കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം:- സർക്കാർ നിലപാട് അപലപനീയം ,CPI-ML RED FLAG


               കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് പ്രവേശനം: സർക്കാർ നിലപാട് അപലപനീയം


പ്രവേശനത്തിനുള്ള അംഗീകൃത മാനദണ്ഡങ്ങളൊന്നും പരിഗണിക്കാതെ വൻ തുകകൾ തലവരിപ്പണം വാങ്ങി വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച കണ്ണൂർ, കരുണ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശന നടപടികളെ സാധൂകരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ കൊണ്ടുവന്ന ഓർഡിനൻസും കഴിഞ്ഞ ദിവസം നിയമസഭ ഏകകണ്ഠമായി പാസ്സാക്കിയ ബില്ലും കോഴക്കോളേജുകൾക്കും വിദ്യാഭ്യാസക്കച്ചവടത്തിനും എതിരെ കേരളീയ സമൂഹം പല ദശകങ്ങളായി നടത്തിപ്പോരുന്ന സമരങ്ങളോടുള്ള തികഞ്ഞ അവഹേളനമാണ്.


അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളേജും പാലക്കാട്ടെ കരുണ മെഡിക്കൽ കോളേജും വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചത് മെറിറ്റും ഇതര മാനദണ്ഡങ്ങളും നഗ്നമായി ലംഘിച്ചുകൊണ്ടാണെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച ജെയിംസ് കമ്മിറ്റി തന്നെ കണ്ടെത്തിയതാണ്. സ്വാശ്രയ കോളേജുകൾക്കും വിദ്യാഭ്യാസ കച്ചവടത്തിനും  അനുകൂലമായ വിധിന്യായങ്ങൾ പല വട്ടം പുറപ്പെടുവിച്ചിട്ടുള്ള കോടതികൾ പോലും ഈ കോളേജുകളിലെ പ്രവേശനം നിയമവിരുദ്ധമായി നടത്തിയതാണെന്നു കണ്ട് റദ്ദാക്കിയിരുന്നതാണ്. എന്നിട്ടും നിയമവിരുദ്ധമായ ആ പ്രവേശനങ്ങൾക്ക് സാധൂകരണം നൽകാൻ ഓർഡിനൻസു കൊണ്ടുവന്ന പിണറായി വിജയൻ സർക്കാർ കോഴക്കോളേജുകളെ  സംബന്ധിച്ച പ്രഖ്യാപിത ഇടതുപക്ഷ നിലപാടുകളെ  അപമാനിക്കുകയാണു ചെയ്തത്.

വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ വ്യവസ്ഥയോട് സമരം ചെയ്തതിന്റെ പേരിൽ കടുത്ത പോലീസ് പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വന്നിട്ടുള്ള നൂറു കണക്കിനു വിദ്യാർത്ഥികളും യുവജനങ്ങളുമുള്ള നാടാണു കേരളം. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ ഇടതു പക്ഷ യുവജന പ്രസ്ഥാനത്തിലെ അഞ്ചു യുവാക്കൾ രക്തസാക്ഷികളായത് സ്വാശ്രയ കോളേജുകൾക്കെതിരായ സമരത്തിലാണ്. ഈ യുവാക്കളുടെ രക്തസാക്ഷിത്വം ഉൾപ്പെടെയുള്ള ത്യാഗങ്ങളോട് ആദരവോ സഹഭാവമോ പുലർത്തുന്ന ആർക്കും കണ്ണൂർ, കരുണ കോളേജുകളിലെ നിയമവിരുദ്ധമായ പ്രവേശനത്തെ സാധൂകരിക്കാനുള്ള നിയമനിർമ്മാണത്തെ പിന്തുണക്കാനാവില്ല.

സ്വാശ്രയ വിദ്യാഭ്യാസത്തെ എതിർക്കുന്ന നിലപാട് പരസ്യമായി പ്രഖ്യാപിക്കുമ്പോൾ പോലും ഇത്തരം സ്ഥാപനങ്ങൾ നടത്തുന്ന വിദ്യാഭ്യാസകച്ചവടത്തോട് ശരിയായ ഒരു നിലപാടു സ്വീകരിക്കാനോ അധികാരത്തിലെത്തുമ്പോൾ ആ നിലപാടു പ്രയോഗത്തിൽ വരുത്താനോ കേരളം ഭരിക്കുന്ന ഇടതുപക്ഷ മുന്നണി ശ്രമിച്ചിട്ടില്ല. കൂത്തുപറമ്പു രക്തസാക്ഷിത്വത്തിനു ശേഷം പോലും സ്വാശ്രയ വിദ്യാഭ്യാസത്തോട് ഖണ്ഡിതമായ ഒരു സമീപനം സ്വീകരിക്കാൻ അവർ തയ്യാറായിട്ടില്ല. സ. വി. എസ്. അച്ച്യുതാനന്ദൻ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം. എ. ബേബി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനായി ഒരു നിയമം കൊണ്ടുവരികയും നിയമസഭ ഏകകണ്ഠമായി അതു പാസ്സാക്കുകയും ചെയ്തുവെങ്കിലും കോടതി ഇടപെടലിനെ തുടർന്ന്‌ ആ നിയമം അസാധുവാക്കപ്പെടുകയായിരുന്നു. അതിനു ശേഷം ഇക്കാര്യത്തിൽ പിഴ തീർത്ത ഒരു നിയമനിർമ്മാണത്തിന് ഇടതുപക്ഷ മുന്നണി ഇതുവരെ തയ്യാറായിട്ടില്ല.

അതുകൊണ്ടു തന്നെ സ്വാശ്രയ, കോഴ കോളേജുകൾ കാര്യമായ പ്രതിഷേധമോ ചെറുത്തു നിൽപ്പുകളോ നേരിടാതെ പ്രവർത്തിച്ചു പോരുകയാണു കേരളത്തിൽ. ന്യൂനപക്ഷ അവകാശങ്ങളുടേയും സ്വകാര്യ സ്വത്തു സംരക്ഷണത്തിന്റേയും നിയമപരമായ സാങ്കേതികവശങ്ങൾ അവയ്ക്ക് അനുകൂലമായി തുടരുകയും ചെയ്യുന്നുണ്ട്.

സ്വാശ്രയ വിദ്യാഭ്യാസക്കച്ചവട വ്യവസ്ഥയുടെ ആവിഷ്ക്കർത്താക്കളും സംരക്ഷകരുമായ കോൺഗ്രസും യു.ഡി.എഫും കരുണ, കണ്ണൂർ കോളേജുകളുടെ ലാഭതാല്പര്യ സംരക്ഷണത്തിനു വേണ്ടി നില കൊള്ളുന്നതിൽ അസ്വാഭാവികമായി യാതൊന്നുമില്ല. ഇക്കാര്യത്തിൽ സർക്കാരിനെ വിമർശിച്ചു രംഗത്തെത്തിയ ബി.ജെ.പിക്കും വിദ്യാഭ്യാസ കച്ചവടത്തിന്റേയും കോഴക്കോളേജുകളുടേയും കാര്യത്തിൽ പിന്തിരിപ്പൻ നിലപാടുകൾ തന്നെയേ ഉള്ളു. കണ്ണൂർ, കരുണ കോളേജുകളുടെ കാര്യത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടവരിൽ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കൂടി ഉണ്ടായിരുന്നുവെന്ന് ഏവർക്കുമറിയാം.

എന്നാൽ, യു.ഡി.എഫോ ബി.ജെ.പി യോ പോലെ കോഴക്കോളേജുകളെ തുറന്നു തന്നെ പിന്തുണക്കുന്ന പാർട്ടികളുടേതിൽ നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസക്കച്ചവടത്തിനെതിരായി നിരന്തര സമരം നടത്തുകയും രക്തസാക്ഷിത്വം ഉൾപ്പെടെയുള്ള വലിയ ത്യാഗങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിട്ടുള്ള ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കോഴക്കോളേജ് മുതലാളിമാരുടെ താൽപര്യ സംരക്ഷണാർത്ഥം ഓർഡിനൻസ് ഇറക്കാനും നിയമനിർമ്മാണം നടത്താനും കോടതികളിൽ കേസു വാദിക്കാനും തയ്യാറാവുന്നത് അങ്ങേയറ്റം അപലപനീയമാണ്. ഇടതു പക്ഷത്തിന്റേയും വലതുപക്ഷത്തിന്റേയും നിലപാടുകൾ ഒന്നു തന്നെയായിത്തീരുന്ന ആപത്ക്കരമായ ഒരു സാഹചര്യമാണിത്.

അഡ്മിഷൻ നേടിയ ഒരു ചെറു സംഘം വിദ്യാർത്ഥികളുടെ താല്പര്യമാണു തങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്ന മുടന്തൻ ന്യായം കൊണ്ട് കേരളീയ സമൂഹത്തോടും വിദ്യാഭ്യാസക്കച്ചവടത്തിനെതിരെ സമരം ചെയ്ത ഇടതുപക്ഷ ജനവിഭാഗങ്ങളോടും കാണിച്ച അവഹേളനത്തെ സർക്കാരിനു മറച്ചുവക്കാനാവില്ല. വലതുപക്ഷ നിലപാടുകൾ പ്രാവർത്തികമാക്കാനും ലാഭതാല്പര്യങ്ങൾക്കു വേണ്ടി മാത്രം പ്രവർത്തിക്കുന്നവർക്കു വേണ്ടി അധികാരത്തെ ദുർവ്വിനിയോഗിക്കാനും ശ്രമിക്കുമ്പോൾ അവർ മറന്നു പോകുന്നത് തങ്ങൾ പ്രതിനിധീകരിക്കുന്നത് രാഷ്ട്രീയ ഇടതുപക്ഷത്തെയാണ് എന്ന പ്രാഥമിക വസ്തുതയെയാണ്. കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിനു നേതൃത്വം നൽകുന്നവരും ഈ യാഥാർത്ഥ്യം മനസ്സിലാക്കുകയും സ്വന്തം നിലപാടുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.

സ്വാശ്രയ കോളേജ്ര വിഷയത്തിൽ ഇടതുപക്ഷത്തിനും യു.ഡി.എഫിനും ബി.ജെ.പിക്കും ഒരേ നിലപാടു തന്നെയാണുള്ളതെന്നു വരുന്നത് കേരളീയ സമൂഹത്തെ സംബന്ധിച്ചേടത്തോളം ഒട്ടും അഭികാമ്യമായ കാര്യമല്ല. 180 വിദ്യാർത്ഥികളുടെ താല്പര്യത്തിന്റെ മറവിൽ മഹാഭൂരിപക്ഷം വരുന്ന വിദ്യാർത്ഥികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസവ്യവസ്ഥ സാധൂകരിക്കപ്പെട്ടു കൂടാ. സ്വാശ്രയ വിദ്യാഭ്യാസ വ്യവസ്ഥയോടുള്ള ഇടതുപക്ഷത്തിന്റെ നിലപാട് സ്പഷ്ടമായും ഖണ്ഡിതമായും പ്രഖ്യാപിക്കാനുള്ള ഒരവസരമായി ഇടതു പക്ഷ മുന്നണി ഇന്നത്തെ സാഹചര്യത്തെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.

പി.സി.ഉണ്ണിച്ചെക്കൻ,
സെക്രട്ടറി
കേരള സംസ്ഥാന കമ്മിറ്റി
സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ്.