P C UNNICHEKKAN-കേരളത്തിൽ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള ബി.ജെ.പി, ആർ എസ് എസ്സ് ശ്രമങ്ങളെ അപലപിക്കുക.


                                         Statement

കേരളത്തിൽ വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിക്കാനുള്ള                                ബി.ജെ.പി ,ആർ എസ് എസ്സ് ശ്രമങ്ങളെ  അപലപിക്കുക.



പശ്ചിമബംഗാളിലും ബീഹാറിലും  രാജസ്ഥാനിലും ഉത്തരേന്ത്യയിലെ മറ്റു പല സംസ്ഥാനങ്ങളിലും ആർഎസ്എസ്സും മറ്റു സംഘപരിവാർ സംഘടനകളും അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ ഹിംസയുടെ രാക്ഷസീയത കേരളത്തിലും പ്രയോഗിക്കാനുള്ള ശ്രമത്തിലാണവർ . മാവേലിക്കരക്കടുത്തു  കരിമുളക്കലും കാസർഗോഡിനടുത്തു കാഞ്ഞിരങ്ങാടും ക്രിസ്ത്യൻ പള്ളികൾക്കു നേരെ സംഘപരിവാർ ശക്തികൾ നടത്തിയ അങ്ങേയറ്റം അപലപനീയമായ  കടന്നാക്രമണം ഇതിന്റെ സൂചനയാണ്.

രാമനവമി ഘോഷയാത്രയുടെ പേരിൽ നടത്തപ്പെട്ട, സായുധസംഘങ്ങളുടെ റൂട്ട് മാർച്ചുകളാണ് ബംഗാളിലും ബീഹാറിലും കലാപങ്ങൾക്കു തുടക്കമിട്ടത്. ആരാധനയുടേയോ വിശ്വാസ പ്രഖ്യാപനങ്ങളുടേയോ പ്രകടനങ്ങളെന്നതിലപ്പുറം കലാപങ്ങൾ കെട്ടഴിച്ചുവിടാനുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമായിരുന്നു ഈ രാമനവമി ഘോഷയാത്രകളെന്നു അവയെ നിരീക്ഷിച്ച മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ആർ എസ് എസ്സിന്റേയും ബിജെപിയുടേയും പ്രാദേശിക നേതാക്കൾ തന്നെയാണ് പലയിടത്തും ഈ ഘോഷയാത്രകൾക്കും തുടർന്നുണ്ടായിട്ടുള്ള കൊലയും കൊള്ളയും കൊള്ളിവയ്പും ഉൾപ്പെടെയുള്ള അക്രമ കൃത്യങ്ങൾക്കും നേതൃത്വം നൽകിയിട്ടുള്ളത്. കേന്ദ്ര മന്ത്രിയായ അശ്വനി ചൗ ബെയുടെ മകൻ അരിജിത്ത് ശാശ്വത് തന്നെയാണ് ബീഹാറിലെ ഭഗൽപൂരിൽ വർഗ്ഗീയകലാപത്തിനു നേതൃത്വം നൽകിയതിന് അറസ്റ്റിലായിരിക്കുന്നത്.

കേരളത്തിൽ മുമ്പു നിലനിന്നിരുന്ന ഏതെങ്കിലും വർഗ്ഗീയ അസ്വാസ്ഥ്യങ്ങളുടെ തുടർച്ചയായിട്ടല്ല മാവേലിക്കരയിലും കാസർഗോഡും പള്ളികൾ ആക്രമിക്കപ്പെട്ടിട്ടുള്ളത്. വർഗ്ഗീയ താല്പര്യപ്രകാരം സമൂഹത്തിൽ കൃത്രിമമായ വിഭാഗീയതയും വേർതിരിവും അസ്വസ്ഥതയും സൃഷ്ടിക്കാനും അതുവഴി സ്വന്തം ചേരിക്ക് രാഷ്ട്രീയമായ പിന്തുണയുണ്ടാക്കിയെടുക്കാനും വേണ്ടി നടത്തപ്പെട്ട ആസൂത്രിത ആക്രമണങ്ങളാണു് അവ . മതനിരപേക്ഷതയുടേയും ജനാധിപത്യത്തിന്റേയും മൂല്യങ്ങൾക്ക് കേരളീയ സമൂഹത്തിലുള്ള സ്വാധീനത്തെ ഇല്ലായ്മ ചെയ്യാൻ സംഘപരിവാരത്തിന്റേയും ഇതര വർഗ്ഗീയതകളുടേയും ശക്തികളും മറ്റു സാമൂഹ്യ വിരുദ്ധ ശക്തികളും  ഏറെക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്.

ഉത്തരേന്ത്യയിലെ വർഗ്ഗീയ കലാപങ്ങൾ ആരംഭിച്ചിരിക്കുന്നത് അടുത്തയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യു.പി യിലേയും രാജസ്ഥാനിലേയും മറ്റും ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ടീയത്തിന് ശക്തമായ തിരിച്ചടികൾ നേരിടേണ്ടി വന്നതിനു തൊട്ടു പുറകെയാണെന്നത് ശ്രദ്ധേയമാണ്. 2019 ൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയം നേടാൻ വർഗ്ഗീയതയല്ലാതെ മറ്റൊരായുധവും ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും കൈവശമില്ല. ഒരു വശത്ത് അയോദ്ധ്യയിലെ രാമജന്മഭൂമിയുടേയും രാമക്ഷേത്ര നിർമ്മാണത്തിന്റേയും വിഷയം ഉയർത്തിക്കൊണ്ടു വന്നു കൊണ്ടും മറുവശത്ത് വർഗ്ഗീയ കലാപങ്ങൾ സൃഷ്ടിച്ചു കൊണ്ടും തങ്ങൾക്കനുകൂലമായ ധ്രുവീകരണം സാധ്യമാകുമെന്ന് അവർ കരുതുന്നുണ്ടാവണം. തങ്ങളുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും വിവിധ സംസ്ഥാന സർക്കാരുകളും എല്ലാ മണ്ഡലങ്ങളിലും വമ്പിച്ച പരാജയമാണെന്ന യാഥാർത്ഥ്യത്തെ മറച്ചുവയ്ക്കാൻ ഈ വർഗ്ഗീയ കലാപങ്ങൾക്കാവും എന്നാണവർ കരുതുന്നത്. അവരുടെ ഭരണ നടപടികൾ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവും രാഷ്ടീയവുമായ പ്രതിസന്ധികൾ കൂടുതൽ രൂക്ഷമാക്കിയിട്ടേയുള്ളു. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ബഹുജന വിഭാഗങ്ങളെല്ലാം സമരരംഗത്താണ്. കോർപ്പറേറ്റുകൾക്ക് മാത്രമേ ഈ ഭരണം ആദായമുണ്ടാക്കുന്നുള്ളു എന്ന യാഥാർത്ഥ്യം കൂടുതൽ ആളുകൾക്ക് ബോദ്ധ്യപ്പെടുകയാണ്. വിദേശ ബാങ്കുകളിൽ സൂക്ഷിച്ച കള്ളപ്പണം പിടിച്ചെടുക്കുമെന്നും അഴിമതിക്ക് അറുതി വരുത്തുമെന്നും എല്ലാവർക്കും 'അച്ഛേ ദിൻ' കൊണ്ടുവരുമെന്നും കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നുമൊക്കെയുള്ള വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പു കാലത്തെ പൊള്ളയായ വാചകമടികൾ മാത്രമായിരുന്നുവെന്ന് ബി.ജെ.പിക്കു തന്നെ തുറന്നു സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ അടുത്ത തെരഞ്ഞെടുപ്പു നേരിടാൻ വർഗ്ഗീയ കലാപങ്ങൾ കെട്ടഴിച്ചുവിടുക മാത്രമേ മാർഗമുള്ളൂ എന്ന് BJP യും സംഘപരിവാർ ശക്തികളും കരുതുന്നു.

കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണവും അതിന്റെ പേരിലുള്ള അസ്വാസ്ഥ്യങ്ങളും സൃഷ്ടിക്കാൻ BJP RSS ശക്തികൾ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതും ഈ പശ്ചാത്തലത്തിൽ തന്നെയാണ്. മാവേലിക്കരയിലും കാസർഗോഡും ക്രൈസ്തവരുടെ ആരാധനാലയങ്ങൾക്കുനേരെ അവർ നടത്തിയ കടന്നാക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കേരളീയ സമൂഹത്തിൽ മേൽക്കൈയുള്ള സെക്കുലർ, ജനാധിപത്യ, സോഷ്യലിസ്റ്റ് മൂല്യങ്ങളെ തകർത്തുകൊണ്ട് വർഗ്ഗീയസംഘർഷങ്ങൾ സൃഷ്ടിക്കാനുള്ള കുത്സിത ശ്രമങ്ങളെ പരാജയപ്പെടുത്താനും വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്താനും എല്ലാ മതനിരപേക്ഷ, ജനാധിപത്യ ശക്തികളും മുന്നോട്ടു വരണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

    2nd APRIL 2018                                                                 പി.സി. ഉണ്ണിച്ചെക്കൻ
                                                                                                                       സെക്രട്ടറി
                                                                     സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്                                                                                                              കേരള സംസ്ഥാന കമ്മിറ്റി.