CPIML RED FLAG CC പ്രസ്താവന-സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പോരാടുക.

                                                   
COMMUNIST PARTY OF INDIA (MARXIST-LENINIST) RED FLAG

                                CENTRAL COMMITTIEE
സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ പോരാടുക.
സംവരണം സാമൂഹ്യനീതിക്കായുള്ള ജനാധിപത്യ അവകാശം.
                                                                 2019 ജനുവരി 8

           മേൽ ജാതികളിലെ ദരിദ്രർക്ക് വേണ്ടിയെന്ന പേരിൽ സാമ്പത്തിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട് സവർണ്ണ സംവരണത്തിനായി നിയമ നിർമ്മാണം നടത്താൻ മോഡി സർക്കാർ നടത്തുന്ന നീക്കം സംവരണതത്വത്തിന്റെ അടിത്തറ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണ്.
           കൃസ്തുമതം പോലുള്ള ന്യൂനപക്ഷമതങ്ങളിലേക്ക് മതപരിവർത്തനം ചെയ്ത ദളിതർക്ക് മറ്റ് ദളിതർക്ക് കിട്ടുന്നപോലെയുള്ള സംവരണം ഇപ്പോഴും കിട്ടുന്നതേയില്ല എന്ന കാര്യം കൂടി ഇത്തരുണത്തിൽ ശ്രദ്ധിക്കേണ്ടതാണ്.
           ജാതിവ്യവസ്ഥ എന്ന മർദ്ദക സാമൂഹ്യസ്ഥാപന സംവിധാനത്തിനു കീഴിൽ നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ജനതയുടെ ജനാധിപത്യ അവകാശങ്ങൾ സാക്ഷാത്ക്കരിക്കാൻ വേണ്ടിയാണ് സംവരണനയം രൂപീകരിക്കുകയും നിയമനിർമ്മാണം നടത്തുകയും ചെയ്തത്.
          ആയതിനാൽ, ഇപ്പോൾ പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിന്റെ വകുപ്പുകൾ പ്രകാരം, പട്ടികവർഗ്ഗക്കാർ, പട്ടികജാതിക്കാർ, പിന്നാക്ക ജാതിക്കാർ, ഇതര പിന്നാക്ക ജാതിക്കാർ എന്നിവർക്ക് വേണ്ടി ഇതുവരെയും നടപ്പിലാക്കപ്പെട്ടിട്ടുള്ള സംവരണ ക്വാട്ടയ്ക്ക് പുറമെയാണ്  സാമ്പത്തിക സംവരണം നൽകാൻ നിർദ്ദേശിച്ചിട്ടുള്ളത് എന്ന തരത്തിലുള്ള മുടന്തൻ ന്യായങ്ങളിലൂടെ യഥാർത്ഥത്തിൽ തുറന്നു കാട്ടപ്പെടുന്നത് സംവരണ നിയമത്തെ മറികടക്കാനും ദാരിദ്ര്യത്തെ സാമൂഹ്യനീതിക്കെതിരെ നിർത്താനും വേണ്ടിയാണ് ബിൽ എന്നതാണ്‌.
          വിപ്ലവകരമായ സാമൂഹ്യമാറ്റത്തിനായുള്ള പരിപാടിയുടെ അച്ചുതണ്ടായി വർത്തിക്കുന്ന കാർഷികവിപ്ലവത്തിലൂടെ നേടിയെടുക്കേണ്ടതായ പീഢിതജനതയുടെ വിമോചനപ്രക്രിയയുടെ ഭാഗഭാക്കായ ജനാധിപത്യ അവകാശമാണ് സംവരണം എന്ന കമ്മ്യുണിസ്റ്റ്, ഇടതുപക്ഷ ശക്തികളുടെ വീക്ഷണം അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നാളുകൾ മുതൽ നിരന്തരം ഉയർത്തിപ്പിടിച്ച നിലപാടാണ് .
           ഇതിൽ നിന്ന് മാറിയാൽ, അത്തരം നടപടി, വിപ്ലവകരമായ സാമൂഹ്യമാറ്റത്തെ സംബന്ധിച്ച വർഗ്ഗസമരകാഴ്ചപ്പാടിന്റെ മൗലികതത്വം കയ്യൊഴിയലും ബി.ജെ.പിയും കോൺഗ്രസ്സും പോലുള്ള ഭരണവർഗ്ഗ പാർട്ടികൾക്കു പിന്നിൽ ഇഴയലുമായിത്തീരും.
            മോദി സർക്കാരിന്റെ ഈ ഹിനമായ നീക്കത്തെ ഞങ്ങൾ ശക്തിയായി അപലപിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ ശക്തികൾ ഐക്യപ്പെട്ട് ഈ നീക്കത്തെ പെരുതി തോൽപ്പിക്കണമെന്ന് ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.
ന്യൂഡെല്‍ഹി                  എം.എസ്.ജയകുമാർ
                                            ജനറൽ സെക്രട്ടറി.