P C Unnnichekkan
ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയുടെ നൂറാം വാർഷികമാണ് ഇന്ന്(ഏപ്രിൽ 13). ഇന്ത്യൻ സ്വാതന്ത്ര സമര പ്രസ്ഥാനത്തിന്റെ ജ്വലിക്കുന്ന ഒരദ്ധ്യായമാണ് ഇത്. സ്വാതന്ത്രപ്രസ്ഥാന ചരിത്രത്തെയെല്ലാം തമസ്കരിക്കാൻ ശ്രമിക്കുന്ന മോദിയും സംഘവും ജാലിയൻ വാലാബാഗ് രക്തസാക്ഷികൾക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ഇന്ന് എത്തിച്ചേർന്നില്ല. ഈ കൂട്ടക്കൊലയുടെ നിഷ്ഠൂരത സന്ദർശകരുടെ ഉള്ളുലയ്ക്കും വിധം വിവരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ നിർത്തിയിട്ട് 4 വർഷത്തോളമായി. ചരിത്രത്തിന്റെ ഹൃദ്യത്തിലേറ്റ വെടിയുണ്ടകളുടെ അടയാളവും പേറി നിൽക്കുന്ന മതിലുകൾ ശാസ്ത്രീയമായി സംരക്ഷിക്കണമെന്ന് പുരാവസ്തു വിദഗ്ധർ പലവട്ടം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും എടുത്തിട്ടില്ല. ദേശീയരും വിദേശീയരുമായ 50000ലേറെ പേർ പ്രതിദിനം അവിടെ സന്ദർശിക്കാറുണ്ട്. ട്രസ്റ്റിന് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും സഹായമൊന്നും ലഭിക്കുന്നില്ല. പ്രധാനമന്ത്രി അധ്യക്ഷനും കേന്ദ്രസാംസ്കാരിക മന്ത്രി, കോൺഗ്രസ് അദ്ധ്യക്ഷൻ, ലോകസഭാ പ്രതിപക്ഷ നേതാവ്, പഞ്ചാബ് ഗവർണർ, മുഖ്യമന്ത്രി തുടങ്ങിയവർ അംഗങ്ങളായ ട്രസ്റ്റാണ് ജാലിയൻ വാലാബാഗിന്റെ മേൽനോട്ടം വഹിക്കുന്നത്. 2010ന് ശേഷം ട്രസ്റ്റിന്റെ ഒരു യോഗം പോലും ചേർന്നിട്ടില്ലത്രേ. ട്രസ്റ്റിലെ സ്ഥിരം അംഗമായ കോൺഗ്രസ് അധ്യക്ഷനെ നീക്കാൻ കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസർക്കാർ ലോകസഭയിൽ ഒരു ബില്ല് കൊണ്ടുവന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സെയ്ദ് മല്ലിക്ക്, പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ, ന്യൂനപക്ഷ കമ്മീഷൻ മുൻ ചെയർപേഴ്‌സൺ തർലോജൻ സിംഗ് എന്നിവരെ അംഗങ്ങളാക്കി ട്രസ്റ്റ് പുനഃസംഘടിപ്പിച്ചു.
ഒന്നാം ലോകമഹായുദ്ധത്തിന് ശേഷം ജനകീയ പ്രതിഷേധങ്ങൾ അലയടിച്ചുയർന്നപ്പോൾ അതിനെ നേരിടാൻ വേണ്ടിയാണ് റൗലറ്റ് നിയമം കൊണ്ടുവരുന്നത്. ബ്രിട്ടീഷുകാർക്കെതിരായ ഗദ്ദർ വിപ്ലവം(1915) പരാജയപ്പെട്ടെങ്കിലും 1857ലെ ഒന്നാം സ്വാതന്ത്ര സമരം പോലെ മറ്റൊന്നുണ്ടാകാൻ ഇടയുണ്ടെന്നവർ കരുതി. ബംഗാളും പഞ്ചാബുമായിരുന്നു തീവ്ര വിപ്ലവാശയങ്ങളുടെ അന്നത്തെ കേന്ദ്രങ്ങൾ. ബ്രിട്ടീഷുകാർക്കെതിരെ പടരുന്ന അസ്വസ്ഥത തടയാൻ അന്നത്തെ വൈസ്രോയി ചെംസ്‌ഫോഡ് പ്രഭു, ജസ്റ്റീസ് സിഡ്നി റൗലറ്റിന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റിയെ നിയമിച്ചു. 'Anarchical and Revolutionary Crimes Act' എന്ന കരിനിയമം 1919 ഫെബ്രുവരിയിൽ ബ്രിട്ടീഷ് ഇമ്പിരിയൽ ലെജിസ്ലെറ്റീവ് അസംബ്ലി പാസ്സാക്കി. മാർച്ചിൽ അത് നിയമമായി. ഒന്നാം ലോകമഹായുദ്ധ കാലത്തെ Defence of India Act(1915) റദ്ദാക്കിക്കൊണ്ടാണ് സ്ഥിരം നിയമമായ റൗലറ്റ് ആക്ട് നിലവിൽ വന്നത്. ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ പ്രവർത്തിക്കുന്നു എന്ന സംശയത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ രണ്ട് വർഷം തടവിൽ വക്കാനും പൊലീസിന് വാറന്റ് ഇല്ലാതെ എവിടെയും കയറിച്ചെല്ലാനും പത്രസ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടാനും അധികാരം നൽകിയ ഈ കിരാത നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നു(സ്വാതന്ത്ര്യത്തിന്റെ 7 പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും റൗലറ്റ് ആക്ടിന് സമാനമായ കിരാതനിയമങ്ങൾ നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നു എന്നത് ദുഖകരമായ വസ്തുതയാണ്). നിരോധനാജ്ഞ അവഗണിച്ച് അമൃത്സറിലെ ജാലിയൻ വാലാബാഗ് മൈതാനത്ത് 1919 ഏപ്രിൽ 13ന് ഒരു പ്രതിഷേധയോഗം വിളിച്ചുകൂട്ടി. ഹിന്ദുക്കളും മുസ്ലീമുകളും സിഖുകാരുമടക്കം 15000നും 20000നും ഇടയിലുള്ള ആബാലവൃദ്ധം ജനങ്ങൾ അവിടെ ഒത്തുകൂടി. വൈകുന്നേരം 4.30ന് യോഗമാരംഭിച്ചു. പ്രാദേശിക നേതാക്കളായ ഹർദ്ദയാൽ റായ്, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കവി ബ്രജ് ഗോപിനാഥ് ഒരു കവിത ചൊല്ലി: 'നമ്മുടെ കൈകൾ മുറിച്ചുകളയുമെന്ന് ഓഫീസർ പറഞ്ഞിരിക്കുകയാണ്,
ചില്ലകൾ മുറിച്ചുകളഞ്ഞാൽ വീണ്ടുമത് തളിർത്തുവരുമെന്ന് അയാൾക്കറിയില്ല' എന്നിങ്ങനെ അർത്ഥം വരുന്നതായിരുന്നു ആ കവിത. ഏപ്രിൽ 10ന് അമൃത്സറിൽ നടന്ന വെടിവയ്പിനെതിരേയും, റൗലറ്റ് നിയമം പിൻവലിക്കണം എന്നുമുള്ള 2 പ്രമേയങ്ങൾ പാസാക്കി. 65 ഗൂർഖാ സൈനികരും 25 ബലൂജി സൈനികരും യന്ത്രത്തോക്കുകൾ വഹിച്ച രണ്ട് കവചിത വാഹനങ്ങളുമായി റെജിനാൽഡ് ഡയർ മാർച്ച് ചെയ്ത് എത്തുകയും 5.15ഓടെ നഖശിഖാന്തം വെടിവെപ്പ് നടത്തുകയും ചെയ്തു. 10 മിനിട്ടോളം വെടിവെപ്പ് നീണ്ടു. 1650 റൗണ്ട് വെടിവെച്ചു. വെടിയുണ്ടകൾ തീർന്നപ്പോഴാണ് അവർ തിരിച്ചുപോയത്.
ഈ കൂട്ടക്കുരുതിക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങൾ ഉയർന്നപ്പോൾ ഹണ്ടർ കമ്മീഷനെ നിയമിച്ചു. 379 പേർ കൊല്ലപ്പെട്ടു എന്നും 1200 പേർക്ക് പരിക്ക് പറ്റി എന്നുമാണ് ഹണ്ടർ കമ്മീഷൻ രേഖപ്പെടുത്തിയത്. ഷഹീദ് പരിവാർ സമിതി 464 പേർ കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോൾ വിഭജനകാല മ്യൂസിയത്തിന്റെ ചെയർപേഴ്‌സൺ ആയിരുന്ന കിസ്വാർ ദേശായി 502 രക്തസാക്ഷികളുടെ പേരുകൾ പ്രസിദ്ധീകരിച്ചു. 45 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞില്ലെന്നും രേഖപ്പെടുത്തി.
പഞ്ചാബ് ചീഫ് സെക്രട്ടറി ആയിരുന്ന ജെ.പി. തോംസൺ ഏപ്രിൽ 14ന് തന്റെ ഡയറിയിൽ എഴുതിയത് പട്ടാളക്കാർ മുയലുകളെയെന്ന പോലെ മനുഷ്യരെ വെടിവച്ചിട്ടു എന്നാണ്. അമൃത്സറിൽ നിന്നുള്ള ഗുലാബിന്റെ മകൻ 8 വയസ്സുകാരനായ നാദുവും 80 വയസ്സുകാരനായ അലക്കുകാരൻ നാദുവും അടക്കം ഒട്ടേറെ പേർ രക്തസാക്ഷികളായി. നൂറ് വർഷം പിന്നിട്ടിട്ടും എത്ര പേർ കൊല്ലപ്പെട്ടെന്ന കണക്ക് കൃത്യമായി ലഭ്യമല്ല.
ഈ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് മഹാകവി ടാഗോർ ബ്രിട്ടീഷുകാർ നൽകിയ സർ സ്ഥാനം ഉപേക്ഷിച്ചു. ബ്രിട്ടീഷ് വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലർ സ്ഥാനം ചേറൂർ ശങ്കരൻ നായരും വലിച്ചെറിഞ്ഞു. 1920 ജൂൺ 24ന് ബ്രിട്ടണിലെ കാർബറിൽ നടന്ന ലേബർ പാർട്ടി സമ്മേളനത്തിൽ കൂട്ടക്കുരുതിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ വിചാരണ ചെയ്യണമെന്ന പ്രമേയം പാസാക്കി.
ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭത്തിന് ശരവേഗം നൽകിയ ഒന്നായിരുന്നു ജാലിയൻ വാലാബാഗ് കൂട്ടക്കുരുതി. 1920ൽ തന്നെയാണ് AITUC രൂപംകൊള്ളുന്നത്. വിവിധ കർഷക സംഘടനകൾ പ്രക്ഷോഭരംഗത്തിറങ്ങുന്നതും ഇതിന് ശേഷമാണ്. ജാലിയൻ വാലാബാഗിലെ ചോര കുതിർന്ന ഒരുപിടി മണ്ണ് വാരി ഒരു കുപ്പിയിലടച്ച് ഇതിന് പ്രതികാരം ചെയ്യുമെന്ന് ബാലനായിരുന്ന ഭഗത് സിംഗ് പ്രതിജ്ഞയെടുക്കുന്നതും ഇതിന് ശേഷമാണ്. ജാലിയൻ വാലാബാഗിലെ സമ്മേളനത്തിൽ എത്തിയവർക്ക് വെള്ളം വിതരണം ചെയ്തിരുന്ന ഉദ്ധം സിംഗ് ഓഡയറിനേയും ജനറൽ ഡയറിനേയും ശിക്ഷിക്കാനായി വർഷങ്ങളോളം കാത്തിരുന്ന് ലണ്ടനിലെ പാക്സ്റ്റൻ ഹാളിൽ ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കേ ഓഡയറെ വെടിവെച്ചുകൊന്നു. പിടിക്കപ്പെട്ട ഉദ്ധം സിംഗ് റാം മുഹമ്മദ് സിംഗ് ആസാദ് എന്നാണ് പേര് വെളിപ്പെടുത്തിയത്. ഇന്ത്യയുടെ നാനാത്വത്തെയും വൈജാത്യത്തെയും വെളിപ്പെടുത്തും വിധമായിരുന്നു ആ ധീര ദേശാഭിമാനിയുടെ ഈ പ്രഖ്യാപനം.
സാമ്രാജ്യത്വവിരുദ്ധ പ്രക്ഷോഭത്തിന്റെ ലാവയിൽ ഉരുകിത്തിളച്ച് രൂപം കൊണ്ട ഇന്ത്യൻ ദേശീയതയെ മത ദേശീയതയാക്കി കളങ്കപ്പെടുത്താനുള്ള സംഘപരിവാർ ശക്തികളുടെ ഗൂഡനീക്കങ്ങൾക്കിടയിലാണ് ജാലിയൻ വാലാബാഗ് രക്തസാക്ഷികളുടെ ഓർമ്മ പുതുക്കുന്നത്. കാവിപുതച്ച ചങ്ങാത്ത മുതലാളിത്തത്തിന്റെ കാവൽക്കാരൻ ഇന്ത്യയെ മതരാഷ്ട്രമാക്കാൻ വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയുടെ മതേതര പാരമ്പര്യവും സാമ്രാജ്യത്വവിരുദ്ധ ദേശീയതയും അരക്കിട്ടുറപ്പിക്കാൻ ഈ പോരാളികളുടെ ഓർമ്മ നമുക്കൂർജ്ജം പകരട്ടെ!