P C Unnichekkan:-കേരള പോലീസിലെ അഴിമതിയും ക്രമക്കേടുകളും: സുതാര്യവും ഫലപ്രദവുമായ അന്വേഷണം നടത്തണം.
കേരള പോലീസിലെ അഴിമതിയേയും ക്രമക്കേടുകളേയും സംബന്ധിച്ച് കംപ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (സിഎജി) പുറത്തു കൊണ്ടുവന്ന വിവരങ്ങൾ പൊതു സമൂഹത്തിൽ ഏറെ ആശങ്കകളും നടുക്കവും ഉണ്ടാക്കിയിട്ടുണ്ട്. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പു വരുത്താനും അഴിമതിയും കുറ്റകൃത്യങ്ങളും തടയാനും ബാധ്യതപ്പെട്ട പോലീസ് സംവിധാനത്തിനകത്തു തന്നെ വൻതോതിലുള്ള അഴിമതിയും കുറ്റകൃത്യങ്ങളും ക്രമക്കേടുകളും തേർവാഴ്ച നടത്തുന്നുവെന്നും പോലീസ് സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്നവർ തന്നെയാണ് അതിന്റെ ഉത്തരവാദികൾ എന്നുമാണ് സി.എ.ജി ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ സുരക്ഷാ സംവിധാനത്തിനകത്ത് ഭദ്രമായിരിക്കേണ്ട തോക്കുകളും വെടിക്കോപ്പുകളും അപ്രത്യക്ഷമായിരിക്കുന്നു എന്നും അപ്രത്യക്ഷമായ ചിലതിന്റെ സ്ഥാനത്തു വ്യാജ വെടിക്കോപ്പുകൾ പകരം വച്ചിരിക്കുന്നുവെന്നും കണ്ടെത്തിയത് പോലീസ് സംവിധാനത്തിനകത്ത് അങ്ങേയറ്റം ആപത്ക്കരമായി പ്രവർത്തിക്കുന്ന ക്രിമിനലുകളുടെ ഗൂഢസംഘം നിലവിലുണ്ടെന്നതിന്റെ തെളിവാണ്. പോലീസ് സേനയുടെ നവീകരണത്തിനു മാറ്റി വച്ച പണമുപയോഗിച്ച് ആഡംബര വാഹനങ്ങൾ വാങ്ങിയതും ക്വാർട്ടേഴ്സ് പണിയാനുള്ള പണം വക മാറ്റിക്കൊണ്ട് പോലീസ് മേധാവികൾക്ക് ആഡംബര വസതികൾ പണിതതും സാധന സാമഗ്രികൾ വാങ്ങുന്നതിൽ വിജിലൻസ് കമ്മീഷൻ നിർദ്ദേശങ്ങൾ അവഗണിക്കുകയും സ്റ്റോർ പർച്ചേസ് ചട്ടങ്ങൾ ലംഘിക്കുകയും ചെയ്തു കൊണ്ട് ചില കമ്പനികളുമായി അവിഹിത ഇടപാടുകൾ ഉണ്ടാക്കിയതുമൊന്നും സാധാരണ ക്രമക്കേടുകൾ മാത്രമായി കണ്ട് തള്ളിക്കളയാവുന്നതല്ല. സി.എ.ജി. പുറത്തു കൊണ്ടുവന്ന ഈ ക്രമക്കേടുകളെപ്പറ്റി സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുകയും കുറ്റവാളികൾക്കും ക്രമക്കേടുകൾക്ക് ഉത്തരവാദികൾ ആയവർക്കുമെതിരെ, നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതിനു പകരം ഈ ക്രമക്കേടുകൾ കഴിഞ്ഞ സർക്കാരിന്റെ കാലത്തേതാണെന്നും തങ്ങൾക്ക് അതിൽ ഉത്തരവാദിത്തമില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാനുള്ള സർക്കാരിന്റെ ശ്രമം നിരുത്തരവാദപരവും അപലപനീയവുമാണ്. കേരള പോലീസ് സംവിധാനത്തിനകത്ത് സത്യസന്ധതയും പ്രവർത്തനമികവുമുള്ള ഒട്ടേറെ ഉദ്യോഗസ്ഥർ ഉണ്ടെന്നത് ഒരു സത്യമായിരിക്കുമ്പോൾ തന്നെ, ഭരണകൂടത്തിന്റെ മർദ്ദനോപകരണവും മനുഷ്യത്വരഹിതമായ ഒരു വ്യവസ്ഥയുടെ സംരക്ഷകരുമെന്ന നിലയിൽ അങ്ങേയറ്റം മർദ്ദക സ്വഭാവമുള്ള ഒരു സംവിധാനം തന്നെയായിട്ടാണ് അതു പ്രവർത്തിക്കുന്നത്. കേരള പോലീസിനകത്ത് മുരത്ത ക്രിമിനലുകൾ പ്രവർത്തിക്കുന്നുണ്ടെന്നത് ഔദ്യോഗികമായി തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള ,സത്യമാണ്. അത്തരക്കാരെ കണ്ടെത്തി നിയമപരമായ നടപടികൾ സ്വീകരിക്കുകയും ജനസേവനത്തിനുതകുന്ന ഒരു പോലീസ് നയം ആവിഷ്കരിച്ചു നടപ്പാക്കുകയും ചെയ്യുന്നതിനു പകരം പോലീസിന്റെ മനോവീര്യം തകർക്കാൻ പാടില്ലെന്ന ന്യായീകരണത്തിന്റെ പേരിൽ ലോക്കപ്പു കൊലകളും വ്യാജ ഏറ്റുമുട്ടൽ കൊലകളും കള്ളക്കേസെടുക്കലും കരിനിയമ പ്രയോഗവും ഉൾപ്പെടെ പോലീസ് സേനയുടെ ഏതു തരം അതിക്രമങ്ങളേയും ന്യായീകരിക്കുന്ന നിലപാടാണ് യു.ഡി.എഫ് സർക്കാരുകളെപ്പോലെ ഇപ്പോഴത്തെ എൽ.ഡി.എഫ് സർക്കാരും കൈക്കൊള്ളുന്നത്. ഇപ്പോൾ സി.എ.ജി. റിപ്പോർട്ട് പുറത്തുവന്നതിനു ശേഷവും അതേ സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിലുള്ള സർക്കാർ തൊഴിൽ തർക്കങ്ങളിൽ പോലീസ് ഇടപെടരുതെന്നും ജനങ്ങൾക്കെതിരായ മർദ്ദനയന്ത്രമായി പോലീസ് സേന പ്രവർത്തിച്ചു കൂടെന്നും നിഷ്ക്കർഷിക്കുന്ന പുരോഗമനപരമായ ഒരു പോലീസ് നയം ആവിഷ്ക്കരിച്ചു നടപ്പാക്കാൻ ശ്രമിച്ചിരുന്നു. അത്തരം മാതൃകകൾ പിന്തുടരുന്നതിനു പകരം പഴയ മർദ്ദകവീരന്മാരെ ഉപദേഷ്ടാക്കളാക്കിയും വംശഹത്യക്കു സാധൂകരണം നൽകിയവരെ പോലീസ് മേധാവികളാക്കിയും പാതകങ്ങൾക്കും കരിനിയമങ്ങൾക്കും ന്യായീകരണം കണ്ടെത്തിയും നടപ്പാക്കുന്ന പോലീസ് നയത്തിൽ ഇടതുപക്ഷത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങൾ യാതൊന്നുമില്ല. ഈയൊരു പശ്ചാത്തലത്തിലാണ് സി.എ.ജി. റിപ്പോർട്ട് പോലീസ് സംവിധാനത്തിലെ ചില അഴിമതികളെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അഴിമതിക്കാരെയും കുറ്റവാളികളേയും പുറത്താക്കി പോലീസ് സേനയെ ശുദ്ധീകരിക്കാനും നവീകരിക്കാനും യഥാർത്ഥ 'ജനമൈത്രി' സംവിധാനമാക്കി അതിനെ പുന:ക്രമീകരിക്കാനുമാണ് കേരള സർക്കാർ ഈ അവസരത്തെ ഉപയോഗിക്കേണ്ടത്. അല്ലാതെ, മറ്റാരെയെങ്കിലും പഴി പറഞ്ഞ് ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞു മാറാനല്ല. സി.എ.ജി. പുറത്തു കൊണ്ടുവന്ന പോലീസിലെ അഴിമതിയേയും ക്രമക്കേടുകളേയും പറ്റി വിശദവും ഫലപ്രദവുമായ അന്വേഷണം നടത്താനും കുറ്റവാളികളെ കണ്ടെത്താനും അവർ മുൻ സർക്കാരിന്റെ നടത്തിപ്പുകാരുൾപ്പെടെ രാഷ്ട്രീയത്തിലേയും ഉദ്യോഗസ്ഥ തലത്തിലേയും എത്ര ഉന്നതരായാൽ പോലും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാർ ചെയ്യേണ്ടത്.

Comments