TUCI:- ബഡ്ജറ്റ്: ഫാസിസത്തിലേക്കുള്ള നരകവാതില്‍-പ്രസ്താവന


CLICK TO DOWNLOAD AS PDF

TRADE UNION CENTRE OF INDIA (TUCI)
                                        Central Committee
A-102, Sreerangam Lane, Sasthamangalam, Thiruvananthapuram. Mob: 94471 68852
                                                                                               
                                                                                                            3-2-2020

                                  ബഡ്ജറ്റ്: 

ഫാസിസത്തിലേക്കുള്ള   നരകവാതില്‍

ഇന്ത്യയുടെ സാമ്പത്തിക പരമാധികാരത്തെ വിദേശ, സ്വദേശ കുത്തകകള്‍ക്ക് അടിയറ വെയ്ക്കുന്ന വിനാശകരമായ നിര്‍ദ്ദേശങ്ങളടങ്ങുന്ന ഒരു ബഡ്ജറ്റാണ് ധനമന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ ശനിയാഴ്ച പാര്‍ലമെന്‍ററിലവതരിപ്പിച്ചത്. പൊതു ആസ്തികള്‍ വില്‍കുന്നതിലൂടെയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍ക്കുന്നതിലൂടെയും 2.10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു.
എല്‍.ഐ.സിയുടെ പത്തുശതമാനം ഓഹരി വില്‍ക്കുന്നതിലൂടെ മാത്രം 90,000 കോടി രൂപയാണ് സമാഹരിക്കപ്പെടുക. രാജ്യത്ത് നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാതെ നാടിന്‍റെ സമ്പത്ത് കൈമാറുന്ന, വിത്തെടുത്ത് കുത്തി കഞ്ഞി വെയ്ക്കുന്ന, നടപടിയാണ് സര്‍ക്കാര്‍ നടത്തുന്നത്.
രാജ്യത്തെ വന്‍കിട സ്ഥാപനങ്ങളിലൊന്നായ ബി.എസ്.എന്‍.എല്ലിലെ എണ്‍പതിനായിരത്തിലധികം തൊഴിലാളികള്‍ പടിയിറങ്ങുന്ന അതേ ദിവസം തന്നെയാണ് ബഡ്ജറ്റ് പ്രഖ്യാപനം വന്നതെന്നത് യാദൃച്ഛികമല്ല. കഴിഞ്ഞ ബഡ്ജറ്റിലും ഓഹരി വില്പനയിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കാനുള്ള പ്രഖ്യാപനം നടത്തിയ സര്‍ക്കാരിന് അതിന്‍റെ മൂന്നിലൊന്നു പോലും വില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതിന്‍റെ ഖിന്നത ബഡ്ജറ്റ് പ്രസംഗത്തില്‍ വ്യക്തവുമാണ്. ഏറെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മഹാരത്നകമ്പനിയായ ബി.പി.സി.എല്ലിനെ വിറ്റു തുലക്കാനുള്ള നീക്കത്തിനെതിരെ തൊഴിലാളികള്‍ ഒന്നടങ്കം പ്രക്ഷോഭ പാതയിലുമാണ്.
സര്‍ക്കാരിന്‍റെ ധനാഗമമാര്‍ഗ്ഗങ്ങള്‍ ഒന്നൊന്നായി അടഞ്ഞു പോവുകയും കുത്തകകള്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ പൊതുമേഖലയുടെ വില്പനയാണ് ഏകപോംവഴിയായി സര്‍ക്കാര്‍ കാണുന്നത്. സര്‍ക്കാര്‍ പിന്മടങ്ങുകയും വിപണിയുടെ അദൃശ്യകരങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന സര്‍വ്വവ്യാപിയായ സ്വകാര്യവല്‍കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതും. ലോകമെമ്പാടും ആഗോളവല്‍കരണനടപടികള്‍ ശക്തിപ്പെടുകയും അതിനെതിരായ സമരങ്ങള്‍ വ്യപാകമാവുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി റീ നാഷണലൈസേഷന്‍ എന്ന ആവശ്യവും ശക്തമായി ഉയരുമ്പോഴാണ് ഇന്ത്യ ഇത്തരം നിലപാടുമായി മുന്നോട്ട് വരുന്നതെന്നത് ശ്രദ്ധേയമാണ്.
ജനുവരി 8 ന് ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ പങ്കെടുത്ത പണിമുടക്കിനും ഗ്രാമീണ ഹര്‍ത്താലിലും നിന്നോ, സാമ്പത്തിക മേഖലയിലെ പിന്നോട്ടടിയില്‍ നിന്നോ ഒരു പാഠവും സര്‍ക്കാര്‍ പഠിച്ചില്ലെന്നതിന്‍റെ സാക്ഷ്യപത്രമാണ് ബഡ്ജറ്റ്. കാര്‍ഷിക മേഖലയുടേയോ ചെറുകിട പരമ്പരാഗത മേഖലയുടെയോ തകര്‍ച്ചയില്‍ നിന്നും അവയെ പുനഃസംഘടിപ്പിക്കുന്നതിനോ ക്രിയാത്മകമായി നിര്‍ദ്ദേശങ്ങളും നല്‍കിയില്ല. കോര്‍പറേറ്റ് മുതലാളിത്തവും സര്‍ക്കാരും സംയോജിക്കുന്ന ഫാസിസത്തിന്‍റെ പൂര്‍ണ്ണ ആവിഷ്കരണമാണ് ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളില്‍ പ്രതിഫലിക്കുന്നത്.
തൊഴിലാളി ദ്രോഹകരവും രാജ്യദ്രോഹകരവുമായ ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭ സമരങ്ങളില്‍ യോജിച്ചണിനിരക്കുവാന്‍ മുഴുവന്‍ തൊഴിലാളികളോടും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.


ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി ജനറല്‍ സെക്രട്ടറി
 ടി.യു.സി.ഐ.