പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക.
ദേശീയ പൗരത്വ റജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
കേരളത്തിൽ പൗരത്വ റജിസ്റ്റർ നടപ്പാക്കില്ലെന്ന് കേരള നിയമസഭ പ്രഖ്യാപിക്കുക .
കഴിഞ്ഞ ദിവസം ലോകസഭ പാസ്സാക്കിയ പൗരത്വ ഭേദഗതി ബിൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ അട്ടിമറിക്കുന്ന ഒന്നാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനും രാജ്യത്തെ വീണ്ടുമൊരിക്കൽ കൂടി വിഭജിക്കാനും മാത്രം ഉതകുന്ന ഒരു ദുർന്നിയമമാണത്. ഇന്ത്യയെ 'ഹിന്ദു രാഷ്ട്ര'മാക്കാനുള്ള വർഗ്ഗീയ രാഷ്ട്രീയത്തിന്റെ ദുഷ്ടലാക്കാണ് ഈ നിയമനിർമ്മാണത്തിനു പിന്നിലുള്ളത്.
ആസ്സാമിൽ ഇരുപതു ലക്ഷത്തോളം ആളുകൾക്ക് പൗരത്വം നിഷേധിച്ച ദേശീയ പൗരത്വ റജിസ്റ്റർ രാജ്യമെമ്പാടും നടപ്പാക്കാനുള്ള ബി.ജെ.പി. സർക്കാരിന്റെ നീക്കം രാജ്യത്തേയും ജനങ്ങളേയും വീണ്ടുമൊരിക്കൽ കൂടി വിഭജിക്കാൻ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്.
വലിയൊരു വിഭാഗം ജനങ്ങളെ പൗരത്വത്തിൽ നിന്നും നിഷ്ക്കാസനം ചെയ്യാനും സ്വന്തം നാട്ടിൽ തന്നെ അഭയാർത്ഥികളാക്കി മാറ്റാനും ലക്ഷ്യമിടുന്ന ദേശീയ പൗരത്വ റജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ലെന്നു പ്രഖ്യാപിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും ഇതു വ്യക്തമാക്കുന്ന പ്രമേയം കേരള നിയമസഭ പാസ്സാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
പി.സി.ഉണ്ണിച്ചെക്കൻ,
കേരള സംസ്ഥാന സെക്രട്ടറി
സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ്.