അമ്മയിൽ നിന്ന് രാജിവച്ച നടിമാർക്ക് എല്ലാ പിന്തുണയും നൽകേണ്ടത് ജനാധിപത്യ കേരളത്തിന്റെ കടമ: -യുവജനവേദി


"അമ്മ" മാപ്പ് പറയുക, അമ്മയിൽ നിന്ന് രാജിവച്ച നടിമാർക്ക് എല്ലാ പിന്തുണയും നൽകേണ്ടത് ജനാധിപത്യ കേരളത്തിന്റെ കടമ: -യുവജനവേദി

മലയാള സിനിമാ നടീനടന്മാരുടെ സംഘടനയായ "അമ്മ"യുടെ അങ്ങേയറ്റം സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ നടപടികളിൽ പ്രതിഷേധിച്ച് ആ സംഘടനയിൽ നിന്നും രാജിവച്ച നടിമാർ സ്വീകരിച്ചത് ധീരവും മാതൃകാപരവുമായ ഒരു നിലപാടാണ്, ഈ നടിമാർക്ക് ജനാധിപത്യ കേരളം എല്ലാ വിധത്തിലുമുള്ള പിന്തുണയും നൽകണമെന്ന് യുവജനവേദി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു. കേരളത്തിലെ യുവാക്കളുടേയും മലയാളികളുടെയാകെയും ആരാധനയ്ക്ക് പാത്രങ്ങൾ ആയിട്ടുള്ള ഒരുപറ്റം നടീനടന്മാർ അംഗങ്ങളായ ഒരു സംഘടന ഭാവികേരളത്തിന് മാതൃകയാവുകയാണ് വേണ്ടത്. എന്നാൽ പണാധിപത്യത്തിന്റെയും പുരുഷാധിപത്യത്തിന്റെയും മാഫിയാ പ്രവർത്തനങ്ങളുടെയും ഫ്യൂഡൽ അധികാര കേന്ദ്രമായി ആ സംഘടന മാറുന്ന കാഴ്ചയാണ് ഇന്ന് നമ്മൾ കാണുന്നത്. ഇരയാക്കപ്പെട്ട നടി ഉൾപ്പെടെയുള്ളവർ "അമ്മ"യുടെ തുടർച്ചയായ നീതിനിഷേധത്തിൽ പ്രതിഷേധിച്ച് ആ സംഘടനയിൽ നിന്നും പുറത്തുവരേണ്ടി വന്നിരിക്കുകയാണ്. അങ്ങേയറ്റം നീചമായ ഒരു കുറ്റകൃത്യത്തിൽ പ്രതിചേർക്കപ്പെട്ട് വിചാരണ നേരിടുന്ന ഒരു വ്യക്തിയെ ഈ സംഘടനയിൽ തിരിച്ചെടുക്കുന്നത് വഴി ഏതു തരത്തിലുള്ള സന്ദേശമാണ് തങ്ങൾ സമൂഹത്തിന് നൽകുന്നത് എന്നത് "അമ്മ" വ്യക്തമാക്കണം. ഈ നടപടി അടിയന്തിരമായി പിൻവലിക്കാനും കേരളത്തിന്റെ പൊതുസമൂഹത്തോട് മാപ്പ് പറയാനും "അമ്മ" തയ്യാറാകണം എന്നും യുവജനവേദി ആവശ്യപ്പെടുന്നു.

സിനിമാമേഖലയിലെ പുരുഷാധിപത്യത്തിന് നേരെ ശബ്ദമുയർത്തുന്ന സ്ത്രീകളെ അധിക്ഷേപങ്ങളിലൂടെയും ഭീഷണിയിലൂടേയും സൈബർ ആക്രമണങ്ങളിലൂടെയും അടിച്ചമർത്താനുള്ള ശ്രമങ്ങളെ ചെറുക്കാൻ പൗരബോധവും പുരോഗമന മൂല്യങ്ങളുമുള്ള യുവജനത അണിനിരക്കണം. ഇത്തരക്കാർക്കെതിരെ
സത്വര നടപടികൾ സ്വീകരിക്കാൻ പോലീസും സർക്കാർ സംവിധാനങ്ങളും തയ്യാറാവണം. സിനിമാ മേഖലയിലെ അപ്രഖ്യാപിത വിലക്കുകൾ, പ്രൊഫഷണൽ ആക്രമണങ്ങൾ തുടങ്ങിയ ഗോത്രീയ പ്രവർത്തനങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുവാനുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.