CPI(ML) RED FLAG:-പ്രസ്താവന-കേരള സംസ്ഥാന കമ്മിറ്റി




സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്
കേരള സംസ്ഥാന കമ്മിറ്റിA/102 SREE RANGOM LANE SASTHAMANGALAM P.O 
THIRUVANAMTHAPURAM-10                                                      2019 നവം.21
പ്രസ്താവന                                                തിരുവനന്തപുരം
സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗിനെ തീവ്രവാദ സംഘടനയായി ചിത്രീകരിക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം.


എല്ലാത്തരം തീവ്രവാദങ്ങളേയും ശക്തമായി എതിർക്കുകയും ജനാധിപത്യപരമായി രാഷ്ടീയ പ്രവർത്തനം നടത്തുകയും ചെയ്തു പോരുന്ന സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗിനെ തീവ്രവാദ പ്രസ്ഥാനമായും മാവോയിസ്റ്റ് ഫ്രണ്ട് ഓർഗനൈസേഷനായും ചിത്രീകരിച്ചു കൊണ്ട് ചില മാധ്യമങ്ങൾ വാർത്തകൾ നൽകുന്നതിൽ ഞങ്ങൾ ശക്തമായി പ്രതിഷേധിക്കുന്നു.


1985 മുതൽ കേരളമുൾപ്പെടെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചു പോരുന്ന സി.പി.ഐ.(എംഎൽ) റെഡ് ഫ്ലാഗ് എല്ലാത്തരം തീവ്രവാദങ്ങളേയും ശക്തമായി എതിർക്കുന്ന രാഷ്ട്രീയ പാർട്ടിയാണ്. 1987 മുതലുള്ള അതിന്റെ ചരിത്രത്തിലൊരിക്കലും തീവ്രവാദപരമെന്നു വിശേഷിപ്പിക്കാവുന്ന യാതൊരു പ്രവർത്തനത്തിലും പാർട്ടി പങ്കാളിയായിട്ടില്ല. പാർട്ടിയുടെ ഒരു പ്രവർത്തകനെ പോലും അത്തരം പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റു ചെയ്തിട്ടില്ല.


ഭരണകൂടം പിന്തുടർന്നു പോരുന്ന ആഗോളീകരണ നയങ്ങളേയും മൂലധനശക്തികളുടെ ചൂഷണപദ്ധതികളേയും വർഗ്ഗീയതയും ജാതീയ, ലിംഗവിവേചനങ്ങളും ഉൾപ്പെടെയുള്ള സമൂഹ വിരുദ്ധ നടപടികളേയും മനുഷ്യാവകാശ ലംഘനങ്ങളേയും പരിസ്ഥിതി വിനാശത്തേയുമൊക്കെ തുറന്നു കാട്ടുകയും അവക്കെതിരെ തികച്ചും ജനാധിപത്യപരമായി പ്രചരണ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയുമാണു പാർട്ടി ചെയ്യുന്നത്. ഭൂരിപക്ഷ വർഗ്ഗീയതക്കെതിരെ ശക്തമായ നിലപാടു സ്വീകരിക്കുമ്പോൾ തന്നെ ഇതര വർഗ്ഗീയതകളോടൊന്നും മൃദുസമീപനമോ വിട്ടുവീഴ്ചയോ കാണിക്കാത്ത കറകളഞ്ഞ മതനിരപേക്ഷതയാണ് സി.പി.ഐ.(എം.എൽ) റെഡ്ഫ്ലാഗ് എക്കാലത്തും പുലർത്തിപ്പോന്നിട്ടുള്ളത്.ഈ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ചു കൊണ്ട് പഞ്ചായത്തു മുതൽ പാർലമെൻറു വരെയുള്ള ജനാധിപത്യ വേദികളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും പാർട്ടി പങ്കെടുക്കാറുണ്ട്. മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രത്യയശാസ്ത്രപരവും പ്രായോഗികവുമായ നിലപാടുകളെ പാർട്ടി എക്കാലത്തും വിട്ടുവീഴ്ചയില്ലാതെ വിമർശിച്ചിട്ടുണ്ട്.


യാഥാർത്ഥ്യം ഇതായിരിക്കുമ്പോഴും സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ് മാവോയിസ്റ്റുകളുടെ മുന്നണി സംഘടന (ഫ്രണ്ട് ഓർഗനൈസേഷൻ) യാണെന്നു ചിത്രീകരിക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുകയാണ്. വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവും മാത്രമല്ല, അപകീർത്തികരവും ദുരുപദിഷ്ടവും കൂടിയാണ് ഈ പരാമർശങ്ങൾ . ഇതിനോട് പാർട്ടി ശക്തമായി പ്രതിഷേധിക്കുകയും ഇത്തരം കുപ്രചരണങ്ങൾ നടത്തുന്ന മാധ്യമങ്ങൾ അതിൽ നിന്നും പിന്തിരിയണമെന്നു് ആവശ്യപ്പെടുകയും ചെയ്യുന്നു.


പി.സി. ഉണ്ണിച്ചെക്കൻ


സെക്രട്ടറി