Charles George:-മത്സ്യമേഖല: പ്രതിസന്ധിയെ അഭിസംബോധന ചെയ്യാത്ത കേന്ദ്ര ബഡ്ജറ്റ്



കേരള മത്സ്യ തൊഴിലാളി ഐക്യവേദി (TUCI)
സംസ്ഥാന കമ്മിറ്റി
രജി. നമ്പര്‍. 07-7-88

മത്സ്യമേഖല: 

പ്രതിസന്ധിയെ അഭിസംബോധന 

ചെയ്യാത്ത കേന്ദ്ര ബഡ്ജറ്റ്

ഇന്ത്യയിലെ മത്സ്യബന്ധന മേഖലയും അതുമായി ബന്ധപ്പെട്ട് ഉപജീവനം തേടുകയും ചെയ്യുന്ന ലക്ഷക്കണക്കായ മത്സ്യതൊഴിലാളികള്‍ ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്. ശനിയാഴ്ച പാര്‍ലമെന്‍റില്‍ മന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബഡ്ജറ്റ് ഈ പ്രതിസന്ധിയെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെടുകയും, അതിനെ മുറിച്ചു കടക്കാന്‍ പര്യാപ്തമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവെക്കാത്തതുമാണെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) വിലയിരുത്തുന്നു.
കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഫലമായി കേരളമടക്കമുള്ള തീരസംസ്ഥാനങ്ങളിലെ മത്സ്യമേഖലയില്‍ ഉല്പാദനം ഗണ്യമായി കുറയുകയും പരമ്പരാഗത മത്സ്യബന്ധനസമൂഹം പട്ടിണിയെ നേരിടുകയുമാണ്. ഈ മേഖലയില്‍ മത്സ്യവരള്‍ച്ചാ പാക്കേജ് അനുവദിക്കണമെന്ന ഞങ്ങളുടെ ആവശ്യം ബഡ്ജറ്റ് പരിഗണിച്ചിട്ടില്ല. അടിസ്ഥാന ഉല്പാദക വിഭാഗങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ മത്സ്യഉല്പാദന വര്‍ദ്ധനവിനെ സംബന്ധിച്ച കേവലമായ വാചാടോപങ്ങള്‍ മാത്രമാണ് ബഡ്ജറ്റിലുള്ളത്.
കടലിലെ മത്സ്യകൃഷി വര്‍ദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം ബഡ്ജറ്റിലുണ്ട്. ഉള്‍നാടന്‍ മേഖളയില്‍ മത്സ്യകര്‍ഷകരെ പ്രോത്സാഹിപ്പിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. പക്ഷെ ഇതിന്‍റെ ഉടമസ്ഥത ആര്‍ക്കെന്ന കാര്യത്തില്‍ ബഡ്ജറ്റ് ബോധപൂര്‍വ്വമായ മൗനം പാലിക്കുന്നു. അതേ സമയം സമീപകാലത്ത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മത്സ്യബന്ധന നയത്തിലും, നിയമത്തിലും ഈ മേഖലയിലെ സ്വകാര്യകുത്തകകളെ പ്രോത്സാഹിപ്പിക്കുമെന്നത് എടുത്തു പറഞ്ഞിട്ടുണ്ട്. ഉല്പാദനം വര്‍ധിപ്പിച്ച് 200 ലക്ഷം ടണ്ണാക്കുമെന്നും കയറ്റുമതി ഒരു ലക്ഷം കോടിയാക്കുമെന്നുമാണ് ബഡ്ജറ്റ് പ്രഖ്യാപനത്തിലുള്ളത്. ഉല്പാദന വര്‍ദ്ധനവ് പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങളില്‍ നടപ്പാക്കുന്ന നടപടികള്‍ മത്സ്യമേഖലയുടെ സുസ്ഥിരതയെ പ്രതികൂലമായി ബാധിച്ചതായാണ് അനുഭവം.
തൊഴില്‍ സാന്ദ്രമായ ഒരു മേഖലയെ സഹകരണവല്കരിക്കുകയോ സര്‍ക്കാര്‍ സഹായത്തോടെ പുനഃസംഘടിപ്പിക്കുകയോ, സംഭരണ വില ഉറപ്പ് നല്‍കി ഉല്പന്നങ്ങള്‍ സംഭരിക്കുകയോ ചെയ്യുന്ന ഒരു കാഴ്ചപ്പാടും ബഡ്ജറ്റിലില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഡിസംബര്‍ 12 ന് മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്‍റ് മാര്‍ച്ചും നടത്തിയിരുന്നു. എന്നിട്ടും തങ്ങളുടെ നടപടികള്‍ തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതാണ് ബഡ്ജറ്റില്‍ പ്രതിഫലിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ട് നടത്താന്‍ പോകുന്ന പ്രക്ഷോഭങ്ങളില്‍ മുഴുവന്‍ തൊഴിലാളികളും യോജിച്ചണിനിരക്കണമെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി                                                        ചാള്‍സ് ജോര്‍ജ്ജ്
3-2-2020                                             സംസ്ഥാന പ്രസിഡന്‍റ്
                              കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)