Charles George - കേരള-മത്സ്യതൊഴിലാളി-ഐക്യവേദി (ടി.യു.സി.ഐ ) മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തണം


കേരള-മത്സ്യതൊഴിലാളി-ഐക്യവേദി (ടി.യു.സി.ഐ)

രജി. നം. 07.07.88
റൂം നമ്പര്‍ : 14, മാരുതി ലോഡ്ജ്, സി.എസ്. റോഡ്, കൊച്ചി-11
ങീയ:  9447168852

മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തണം
കേരള തീരത്ത് തുടര്‍ച്ചയായുണ്ടാകുന്ന കപ്പലിടിച്ചുള്ള മരണങ്ങളുടേയും, അപകടങ്ങളുടേയും പശ്ചാത്തലത്തില്‍ മത്സ്യതൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.  2017 ല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഡോ. അയ്യപ്പന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കിക്കൊണ്ട് മത്സ്യമേഖലയിലെ സുരക്ഷാ നടപടികള്‍ കാര്യക്ഷമമായി നടപ്പാക്കണമെന്നും ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
2012 ല്‍ എന്‍റിക്ക ലെക്സി കപ്പലില്‍ നിന്നും വെടിയേറ്റ് രണ്ട് മത്സ്യതൊഴിലാളികള്‍ മരിച്ച ശേഷം ഈ രംഗത്ത് തൊഴിലാളി താല്പര്യവും രാജ്യതാല്പര്യവും ബലികഴിക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി എടുത്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം 8-ാം തീയതി മയൂരിനാരി എന്ന കപ്പലിടിച്ച് ഡിവൈന്‍ എന്ന വള്ളം തകര്‍ന്ന സംഭവത്തില്‍ കോസ്റ്റ് ഗാര്‍ഡ് ഇടിച്ച കപ്പലിനെ സംബന്ധിച്ച വിവരം രേഖാമൂലം നല്‍കിയിട്ടും ആ കപ്പലല്ല ഇടിച്ചത് എന്ന വിചിത്രമായ വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. കേന്ദ്രസര്‍ക്കാറിനു വേണ്ടി ഹാജരായ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറല്‍ ആ കപ്പലല്ല ഇടിച്ചതെന്ന് ഹൈക്കോടതിയില്‍ വാദിക്കുകയും ചെയ്തു.
42,000 കൊടി രൂപയുടെ വിദേശനാണ്യവും, ലക്ഷക്കണക്കിനു കോടി രൂപയുടെ ആഭ്യന്തര വരുമാനവും ഉണ്ടാക്കിക്കൊടുക്കുന്ന ഒരു ഉല്പാദക സമൂഹത്തോട് സര്‍ക്കാര്‍ എടുക്കുന്ന ഈ നിലപാടില്‍ ഞങ്ങള്‍ ശക്തിയായി പ്രതിഷേധിക്കുന്നു.  കേരളത്തിന്‍റെ സമുദ്ര ഭാഗത്തുകൂടി പോകുന്ന കപ്പലുകള്‍ അന്താരാഷ്ട്ര മാരിടൈം സംഘടനയുടെ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നുവെന്നുറപ്പു വരുത്തേണ്ടതുണ്ട്.  തദ്ദേശീയ മത്സ്യബന്ധന സമൂഹത്തെ ആധുനിക സാങ്കേതികവിദ്യകളുമായി ബന്ധപ്പെടുത്തി ആധുനീകരിക്കേണ്ടതുണ്ട്.  സര്‍ക്കാര്‍ തങ്ങളോടൊപ്പമുണ്ട് എന്ന് തൊഴിലാളി സമൂഹത്തെ ബോദ്ധ്യപ്പെടുത്തേണ്ട സന്ദര്‍ഭമാണിത്. സുരക്ഷാ സംഘടനകളുടെ പ്രവര്‍ത്തനത്തിന് ഏകോപനമുണ്ടാക്കുന്നതിനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കൈയെടുക്കണമെന്ന് ഞങ്ങളഭ്യര്‍ത്ഥിക്കുന്നു.
ചാള്‍സ് ജോര്‍ജ്ജ്
സംസ്ഥാന പ്രസിഡന്‍റ്
07.08.2018 കേരള മത്സ്യതൊഴിലാളി ഐക്യവേദി
ടി.യു.സി.ഐ.