P.C UNNICHEKKAN:- കൊറോണ രോഗബാധക്കെതിരെ സർക്കാർ നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിക്കുക; ഗുണമേന്മയുള്ള മാസ്ക്കുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക .
സി.പി.ഐ(എം.എല്‍)റെഡ് ഫ്ലാഗ്
കേരള സംസ്ഥാന കമ്മിറ്റി
A/102,Sree Rangom Lane,Sasthamangalam P.O,THIRUVANANTHAPURAM,,PIN 695010
തീയതി-9-3-2020
പ്രസ്ഥാവന
P.C UNNICHEKKAN- കൊറോണ രോഗബാധക്കെതിരെ സർക്കാർ നടത്തുന്ന ആരോഗ്യ പ്രവർത്തനങ്ങളോട് സഹകരിക്കുക; ഗുണമേന്മയുള്ള മാസ്ക്കുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുക .
സമീപകാലത്തൊന്നും ലോകം നേരിട്ടിട്ടില്ലാത്ത വിധത്തിലുള്ള ഒരു സാഹചര്യമാണ് 'കോവിഡ് - 19' എന്ന പകർച്ചാവ്യാധി പല രാജ്യങ്ങളിലും പടർന്നു പിടിച്ചതോടെ രൂപപ്പെട്ടിട്ടുള്ളത്. ചൈനയിൽ പ്രത്യക്ഷപ്പെട്ട രോഗകാരിയായ വൈറസ് അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ ലോകത്തെ മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിച്ചതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമായിട്ടുണ്ട്.
ഇന്ത്യയിൽ ആദ്യം രോഗം പ്രത്യക്ഷപ്പെട്ടത് കേരളത്തിലാണെങ്കിലും ശാസ്ത്രീയവും പ്രതിജ്ഞാബദ്ധവുമായ പ്രവർത്തനങ്ങളിലൂടെ ആദ്യഘട്ടത്തിലെ രോഗബാധിതരെ ചികിത്സിച്ചു ഭേദപ്പെടുത്താനും രോഗത്തിന്റെ വ്യാപനം തടഞ്ഞു നിർത്താനും കേരളത്തിനു കഴിഞ്ഞു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും വൈറസ് ബാധയുണ്ടായ രണ്ടാം ഘട്ടത്തിൽ കാര്യങ്ങൾ കുറക്കൂടി ഗൗരവതരമാണ്. കൂടുതൽ ആളുകൾക്ക് രോഗം ബാധിക്കുകയും വൈറസ് ബാധക്കു സാധ്യത വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഗൗരവത്തോടും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും പ്രവർത്തിക്കേണ്ടതുണ്ട്.
എച്ച് 1 എൻ 1, പക്ഷിപ്പനി, പന്നിപ്പനി, നീപ്പ വൈറസ് തുടങ്ങി സമീപകാലത്ത് കേരളത്തിൽ പ്രത്യക്ഷപ്പെട്ട മാരക സ്വഭാവമുള്ള രോഗങ്ങളെ ഏറെക്കുറെ ഫലപ്രദമായി തന്നെ നിയന്ത്രിച്ചു നിർത്താനും ജീവഹാനി കുറക്കാനും ചികിത്സിച്ചു ഭേദപ്പെടുത്താനും കേരളത്തിലെ ആരോഗ്യ, ചികിത്സാ സംവിധാനങ്ങൾക്കു സാധിച്ചിട്ടുണ്ട്. ഈ ആത്മവിശ്വാസം നില നിർത്തിക്കൊണ്ടു തന്നെ 'കോവിഡ്- 19' രോഗബാധക്കെതിരായ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നടത്താൻ കേരളത്തിലെ ആരോഗ്യ വകുപ്പും ആരോഗ്യ പ്രവർത്തകരുമായി പരമാവധി സഹകരിക്കണമെന്ന് ഞങ്ങൾ എല്ലാ കേരളീയരോടും അഭ്യർത്ഥിക്കുന്നു. 'കോവിഡ്- 19' വൈറസ് ബാധയെപ്പറ്റി പരിഭ്രാന്തി സൃഷ്ടിക്കുന്നതോ, അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ എല്ലാത്തരം പ്രചരണങ്ങളേയും തള്ളിക്കളയണമെന്നും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
'കോവിഡ്- 19' വൈറസ് ബാധിക്കാൻ സാധ്യതയുള്ള എല്ലായിടത്തും ഗുണമേന്മയുള്ള മാസ്കുകൾ സൗജന്യ നിരക്കിൽ വിതരണം ചെയ്യാനും മറ്റു ബോധവത്ക്കരണ നടപടികൾ ശക്തിപ്പെടുത്താനും കേരള സർക്കാർ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
പി.സി. ഉണ്ണിച്ചെക്കൻ
കേരള സംസ്ഥാന കമ്മിറ്റി സെക്രട്ടറി.