P C UNNICHEKKAN:-പ്രസ്ഥാവന:- പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭ നടപടി സ്വാഗതാർഹം


               
സി.പി.ഐ(എം.എല്‍)റെഡ്ഫ്ലാഗ്
                 കേരള സംസ്ഥാന കമ്മിറ്റി
A/102,Sree Rangom Lane,Sasthamangalam P.O,THIRUVANANTHAPURAM,,PIN 695010
                                 തീയതി-31-12-2019
                        പ്രസ്ഥാവന
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭ        നടപടി സ്വാഗതാർഹം

ഭരണഘടനയുടെ അന്ത:സത്തക്കു വിരുദ്ധവും ജനാധിപത്യ, മതനിരപേക്ഷ നിലപാടുകളെ നിരാകരിക്കുന്നതുമായ 2019 ലെ പൗരത്വ നിയമ ഭേദഗതിയെ തള്ളിക്കളഞ്ഞുകൊണ്ട് പ്രമേയം പാസ്സാക്കിയ കേരള നിയമസഭാ നടപടിയെ സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് കേരള സംസ്ഥാന കമ്മിറ്റി ഊഷ്മളമായി സ്വാഗതം ചെയ്യുന്നു. 

പൗരത്വം നൽകുന്നതിൽ മതാടിസ്ഥാനത്തിലുള്ള വിവേചനം പാടില്ലാത്തതാണെന്നും ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പാസ്സാക്കിയ പൗരത്വ നിയമ ഭേദഗതി നമ്മുടെ ഭരണഘടനയുടെ മൗലിക പ്രമാണമായ സമത്വ തത്വത്തിന്റെ ലംഘനമാണെന്നും പ്രമേയം ശരിയായി ചൂണ്ടിക്കാട്ടുന്നുണ്ട്. 

വിവിധ ജനവിഭാഗങ്ങളുടെ ജീവിതത്തേയും സംസ്കാരത്തേയും ഉൾക്കൊണ്ടുകൊണ്ട് രൂപപ്പെട്ടതാണ് ഇന്ത്യൻ ദേശീയതയെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കപ്പെടുമെന്നു നിഷ്ക്കർഷിക്കുന്ന പൗരത്വ നിയമ ഭേദഗതിയിൽ മത-രാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്നും നിയമസഭ പാസ്സാക്കിയ പ്രമേയം എടുത്തു പറയുന്നുണ്ട്. 

ഭരണഘടന മുന്നോട്ടു വെക്കുന്ന മതനിരപേക്ഷ കാഴ്ചപ്പാടിന് കടകവിരുദ്ധമായതിനാൽ ഈ നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടാത്തതാണെന്നും രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളിൽ ആശങ്കകൾ ഉണർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് ഈ പൗരത്വഭേദഗതി നിയമം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. 

ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളെ നിരാകരിക്കുന്ന ഒരു നിയമനിർമ്മിതിയെ ഏതെങ്കിലും സാങ്കേതികത്വത്തിന്റെ പേരിൽ അംഗീകരിക്കാനോ ആ നിയമം അനുസരിക്കാനോ നടപ്പാക്കാനോ കേരള നിയമസഭക്ക് ധാർമ്മികമോ, നൈതികമോ ആയ യാതൊരു ബാദ്ധ്യതയുമില്ലെന്ന് ശരിയായി പ്രഖ്യാപിക്കുകയാണ് ഈ പ്രമേയം പാസ്സാക്കിയതിലൂടെ കേരള നിയമസഭയിലെ ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തത്. സ്വാഭാവിക നീതിയുടെ മൗലിക പ്രമാണങ്ങളെ ലംഘിക്കുന്ന നിയമങ്ങളോ, ചട്ടങ്ങളോ, ഉത്തരവുകളോ ഒക്കെ, സാങ്കേതികത്വത്തിന്റെ പേരിൽ മാത്രമായി പാലിക്കാൻ നിയമപാലകർക്കോ ഭരണ സംവിധാനങ്ങൾക്കോ ബാദ്ധ്യതയില്ലെന്ന തത്വം 1945-46 ലെ ന്യൂറംബർഗ്ഗ് വിചാരണക്കാലം മുതൽ തന്നെ ലോകം അംഗീകരിച്ചതാണ്. ഇന്ത്യൻ സുപ്രീം കോടതിയും പല സന്ദർഭങ്ങളിൽ ഇക്കാര്യം എടുത്തു പറഞ്ഞിട്ടുള്ളതാണ്. (ഉദാ: 1978 ലെ മനേകാ ഗാന്ധി vs യൂണിയൻ ഓഫ് ഇന്ത്യ കേസ് ) 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന നിയമസഭ പാസ്സാക്കിയതെന്ന നിലയിൽ ഈ പ്രമേയത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നു ഞങ്ങൾ കരുതുന്നു. പ്രമേയത്തേയും അതു പാസ്സാക്കിയ നടപടിയേയും സ്വാഗതം ചെയ്യുന്നതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഭരണഘടനാവിരുദ്ധമായ നീക്കങ്ങൾക്കെതിരെ കേരള ജനതയുടെ പ്രതിനിധികളെന്ന നിലയിൽ ശരിയായ നിലപാടെടുക്കാനും അതിൽ ഉറച്ചു നിൽക്കാനും സന്നദ്ധത കാണിക്കണമെന്നു എല്ലാ സാമാജികരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു.
പി.സി. ഉണ്ണിച്ചെക്കൻ
സെക്രട്ടറി,
സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്
കേരള സംസ്ഥാന കമ്മിറ്റി.