FREDY--സാമൂഹ്യമായല്ലാതെ ഇനി ഒരു തുണ്ടു ഭൂമി പോലും കിട്ടിയാലും കയ്യിലുറയ്ക്കില്ല.



സാമൂഹ്യമായല്ലാതെ ഇനി ഒരു തുണ്ടു ഭൂമി പോലും കിട്ടിയാലും കയ്യിലുറയ്ക്കില്ല.


കേരളത്തിൽ ഭൂമാഫിയയാണ് ഇന്നത്തെ ഭൂമി തീറ്റക്കാർ എങ്കിൽ, ഛത്തീസ്ഗഡ്, ഒഡീഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഭൂമാഫിയ കുത്തക കമ്പനികൾക്ക് വഴിമാറി.


വേദാന്തയും റ്റാറ്റയും ഡീബിയറും ആണ് അവിടെ ഭൂമി തീറ്റക്കാർ. അവർ മൈനിങ്ങ് കമ്പനികളാണ്.


അടുത്തത് രാജസ്ഥാനിൽ സയണിസ്റ്റ് ഇസ്രായേലിന്റെ സഹായത്തോടെ പുത്തൻ ഫാമിങ്ങ് കമ്പനികൾ ഒലീവ് കൃഷി ആരംഭിച്ചിരിക്കുന്നു.


കേരളത്തിലും ഉടൻ ഇതെല്ലാമിങ്ങെത്തും.


ഇത് ഇന്നേ ജനങ്ങളോട് പറയണം.


ഇതിനെതിരെയുള്ള ഇരട്ടക്കടമ മനസ്സിലാകാതെ, ഭൂമാഫിയയ്ക്കും കുത്തക ഭീമൻമാർക്കുമെതിരായ ഇരട്ടക്കടമ മനസ്സിലാകാതെ, ഒരു ഭൂസമരവും ക്ഷണികമല്ലാത്തവിജയം പ്രാപിക്കില്ല.


വെടിമരുന്ന് തുറസ്സിൽ വച്ച് കത്തിച്ചു കളയരുത്.


'ഞങ്ങൾക്ക് ഭൂമിയില്ല; ഞങ്ങൾ കൃഷി ചെയ്യുന്ന ഭൂമി ഞങ്ങൾക്കു വേണം' എന്നത് കൃത്യമായും ജന്മിത്തത്തിനെതിരായ , ഭൂഉടമസ്ഥതയുടെ ഏകാധികാരിയായ ഒരു വർഗ്ഗത്തിനെതിരായ , ഉത്പാദകരായ കുടിയാൻമാരായ കർഷകരുടേയും പിന്നീട് പൂർണ്ണമായും കർഷകത്തൊഴിലാളി വർഗ്ഗത്തിൽ ലയിച്ച അടിയാൻമാരുടേയും ഡിമാന്റ് ആയിരുന്നു.


അത് കേവലം നീതിബോധ പ്രശ്നമേ അല്ലായിരുന്നു.


അത് സമ്പദ് ശാസ്ത്രപരമായി, ഉത്പാദനപരമായി, ശരിയും ശാസ്ത്രീയവുമായിരുന്നു.


എന്നാൽ, അന്ന് നേടിയ ഭൂമി ഇന്ന് റിയൽ എസ്റ്റേറ്റ് വാല്യു ഉള്ള ചരക്കായി മാറിയിരിക്കുന്നു.


ഇന്ന് കേരളത്തിൽ ഭൂമിക്ക് ഉത്പാദനോപാധി എന്ന നിലയിലുള്ള പ്രസക്തി സാമ്പത്തികവും സാമൂഹ്യവുമായി നഷ്ടമായിരിക്കുന്നു. ജൈവകൃഷി , പ്രകൃതി കൃഷി തുടങ്ങിയ പെറ്റി ബൂർഷ്വാ സ്നോബറി ഇടതു പക്ഷ ഫാഷനായിക്കഴിഞ്ഞു. സമ്മേളനങ്ങളുടെ ആവശ്യത്തിനുള്ള നെല്ലും മീനും സ്വയം ഉത്പാദിപ്പിച്ച് വിജയിപ്പിച്ച് റോബർട്ട് ഓവന്റെ ഉസ്താദുമാരായി മാർക്സിനു നേരെ കൊഞ്ഞനം കുത്തുക എന്നത് സമ്മേളന കാല ആചാരമായി മാറി!😬


ഇന്ന്, ഭൂമി പിടിച്ചു വച്ചിരിക്കുന്നവരും ഭൂമി കൊള്ളക്കാരും ഭൂമി ആവശ്യപ്പെടുന്നവരും അനിവാര്യമായി റിയൽ എസ്റ്റേറ്റ് വാല്യൂ മാത്രമേ ലക്ഷ്യമാക്കാനാവൂ എന്നത് ഒരു രാഷ്ട്രീയ സമ്പദ്ഘടനാപരമായ പരമസത്യമാണ്.


ഇതിനുള്ള മാറ്റം കൂടി ഇന്ന് ഭൂപ്രശ്നം വിപ്ലവകരമായി ഉന്നയിക്കുന്നതിൽ ഉള്ളടങ്ങണം.


ഭൂരാഹിത്യം എന്ന എമ്പിരിക്കൽ യാഥാർത്ഥ്യത്തിൽ നിന്ന് ആരംഭിക്കുന്നത് ശരിയായിരിക്കുമ്പോൾ തന്നെ ഭൂസമരം ഒരു എമ്പിരിസിസ്റ്റ് പുനം കൃഷിയായി മാറരുത്.


വ്യക്തികൾക്ക് നൽകാതെ മിച്ചഭൂമി ആനമല , കോർമല സഹകരണ സംഘങ്ങൾക്ക് നൽകിയ കാര്യം AKG പറയുന്നത് CPI(M) ന്റെ 1964ലെ പരിപാടിയിലെ കാർഷികവിപ്ലവ പരിപാടിയായി നൽകിയ ആറ് പോയിന്റുകളിലെ പോയിന്റ് 6) അനുസരിച്ച് ആണ്.


മിച്ചഭൂമി സമരം ജന്മിത്തത്തിനെതിരായിരുന്നില്ല.


മറിച്ച്, മിച്ചഭൂമി സമരം


പുത്തൻകൂറ്റ് ഭൂസ്വാമിമാർക്കും പുതുതായി മുളപൊട്ടിയ റിയൽ എസ്റ്റേറ്റുകാർക്കും


അവരെ സഹായിക്കുന്ന തരത്തിൽ


അന്ധതയും ബധിരതയും നടിക്കുന്ന സർക്കാരിനും എതിരായിരുന്നു.


അതുകൊണ്ട് തന്നെ,


കിട്ടിയ ഭൂമി കൃഷിക്കാരന് വിപണിയിൽ നഷ്ടമാകാതിരിക്കാൻ എന്താണ് പോംവഴി എന്ന സഖാവ് AKG യുടെയും സമര സഖാക്കളുടെയും ചിന്തയിൽ നിന്നു കൂടിയാണ് 'വ്യക്തിപരമായി ഓരോ കർഷകനും മിച്ചഭൂമി വിതരണം ചെയ്യുന്നതിനു പകരം ആനമല , കോർമല സഹകരണ സംഘങ്ങൾക്ക് മിച്ചഭൂമി വിതരണം ചെയ്യുക ' എന്ന നയം ഉത്ഭവിച്ചത്.


അന്ന് AKG തുടങ്ങി വച്ച കോ-ഓപ്പറേറ്റിവ് ഉടമസ്ഥത ശൈശവാവസ്ഥയിലുള്ള നയമായിരുന്നു. ഇന്നത് അങ്ങിനെയല്ല. കാരണം , കോർപ്പറേറ്റ് ക്യാപ്പിറ്റൽ ഭൂമി വിഴുങ്ങുന്നിടത്ത് കോ ഓപ്പറേറ്റിവ് ഉടമസ്ഥത മാത്രമേ നിലനിൽക്കുകയുള്ളൂ എന്നതാണ് ഇന്ന് പരമമായ സത്യം.