SACHIN TOMY:--യുവജനവേദി "ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കുക"

                       
                               ഓഗസ്റ്റ് 15 ഇന്ത്യയുടെ സ്വാതന്ത്രദിനമാണ്. 71 വർഷങ്ങൾക്ക് മുൻപ് ഒരു ഓഗസ്റ്റ് 15നാണ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൽ നിന്നും ഇന്ത്യ സ്വതന്ത്രയായത്. ഇന്ത്യയെ ഒരു സ്വതന്ത്ര-പരമാധികാര-മതേതര റിപ്പബ്ലിക്കായാണ് ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തത്. ഇന്ന്, 7 പതിറ്റാണ്ടുകൾക്ക് ശേഷം, അവരുടെ സ്വപനങ്ങൾ ഓരോന്നും തകരുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും വിദേശ-മൂലധന-കോർപ്പറേറ്റ് ശക്തികൾക്ക് മുന്നിൽ അടിയറ വെക്കുന്നു. സർക്കാറിന്റെ സാമ്പത്തിക-ധനകാര്യ നയങ്ങളും രാജ്യത്തെ നിയമങ്ങളും എല്ലാത്തരത്തിലുമുള്ള ചട്ടങ്ങളും പോലീസ് സേനയും സൈന്യവും ഉൾപ്പെടെ എല്ലാ മേഖലയിലെയും ഓരോ ചുവടും കോർപ്പറേറ്റുകളുടെയും സാമ്രാജ്യത്വ ശക്തികളുടെയും താല്പര്യങ്ങൾക്ക് അനുസരിച്ച് മാത്രം എടുക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യസുരക്ഷയും പ്രതിരോധവും ആയുധനിർമ്മാണവും ഉൾപ്പെടെയുള്ള അതിപ്രധാനമായ മേഖലകളിൽ പോലും നേരിട്ടുള്ള വിദേശനിക്ഷേപങ്ങൾ അനുവദിക്കുന്നത് രാജ്യത്തിൻറെ പരമാധികാരത്തിന് ഭീഷണിയാണ്. ഒരു ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തുരത്തി നമ്മൾ നേടിയ സ്വാതന്ത്രം ഇന്നത്തെ സാമ്രാജ്യത്വ ശക്തികൾക്ക് മുന്നിൽ അടിയറവ് വയ്ക്കുന്ന സാഹചര്യത്തിലാണ് യുവജനവേദി ഓഗസ്റ്റ് 15 സാമ്രാജ്യത്വ വിരുദ്ധദിനമായി ആചരിക്കുന്നത്.
ഓഗസ്റ്റ് 15-ന് നമ്മൾ രാജ്യത്തിന്റെ സ്വാതന്ത്രസമര പോരാളികളെയും ധീരരക്തസാക്ഷികളെയും സ്മരിക്കുമ്പോൾ ആ ഓർമ്മകളിലെങ്ങും ഒരു ഗസ്റ്റ് റോൾ പോലും ചെയ്യാത്ത, സ്വാതന്ത്രത്തിന് വേണ്ടിയുള്ള പോരാട്ടത്തിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയുള്ള സമരത്തിലും യാതൊരു പങ്കും വഹിക്കാത്ത ഒരു കൂട്ടരുടെ പിന്തുടർച്ചക്കാരാണ് ഇന്ന് നമ്മുടെ രാജ്യം ഭരിക്കുന്നത് എന്നത് കൂടി ഓർക്കേണ്ടതുണ്ട്. അന്നും ഇന്നും വർഗ്ഗീയതയുടെയും സാമ്രാജ്യത്വ ദാസ്യത്തിന്റെയും രാഷ്ട്രീയം മാത്രമാണ് അവർക്ക് കൈമുതലായുള്ളത്. ഇന്ത്യയിലെ മതേതരത്വത്തെ കുഴിച്ചുമൂടി ഒരു മതരാഷ്ട്രമാക്കി മാറ്റുക എന്നതാണ് സംഘപരിവാറിന്റെ അന്തിമലക്ഷ്യം. "വീരവൈഭവശാലി ഹിന്ദുരാഷ്ട്ര" എന്നാണ് അവരുടെ ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നത്തിന് അവർ തന്നെ നൽകിയിരിക്കുന്ന പേര്. അധികാരം അവരുടെ കൈയ്യിലായതിനാൽ തന്നെ ഭരണസംവീധാനത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് ഹിന്ദുരാഷ്ട്രം എന്ന തങ്ങളുടെ അജണ്ട മുന്നോട്ട് കൊണ്ടുപോവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ചരിത്രപുസ്തകങ്ങൾ തങ്ങൾക്കനുകൂലമായ രീതിയിൽ തിരുത്തിക്കുറിച്ചുകൊണ്ട്, വിദ്യാഭ്യാസം, ഇലക്ഷൻ, നിയമനിർമ്മാണം, നീതിന്യായവ്യവസ്ഥ തുടങ്ങി എല്ലാ മേഖലകളിലും ഹിന്ദുരാഷ്ട്ര അജണ്ട നടപ്പിലാക്കാനുള്ള കരുക്കൾ നീക്കുകയാണ് സംഘപരിവാർ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള ഇത്തരം ശ്രമങ്ങളെ തങ്ങളുടെ ശരീരത്തിലെ ഓരോ കോശവുമുപയോഗിച്ച് എതിർക്കേണ്ടത് മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വാസമുള്ള ഓരോ പൗരന്റെയും കടമയാണ്.
ഈ സാഹചര്യത്തിലാണ് "ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കുക" എന്ന മുദ്രാവാക്യം യുവജനവേദി മുന്നോട്ട് വക്കുന്നത്. ജനാധിപത്യ ഇന്ത്യയുടെ ശിൽപികൾ സ്വപ്നം കണ്ട സ്വാതന്ത്ര്യവും ജനാധിപത്യവും പരമാധികാരവും മതനിരപേക്ഷതയും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ മൂല്യങ്ങളെ തിരിച്ചുപിടിക്കുവാനും അവയെ ചവുട്ടിയരക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്പിക്കുവാനും നമ്മൾ ഓരോരുത്തരും അണിനിരക്കേണ്ടതുണ്ട്.