P K VENUGOPALAN-- (ജനകീയ കലാ സാഹിത്യ വേദി) -- സ്വാമി അഗ്നിവേശിനെതിരെ നടന്ന അതിക്രമത്തെ അപലപിക്കുക. സംഘ പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കുക.


സ്വാമി അഗ്നിവേശിനെതിരെ നടന്ന അതിക്രമത്തെ അപലപിക്കുക. സംഘ പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ചെറുക്കുക.--ജനകീയ കലാ സാഹിത്യവേദി

ബി.ജെ.പിയുടേയും സംഘപരിവാരത്തിന്റേയും രാഷ്ട്രീയം എത്ര മാത്രം അധമവും ഹിംസാത്മകവുമാണെന്ന് സംശയലേശമെന്യേ തെളിയിക്കുന്നതാണു് ഝാർഖണ്ഡിലെ പാക്കൂരിൽ വച്ച് സാമൂഹ്യ പ്രവർത്തകനും സമാന്തര നൊബേൽ ( റൈറ്റ് ലൈവ് ലിഹുഡ് ) പുരസ്ക്കാര ജേതാവുമായ സ്വാമി അഗ്നിവേശിനെതിരെ അവർ നടത്തിയ കടന്നാക്രമണം. ഒരു ആദിവാസി സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ 80 വയസ്സുകാരനായ അഗ്നിവേശിനെ ബി.ജെ.പിയുടെ യുവജന വിഭാഗമായ ബി.ജെ.വൈ.എം ന്റെയും(ഭാരതീയ ജനതാ യുവമോർച്ച) എ.ബി.വി.പിയുടേയും നൂറു കണക്കിനു പ്രവർത്തകർ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കല്ലുകൊണ്ടുള്ള ഇടിയേറ്റുണ്ടായതടക്കം ദേഹത്തെമ്പാടും നിരവധി പരിക്കുകളേറ്റ അഗ്നിവേശിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാജ്യത്തിനകത്തു മാത്രമല്ല ലോകമെമ്പാടും തന്നെ ആദരിക്കപ്പെടുന്ന സ്വാമി അഗ്നിവേശിനെതിരെ കടന്നാക്രമണം നടത്തിയ ബി.ജെ.പിയുടെ ഈ നികൃഷ്ട നടപടി അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്.
ഗോവധത്തിന്റെയും ഗോമാംസഭക്ഷണത്തിന്റേയും പേരിൽ ബി.ജെ.പിയും സംഘപരിവാർ ശക്തികളും രാജ്യത്തെങ്ങും നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളേയും ആൾക്കൂട്ടക്കൊലകളേ യും വിമർശിച്ചതാണ് സ്വാമി അഗ്നിവേശിനെതിരായി കടന്നാക്രമണം നടത്താൻ അവരെ പ്രേരിപ്പിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. വാസ്തവത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഫ്യൂഡൽ വ്യവസ്ഥക്കു വെല്ലുവിളിയുയർത്തിയ അടിമവേല നിരോധന പ്രസ്ഥാനത്തിനു തുടക്കം കുറിച്ച കാലം മുതൽ സംഘപരിവാരവും സവർണ്ണ ജന്മി നാടുവാഴിത്ത ശക്തികളും അഗ്നിവേശിനെതിരെ ശക്തമായി രംഗത്തുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിലനിന്നിരുന്ന, മനുഷ്യരെ മൃഗങ്ങളേക്കാൾ നിന്ദ്യമായി കൈകാര്യം ചെയ്യുന്ന അടിമത്തവ്യവസ്ഥയെ ഔപചാരികമായെങ്കിലും ഇല്ലായ്മ ചെയ്യുന്നതിനും അതിനെതിരായ നിയമനിർമ്മാണം കൊണ്ടുവരുന്നതിനും സ്വാമി അഗ്നിവേശിന്റെ നേതൃത്വത്തിലുള്ള 'ബന്ദുവ മുക്തിമോർച്ച' (അടിമവേല വിമോചന പ്രസ്ഥാനം) വലിയ പങ്കു വഹിച്ചിട്ടുണ്ട്. പുരി ജഗന്നാഥ ക്ഷേത്രത്തിൽ അഹിന്ദുക്കളായ ഭക്തർക്കു കൂടി പ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ടും അമർനാഥ് ഗുഹാക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ടും സ്വാമി അഗ്നിവേശ് നടത്തിയ പ്രസ്താവനകൾ സംഘപരിവാരത്തിന്റെ എതിർപ്പിന് അദ്ദേഹത്തെ പാത്രമാക്കുകയുണ്ടായി. അതിന്റെയൊക്കെ തുടർച്ചയായാണ് പാക്കൂരിൽ സ്വാമി അഗ്നിവേശ് ആക്രമിക്കപ്പെട്ടിരിക്കുന്നത്.
ആര്യസമാജത്തിന്റെ ഭാഗമായി സന്യസ്ത ജീവിതം ആരംഭിച്ച അഗ്നിവേശ് സാമൂഹ്യനീതിക്കും സമത്വപൂർണ്ണമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിനും വേണ്ടി ആദ്ധ്യാത്മികതയുടെ മാർഗ്ഗം ഉപേക്ഷിച്ചു രംഗത്തു വന്നയാളാണ്. കൊൽക്കത്തയിലെ കോളേജ് അദ്ധ്യാപകന്റെ ജോലിയുപേക്ഷിച്ച് രാഷ്ടീയ പ്രവർത്തനത്തിനിറങ്ങിയ അദ്ദേഹം ഹരിയാന അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുക യും അവിടത്തെ വിദ്യാഭ്യാസ വകുപ്പു മന്ത്രിയായി നിയമിക്കപ്പെടുകയും ചെയ്തു. അധികാരത്തോട് ആസക്തി പുലർത്തുന്ന മഠാധിപതികളും സന്യാസിമാരും പുരോഹിതന്മാരുമൊക്കെ അധികാരവും സമ്പത്തും ആഡംബര ജീവിതവും നേടിയെടുക്കാൻ ഏതു ഹീനമാർഗ്ഗവും കൈക്കൊള്ളുമ്പോൾ തന്റെ മൂല്യബോധത്തോട് നീതി പുലർത്താൻ മന്ത്രി സ്ഥാനം വലിച്ചെറിയാൻ വരെ തയ്യാറായ ആളാണ് സ്വാമി അഗ്നിവേശ് .
ജനാധിപത്യത്തോടും മതനിരപേക്ഷതയോടും അഴിമതിവിരുദ്ധ നിലപാടുകളോടും തികഞ്ഞ കൂറു പുലർത്തിപ്പോന്നിട്ടുള്ള സ്വാമി അഗ്നിവേശ് സംഘപരിവാറിന്റെ കണ്ണിൽ കരടാകുന്നത് തികച്ചും സ്വാഭാവികം തന്നെ. അദ്ദേഹത്തിനെതിരെ നടന്ന കടന്നാക്രമണത്തെ ഔപചാരികമായി അപലപിക്കുമ്പോഴും അതിനെ പരോക്ഷമായി ന്യായീകരിക്കുന്ന നിലപാടാണ് ഝാർഖണ്ഡിലെ ബി.ജെ.പി. നേതൃത്വം കൈക്കൊള്ളുന്നത്. സംസ്ഥാനത്തു നടക്കുന്ന "മതപരിവർത്തനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആക്രമണം നടന്നിട്ടുള്ളതെന്നും സ്വാമി അഗ്നിവേശിന്റെ ചരിത്രം കണക്കിലെടുത്താൽ ഈ ആക്രമണത്തിൽ അതിശയകരമായി യാതൊന്നും ഇല്ലെ"ന്നും പറഞ്ഞ ഝാർഖണ്ഡിലെ ബി.ജെ.പി. വക്താവ് പി.ഷാഹ്ദേവിന്റെ വാക്കുകൾ വിരൽ ചൂണ്ടുന്നത് അഗ്നിവേശിനു നേരെ നടന്ന ആക്രമണത്തിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടാ യിരുന്നു എന്നതിലേക്കു തന്നെയായിരിക്കണം. ആക്രമിക്കപ്പെട്ടയാളിന്റെ പ്രാധാന്യം പരിഗണിക്കുമ്പോൾ ഈ ഗൂഢാലോചന പ്രാദേശിക തലത്തിൽ മാത്രമായി നടന്നതാകാനിടയില്ലെന്നും ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും മുതിർന്ന നേതാക്കൾക്കു കൂടി പങ്കുള്ളതായിരിക്ക ണമെന്നും വേണം അനുമാനിക്കാൻ.
മോദി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഹിന്ദുത്വ വർഗ്ഗീയത കൈവരിച്ചിട്ടുള്ള തീവ്രമായ ഹിംസാത്മകതയുടെ മറ്റൊരു പ്രകടനമാണ് പാക്കൂരിൽ ഉണ്ടായിട്ടുള്ളത്. ശിക്ഷിക്കപ്പെടില്ല എന്ന ഉറപ്പോടെ ഏതൊരു പാതകവും ചെയ്യാം എന്നൊരു ആത്മവിശ്വാസം മോദി സർക്കാർ അവർക്കു നൽകിയിരിക്കുന്നു. പുരോഗമന വാദികളായ നരേന്ദ്ര ധാബോൾ ക്കർക്കും ഗോവിന്ദ് പാൻസരേക്കും എം.എം.കൽബുർഗ്ഗിക്കും ഏറ്റവുമൊടുവിൽ മുതിർന്ന പത്രപ്രവർത്തകയായ ഗൗരി ലങ്കേഷിനും നേരിടേണ്ടി വന്നതു പോലെ വർഗ്ഗീയ ഫാസിസ്റ്റു ശക്തികളുടെ മാരകമായ ശാരീരിക ഹിംസ തന്നെയാണ് സ്വാമി അഗ്നിവേശിനെതിരെയും ഉണ്ടായിരിക്കുന്നത്. തോക്കുമായി എത്തുന്ന കൊലയാളിക്കു പകരം യുവമോർച്ചയുടേയും എ. ബി.വി.പി യുടേയും യുവ ഫാസിസ്റ്റ് സംഘമാണെന്നു മാത്രം. അഗ്നിവേശിനൊപ്പമുണ്ടായിരുന്നവരുടെ ഇടപെടൽ മൂലം മർദ്ദനം കൊലപാതകത്തിലേക്ക് എത്തിയില്ലെന്നു മാത്രം.
അഗ്നിവേശിനെതിരെ നടന്ന കടന്നാക്രമണത്തെപ്പറ്റി ഗൗരവപൂർവ്വമായ അന്വേഷണമുണ്ടാവണമെന്നും കുറ്റവാളികളെ അവരുടെ രാഷ്ട്രീയ പദവികൾ പരിഗണിക്കാതെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും എല്ലായിടത്തു നിന്നും ആവശ്യമുയരണം. ലോകം ആദരിക്കുന്ന സാമൂഹ്യ പ്രവർത്തകരെ പോലും മൃഗീയമായി കടന്നാക്രമിക്കുന്ന സംഘ പരിവാർ രാഷ്ടീയത്തെ ഒറ്റപ്പെടുത്താനും അധികാര ഭ്രഷ്ടമാക്കാനും എല്ലാ ജനാധിപത്യ, മതനിരപേക്ഷ ശക്തികളും ഐക്യപ്പെടണം.