ഇടതുപക്ഷം: വേണം ഒരാത്മ പരിശോധന.. ഭൗതിക പരിശോധനയും -ചാള്‍സ് ജോര്‍ജ്ജ്- ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ (ടി.യു.സി.ഐ.) ജനറല്‍ സെക്രട്ടറി
ഇടതുപക്ഷം: വേണം ഒരാത്മ പരിശോധന.. ഭൗതിക പരിശോധനയും
-ചാള്‍സ് ജോര്‍ജ്ജ് ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ
(ടി.യു.സി.ഐ.) ജനറല്‍ സെക്രട്ടറി
17-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ എന്‍.ഡി.എ. മുന്നണി ഭരണത്തുടര്‍ച്ച നിലനിര്‍ത്തിയിരിക്കുകയാണ്. അഞ്ചുമാസം മുമ്പ് നടന്ന തെരഞ്ഞെടുപ്പില്‍ ഛത്തീസ്ഗഡിലെ ആദിവാസിയും, ദില്ലി-രാജഹാരയിലെ ഖനിത്തൊഴിലാളിയും, ഭോപ്പാല്‍ തെരുവിലെ അന്ധയാചകനും, ജെയ്പൂരിലെ ചെരുപ്പുകുത്തിയും ചൂണ്ടാണിവിരലിലെ മഷിപ്പാടുകൊണ്ട് നിഷ്ക്കാസനം ചെയ്ത അതേ ഭൂമികയില്‍ പ്രതികാരാവേശത്തോടെ അവര്‍ തിരിച്ചെത്തിയിരിക്കുകയാണ്. നോട്ടു നിരോധനവും, ജി.എസ്.ടി.യും, കാര്‍ഷിക ആത്മഹത്യകളും, തൊഴിലില്ലായ്മയും വര്‍ഗ്ഗീയ ലഹളകളും സൃഷ്ടിച്ച സാമൂഹിക-രാഷ്ട്രീയ പ്രതിസന്ധിക്ക് ഏകചാലക അനുവര്‍ത്തിത്വനയത്തിലൂടെ വളര്‍ത്തിയെടുത്ത നേതാവിലൂടെ അവര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു. ജനതയുടെ തെരഞ്ഞെടുപ്പെന്നതിനേക്കാള്‍ സാര്‍വ്വദേശീയ മൂലധനത്തിന്‍റെ തെരഞ്ഞെടുപ്പ് വിജയമാണിത്. 1971 ലെ ബംഗ്ലാദേശ് യുദ്ധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ പ്രത്യക്ഷപ്പെട്ട തരംഗങ്ങളില്‍ പലതിനും രാഷ്ട്രീയ യുക്തിയില്ലെങ്കില്‍ക്കൂടി അവ തരംഗങ്ങളായിരുന്നു. തുടര്‍ന്നു നടന്ന തെരഞ്ഞെടുപ്പുകളില്‍ തരംഗസൃഷ്ടാക്കള്‍ പരാജയപ്പെട്ടുവെന്നതിന് 1977 ലേയും 1989 ലേയും തെരഞ്ഞെടുപ്പുകള്‍ സാക്ഷി.
ഇത്തവണത്തെ തെരഞ്ഞെടുപ്പു ഫലങ്ങള്‍ മുന്‍ തരംഗങ്ങളേക്കാള്‍ ഭീതിയുണര്‍ത്തുന്നതോ കൂടുതല്‍ അപകടകരമോ ആണ്. ഭരണഘടനയെ തൊട്ടുവണങ്ങിയാണ് പുതിയ പ്രധാനമന്ത്രി മെയ് 26 ന് പാര്‍ലമെന്‍റ് ഹാളിലെത്തിയതെങ്കിലും ഭരണഘടനയോടോ, ഭരണഘടനാ സ്ഥാപനങ്ങളോടോ, ജനാധിപത്യ സ്ഥാപനങ്ങളോടോ എന്തിനധികം തെരഞ്ഞെടുപ്പ് പ്രക്രിയയോടു തന്നെയോ എന്തെങ്കിലും കൂറ് അവര്‍ പുലര്‍ത്തുന്നില്ല എന്നത് വ്യക്തമാണ്. വരാനിരിക്കുന്ന നാളുകളില്‍ ഇന്ത്യ നേരിടുന്ന പ്രധാന അപകടം വലതുപക്ഷ ഹിന്ദുത്വ ഫാസിസമാണെന്ന ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ വീക്ഷണം അന്വര്‍ത്ഥമാകുന്ന സാഹചര്യമാണിത്.
ഇന്ത്യയില്‍ കടന്നുവരുന്നത് ഇറ്റലിയിലേയോ, ജര്‍മ്മനിയിലേയോ ഫാസിസത്തിന്‍റെ ലക്ഷണ സംയുക്തമായ നേര്‍പകര്‍പ്പാകണമെന്നില്ല. എന്നാല്‍ സാമ്രാജ്യഘട്ടത്തിലെ മുതലാളിത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന രാഷ്ട്രീയ രൂപമാണ് ഫാസിസമെന്നത് ഇന്ത്യയ്ക്കും ബാധകമാണ്. ഇരുപതാം നൂറ്റാണ്ടിലെ പ്ലേഗ് എന്ന് തോമസ്മന്‍ വിശേഷിപ്പിച്ച ഒന്നാംലോകയുദ്ധം സൃഷ്ടിച്ച സാമ്പത്തിക കുഴപ്പങ്ങളും, ദേശരാഷ്ട്രത്തിന് അപമാനം സൃഷ്ടിച്ച വേഴ്സയില്‍ കരാറും, തൊഴിലില്ലായ്മയും, സോവിയറ്റുയൂണിയനിലെ വിപ്ലവത്തെ തുടര്‍ന്നുള്ള വിപല്‍സാദ്ധ്യതകളും സങ്കുചിതമായ ദേശീയതാ ബോധത്തിലേക്കും ശക്തനായ ഭരണാധികാരിയുടെ ആവശ്യകതയിലേക്കും ഇറ്റലിയേയും ജര്‍മ്മനിയേയും നയിച്ചു. ഒന്നാം ലോകയുദ്ധത്തിനുശേഷം വിയന്ന തെരുവുകളിലൂടെ അലക്ഷ്യമായി നടന്നുപോയ ഖിന്നനും നിരാശനുമായ സൈനികനില്‍ നിന്നും ജനങ്ങളില്‍ വെറുപ്പിന്‍റേയും പകയുടെയും അഗ്നി പടര്‍ത്തിയ നായകനെന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ വിശേഷിപ്പിച്ച അവസ്ഥയിലേക്ക് ഹിറ്റ്ലറെ എത്തിച്ചത് ഈ സാഹചര്യമാണ്. ജര്‍മ്മനിയില്‍ കുത്തക കമ്പനികളായ ഫ്രെഡറിക് കാള്‍ഫ്ളിക്, ഐ.ജി.ഫാര്‍ബന്‍, തിസ്സന്‍, ക്രപ്പ്, കാര്‍ഡിഫ് തുടങ്ങിയവരായിരുന്നു ഹിറ്റ്ലറുടെ അടിത്തറ. ദിമിത്രോവ് പറഞ്ഞതുപോലെ മൂലധനവാഴ്ചയുടെ വക്താവാകുന്നതോടൊപ്പം നഗരങ്ങളിലെ അരക്ഷിതരായ യുവതയുടെ ഭ്രമാത്മകമായ ഉയിര്‍ത്തെഴുന്നേല്പിനേയും ഫാസിസം പ്രതീകവല്‍ക്കരിച്ചു. രാഷ്ട്രീയ അപരന്മാരുടെ ഭീഷണിയെ നേരിടുന്നതിന് കരുത്തനായ ഒരു ഭരണാധികാരിയുണ്ടെന്ന കപടാവബോധം സൃഷ്ടിക്കുന്നതിലുള്ള ഫാസിസത്തിന്‍റെ വിജയമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പു ഫലത്തിലും പ്രതിപലിക്കുന്നത്.
ഉജ്ജ്വലമായ ചെറുത്തുനില്‍പുകള്‍ സൃഷ്ടിക്കപ്പെട്ടു, പൊതുതെരഞ്ഞെടുപ്പുന്‍റെ കേളികൊട്ടും സെമി ഫെനലുമായി വശേഷിപ്പിക്കപ്പെട്ട അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും വിജിച്ചു, തെരഞ്ഞെടുപ്പ് റാലികളില്‍ ജനലക്ഷങ്ങളെ രാഹുലും പ്രിയങ്കയും അഭിസംബോധന ചെയ്തു. എന്താ നിങ്ങടെ പരിപാടി? എന്ന ചോദ്യത്തിന് സാമൂഹ്യക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച പ്രകടനപത്രികകൊണ്ട് മറുപടിയും നല്‍കി. എന്നാല്‍ ആരാ നിങ്ങളുടെ നേതാവ്? എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പിന് ശേഷം എന്ന മറുപടി ജനത്തിന് തൃപ്തികരമായില്ല. ഫാസിസത്തെ നേരിടുന്നതിന് ദേശീയ താല്പര്യങ്ങള്‍ക്കു പകരം സംസ്ഥാന താല്പര്യങ്ങള്‍ക്കു കീഴ്പ്പെട്ടതും, അയവേറിയ ഐക്യമുന്നണി സമീപനങ്ങള്‍ സ്വീകരിക്കുന്നതിലും കോണ്‍ഗ്രസിന് സംഭവിച്ച വീഴ്ചയ്ക്ക് അവര്‍ക്ക് വലിയ വിലകൊടുക്കേണ്ടിവന്നിരിക്കുകയാണ്.
ഇടതുപക്ഷത്തിന് സംഭവിക്കുന്നത്
ഉയര്‍ന്നുവരുന്ന ഫാസിസ്റ്റ് വാഴ്ചയെ സംബന്ധിച്ചും അതിനെതിരായ തെരഞ്ഞെടുപ്പ് സമീപനത്തെ സംബന്ധിച്ചും ഉള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ വിലയിരുത്തലും പാളിപ്പോയി എന്ന വിലയിരുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഉയര്‍ന്നുവന്ന തൊഴിലാളികളുടേയും കര്‍ഷകരുടേയും വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക് അവര്‍ക്കു നേതൃത്വം നല്കാനായി. വര്‍ഗ്ഗിയതയ്ക്കും, പുത്തന്‍ സാമ്പത്തിക നയത്തിനും എതിരെ സ്ഥിരചിത്തതയോടെ അവര്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ആഗോളവല്‍ക്കരണം ഇവിടെ നടപ്പാക്കപ്പെടുക വര്‍ഗ്ഗീയ ഫാസിസത്തിന്‍റെ രൂപത്തിലാണ് എന്ന കേന്ദ്ര രാഷ്ട്രീയത്തെ അത് തമസ്ക്കരിച്ചു. ഫാസിസത്തെ കേന്ദ്രതലത്തിലാണ് ചെറുക്കേണ്ടത് എന്ന പ്രാഥമിക പാഠത്തെ നിസ്സാരവല്‍ക്കരിച്ചുകൊണ്ട് സംസ്ഥാന അടിസ്ഥാനത്തിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള ബലാബലത്തിലുമാക്കി അതിനെ പരിമിതപ്പെടുത്തി. അടവുപരമായ ഈ നയത്തിന്‍റെ പാളിച്ചമൂലം തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സ്വാധീനം പോലും അതിനിന്ന് നഷ്ടമായിരിക്കുകയാണ്.
ഈ ഒരു പശ്ചാത്തലത്തില്‍ വേണം കേരളത്തിലും എല്‍.ഡി.എഫി നുണ്ടായ പിന്നോട്ടടിയെ വിലയിരുത്താന്‍. തെരഞ്ഞെടുപ്പിലെ പരാജയവും ഒരു തരംഗം തന്നെയായിരുന്നു. വടക്ക് യു.പി.എയ്ക്ക് സംഭവിച്ചതെന്തോ അത് ഇവിടെ എല്‍.ഡി.എഫിനും സംഭവിച്ചു. ശക്തമായ സംഘടനാ സംവിധാനവും എതിരാളികള്‍ അസൂയപ്പെടുന്ന പ്രചരണപാടവവും വിഭവ അടിത്തറയും ഉണ്ടായിട്ടും തെരഞ്ഞെടുപ്പില്‍ അത് വോട്ടായി മാറിയില്ല. സെപ്തംബര്‍ 28 ന് ശബരിമലയെ സംബന്ധിച്ച സുപ്രീംകോടതി വിധി വന്നതിന്‍റെ പിറ്റെയാഴ്ച തെരുവിലേക്കിറങ്ങിയ ഇടതുപക്ഷ സംഘാടകര്‍ പിന്നീട് വീട്ടിലെത്തിയത് ഏപ്രില്‍ 25 ന് ബൂത്തുതല വിലയിരുത്തല്‍ റിപ്പോര്‍ട്ടു നല്‍കിയശേഷമാണ്. നിരന്തരമായ ക്യാമ്പയിനുശേഷവും ഫാസിസത്തെ എതിര്‍ക്കുന്നതിന് വളഞ്ഞു മൂക്കു പിടിക്കേണ്ടതുണ്ടോ എന്ന വോട്ടറുടെ ലളിത യുക്തിക്കുമുന്നില്‍ ഉത്തരം നല്‍കാനാവാതെ അവര്‍ക്ക് പകച്ചു നില്‍ക്കേണ്ടി വന്നു എന്നത് ഒരു വസ്തുതയാണ്.
ശബരിമല, ന്യൂനപക്ഷ ഏകീകരണം, അക്രമരാഷ്ട്രീയം, രാഹുല്‍ പ്രഭാവം, പ്രവര്‍ത്തനശൈലി എന്നിങ്ങനെയുള്ള ഘടകങ്ങളിലേക്ക് പരാജയ കാരണത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും, മാധ്യമങ്ങളും, പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിലെ തരംഗം സൃഷ്ടിക്കുന്നതില്‍ ഇവയൊന്നിച്ചോ, വേറിട്ടോ പങ്കുവഹിച്ചിട്ടുണ്ട്. പല തെരഞ്ഞെടുപ്പുകളിലും ലളിതയുക്തിക്കു വഴങ്ങാത്ത ഇത്തരം ആത്മനിഷ്ട ഘടകങ്ങള്‍ പങ്കുവഹിക്കാറുമുണ്ട്. പക്ഷേ പ്രത്യക്ഷത്തില്‍ കാണുന്ന ഈ വിഷയങ്ങളുടെ അന്തര്‍ധാര (സന്ദര്‍ഭം എന്ന സിനിമയില്‍ ശങ്കരാടി പറയുന്നപോലെ)യായി വര്‍ത്തിക്കുന്ന ഘടകങ്ങളും ഇഴപിരിച്ചു പരിശോധിക്കുകയും അവയുടെ ഭൗതിക അടിത്തറ വിശകലനം ചെയ്യുകയും ചെയ്യേണ്ടതും പ്രധാനമാണ്.
കേരളം കടുത്ത ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇതോടൊപ്പം 2008 മുതല്‍ ആരംഭിച്ച പൊതുസാമ്പത്തിക കുഴപ്പത്തിന്‍റെ ഘടകങ്ങള്‍ കേരളത്തിലെ ഉല്പാദക-തൊഴില്‍ മേഖലകളെ എല്ലാതലത്തിലും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനുള്ള പരിഹാരമെന്ന നിലയിലും ചെറുത്തുനില്‍പിനുള്ള ചാലകശക്തിയായും ഉല്പാദക വിഭാഗങ്ങളും, തൊഴിലാളികളും, പ്രതീക്ഷയോടെ ഉറ്റുനോക്കുന്നതും ഇടതുപക്ഷത്തെ തന്നെയാണ്. ഇതിലുണ്ടാകുന്ന വിശ്വാസ തകര്‍ച്ചയാണ് ആചാരം, വിശ്വാസം, ന്യൂനപക്ഷ ആശങ്ക തുടങ്ങിയ അപ്രധാന ഘടകങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതും. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പു ഫലവുമായി കൂടി ബന്ധപ്പെടുത്തി നമുക്കിക്കാര്യം പരിശോധിക്കാം.
കേരളത്തിലെ 20 ലോകസഭാ മണ്ഡലങ്ങളില്‍ 12 തീരദേശമണ്ഡലങ്ങളുണ്ട്, ഇതില്‍ 49 അസംബ്ലി മണ്ഡലങ്ങളുമുള്‍പ്പെടും. 2016 ല്‍ ഇതിലെ 38 മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഇടതുപക്ഷത്തെയാണ് പിന്തുണച്ചതും. യു.ഡി.എഫിന് കേവലം 10 എണ്ണത്തില്‍ മാത്രമാണ് വിജയിക്കാനായത്. ഒന്നില്‍ ബി.ജെ.പിയും വിജയിച്ചു. മലപ്പുറത്തെ തിരൂര്‍ മണ്ഡലം കഴിഞ്ഞാല്‍ ഒരു യു.ഡി.എഫ് എം.എല്‍.എ. യെ കാണാനാവുക ഹരിപ്പാടാണ് (രമേശ് ചെന്നിത്തല). ഇത്തവണ കാര്യങ്ങള്‍ തിരിച്ചാണ്സംഭവിക്കുന്നത്. യു.ഡി.എഫ് മേധാവിത്തം പത്തില്‍ നിന്നും 41 ആയി വര്‍ദ്ധിച്ചപ്പോള്‍ എല്‍.ഡി.എഫ് പ്രാതിനിധ്യവും 38 ല്‍ നിന്നും 7 ആയി കുറഞ്ഞിരിക്കുകയാമ്. തലശ്ശേരി കഴിഞ്ഞാല്‍ എല്‍.ഡി.എഫിന് മേല്‍ക്കൈയുള്ള മണ്ഡലത്തിലേക്കെത്താന്‍ ചേര്‍ത്തല വരെ യാത്രചെയ്യണം. കായംകുളം കഴിഞ്ഞാല്‍ തെക്കോട്ട് പ്രാതിനിധ്യവുമില്ല. കേരളത്തിലെ ഏറ്റവും അടിസ്ഥാനമേഖലയില്‍പ്പെടുന്ന ഒരു ജനത എല്‍.ഡി.എഫിനെ എന്തുകൊണ്ട് കൈവിട്ടുവെന്നത് ചിന്തിക്കേണ്ട വിഷയമാണ്.
രണ്ടു വര്‍ഷത്തിനിടയില്‍ സംഭവിച്ച ഓഖിയും പ്രളയവും എന്ന ലളിതമായ ഒരുത്തരം നമുക്കു പറയാനുണ്ടാകും. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മത്സ്യമേഖല കനത്ത ഒരു തകര്‍ച്ചയെ അഭിമുഖീകരിക്കുകയാണ്. മത്സ്യോല്പാദനം കുത്തനെ ഇടിഞ്ഞു. കേരളത്തില്‍ കടലില്‍ പോകുന്ന സജീവ മത്സ്യത്തൊഴിലാളികള്‍ 1,45,000 പേര്‍ വരുമെന്നാണ് ഏകദേശ കണക്ക്. ഇതില്‍ പരമ്പരാഗത മേഖലയില്‍പ്പെട്ട 1,11,000 പേരും മത്തി എന്ന ചാളയെ പിടിച്ചാണ് ഉപജീവനം നടത്തുന്നത്. 2012 ല്‍ കേരളം 8.39 ലക്ഷം ടണ്‍ മത്സ്യം പിടിച്ചതില്‍ 3.99 ലക്ഷം ടണ്ണും മത്തിയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ മത്തിയുടെ ഉല്പാദനം കുത്തനെ ഇടിഞ്ഞ് കേവലം 48,000 ടണ്ണിലെത്തി. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വലിയ വള്ളങ്ങള്‍ 80 ലക്ഷം രൂപ മുതല്‍ ഒരു കോടിവരെ ചെലവാക്കിയിട്ടാണ് നീറ്റിലിറക്കുന്നത്. മീന്‍ കിട്ടിയാലും ഇല്ലെങ്കിലും ഒരു വള്ളത്തിന് പ്രതിവര്‍ഷം തേയ്മാനച്ചെലവും പലിശ വിഹിതവുമായി 10 മുതല്‍ 20 ലക്ഷം രൂപ വരെ ചെലവാക്കേണ്ടതുണ്ട്. മത്സ്യം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ഓരോ മത്സ്യബന്ധന യൂണിറ്റും കടക്കെണിയിലകപ്പെടുകയും അവരുടെ കുടുംബങ്ങളില്‍ പലിശപ്പട്ടിണി പടിയേറുകയുമാണ്. തീരദേശത്തിന് ഒരു മത്സ്യ വറുതി പാക്കേജ് അനുവദിക്കണമെന്ന് ഈ രംഗത്തെ ഗവേഷണ സ്ഥാപനങ്ങള്‍ കണക്കു നരിത്തി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഫിഷറീസ് വകുപ്പുമന്ത്രി വിളിച്ചു ചേര്‍ക്കുന്ന യോഗങ്ങളില്‍ ഈ ലേഖകനടക്കമുള്ളവര്‍ തുടര്‍ച്ചയായി ഈ ആവശ്യം ഉന്നയിച്ചു. ഹൈബി ഈഡന്‍ രണ്ടുതവണയെങ്കിലും ഈ വിഷയം അസംബ്ലിയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായി അവതരിപ്പിച്ചു. എന്നാല്‍ ഈ ആവശ്യങ്ങളും രോദനങ്ങളും ബധിര കര്‍ണ്ണങ്ങളിലാണ് പതിച്ചതെന്നത് വേദനാകരമാണ്. തീരത്തു കയറ്റിവച്ചിരിക്കുന്ന തോണിയുടെ തണലിലിരുന്ന് ചീട്ടുകളിക്കുന്നവര്‍ക്ക് ആചാര ലംഘനവും, ഭരണവിരുദ്ധ വികാരവും പ്രധാനമായി മാറുന്നത് ഇതുകൊണ്ടാണ്. പ്രളയത്തിലെ രക്ഷകരായ കേരളത്തിന്‍റെ സ്വന്തം സൈന്യത്തിന് മുഖ്യമന്ത്രി ബിഗ്സല്യൂട്ട് മാത്രം നല്‍കുമ്പോള്‍ പ്രത്യഭിവാദനം ഈ രൂപത്തിലാവുക സ്വാഭാവികം മാത്രമാണ്.
കേരളത്തിലെ മലയോര അസംബ്ലിമണ്ഡലങ്ങള്‍ 24 എണ്ണം വരും. നാണ്യവിള, തോട്ടം മേഖലയടക്കം മുപ്പതോളം അസംബ്ലി സെഗ്മെന്‍റുകളുണ്ട്. കഴിഞ്ഞ ഒന്നര ദശാബ്ദമായി ഈ മേഖലയിലെ പ്രതിസന്ധിയും കുഴപ്പവും മാറ്റമേതുമില്ലാതെ തുടരുകയുമാണ്. പതിറ്റാണ്ടിനു മുമ്പ് പീരുമേട്ടിലെ അടച്ചു പൂട്ടിയ പശുമലൈ എസ്റ്റേറ്റിലെ തൊഴിലാളിയായ മാരി ശെല്‍വത്തിന്‍റെ മകള്‍ വേളാങ്കണ്ണി എന്ന വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ നമ്മുടെ മനസ്സാക്ഷിയെ ഉലച്ചുകളഞ്ഞു. 2016 ലെ തെരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിലെ പേരാവൂരില്‍ നിന്നും കൃഷ്ണന്‍ നായര്‍ എന്ന കര്‍ഷകന്‍ ധനമന്ത്രിയായിരുന്ന മന്ത്രി മാണിയുടെ നിയോജകമണ്ഡലമായ പാലയിലെ മുന്നിലവിലെത്തി മരക്കൊമ്പില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തത് മേഖലയുടെ പ്രതിസന്ധിയോടുള്ള നിഷേധാത്മക പ്രതികരണമാണ് വിലയിരുത്തപ്പെട്ടത്. 2016 ലെ തെരഞ്ഞെടുപ്പില്‍ കുറഞ്ഞത് പത്ത് സീറ്റെങ്കിലും ഈ മേഖലയില്‍ എല്‍.ഡി.എഫ്., യു.ഡി.എഫില്‍ നിന്നും അധികമായി പിടിച്ചെടുക്കുകയുണ്ടായി. എന്നാല്‍ പ്രതിസന്ധിക്കു പരിഹാരമായിട്ടില്ല. ഒരു നൂറ്റാണ്ടു മുമ്പ് ബ്രിട്ടീഷുകാര്‍ പണികഴിപ്പിച്ച ലയങ്ങളിലെ ജീര്‍ണ്ണിച്ച കൂരകളും കക്കൂസുകളിലെ ദുര്‍ഗന്ധവും ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. തോട്ടംതൊഴിലാളികളുടെ തൊഴിലും വരുമാനവും ഉറപ്പുവരുത്തുന്നതിനേക്കാള്‍ നിയമലംഘകരായ കുത്തകതോട്ടം ഉടമകളുടെ താല്പര്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരു പണത്തൂക്കം പ്രാമുഖ്യം നല്‍കുന്നതെന്ന വിമര്‍ശനവും ശക്തമാണ്.
കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ നേടിയ ഒന്നരലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ഗണ്യമായ വിഭാഗം കശുവണ്ടിത്തൊഴിലാളികളുടെ പ്രതിഷേധവോട്ടാണെന്ന് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമി (26.05.2019) യാണ്. ഏറ്റവും കൂടുതല്‍ കശുവണ്ടിത്തൊഴിലാളികളുള്ള കുണ്ടറ ഇരവിപുരം മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു ഫലം ഇക്കാര്യം വ്യക്തമാക്കുന്നു. എണ്ണൂറിലധികം ഫാക്ടറികളുള്ള ജില്ലയില്‍ മുന്നൂറ് എണ്ണം മാത്രാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചെറുകിടക്കാരുടെ ഫാക്ടറികള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയാണ്. ചെറുകിട മുതലാളിമാരുടെ ആത്മഹത്യാപ്രവണത ഒരുജ്വരമായി മാറിയ സാമൂഹിക ദുന്തത്തെയാണ് ജില്ല ഇന്നു നേരിടുന്നതും. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പില്‍ പതിനൊന്നു മണ്ഡലങ്ങളില്‍ പതിനൊന്നും, തൊട്ടടുത്ത ആറ്റിങ്ങലിലെ മണ്ഡലങ്ങളും നേടിയെടുത്ത എല്‍.ഡി.എഫിനെ കശുവണ്ടി മേഖലയുടെ തകര്‍ച്ച നിഷേധ വോട്ടിന്‍റെ രൂപത്തില്‍ തുറിച്ചു നോക്കുകയാണ്.
പരമ്പരാഗത വ്യവസായമായ ഓട് നിര്‍മ്മാണ മേഖല തൃശൂര്‍ ജില്ലയില്‍ പ്രധാനമായും നാലു അസംബ്ലി മണ്ഡലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു. പുതുക്കാട്, ഒല്ലൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് നേടിയ വലിയ ഭൂരിപക്ഷം ഇപ്പോള്‍ തിരിഞ്ഞു വന്നിരിക്കുകയാണ്. കണ്ണൂരടക്കമുള്ള കൈത്തറി-ഖാദി മണ്ഡലങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്. കയര്‍ മേഖലയുള്‍പ്പെടുന്ന ആലപ്പുഴയിലെ പത്ത് മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിനോടൊപ്പം നിന്നത് ചേര്‍ത്തല മാത്രമാണെന്നതാണ് ഏക ആശ്വാസം.
കാര്‍ഷിക മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പ്രഖ്യാപിച്ച ചില നിര്‍ദ്ദിഷ്ട കാര്‍ഷിക മേഖലകളുണ്ട്. വയനാട്ടിലെ ആദി, കോരക്കണ്ടം വയലുകളും, ഹോസ്ദുര്‍ഗ് താലൂക്കിലെ കോളക്കായി പാടശ്ശേഖരവും, കണ്ണൂരിലെ കൈപ്പാട് നിലങ്ങളും ഏറനാടന്‍ താലൂക്കിലെ പള്ളിയല്‍ വയലുകളും, തൃശൂരിലെ കോള്‍ നിലങ്ങളും തൃശൂര്‍ മുതല്‍ ആലപ്പുഴയുടെ അതിര്‍ത്തിവരേയുള്ള തീരദേശത്തെ പൊക്കാളി നിലങ്ങളും, പിന്നെ ആലത്തൂരും, പാലക്കാടും, കുട്ടനാടുമൊക്കെയായി പരന്നു കിടക്കുന്ന കേരളത്തിന്‍റെ നെല്‍കൃഷി സിരാകേന്ദ്രങ്ങളിലെ വോട്ടര്‍മാരും എല്‍.ഡി.എഫിനെ കൈവിട്ടതായാണനുഭവം. പ്രളയകാലത്തും, തുടര്‍ന്നും സര്‍ക്കാര്‍ നടത്തിയ ദുരിതാശ്വാസ, പുനരധിവാസ നടപടികള്‍ക്ക് ഈ മേഖലയിലെ ജനതയുടെ ആത്മവിശ്വാസം ഉണര്‍ത്താനായില്ല എന്നതാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.
കേരളത്തിലെ നാല്പത്തി അഞ്ചു ലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ പണിയെടുക്കുന്ന പരമ്പരാഗത തൊഴില്‍ മേഖലയും ലക്ഷങ്ങള്‍ ഉപജീവനം തേടുന്ന നാണ്യവിളകളടക്കമുള്ള കാര്‍ഷിക മേഖലയും ഗൗരവമേറിയ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നുള്ളത് അവിതര്‍ക്കിതമായ കാര്യമാണ്. ഈ പ്രതിസന്ധിക്കിടയാക്കിയത് ആഗോളവല്‍ക്കരണ നടപടികളും കേന്ദ്രനയങ്ങളുമാണെന്നതും വ്യക്തമാണ്. ഈ പ്രതിസന്ധി സൃഷ്ടിച്ച കേന്ദ്രനയങ്ങള്‍ക്കെതിരേ ശക്തമായ ചെറുത്തുനില്‍പിന് നേതൃത്വം നല്‍കുന്നതോടൊപ്പം ബദല്‍ നയങ്ങളും ആശ്വാസനടപടികളും മുന്നോട്ടുവെച്ച് ജനതയുടെ ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്. ഭരണവും സമരവും എന്ന് ഇ.എം.എസ്. വിശദീകരിച്ച ഈ രാഷ്ട്രീയത്തോട് എത്രമാത്രം നീതിപുലര്‍ത്താനായി എന്നത് പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ വികസന നയത്തില്‍ നിന്നും വ്യതിരിക്തമായ ഒരു സമീപനം സ്വീകരിക്കുന്നതിലുള്ള വീഴ്ച വിഴിഞ്ഞം, ആലപ്പാട്, പുതുവൈപ്പ് മേഖലകളിലെ അവസ്ഥയും അവിടങ്ങളിലെ ചെറുത്തു നില്‍പും നമ്മെ പഠിപ്പിക്കുന്നുണ്ട്.
ബഹുജനങ്ങളെ വോട്ടറായും, ജനസഞ്ചയമായും കണക്കിലെടുക്കുന്ന വലതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി അവരെ വര്‍ഗ്ഗ (ക്ലാസ്)വിഭാഗങ്ങളും ബഹുജന (മാസ്)ങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വിലയിരുത്തുന്നത്. ഈ വിഭാഗങ്ങളെ ആസ്പദിച്ച് പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും അവരെ വിശ്വാസത്തിലെടുക്കുകയും ചെയ്യാതെ നമുക്ക് കുറുക്കുവഴികളില്ലെന്ന് പഠിപ്പിച്ചത് സഖാവ് കൃഷ്ണപിള്ളയാണ്. ആഗോളവല്‍ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെയുള്ള ഉറച്ച ഒരു കോട്ടയില്‍ കൂടി വിള്ളല്‍ വീഴുമ്പോള്‍ സ. കൃഷ്ണപിള്ളയുടെ വാക്കുകളുടെ പ്രസക്തി വര്‍ദ്ധിക്കുകയാണ്.
കുരിശിലേറ്റപ്പെടുന്നതിനു മുമ്പ് അടിമയായ ഡേവിഡ് സ്പാര്‍ട്ടക്കസിനോട് ചോദിക്കുന്നു: സ്പാര്‍ട്ടക്കസ്, നമ്മളായിരുന്നല്ലോ ശരി. എന്നിട്ടും നാം തോറ്റുപോയതെന്തുകൊണ്ടാണ്?
എല്ലാ ശരികളും എപ്പോഴും വിജയിക്കണമെന്നില്ല.
സ്പാര്‍ട്ടക്കസും ഡേവിഡുമടക്കം ആയിരങ്ങള്‍ അടിമ കലാപത്തെ തുടര്‍ന്ന് തൂക്കിലേറ്റപ്പെട്ടു. കുരിശില്‍ കിടന്ന് അവര്‍ അലറിവിളിച്ചു: ഞങ്ങള്‍ തിരിച്ചു വരും, കോടാനുകോടി കരുത്തരായി ഞങ്ങള്‍ തിരിച്ചുവരും.
-ഹോവാര്‍ഡ് ഫോസ്റ്റിന്‍റെ സ്പാര്‍ട്ടക്കസില്‍ നിന്ന്-
ട്രേഡ് യൂണിയന്‍ സെന്‍റര്‍ ഓഫ് ഇന്ത്യ
(ടി.യു.സി.ഐ.) ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
27.05.2019