A.M.M.A ജനങ്ങളോട് മാപ്പ് പറയുക, പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും - യുവജനവേദി, ജനാധിപത്യ വനിതാ സംഘടന



പ്രസ്താവന:



A.M.M.A ജനങ്ങളോട് മാപ്പ് പറയുക, പ്രതിഷേധ പ്രകടനവും ധര്‍ണ്ണയും  - യുവജനവേദി, ജനാധിപത്യ വനിതാ സംഘടന


മലയാള താരസംഘടനയായ A.M.M.Aയുടെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ ഏഴാം തീയതി പ്രതിഷേധപ്രകടനവും ധർണ്ണയും നടത്തുമെന്ന് യുവജനവേദിയും ജനാധിപത്യ വനിതാ സംഘടനയും പ്രഖ്യാപിച്ചു. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ വച്ചായിരിക്കും ധർണ. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട ദിലീപിനെ നേരത്തെ താരസംഘടനയിൽ നിന്നും പുറത്താക്കിയ സാഹചര്യത്തിൽ നിന്നും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നിരിക്കേ, ഇപ്പോൾ ദിലീപിനെ തിരിച്ചെടുത്ത് ആ സംഘടനയുടെ സ്ത്രീവിരുദ്ധതയും പുരുഷാധിപത്യ-പണാധിപത്യ മനോഭാവവുമാണ് കാണിക്കുന്നത്. ജനറൽ ബോഡിയാണ് തീരുമാനമെടുത്തത് എന്നാണ് അമ്മ പ്രസിഡന്റ് പറഞ്ഞത്, എന്നാൽ ജനറൽ ബോഡിയ്ക്കു മുമ്പ് നിർവ്വാഹക സമിതിയിൽ പ്രതിയായ നടനെ സംഘടനയിൽ തിരിച്ചെടുക്കുവാൻ തീരുമാനമെടുത്തത് A.M.M.A ജനങ്ങളിൽ നിന്നും മറച്ചു പിടിക്കുകയായിരുന്നു. A.M.M.A ഈ തീരുമാനം അടിയന്തിരമായി പിൻവലിക്കുകയും കേരളത്തിലെ പൊതുസമൂഹത്തോട് മാപ്പ് പറയുകയും വേണം എന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. 

കേരളത്തിലെ യുവാക്കളുടേയും മലയാളികളുടെയാകെയും ആരാധനയ്ക്ക് പാത്രങ്ങൾ ആയിട്ടുള്ള ഒരുപറ്റം നടീനടന്മാർ അംഗങ്ങളായ ഒരു സംഘടന ഭാവികേരളത്തിന് മാതൃകയാവുകയാണ് വേണ്ടത്. എന്നാൽ പണാധിപത്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും മാഫിയാ പ്രവർത്തനങ്ങളുടെയും ഫ്യൂഡൽ അധികാര കേന്ദ്രമായി ആ സംഘടന മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. അങ്ങേയറ്റം നീചമായ ഒരു കുറ്റകൃത്യത്തിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന ഒരു വ്യക്തിയെ സംരക്ഷിക്കുക വഴി എന്ത് തരം സന്ദേശമാണ് തങ്ങൾ സമൂഹത്തിന് നൽകുന്നത് എന്ന് A.M.M.A പുനഃപരിശോധിക്കണം. അല്ലാത്തപക്ഷം, ശക്തമായ തുടർ സമരപരിപാടികളുമായി മുന്നോട്ട് പോകും. മലയാള സിനിമയിലെ മാഫിയാവൽക്കരണത്തെയും ജനാധിപത്യവിരുദ്ധ പ്രവണതകളെയും എതിർത്ത് തോല്പിക്കേണ്ടത് ജനാധിപത്യ കേരളത്തിന്റെ കടമയാണ്