യതകളും വിദഗ്ധ തൊഴിലാളി സേവനവും ഒറ്റയടിക്ക് ഉപേക്ഷിച്ച് ഇങ്ങോട്ടു വരാന്‍ ട്രംപിന്റെ ഭ്രാന്തന്‍ പ്രഖ്യാപനങ്ങള്‍കൊണ്ട് കുത്തകകള്‍ തയ്യാറാകുമോ എന്ന പ്രശ്‌നം അവശേഷിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ കുറഞ്ഞ കൂലിയും അടിസ്ഥാന സൗകര്യങ്ങളുമുള്ള തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളല്ലേ അഭികാമ്യം എന്ന ചോദ്യവും ഉദിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യമാണ് കുറഞ്ഞ കൂലി, അധ്വാനഭാരം വര്‍ധിപ്പിക്കല്‍ വ്യവസായത്തിന് ഭൂമി, പരിസ്ഥിതി നിയമങ്ങളില്‍ ,ഇളവ് തുടങ്ങിയ 
ആനുകൂല്യങ്ങള്‍ ഇന്ത്യയിലെ വിവിധ സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവര്‍ വന്നില്ലെങ്കിലും ഇന്ത്യന്‍ കുത്തകകള്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നത് ഉറപ്പാക്കപ്പെടുകയാണ്. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ഗുജറാത്ത് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി കഴിഞ്ഞ മാസം തന്നെ കേന്ദ്രസര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടതും ഇതുമായി കൂട്ടിച്ചേര്‍ത്ത് വായിക്കേണ്ടതാണ്.




കൂലി വെട്ടിക്കുറക്കപ്പെടുന്നു 

വ്യവസായ ബന്ധ കോഡ്-2019 മായി ബന്ധപ്പെട്ട് പാര്‍ലമെന്റ് കമ്മിറ്റിയുടെ പാനല്‍ ചെയര്‍മാനും ബിജു ജനതാദള്‍ എം.പി.യുമായ ഭര്‍തൃഹരി മഹ്താബ് ആകട്ടെ ഒരു പടി കൂടി കടന്ന് തൊഴിലാളികള്‍ക്ക് അടച്ചുപൂട്ടപ്പെട്ട കോവിഡ് കാലത്തെ മുഴുവന്‍ ശമ്പളത്തിനും അര്‍ഹതയില്ലെന്ന് പ്രസ്താവിച്ചിരിക്കുകയാണ്. ഈ കാലത്ത് പകുതി ശമ്പളം മാത്രം നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം വ്യവസായികളുടെ ഹര്‍ജിയും സുപ്രീം കോടതിയിലുണ്ട്. ഇതൊക്കെയായി ബന്ധപ്പെട്ടു വേണം വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ നീക്കങ്ങളെ വിലയിരുത്തേണ്ടത്.
ഇന്ത്യയിലെ വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (Cll) തൊഴില്‍ വകുപ്പു മന്ത്രിയുമായി കഴിഞ്ഞ മെയ് 6- ന് നടത്തിയ ചര്‍ച്ചയില്‍ ജോലി സമയം കൂട്ടണമെന്നും മിനിമം വേതനം മരവിപ്പിക്കണമെന്നും കൊറോണയെത്തുടര്‍ന്ന് അടച്ചുപൂട്ടപ്പെട്ട സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ലേ-ഓഫ് വേതനം മാത്രം (50% വേതനവും + ഡി.എ) നല്‍കാൻ ഉത്തരവിടണമെന്നും ആവശ്യപ്പെടുകയുണ്ടായി.
കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ തൊഴിലാളികളുടെ വേതനം വെട്ടിക്കുറയ്ക്കരുതെന്നും ജോലി നിഷേധിക്കരുതെന്നും പ്രധാനമന്ത്രി തന്നെ ഉടമകളോട് ആവശ്യപ്പെടുകയുണ്ടായി. ഇതൊരു നാക്കുപിഴവ് മാത്രമാണ് എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെ സംഭവ വികാസങ്ങളോടെ ബി.ജെ.പി.യുടെ യഥാര്‍ത്ഥ സ്വഭാവം വെളിയിലേക്ക് വരുകയും ചെയ്തിരിക്കുന്നു. ഏറ്റവുമൊടുവില്‍ മെയ് 15 ന് സുപ്രീം കോടതി തന്നെ ഒരു ഇടക്കാല ഉത്തരവിലൂടെ 
''നോ വര്‍ക്ക് നോ പേ"
(പണിയില്ലെങ്കിൽ ശമ്പളവുമില്ല) വ്യവസ്ഥ അംഗീകരിച്ച് ഉടമകള്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുകയുമാണ്.


വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ പരിഷ്‌ക്കാരങ്ങളും നടപടികൾ 


 ഉത്തര്‍പ്രദേശ് :

  • 42 തൊഴില്‍ നിയമങ്ങളില്‍ 38 എണ്ണവും മരവിപ്പിച്ചു (സസ്‌പെന്റ് ചെയ്തു)
  • 1996--ലെ നിര്‍മ്മാണ തൊഴിലാളി നിയമം, 1923-ലെ തൊഴിലാളി നിയമം, 1976-ലെ നിര്‍ബ്ബന്ധിതമായി പണിയെടുപ്പിക്കുന്നതിനെതിരായ നിയമം, 1936-ലെ മിനിമം വേതനം (5-ാം വകുപ്പ് ഒഴികെ) നിയമം തുടങ്ങിയവ മാത്രം ഇനിമേല്‍ സംസ്ഥാനത്തിന് ബാധകം.
  • ഷിഫ്റ്റ് സമയം 8 മണിക്കൂറില്‍ നിന്നും 12 മണിക്കൂറാക്കി.
  • തൊഴിലാളികളെ നിയമിക്കാനും ഇഷ്ടം പോലെ പിരിച്ചുവിടാനും ഉടമകള്‍ക്കവകാശം.
  • 1000 ദിവസത്തേക്ക് തൊഴില്‍ നിയമങ്ങള്‍ മരവിപ്പിച്ചു.
  • 2020-ലെ യു.പി.യിലെ ചില തൊഴില്‍ നിയമങ്ങളിലെ ഇളവ് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തോടെ രാഷ്ട്രപതിക്കയച്ചു കൊടുത്തു.

 മദ്ധ്യപ്രദേശ്:

  • 1000 ദിവസത്തേക്ക് തൊഴില്‍ നിയമങ്ങളില്‍ ഇളവ്.
  • 100 തൊഴിലാളികള്‍ വരെയുള്ള സ്ഥാപനങ്ങളില്‍ ഇഷ്ടാനുസരണം പിരിച്ചുവിടാം.
  • 50 തൊഴിലാളികളെ വരെ രജിസ്റ്റര്‍ ചെയ്യാതെ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ജോലിയെടുപ്പിക്കാം,
  • തൊഴില്‍ നിയമങ്ങള്‍ പരിശോധിക്കുന്നതിനുള്ള ഫാക്ടറി പരിശോധന എടുത്തുകളയല്‍.
  • 12 മണിക്കൂര്‍ ജോലി സമയം
  • രാവിലെ 6 മണി മുതല്‍ രാത്രി 12 മണി വരെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം.
  • സ്ഥാപനങ്ങളുടെ വാര്‍ഷിക ലൈസന്‍സ് പുതുക്കലും പരിശോധനയ്ക്കും പകരം 10 വര്‍ഷത്തേക്ക് നീട്ടി.
  • തൊഴിലാളിയുടെ പേരില്‍ പ്രതിവര്‍ഷം 80 രൂപ ക്ഷേമനിധിയില്‍ അടക്കുന്നത് ഒഴിവാക്കും.
നിക്ഷേപ താല്പര്യവുമായി വരുന്നവര്‍ക്ക് ആവശ്യമായ ജലം, ഭൂമി, തൊഴില്‍ നിയമങ്ങളിലെ ഇളവ് തുടങ്ങിയവ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

 ഗുജറാത്ത് :

  • മിനിമം വേതന നിയമം, വ്യവസായ സുരക്ഷാനിയമം, തൊഴിലാളി നഷ്ടപരിഹാര നിയമം എന്നിവയൊഴികെയുള്ള നിയമങ്ങള്‍ ബാധകമല്ല.
  • 1200 ദിവസത്തേക്ക് തൊഴിലവകാശങ്ങള്‍ മരവിപ്പിക്കും.
  • തൊഴില്‍ വകുപ്പിന്റെ പരിശോധനയില്ല
  • ട്രേഡ് യൂണിയന്‍ അവകാശങ്ങളില്ല
  • ഇഷ്ടാനുസരണം പിരിച്ചുവിടാം.

 രാജസ്ഥാന്‍ : 

  •  തൊഴില്‍ സമയം 12 മണിക്കൂറാക്കി.
  • 300 പേര്‍ വരെയുള്ള സ്ഥാപനങ്ങള്‍ക്ക് ഇഷ്ടാനുസരണം പിരിച്ചുവിടലാകാം.
  • ട്രേഡ് യൂണിയന്‍ അംഗീകാരത്തിനുള്ള തൊഴിലാളികളുടെ പിന്തുണ 15% ല്‍ നിന്ന് 30% ആക്കി.

മഹാരാഷ്ട്ര ഫാക്ടറി നിയമത്തിലെ പല വകുപ്പുകളും മരവിപ്പിച്ചു. പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തൊഴില്‍ സമയം 12 മണിക്കൂറാക്കി. ഒഡീഷ, ബീഹാര്‍, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളും ഇതേ പാതയിലാണ്.

കൊറോണയെ തുടര്‍ന്നുള്ള അടച്ചുപൂട്ടലുമായി ബന്ധപ്പെട്ട് ഇതിനകം 14 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമായിരിക്കുകയാണ്. ഭൂരിപക്ഷം വ്യവസായശാലകളിലേയും തൊഴിലാളികള്‍ക്ക് 13 മുതല്‍ 85 ശതമാനം വരെ വേതനം നഷ്ടപ്പെട്ടതായും കണക്കുകള്‍ പറയുന്നു. 13 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളുടെ കാര്യമാണ് പരമദയനീയം. 1947 നു ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പലായനത്തിന് ഇവരുടെ കാര്യത്തില്‍ ഇന്ത്യ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കിട്ടിയ അവസരം എങ്ങനെ മുതലാക്കാം എന്ന ആലോചനയിലാണ് കുത്തകകള്‍. പുതിയ നിയമ ഭേദഗതികളെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്.

തൊഴില്‍ നിയമങ്ങള്‍: വളര്‍ച്ചയും ചരിത്രവും


ലോകത്ത് ഏറ്റവും വികസിച്ച തൊഴില്‍ നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യമാണ് നമ്മുടേത്. 44 കേന്ദ്ര തൊഴില്‍ നിയമങ്ങളിവിടെയുണ്ട്.
സംസ്ഥാനങ്ങളിലാകട്ടെ നൂറു മുതല്‍ ഇരുന്നൂറു വരെ സംസ്ഥാന നിയമങ്ങളും നിലവിലുണ്ട്. ഇവയൊന്നും തന്നെ ഏതെങ്കിലും സുപ്രഭാതത്തില്‍ ഉദയം ചെയ്തതോ, മനുഷ്യസ്‌നേഹപരമായി ഭരണാധികാരികളുടെ ഔദാര്യത്തില്‍ പിറന്നതോ അല്ല. നീണ്ടു നിന്ന ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങളുടേയും തൊഴില്‍ മേഖലകളിലുയര്‍ന്നുവന്ന സമരങ്ങളുടേയും ഫലവും ദേശീയ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ പരിണതിയും ആയാണ് ഓരോ നിയമവും പിറന്നു വീണത്. സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളുടേയും ലോകമാസകലം പടര്‍ന്നു പിടിച്ച സോഷ്യലിസ്റ്റ് ആശയങ്ങളുടേയും ക്ഷേമരാഷ്ട്ര സങ്കല്പങ്ങളുമായി ബന്ധപ്പെട്ട നടപടികളുടേയും ഉല്പന്നമോ ഉപോല്പന്നമോ ആയിട്ടാണ് ഈ നിയമങ്ങളൊക്കെ രൂപീകരിക്കപ്പെട്ടത്.
1923-ലെ പെയ്‌മെന്റ് ഓഫ് വേജസ് ആക്ട് മുതല്‍ 2008-ല്‍ പാസ്സാക്കപ്പെട്ട അസംഘടിത തൊഴിലാളി സാമൂഹ്യക്ഷേമ നിയമങ്ങള്‍ വരെ നീണ്ടുനില്‍ക്കുന്ന ഒരു പാരമ്പര്യം ഇവയ്ക്കുണ്ട്. 1926-ലെ ട്രേഡ് യൂണിയന്‍ ആക്ടും 1929-ലെ ട്രേഡ് ഡിസ്പ്യൂട്ട് ആക്ടും 1947-ലെ വ്യവസായ തര്‍ക്ക നിയമവും 1948-ലെ ഫാക്ടറീസ് ആക്ടും 1965-ലെ ബോണസ് ആക്ടും 1972-ലെ ഗ്രാറ്റുവിറ്റി ആക്ടും 1954-ലെ ഷോപ്‌സ് & എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടും 1970-ലെ കോണ്‍ട്രാക്ട് ലേബര്‍ ആക്ടും 1948-ലെ ഇ.എസ്.ഐ. ആക്ടും 1952-ലെ പി. എഫ്. ആക്ടും 1976-ലെ തുല്യവേതന നിയമവും 1948-ലെ മിനിമം വേജസ് ആക്റ്റും1952-ലെ വീക്‌ലി ഹോളിഡേ ആക്ടും 1951-ലെ പ്ലാന്റേഷന്‍ ലേബര്‍ ആക്ടും ഇത്തരത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന നിയമങ്ങളാണ്.

കുത്തകകളും ഫാസിസവും


കുത്തക മൂലധനവും ഭരണകൂടവും സംയോജിക്കുന്ന രാഷ്ട്രീയ-സാമ്പത്തിക സംവിധാനത്തെ ഫാസിസമെന്ന് നിര്‍വ്വചിച്ചത് ദിമിത്രോവാണ്. 1920-കളുടെ അവസാനമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ അതിന്റെ ആക്രമണങ്ങളുടെ കേന്ദ്ര സ്ഥാനത്ത് നിര്‍ത്തിയത് തൊഴിലാളി സംഘടനകളെയാണ്. 'ഫാസിസമെന്നാല്‍ കോര്‍പ്പറേറ്റുകളാണ്' എന്ന് പ്രഖ്യാപിച്ച മുസ്സോളിനി മുതല്‍ ''തന്റെ അവസാന ശ്വാസം വരെ ബോള്‍ഷെവിസത്തോട് പൊരുതിയ'' ഹിറ്റ്‌ലര്‍ വരെയുള്ളവർ തൊഴിലവകാശങ്ങള്‍ക്കു നേരെ നിശിതമായ കടന്നാക്രമണമാണ് നടത്തിയത്. ഇന്ന് സമാനമോ അതിലും ഗുരുതരമോ ആയ പ്രതിസന്ധിയെ ലോകമുതലാളിത്തം അഭിമുഖീകരിക്കുകയാണ്.ഈ പ്രതിസന്ധിയുടെ മുറിവില്‍ ഉപ്പു പുരട്ടുന്ന പോലെ കോവിഡ് മഹാവ്യാധിയും പടര്‍ന്നു പിടിച്ചിരിക്കുകയാണ്. 9 ട്രില്യണ്‍ ഡോളറിന്റെ നഷ്ടം (ജപ്പാന്റെയും ജര്‍മ്മനിയുടേയും പ്രതിശീര്‍ഷ വരുമാനത്തിനു തുല്യമായ) ലോക സമ്പദ് വ്യവസ്ഥയ്ക്കുണ്ടാകുമെന്ന് ഐ.എം.എഫ്. തന്നെ വിലയിരുത്തിയിരിക്കുകയാണ്. ഇതിന്റെ ഭാരം തൊഴിലാളികള്‍ക്കു മേല്‍ കെട്ടിവയ്ക്കാനാണ് മുതലാളിത്തം ശ്രമിക്കുക എന്നത് സുനിശ്ചിതമാണ്.


ബി.ജെ.പി.യും തൊഴില്‍ നിയമ ഭേദഗതികളും


ഇന്ത്യന്‍ ചങ്ങാത്ത മുതലാളിത്തവുമായി ഉറ്റ ബന്ധം പുലര്‍ത്തുന്ന ബി.ജെ.പി. അതിന്റെ  ഭരണ കാലഘട്ടങ്ങളില്‍ മുഴുവന്‍ തൊഴിലവകാശങ്ങള്‍ നിഹനിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങളാണ് നടത്തിയിട്ടുള്ളത്. 1999 മുതല്‍ 2004 വരെ ഭരിച്ച വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രവീന്ദ്രവര്‍മ്മ അദ്ധ്യക്ഷനായ രണ്ടാം ലേബര്‍ കമ്മീഷനെ നിയമിച്ചത് ഈ ലക്ഷ്യത്തോടെ തന്നെയായിരുന്നു. വ്യവസായങ്ങളില്‍ 'ഹയര്‍ ആന്റ് ഫയര്‍' വ്യാപകമാക്കണമെന്നും കോൺട്രാക്റ്റ് തൊഴില്‍ നിയമം ഭേദഗതി ചെയ്യണമെന്നും തൊഴില്‍ നിയമങ്ങള്‍ ഉദാരമാക്കണമെന്നും നിശ്ചിതകാല തൊഴില്‍ എന്ന പദ്ധതി നടപ്പാക്കണമെന്നും രവീന്ദ്ര വര്‍മ്മ കമ്മിറ്റി ശുപാര്‍ശ ചെയതു.
2003ല്‍ ഇതുമായി ബന്ധപ്പെട്ട് വാജ്‌പേയി സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ടുവന്നു. ഇന്ത്യയിലൊട്ടാകെയുണ്ടായ പ്രക്ഷോഭത്തെ തുര്‍ന്ന് 2007ല്‍ ഈ ചട്ടം യു.പി.എ. സര്‍ക്കാരാണ് പിന്‍വലിച്ചത്.
2014-ല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതോടെ 'നിശ്ചിതകാല ജോലി' (Fixed Term Employment) നടപ്പാക്കാനുള്ള പുതിയ വിജ്ഞാപനം 2015 ഏപ്രിലില്‍ വീണ്ടും പുറത്തിറക്കി. ഒരു തൊഴിലാളി സ്ഥിരസ്വഭാവമുള്ള ഒരു ജോലിയില്‍ പ്രവേശിച്ചാല്‍ വിരമിക്കുന്നതു വരെ 30 വര്‍ഷമെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ചട്ടം അനുശാസിക്കുന്നത്. നിശ്ചിതകാല തൊഴിലാളിക്ക് പരമാവധി ലഭിക്കുക അഞ്ച് വര്‍ഷത്തില്‍ കുറഞ്ഞ ജോലിയാണ്. ഈ നടപടിയെ എല്ലാ യൂണിയനുകളും ഒറ്റക്കെട്ടായി എതിര്‍ത്തതോടെ സര്‍ക്കാര്‍ തല്ക്കാലം പിന്മാറി. എന്നാല്‍ 2016 ഒക്‌ടോബറില്‍ വസ്ത്ര, തുകല്‍, നിര്‍മ്മാണ മേഖലയില്‍ നിശ്ചിതകാല ജോലിക്ക് വീണ്ടും അനുമതി നല്കി. ആ മേഖലയില്‍ സീസണല്‍ (കാലികം) ആയ ജോലിയാണെന്ന ന്യായമാണ് അന്നത്തെ തൊഴില്‍ വകുപ്പു മന്ത്രി പറഞ്ഞത്. എന്നാല്‍ പിന്നീട് 2018 ജനുവരി 8 ന് എല്ലാ മേഖലയിലും ഇത് ബാധകമാക്കി വിജ്ഞാപനം പുറത്തിറക്കുകയായിരുന്നു.

മിനിമം വേതനം - മിനിമം ഗ്യാരണ്ടി പോലുമില്ല 


തൊഴിലാളികള്‍ക്ക് നല്‍കേണ്ട മിനിമം വേതനത്തിലായിരുന്നു അടുത്ത ആക്രമണം. 2012-ല്‍ നടന്ന 44-ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫ്രണ്‍സും 2015-ല്‍ നടന്ന 46-ാം കോണ്‍ഫ്രന്‍സും പ്രതിമാസം മിനിമം കൂലിയായി 18,000 രൂപ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ പിന്നീട് മോദി സര്‍ക്കാര്‍ കോണ്‍ഫ്രന്‍സ് ചേരുന്നതു തന്നെ മാറ്റിവച്ചു. മിനിമം വേതനവുമായി ബന്ധപ്പെട്ട തപ്ത കേസില്‍ സുപ്രീം കോടതിയും ഇതേ ആവശ്യം സര്‍ക്കാരിനു മുന്നില്‍ വച്ചു. 2018 ജനുവരിയിലെ അഖിലേന്ത്യാ പൊതുപണിമുടക്കിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഇതായിരുന്നു. പണിമുടക്കിന്റെ തൊട്ടുമുമ്പ് വിളിച്ചു ചേര്‍ത്ത ബി.എം.എസ്. അടക്കമുള്ള കുറുമുന്നണിക്കാരുടെ യോഗത്തില്‍ തൊഴില്‍ വകുപ്പു മന്ത്രി ഭണ്ഡാരു ദത്രാത്തേയ 12,000 രൂപ നല്‍കാമെന്ന നിര്‍ദ്ദേശം മുന്നോട്ടു വച്ചു. അവരടക്കം അത് തള്ളിക്കളയുകയുണ്ടായി. പുതിയ സാഹചര്യത്തില്‍ മിനിമം വേതന നിഷേധം ഒരു സാധാരണ സംഭവമായി മാറും.
44 കേന്ദ്ര തൊഴില്‍ നിയമങ്ങളെ 4 തൊഴില്‍ കോഡുകളാക്കി മാറ്റാനുള്ള നടപടികളാണ് മറ്റൊരു നയം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഫാക്ടറീസ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വേതനത്തെ സംബന്ധിച്ച ചട്ടം, തൊഴില്‍ - ആരോഗ്യ സുരക്ഷയെ സംബന്ധിച്ച ചട്ടം, സാമൂഹ്യ സുരക്ഷയെ സംബന്ധിച്ച ചട്ടം, വ്യവസായ ബന്ധത്തെക്കുറിച്ചുള്ള ചട്ടം (കോഡ്) എന്നിവയാണവ. ഇതില്‍ മൂന്നെണ്ണം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു കഴിഞ്ഞു. 'ഒഴിവാക്കല്‍ തന്ത്രം' ഉപയോഗിച്ച് തൊഴില്‍ നിയമങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇതിലൂടെ നടക്കുന്നത്. തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ പദ്ധതികളെ അട്ടിമറിക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. സ്ഥിരവും ശാശ്വതവുമായ തൊഴില്‍ എന്ന ആശയം ഉപേക്ഷിക്കപ്പെടുകയാണ്. സ്ഥിരം തൊഴിലിലേക്ക് കരാര്‍ തൊഴിലാളികളെ നിര്‍ലോപം നിയമിക്കാനാവും. പ്രിന്‍സിപ്പല്‍ എംപ്ലോയര്‍ എന്ന ബാധ്യതയില്‍ നിന്നും തൊഴിലുടമ രക്ഷപ്പെടുകയും ചെയ്യും. ഈ ഉദ്ദേശങ്ങളോടെയുള്ള തൊഴില്‍ നിമയ ഭേദഗതികള്‍ നടപ്പാക്കാനുള്ള തീവ്രശ്രമത്തിനിടെയാണ് കോവിഡ്-19 വന്നു ഭവിച്ചത്. ഇതിന്റെ മറവില്‍ സംസ്ഥാനങ്ങളിലൂടെ ഈ നയ-നടപടികള്‍ നടപ്പാക്കാൻ സാധിച്ചു എന്ന നേട്ടമാണ് കേന്ദ്രസര്‍ക്കാരിനുണ്ടായിട്ടുള്ളത്.
കോവിഡ് 19-നെ തുടര്‍ന്ന് ഇന്ത്യയില്‍ 14 കോടി തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് ഐ.എല്‍.ഒ. വിലയിരുത്തുന്നത്. ഇന്ത്യയിലെ 46.8 കോടി തൊഴിലാളികളില്‍ 40 കോടിയും കടുത്ത ദാരിദ്ര്യമാണ് നേരിടേണ്ടി വരിക എന്ന് ഐ.എല്‍.ഒ. (ILO- International Labour Organisation) ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഐ.എല്‍.ഒ. കണ്‍വെന്‍ഷന്‍-102 പ്രകാരമുള്ള സാമൂഹ്യ സുരക്ഷാ നടപടികള്‍ കൈക്കൊള്ളാൻ ഇന്ത്യ തയ്യാറാകണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 13 കോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളാണ് പുതിയ നിയമ ഭേദഗതികളുടെ ഏറ്റവും വലിയ ഇരകളാകുന്നത്.

തൊഴില്‍ നിയമം : ഭരണഘടനാപരമായ സംരക്ഷണം


സ്വാതന്ത്ര്യാനന്തരം ഇന്ത്യയിൽ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുവന്റ് അസംബ്ലിയില്‍ രണ്ടു വര്‍ഷം നീണ്ടുനിന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് തൊഴില്‍ നിയമങ്ങള്‍ക്ക് ഭരണഘടനയുടെ അധ്യായം 3 ആര്‍ട്ടിക്കിള്‍ 14, 16,19(ഐ) (സി), 23, 24, (അദ്ധ്യായം 16) ആര്‍ട്ടിക്കിള്‍ 28, 40, 41 (എ) പ്രകാരം തൊഴിലാളികളുടെ അവകാശങ്ങളെ ഭരണഘടനാപരമായി ഉറപ്പു വരുത്തപ്പെട്ടത്. മൗലികാവകാശങ്ങളോടൊപ്പം ഭരണകൂടത്തിന്റെ നിര്‍ദ്ദേശകതത്വങ്ങളിലും ഇതുവഴി തൊഴില്‍ സംരക്ഷണം ഉറപ്പു വരുത്തിയിരിക്കുകയാണ്. ഭരണഘടനാപരമായി തൊഴില്‍ കണ്‍കറന്റ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതു പ്രകാരം തൊഴില്‍ നിയമങ്ങളെ നാല് ഘടകങ്ങളായി നിര്‍വ്വചിച്ചിട്ടുണ്ട്. ഇതില്‍ 12 നിയമങ്ങള്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നതും അതിന്റെ നടത്തിപ്പും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചതും കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകളുടെ ഉത്തവാദിത്വത്തില്‍ നടപ്പാക്കേണ്ടതുമായ 24 തൊഴില്‍ നിയമങ്ങളും കേന്ദ്രം ആവിഷ്‌ക്കരിക്കുകയും സംസ്ഥാനങ്ങള്‍ നടപ്പാക്കേണ്ടതുമായ 15 നിയമങ്ങളുമുണ്ട്. സംസ്ഥാനങ്ങളുടെ പൂര്‍ണ്ണ അധികാരത്തിലുള്ള നിയമങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം വരും.
സമീപ ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ ഭേദഗതി വരുത്തുന്ന ചില നിയമങ്ങള്‍ നേരത്തേ സൂചിപ്പിച്ചുകഴിഞ്ഞു. ഇതില്‍ പ്രധാനപ്പെട്ടവ വ്യവസായ തര്‍ക്ക നിയമം - 1947, മിനിമം വേതന നിയമം - 1948, പെയ്‌മെന്റ് ഓഫ് വേജസ് ആക്ട്-1936, വ്യവസായ സ്റ്റാന്റിംഗ് ഓര്‍ഡര്‍-1946, അന്തര്‍-സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം-1979, ബോണസ് ആക്ട് - 1965, ഗ്രാറ്റുവിറ്റി ആക്ട് - 1972, അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ നിയമം 2008, തുല്യവേതന നിയമം - 1976, കോണ്‍ട്രാക്ട് തൊഴിലാളി നിയമം -1970 തുടങ്ങിയവയില്‍ ഭേദഗതി വരുത്തണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി അനുമതി ആവശ്യമാണ്. കേന്ദ്രം രൂപീകരിക്കുകയും സംസ്ഥാനം നടപ്പാക്കുകയും ചെയ്യുന്ന ഫാക്ടറി നിയമം - 1948, മോട്ടോര്‍ തൊഴിലാളി നിയമം-1961, പ്ലാന്റേഷന്‍ തൊഴിലാളി നിയമം -1951, ട്രേഡ് യൂണിയന്‍ ആക്ട്-1926, വീക്‌ലി ഹോളിഡേ ആക്ട്-1942 എന്നിവയിലും ഭേദഗതികള്‍ വരുത്താൻ ചില സംസ്ഥാനങ്ങള്‍ ലക്ഷ്യമിട്ടിരിക്കുകയാണ്. നിയമപരമായ കടമ്പകള്‍ മറികടക്കുന്നതിന് 'മഹാവ്യാധിയുടെ പശ്ചാത്തലത്തിലുള്ള സംസ്ഥാനങ്ങളുടെ സവിശേഷ അധികാരം 2020' ഉപയോഗിച്ച് സംസ്ഥാന ക്യാബിനറ്റ് തൊഴില്‍ നിയമഭേദഗതി ഓര്‍ഡിനന്‍സിലൂടെ പ്രഖ്യാപിച്ച് ഗവര്‍ണറുടെ സമ്മതം വാങ്ങി രാഷ്ട്രപതിക്കയച്ചുകൊടുക്കണം. യു.പി. സര്‍ക്കാര്‍ ഇക്കാര്യം ആദ്യമേ ചെയ്തു കഴിഞ്ഞു. കേന്ദ്രസര്‍ക്കാരാകട്ടെ ഇത്തരത്തിലുള്ള നിയമ ഭേദഗതികള്‍ക്കുള്ള എല്ലാ നടപടിക്രമങ്ങളും തങ്ങളുടേതായി നേരത്തെ പൂര്‍ത്തീകരിച്ചുകഴിഞ്ഞിരിക്കുകയാണു താനും. അങ്ങനെ 'കൊല്ലും നൃപനിഹ തിന്നും സചിവന്‍' എന്ന നിലയില്‍ പരസ്പരമുള്ള ഒരു സമവായം രൂപപ്പെട്ടിരിക്കുകയാണ്.

ഭരണഘടനയും അട്ടമറിക്കപ്പെടുന്നുവോ ...?


ഭരണകൂടവും മൂലധനവും സംയോജിക്കുന്ന ഫാസിസത്തിന്റെ പുതിയ ഘട്ടത്തിലേക്ക് രാജ്യം പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതില്‍ കേന്ദ്രമില്ല, സംസ്ഥാനമില്ല, കോണ്‍ഗ്രസ്സെന്നോ, ബി.ജെ.പി.യെന്നോ വേര്‍തിരിവില്ല. തൊഴില്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദുര്‍ബ്ബലവും മൂലധനസംരക്ഷണത്തില്‍ കരുത്തു കാണിക്കുന്നതുമാണ് ആഗോളവല്‍ക്കരണ കാലത്തെ സര്‍ക്കാരുക (weak on labour and strong on capital) ളെന്ന ഐജാസ് അഹമ്മദിന്റെ നിരീക്ഷണം ശരി വയ്ക്കപ്പെടുകയാണ്. കാശ്മീരിന്റെ പദവി എടുത്തുകളുയുകയും പൗരത്വ നിയമത്തിലൂടെ ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയും ചെയ്ത ബി.ജെ.പി. സര്‍ക്കാരിന്റെ കൂടുതല്‍ വന്യവും ഹിംസ്രവുമായ മുഖമാണിവിടെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ 46.8 കോടി തൊഴിലാളികളില്‍ കേവലം പത്ത് ശതമാനം മാത്രമേ സംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുകയും നാമമാത്രമെങ്കിലുമായ തൊഴിലവകാശങ്ങള്‍ അനുഭവിക്കുന്നവരുമായിട്ടുള്ളൂ. അവരുടെ പോലും അവകാശങ്ങള്‍ ഇവ്വിധം ഹനിക്കപ്പെടുമ്പോള്‍ 40 കോടിയോളം വരുന്ന അസംഘടിത വിഭാഗത്തിന്റെ അവസ്ഥ ഏറെ പരിതാപകരമാണെന്ന ഐ.എല്‍.ഒ.യുടെ നിരീക്ഷണം ശരി വയ്ക്കപ്പെടുകയാണ്.
തൊഴില്‍ സമയ പരിധി 8 മണിക്കൂറില്‍ നിന്നും 12 മണിക്കൂർ ആക്കുമ്പോള്‍ മുന്നു ഷിഫ്റ്റ് എന്നത് കേവലം രണ്ടു ഷിഫ്റ്റായി ചുരുങ്ങുകയും മൂന്നിലൊന്നു തൊഴിലാളികള്‍ പുറത്താക്കപ്പെടുമെന്നതും ഉറപ്പായിക്കഴിഞ്ഞിരിക്കുന്നു. അധിക വേതനമില്ലാതെ തൊഴിലാളികള്‍ 4 മണിക്കൂര്‍ ഓവര്‍ടൈം പണിയെടുക്കേണ്ടിയും വരും. കോവിഡിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് ഏറ്റവും മോശപ്പെട്ടതും മുതലാളിമാര്‍ക്ക് ഏറ്റവും നല്ലതുമായ (it is the worst of times for workers, it is the best of times for monopolies) ഒരു കെട്ട കാലത്തേക്ക് നാം പ്രവേശിക്കുകയാണ്.



യോജിപ്പ് വിപുലമാക്കുക, സമരം ശക്തിപ്പെടുത്തുക. 




വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ ഈ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരെ ബി.എം.എസ്. അടക്കമുള്ള തൊഴിലാളി സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. ബ്രിട്ടീഷ്‌കാരുടെ കാലത്തെ കാടന്‍ നിയമങ്ങളിലേക്ക് നാം തിരിച്ചുപോവുകയാണെന്ന് ബി.എം.എസ്. അഖിലേന്ത്യാ നേതൃത്വം വിമര്‍ശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് അവര്‍ കത്തയച്ചിട്ടുമുണ്ട്. ഈ നടപടികള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് അഞ്ച് ഇടതുപക്ഷ പാര്‍ട്ടികളോടൊപ്പം ആര്‍.ജെ.ഡി.യും തമിഴ്‌നാട്ടിലെ തിരുമാവളവന്റെ പാര്‍ട്ടിയും ഉള്‍പ്പെടെ ഏഴ് പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതിക്ക് കത്തയച്ചിട്ടുമുണ്ട്. ട്രേഡ് യൂണിയനുകളാകട്ടെ സംയുക്തമായി ഐ.എല്‍.ഒ.ക്ക് കത്തും അയച്ചുകഴിഞ്ഞു.
ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായി ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗം നടത്തിയ 19-ാമത്തെ പണിമുടക്കായിരുന്നു കഴിഞ്ഞ ജനുവരി 8, 9 തീയതികളില്‍ രാജ്യം ദര്‍ശിച്ചത്. വിദ്യാര്‍ത്ഥികളും പൗരത്വ നിയമത്തിനെതിരായി സമരത്തിലുള്ള ജനാധിപത്യ മതേതര ശക്തികളും കൂടി അണിനിരന്ന ഈ പ്രക്ഷോഭത്തിനു ശേഷവും കൂടുതല്‍ മാരകമായ പ്രഹരമാണ് തൊഴിലാളി വര്‍ഗ്ഗത്തിനേറ്റിരിക്കുന്നത്. അതുകൊണ്ട് നിശ്ചയമായും നമുക്ക് ഇരുപതാമത്തെ പണിമുടക്കിന് തയ്യാറെടുക്കേണ്ടതുണ്ട്. പക്ഷേ അതിനിയും 19-ാം പണിമുടക്കിന്റെ തുടര്‍ച്ചയായിക്കൂടാ! പുതിയ സാഹചര്യം പുതിയ വെല്ലുവിളികളുയര്‍ത്തിയിരിക്കുകയാണ്. അസംഘടിത മേഖലയിലേയും കാര്‍ഷിക മേഖലയിലേയും അദ്ധ്വാനിക്കുന്ന എല്ലാ വിഭാഗങ്ങളുമായും രാജ്യത്തെ സ്‌നേഹിക്കുന്ന ഓരോ ജനാധിപത്യവാദിയേയും ദേശാഭിമാനിയേയും നമ്മുടെ പോരാട്ടത്തില്‍ ഉള്‍ച്ചേര്‍ക്കാനാവുന്ന അയവേറിയ അടവുകളും നയങ്ങളും സ്വീകരിക്കണമെങ്കില്‍ നാം സ്വയം പുതുക്കേണ്ടതുണ്ട്. ട്രേഡ് യൂണിയനുകള്‍ക്കപ്പുറം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടയിലേക്ക് ഈ ഭരണഘടനാ അട്ടിമറിയെ കൊണ്ടുവരേണ്ടതുമുണ്ട്.
ലോക്ഡൗണിനെത്തുടര്‍ന്ന് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് പ്രകാശന സാധ്യതകളൊന്നുമില്ലാത്ത ഒരു സാഹചര്യം തന്നെ ഇതിനു പറ്റിയ അവസരമായി തെരഞ്ഞെടുത്തതും  തെളിയിക്കുന്നത് തുറന്ന ഫാസിസത്തിലെക്ക് രാജ്യം പ്രവേശിച്ചുവെന്നാണ്.