കേരളത്തിൽ ബി.ജെ.പി., കോൺഗ്രസ് അടക്കമുള്ള ഇടത് വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക .-രാജീവ് പുരുഷോത്തമന്‍

ഒരു കാര്യം വ്യക്തമാണ്. ഇന്ത്യൻ ഭരണവർഗം അതായത് സ്വകാര്യ സ്വത്തുടമസ്ഥ വ്യവസ്ഥയെ അടിസ്ഥാന രാഷ്ട്രീയമായി അംഗീകരിക്കുന്ന വ്യവസ്ഥയുടെ സംരക്ഷകർ ഇന്ത്യയുടെ സ്വാതന്ത്രിയ കാലഘട്ടം മുതൽ അനുവർത്തിച്ചു പോന്ന നയങ്ങൾ ഇന്നു എത്തി നിൽക്കുന്നത് വൻ പ്രതിസന്ധിയിലാണ് ഭുരിപക്ഷ ജനതയുടെ ജീവിതം കൂടുതൽ ദുരിതവസ്ഥയിലാവുകയാണ്.അതിന്റെ അർത്ഥം പഴയ കാലത്തിൽ നിന്നും ഒരു പുരോഗതിയും നേടിയില്ല എന്നതല്ല തീർച്ചയായും നിരവധി ഗുണപരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാൽ അവയൊന്നും ഇന്ത്യൻ ഭരണവർഗത്തിന്റെ ദയാദാക്ഷിണ്യമല്ലായിരുന്നു. ഇന്ത്യയിലെ ഇടത് പക്ഷ പ്രസ്ഥാനങ്ങൾ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ആശയപരമായും, പ്രായോഗിക പോരാട്ടങ്ങളിലൂടെയും നിരന്തരം ഭരണ വർഗവുമായി ഏറ്റുമുട്ടിയതിലുടെ നേടിയെടുത്തതാണ്. മാത്രവുമല്ല സോവ്യറ്റു മാതൃകയുടെ ചില പ്രയോഗങ്ങൾ അംഗീകരിച്ചു കൊണ്ടു, നടപ്പിലാക്കിയ പരിപാടികൾക്ക് ഒരു സോഷ്യലിസ്റ്റ സ്വഭാവം ഉണ്ടായിരുന്നു.പൊതു മേഖലകളും, സബ്സിഡികളും, റേഷൻ, പൊതുവിദ്യാഭ്യാസം, ലേബർ നിയമങ്ങൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, കാർഷിക രംഗത്തിന്റെ ആധുനികവൽക്കരണം, ചേരിചേരാ നയം മതേതരത്വത്തെ അംഗീകരിക്കൽ, സംവരണം, ലിംഗസമത്വം, ജാതിവിവേചനം തുടങ്ങിയവയെ നിഷേധിക്കവാൻ പ്രത്യക്ഷമായി ഭരണവർഗങ്ങൾക്ക് സാധ്യമല്ലായിരുന്നു.എന്നാൽ അടിസ്ഥാനപരമായ വ്യവസ്ഥാപരമായ പരിമിതി നിലനിൽക്കുക തന്നെ ചെയ്തു. 
                                                   അതു കൊണ്ടു തന്നെ ഭരണ സംവിധാനം പലപ്പോഴും നയപരമായി ജനവിരുദ്ധ നടപടികൾ കൈക്കൊണ്ടു. ഭരണകൂട സംവിധാനങ്ങൾ ജനാധിപത്യ അവകാശങ്ങൾ അടിച്ചമർത്തി. തൊഴിലാളി സമരങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ചും വ്യാജ ഏറ്റുമുട്ടലുകളടക്കം പ്രയോഗിച്ച് അടിച്ചമർത്തി.അതിന്റെ സ്വാഭാവികമായ ഒരു എത്തലായിരുന്നു അടിയന്തരാവസ്ഥയെന്ന ഫാസിസറ്റ് ഉൽപന്നം ആ വിടവിലൂടെ ഗാന്ധി വധത്തെ തുടർന്നു മയക്കിത്തിലായിരുന്ന തീവ്റ ഹൈന്ദവ വർഗീയ ഫാസിസ്റ്റ് ധാര വീണ്ടും ഇൻഡ്യൻ രാഷ്ട്രീയത്തിലേക്ക് പുനഃപ്രവേശം നടത്തി.തുടർ കാലഘട്ടം ഇന്ത്യയുടെ പിൻ നടത്തമാവുകയായിരുന്നു. സോവ്യറ്റ് യൂണിയന്റെ തകർച്ച, ആഗോളവൽക്കരണ നിയോലിബറൽ നയങ്ങൾ തുടങ്ങിയവ ഇന്ത്യൻ ജനതയുടെ ജീവിതം ദിനംപ്രതിയെന്നോണം ദുസ്സഹമാക്കി. ബാബറി മസ്ജിദിന്റെ തകർച്ച, പൊതു മേഖലയുടെ സ്വകാര്യവൽക്കരണം സബ്സിഡികളുടെ നിഷേധിക്കൽ' പൊതുവിതരണ സംവിധാനങ്ങളുടെ തകർച്ച ലേബർ നിയമങ്ങളിൽ തൊഴിലാളി വിരുദ്ധ ഭേദഗതികൾ,.വൻ അഴിമതികൾ, തുടങ്ങി എണ്ണമറ്റ കോർപ്പറേറ്റ് അനുകൂല നയങ്ങൾ രാജ്യത്ത് തികഞ്ഞ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. തൊഴിലില്ലായ്മയും, കർഷക ആത്മഹത്യകളും എല്ലാ സീമകളും മറികടന്നു ജനാധിപത്യവകാശങ്ങൾ ആൾകൂട്ട മൃഗീയതയ്ക്ക് ഇരയായി. ശാസ്ത്രബോധം കെട്ടുകഥകൾക്ക് കീഴ്പെട്ടു. യഥാർത്ഥ ചരിത്രം തമസ്ക്കരിക്കപ്പെടുകയും വർഗീയ ഫാസിസ്റ്റ് ചരിത്ര വ്യാഖ്യാനങ്ങൾ പാഠപുസ്തകങ്ങളിൽ പോലും മാന്യ ഇരിപ്പടം നേടി.
                                  ഈ അവസ്ഥയ്ക്കെതിരെ ഇന്ത്യൻ തൊഴിലാളി വർഗം അതിശക്തമായ പോരാട്ട പാതയിലാണ്. തൊഴിലാളി കർഷക ഐക്യം യാഥാർത്യമാവുകയാണ്.ഈ നിർണായക ഘട്ടത്തിൽ നടക്കുന്ന തെരെഞ്ഞടുപ്പ് ഒരു ലളിത സമവാക്യനിർദ്ധാരണത്തിലൂടെ ഉത്തരം നേടാനാവുന്നതല്ല. അഖിലേന്ത്യാ തലത്തിൽ ഇന്നത്തെ വർഗീയ ഫാസിസ്റ്റ് ഭരണം അവസാനിപ്പിക്കേണ്ടത് പ്രഥമമാവുകയാണ്. പകരം വരുന്ന ശക്തികൾ ഉയർത്തുന്ന ബദൽ പ്രധാനം തന്നെ ആയിരിക്കുമ്പോഴും അടിയന്തരാവസ്ഥ സമയത്ത് എടുത്ത നിലപാട് ഇന്ന് വീണ്ടും പ്രസക്തമാവുകയാണ്. യഥാർത്ഥത്തിൽ ഇടത് ബദൽ പരിപാടിയാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ ആവശ്യം എന്ന വസ്തുത നിലനിൽക്കുമ്പോഴും ഇന്നിന്റെ യാഥാർത്യം പരിഗണിക്കാതിരിക്കാനാകില്ല. ഭാവിയിൽ ഇൻഡ്യയിൽ ഉയർന്നു വരേണ്ട ഇടത് ഐക്യ മുന്നേറ്റത്തിന് സഹായകരമായ നിലപാട് ഇടത് ശക്തികൾ ഈ തെരഞ്ഞെടുപ്പിൽ കൈ കൊള്ളുക തന്നെ വേണം. പരമാവധി ഇടത് പക്ഷപ്രാതിനിധ്യം പാർലമെന്റിൽ നേടിയെടുത്തെങ്കിൽ മാത്രമെ അടുത്ത പാർലമെന്റിൽ കർഷകർക്കു തൊഴിലാളികൾക്കും, മറ്റ് പാർശ്വവൽകൃത വിഭാഗങ്ങൾക്കും ചെറിയൊരാശ്വസമെങ്കിലും നൽകാൻ ഭരണ കേന്ദ്രങ്ങളെ നിർബന്ധിക്കാനാകു അതിന്റെ ഭാഗമായി കേരളത്തിൽ ബി.ജെ.പി., കോൺഗ്രസ് അടക്കമുള്ള ഇടത് വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക തന്നെ വേണം.