ഗവേഷണ സ്വാതന്ത്ര്യത്തിനു വിലങ്ങിടാൻ അനുവദിക്കരുത്.- പി.കെ വേണുഗോപാലന്‍-ജനകീയ കലാ സാഹിത്യവേദി-സംസ്ഥാന സെക്രട്ടറി

                                ഗവേഷണ സ്വാതന്ത്ര്യത്തിനു                                        വിലങ്ങിടാൻ                                                                            അനുവദിക്കരുത്.



'                                     അപ്രസക്ത' വിഷയങ്ങളെ സംബന്ധിച്ച ഗവേഷണം നിരുത്സാഹപ്പെടുത്തുകയും 'ദേശീയ മുൻഗണന'യുള്ള വിഷയങ്ങളെ സംബന്ധിച്ച ഗവേഷണ പ്രവർത്തനങ്ങൾക്കു മാത്രം അനുമതി നൽകുകയും ചെയ്യാനുള്ള കാസർകോട് കേന്ദ്ര സർവകലാശാലയുടെ തീരുമാനം വൈജ്ഞാനിക മേഖലയിലെ സ്വതന്ത്രമായ അന്വേഷണങ്ങൾക്ക് വിലക്കു കല്പിക്കുന്നതും അതുകൊണ്ടുതന്നെ തികച്ചും അപലപനീയവുമായ ഒന്നാണ്. വൈജ്ഞാനിക പ്രവർത്തനങ്ങളേയും ഗവേഷണ വിഷയങ്ങളേയും "അപ്രസക്ത"മെന്നും "ദേശീയ മുൻഗണന"യുള്ളവയെന്നും തരം തിരിച്ച് അനുമതി  നിഷേധിക്കുവാനും നൽകുവാനുമുള്ള കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നീക്കം കുടിലവും രാഷ്ട്രീയ പ്രേരിതവുമാണ്.  സർവ്വകലാശാല അധികൃതർക്കും അവരെ ഭരിക്കുന്ന കേന്ദ്രസർക്കാരിനും വിദ്യാർത്ഥികളുടേയും അദ്ധ്യാപകരുടേയും വൈജ്ഞാനിക പ്രവർത്തനങ്ങളുടേയും മേൽ സ്വേച്ഛാപരവും ഏകപക്ഷീയവുമായ അധികാരം പ്രയോഗിക്കാൻ അവസരമൊരുക്കുന്ന നടപടിയാണിത്. അക്കാദമിക് സ്വാതന്ത്ര്യത്തേയും സ്വതന്ത്രമായ ഗവേഷണ പ്രവർത്തനങ്ങളേയും തടയുന്ന ഈ തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര സർവകലാശാല അധികൃതരോടും കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തോടും ആവശ്യപ്പെടാൻ എല്ലാ ജനാധിപത്യ മതനിരപേക്ഷ ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

വിദ്യാഭ്യാസ പ്രക്രിയയുടെ അടിസ്ഥാന താല്പര്യങ്ങളെ തന്നെ നിഷേധിക്കുന്ന ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ബോർഡ് ഓഫ് സ്റ്റഡീസിൽ നിന്ന് രാജിവെച്ച പ്രൊഫ. മീന ടി.  പിള്ള ശരിയായി ചൂണ്ടിക്കാട്ടിയതു പോലെ, ഈ ഉത്തരവ് പൊതു സർവകലാശാലകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെ താല്പര്യങ്ങൾക്ക് അങ്ങേയറ്റം ഹാനികരമാണ്; പ്രത്യേകിച്ചും വിദ്യാഭ്യാസത്തെ നവ ഉദാരീകരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റേയും കോർപ്പറേറ്റ് വത്ക്കരണത്തിന്റേയും താല്പര്യങ്ങൾക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്.

'ദേശീയ മുൻഗണന'യുള്ള വിഷയങ്ങളെ മാത്രമേ ഗവേഷണത്തിന് പരിഗണിക്കുന്നുള്ളു എന്നു പറഞ്ഞാൽ സ്ഥിതവ്യവസ്ഥയെ വിമർശിക്കുകയോ, അതിനോടു വിയോജിക്കുകയോ, അതിനെ എതിർക്കുകയോ ചെയ്യുന്ന യാതൊന്നും അന്വേഷണത്തിന്റെയോ ഗവേഷണത്തിന്റെയോ വിഷയമാവാൻ അനുവദിക്കില്ല എന്നാണർത്ഥം.

കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം നടപ്പാക്കുന്ന വൈജ്ഞാനിക, ഗവേഷണ മേഖലകളിലെ ഈ നിയന്ത്രണം വിദ്യാഭ്യാസ രംഗത്ത് ബിജെപി യും സംഘപരിവാർ ശക്തികളും കുറെ വർഷങ്ങളായി നടപ്പാക്കിപ്പോരുന്ന വർഗ്ഗീയ നയങ്ങളുടെ തുടർച്ചയാണ്. ചരിത്രവസ്തുതകളെ വളച്ചൊടിച്ചും തിരുത്തിയെഴുതിയും തമസ്ക്കരിച്ചും ദുർവ്യാഖ്യാനം ചെയ്തും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും അനാചാരങ്ങളെ പ്രോത്സാഹിപ്പിച്ചും കപടദേശാഭിമാനവും സങ്കുചിത ദേശീയ വാദവും പോഷിപ്പിച്ചും ഭരണഘടനാ മൂല്യങ്ങളെ ഭർത്സിച്ചും പരമതവിദ്വേഷം വളർത്തിയുമൊക്കെ തങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തെ വിദ്യാർത്ഥികളിൽ അടിച്ചേൽപ്പിക്കാൻ പോന്ന പാഠപുസ്തകങ്ങൾ ഉൾപ്പെടുന്ന പാഠ്യപദ്ധതി കളാണ് അധികാരം ലഭിച്ച സംസ്ഥാനങ്ങളിലൊക്കെ ബിജെപി നടപ്പിൽ വരുത്തിയത്. വാജ്പേയി  കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ മുതൽ സിബിഎസ്ഇയുടേത് അടക്കമുള്ള സിലബസുകളിലും എൻ സി ഇ ആർ ടിയുടേത് ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളിലും 'ഹിന്ദുത്വ' രാഷ്ട്രീയത്തിന്റെ താല്പര്യങ്ങൾക്ക് അനുസൃതമായ പരിഷ്കരണങ്ങൾ അവർ വരുത്തുകയുണ്ടായി.

തെക്കൻ തിരുവിതാംകൂറിലെ ചാന്നാർ (നാടാർ) സമുദായക്കാർ സ്ത്രീകൾക്ക് മാറു മറയ്ക്കാനും മേൽവസ്ത്രം ഉപയോഗിക്കാനുമുളള അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടത്തിന്റെ (ചാന്നാർ കലാപം) ചരിത്രം എൻ സി ഇ ആർടി പുസ്തകത്തിൽ നിന്നും ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഒഴിവാക്കിയത്.   മലപ്പുറം ജില്ലയിലെ തിരൂർ റെയിൽവേ സ്റ്റേഷനിൽ വരച്ചു വെച്ചിരുന്ന 'വാഗൺ ട്രാജഡി' ചിത്രം ബിജെപിയുടെ ആവശ്യമനുസരിച്ച് റെയിൽവേ മായ്ച്ചു കളഞ്ഞത് ചരിത്രത്തെ അവർ എങ്ങനെയാണ് സമീപിക്കുന്നത് എന്നതിന്റെ തെളിവാണ്. സങ്കുചിതവും ചരിത്രവിരുദ്ധവുമായ ഈ സമീപനം ഉന്നത വിദ്യാഭ്യാസ, ഗവേഷണ മണ്ഡലങ്ങളിൽ കൂടി പ്രയോഗിക്കുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അവരുടെ നിയന്ത്രണത്തിലുള്ള കേന്ദ്ര സർവ്വകലാശാലകളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും എന്തു തരം സമീപനമാണ് സ്വീകരിക്കുന്നത് എന്നു വെളിപ്പെടുത്തുന്ന നിരവധി അനുഭവങ്ങൾ നമുക്കു മുന്നിലുണ്ട്. ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സർവകലാശാല അധികൃതർ തന്നെയായിരുന്നു. കാസർകോട് കേന്ദ്ര സർവ്വകലാശാലയിൽ തന്നെ ഒരു വിദ്യാർത്ഥിയെ  ജയിലിൽ അടക്കാനും മറ്റൊരു വിദ്യാർത്ഥിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കാനും അദ്ധ്യാപകരെ നീതിരഹിതമായ ശിക്ഷാവിധികൾക്കിരയാക്കാനും ഇടയായ സമീപകാല സംഭവങ്ങൾ അവിടത്തെ അധികൃതരുടെ രാഷ്ട്രീയവും അക്കാദമികവുമായ നിലപാടുകളെ വെളിപ്പെടുത്തുന്നതായിരുന്നു.

വൈജ്ഞാനിക, വിദ്യാഭ്യാസ മേഖലകളുടെ മികവിലും ആപേക്ഷിക സ്വാതന്ത്ര്യത്തിലും ഉത്കണ്ഠ പുലർത്തുന്ന മുഴുവൻ ആളുകളുടേയും അടിയന്തിര പ്രതിഷേധം അർഹിക്കുന്ന നടപടിയാണ് ഗവേഷണ വിഷയങ്ങൾ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ സർക്കാരിന്റെ താല്പര്യാനുസരണം കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങൾ. അക്കാദമിക് സ്വാതന്ത്ര്യത്തിനു വിലങ്ങു വയ്ക്കാനുള്ള ഈ നീക്കങ്ങളെ ചെറുക്കാൻ എല്ലാ ജനാധിപത്യ ശക്തികളും മുന്നോട്ടു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

                                                                                  ജനകീയ കലാ സാഹിത്യ വേദി.