P C UNNICHEKKAN::-അട്ടപ്പാടി 'ഏറ്റുമുട്ടൽ' കൊല: ജുഡീഷ്യൽ അന്വേഷണം നടത്തണം.




സി.പി.ഐ. (എം.എൽ) റെഡ് ഫ്ലാഗ്, കേരള സംസ്ഥാന കമ്മിറ്റി

              അട്ടപ്പാടി 'ഏറ്റുമുട്ടൽ' കൊല:
     ജുഡീഷ്യൽ     അന്വേഷണം  നടത്തണം.
        - പി.സി.ഉണ്ണിച്ചെക്കൻ,

പാലക്കാട് ജില്ലയിൽ അട്ടപ്പാടിയിലെ മഞ്ചക്കണ്ടി വനമേഖലയിൽ മാവോയിസ്റ്റുകളെന്ന് ആരോപിച്ച് നാലു പേരെ വെടിവച്ചു കൊന്ന കേരള പോലീസിലെ പ്രത്യേക വിഭാഗമായ 'തണ്ടർബോൾട്ടി'ന്റെ നടപടി എല്ലാ നിയമവ്യവസ്ഥകളേയും നിരാകരിക്കുന്ന കുറ്റകൃത്യമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണത്തിൻ കീഴിൽ നടന്ന ഈ അരുംകൊല അങ്ങേയറ്റം പ്രതിഷേധാർഹമാണ്. മുഴുവൻ കേരളീയരുടേയും നീതിബോധത്തേയും ജനാധിപത്യ സങ്കല്പങ്ങളേയും അവഹേളിക്കുന്ന ഈ കൊലപാതകത്തെ സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ് കേരള സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു. ഈ കൊലപാതകങ്ങളെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അതിനുത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ സർക്കാരിനോട് ആവശ്യപ്പെടുന്നു.

സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിലമ്പൂരിലും (നവംബർ 2016) വൈത്തിരിയിലും ( മാർച്ച് 2019) ഇപ്പോൾ അട്ടപ്പാടിയിലുമായി ഏഴു പേരാണ് തണ്ടർബോൾട്ടിന്റെ വെടിയുണ്ടകൾക്കിരയായിട്ടുള്ളത്. ആദ്യത്തെ രണ്ടു സ്ഥലങ്ങളിലും നടന്നത് യഥാർത്ഥ ഏറ്റുമുട്ടലുകളായിരുന്നു എന്നു സ്ഥാപിക്കാനുതകുന്ന യാതൊരു വസ്തുതകളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ പോലീസിനോ സർക്കാരിനോ സാധിച്ചിട്ടില്ല. കൊലപാതകം നടന്ന സ്ഥലത്തേക്ക് സ്വതന്ത്രമാധ്യമ പ്രവർത്തകരോ, പൗരാവകാശ പ്രവർത്തകരോ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കളോ സഹപ്രവർത്തകരോ ആയ ആളുകളെ പ്രവേശിക്കാൻ പോലീസ് അനുവദിച്ചിട്ടില്ല. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ ഉണ്ടാവുമ്പോൾ മജിസ്ട്രേറ്റു തല അന്വേഷണം നടത്തണമെന്നും എഫ് ഐ ആർ റജിസ്റ്റർ ചെയ്ത് അനന്തര നടപടികൾ സ്വീകരിക്കണമെന്നുമുള്ള സുപ്രീം കോടതി നിർദ്ദേശങ്ങളൊന്നും നിലമ്പൂർ, വൈത്തിരി കൊലപാതകങ്ങളുടെ കാര്യത്തിൽ, വിശ്വസനീയമായ രീതിയിൽ നടപ്പാക്കപ്പെട്ടിട്ടില്ല.

ഇപ്പോൾ 'ഏറ്റുമുട്ടൽ കൊല' നടന്ന അട്ടപ്പാടി ഉൾപ്പെടെ കേരളത്തിലൊരിടത്തും തന്നെ മാവോയിസ്റ്റുകളും പോലീസും തമ്മിൽ സായുധമായ ഏറ്റുമുട്ടൽ നടക്കാനുള്ള യാതൊരു സാഹചര്യവും നിലവിലില്ലാതിരിക്കുമ്പോൾ, മഞ്ചക്കണ്ടിയിലെ നാലു പേരുടെ കൊലപാതകം നടന്നത് വ്യാജഏറ്റുമുട്ടലിലാണെന്നു വേണം കരുതാൻ. മിക്കവാറും എല്ലാ വ്യാജ ഏറ്റുമുട്ടൽ കൊലകളിലേയും പോലെ തന്നെ, ഇവിടേയും പോലീസിന് ഒരു പോറൽ പോലും ഏൽക്കാതിരിക്കുകയും ഇരകൾ ഏകപക്ഷീയമായി കൊല്ലപ്പെടുകയുമാണു ചെയ്തിട്ടുള്ളത്.

രാഷ്ടീയമായി വിയോജിക്കുന്നവരെ വെടിവച്ചു കൊല്ലുന്ന രീതി ഫാസിസത്തിന്റേതാണ്; ജനാധിപത്യത്തിന്റേതോ, ഇടതുപക്ഷത്തിന്റേതോ അല്ല. മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്രസർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ ഗ്രീൻ ഹണ്ടെ'ന്ന സൈനിക കടന്നാക്രമണ പരിപാടി സംസ്ഥാന പോലീസ് മൂന്നാമതും ആവർത്തിച്ചിരിക്കുകയാണ് അട്ടപ്പാടിയിൽ.

അട്ടപ്പാടിയിലെ 'ഏറ്റുമുട്ടൽ' കൊലപാതകത്തെപ്പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും പൗരാവകാശ പ്രവർത്തകരും സ്വതന്ത്ര മാധ്യമ പ്രവർത്തകരും കൂടി ഉൾപ്പെട്ട പൊതു സമൂഹത്തിനു കൂടി ബോധ്യപ്പെടുന്ന വിധത്തിൽ സുതാര്യവും സത്യസന്ധവുമായ അന്വേഷണം നടത്തണ മെന്നും നിയമലംഘനം നടത്തിയിട്ടുള്ള ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കണമെന്നും ഞങ്ങൾ കേരള സർക്കാരിനോട് ഒരിക്കൽ കൂടി ആവശ്യപ്പെടുന്നു.

 കേരള സർക്കാരിനു മുന്നിൽ ഈ ആവശ്യങ്ങൾ കൂടുതൽ ശക്തമായി ഉന്നയിക്കാൻ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

പി.സി.ഉണ്ണിച്ചെക്കൻ, സെക്രട്ടറി,
സി.പി.ഐ. (എം.എൽ) റെഡ് ഫ്ലാഗ്, കേരള സംസ്ഥാന കമ്മിറ്റി