കാപികോ റിസോര്‍ട്ട് പൊളിച്ചുകളയാനുള്ള വിധി ചരിത്രവിജയം- ചാള്‍സ് ജോര്‍ജ്ജ്
കേരള
മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)
വേമ്പനാട്ട് കായലിനു നടുവിലെ നെടിയതുരുത്തില്‍ കാപികോ കമ്പനി പണിതുയര്‍ത്തിയ അമ്പതിലധികം വരുന്ന റിസോര്‍ട്ട് കെട്ടിട സമുച്ചയങ്ങള്‍ മുഴുവന്‍ പൊളിച്ചുകളയാന്‍ സുപ്രീം കോടതി ഇന്ന് ഉത്തരവായിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് 2013 ആഗസ്റ്റ് 2 ന് പുറപ്പെടുവിച്ച സുപ്രീം കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടും റിസോര്‍ട്ട് ഉടമകളുടെ വാദം നിരാകരിച്ചുകൊണ്ടുമാണ് ജസ്റ്റീസ് നരിമാന്‍ ഉത്തരവിട്ടിരിക്കുന്നത്. കേരളത്തിലെ മത്സ്യമേഖലയുടേയും വേമ്പനാട്ടുകായലിന്‍റെയും സംരക്ഷണവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകപ്രാധാന്യമുള്ള ഒരുവിധിയാണിതെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ) വിലയിരുത്തുന്നു. പരിസ്ഥിതിനിയമങ്ങളുടെ ലംഘകര്‍ക്കുള്ള കനത്ത തിരിച്ചടിയുമാണിത്.
2007 ഒക്ടോബറിലാണ് പാണാവള്ളി പഞ്ചായത്തിലെ കായലിനു നടുവിലുള്ള നെടിയതുരുത്തില്‍ കാപികോ കമ്പനി റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചത്. നിലവിലുളള ബില്‍ഡിംഗ് റൂളുകളുടേയും, തീരദേശ പരിപാലന വിജ്ഞാപനത്തിന്‍റേയും, നെല്‍വയല്‍ - നീര്‍ത്തടസംരക്ഷണ നിയമത്തിന്‍റേയും ഉള്‍നാടന്‍ ഫിഷറി നിയമത്തിന്‍റേയും നഗ്നമായ ലംഘനമാണ് സ്ഥാപനം നടത്തിയതെന്ന് വ്യക്തമാണ്. കായല്‍ നികത്തി ഭൂവിസ്തൃതി കൂട്ടിയതോടെ മത്സ്യത്തൊഴിലാളികളുടെ കായലിലുള്ള 13 ഊന്നിക്കുറ്റികളും പിഴുതു മാറ്റപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ വിശദമായി വാദം കേട്ടശേഷം ജസ്റ്റീസ് കെ.എം. ജോസഫിന്‍റേയും, ജസ്റ്റീസ് ഹരിലാലിന്‍റേയും ഡിവിഷന്‍ ബെഞ്ചാണ് 2013 ജൂലൈ 25 ന് കെട്ടിടസമുച്ചയങ്ങള്‍ പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ റിസോര്‍ട്ടുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ജസ്റ്റീസ് കെ. രാധാകൃഷ്ണനും ഏ. കെ. സിക്രിയുമടക്കമുള്ള ഡിവിഷന്‍ ബെഞ്ചും ഹൈക്കോടതി ഉത്തരവ് ശരിവെക്കുകയാണുണ്ടായത്.
വൈകിയെങ്കിലുമെത്തിയ ഈ നീതിയെ കേരളത്തിലെ മത്സ്യബന്ധനസമൂഹം സ്വാഗതം ചെയ്യുകയാണ്. നിക്ഷേപകര്‍ക്കുവേണ്ടി പരിസ്ഥിതി നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നു ശഠിക്കുന്ന കേന്ദ്ര സര്‍ക്കാരിനും പരിസ്ഥിതി സംരക്ഷണത്തിന്‍റെ പ്രാധാന്യം കുറച്ചുകാണുന്ന സംസ്ഥാന സര്‍ക്കാരിനുമുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തീരുമാനമെടുത്തതിന്‍റെ പിറ്റെ ദിവസം കോസ്റ്റല്‍ സോണ്‍ മാനേജ്മെന്‍റ് അതോറിറ്റി ചെയര്‍പേഴ്സണ്‍ പത്മാമഹന്തിയെ ആസ്ഥാനത്തു നിന്നും നീക്കം ചെയ്ത ഇടതുപക്ഷ സര്‍ക്കാരിന്‍റെ നിലപാട് അവര്‍ക്ക് അവമതിപ്പുണ്ടാക്കുന്നതാണ്.
അഞ്ചു പതിറ്റാണ്ടുകൊണ്ട് ഏഷ്യയിലെ ഏറ്റവും വലിയ ജൈവകലവറയായ വേമ്പനാട്ട് കായല്‍ മൂന്നിലൊന്നായി ചുരുങ്ങിയ ദയനീയ സാഹചര്യം നാം കാണേണ്ടതുണ്ട്. "അതീവ പ്രാധാന്യമുള്ള ഒരു പരിസ്ഥിതിലോലമേഖല"യായി വേമ്പനാടിനെ പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ തന്നെ വികസനത്തിന്‍റെ മറവില്‍ അതിനെ തകര്‍ക്കുകയാണ്.
സുപ്രീം കോടതി വിധിക്കെതിരെ മതമേലധ്യക്ഷന്മാരെയും, ഉദ്യോഗസ്ഥ മേധാവികളേയും രാഷ്ട്രീയ നേതൃത്വങ്ങളേയും രംഗത്തിറക്കുന്നതില്‍ റിസോര്‍ട്ടുടമകള്‍ വിജയിച്ചെങ്കിലും ഒടുവില്‍ നീതിയുടെ പക്ഷത്തിന് വിജയം കൈവന്നിരിക്കുകയാണ്.
അനധികൃത റിസോര്‍ട്ട് നിര്‍മ്മിതിക്കെതിരെ മത്സ്യത്തൊഴിലാളി ഐക്യവേദിയോടൊപ്പം നിലകൊണ്ട തൊഴിലാളികളേയും ബഹുജനങ്ങളേയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് ഒത്താശ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും വേമ്പനാടുകായലിന്‍റെ സംരക്ഷണത്തിനായി വിപുലമായ ജനകീയ മുന്നണി രൂപീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു.
ചാള്‍സ് ജോര്‍ജ്ജ്
കൊച്ചി സംസ്ഥാന പ്രസിഡന്‍റ്
10-1-2020 കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ)