ദളിതർക്കു നേരെയുള്ള പോലീസ് നരനായാട്ടിനും കൊലപാതകങ്ങൾക്കുമെതിരെ കരിദിനം ആചരിക്കുക.-സി.പി.ഐ (എം.എൽ) റെഡ് ഫ്ലാഗ് -കേന്ദ്ര കമ്മിറ്റി



സി.പി.(എം.എൽ) റെഡ് ഫ്ലാഗ് -കേന്ദ്ര കമ്മിറ്റി

ദളിതർക്കു നേരെയുള്ള പോലീസ് നരനായാട്ടിനും

കൊലപാതകങ്ങൾക്കുമെതിരെ കരിദിനം ആചരിക്കുക.

മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ഉത്തരപ്രദേശിലും ബീഹാറിലും ഝാർഖണ്ഡിലും ഗുജറാത്തിലും സമരം ചെയ്ത ദളിതർക്കെതിരെ പോലീസ് നടത്തിയ നരനായാട്ടിലും വെടിവയ്പിലും നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. ആയിരക്കണക്കിനാളുകൾ തടവിലാക്കപ്പെട്ടി രിക്കുന്നു. ദളിതർക്കു നേരെ ഭരണകൂടം നടത്തിയ ബോധപൂർവ്വമായ കടന്നാക്രമണത്തിന്റെ ഭാഗം തന്നെയാണ് ഈ പോലീസ് നടപടി .

പട്ടികജാതി പട്ടികവർഗ്ഗങ്ങൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള നിയമത്തെ (എസ്.സി എസ് ടി അട്രോസിറ്റീസ് ആക്റ്റ് ) ദുർബ്ബലപ്പെടുത്തുന്ന തരത്തിൽ സമീപകാലത്ത് സുപ്രീം കോടതി നടത്തിയ റൂളിംഗിൽ പ്രതിഷേധിച്ചു കൊണ്ട് ദളിത് സംഘടനകളുടെ ആഹ്വാന പ്രകാരം ഏപ്രിൽ 2 ന് നടത്തപ്പെട്ട ഭാരത് ബന്ദിൽ പങ്കെടുത്ത ദളിതർക്കെതിരെ കുപ്രസിദ്ധമായ കർണ്ണി സേന നടത്തിയ കടന്നാക്രമണത്തിനൊപ്പം ചേർന്നു കൊണ്ടാണ് രാജസ്ഥാനിലെ പോലീസും അതിക്രമങ്ങൾ നടത്തിയത് എന്നത് കാര്യങ്ങൾ എത്രമാത്രം ഗുരുതരമാണെന്ന് തെളിയിക്കുന്നുണ്ട്.

മദ്ധ്യപ്രദേശിലെ ഭിന്ദിൽ ദളിതരെ നേരിടാൻ സൈന്യത്തെ നിയോഗിച്ചതും ഉത്തര പ്രദേശ് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും അർദ്ധസൈനിക വിഭാഗങ്ങളെ വ്യാപകമായി വിന്യസിച്ചതും നിശാനിയമം നടപ്പാക്കിയതും ഇന്റർനെറ്റ് സേവനം നിർത്തിവച്ചതുമൊക്കെ ഈ സംസ്ഥാനങ്ങളിലെ ബി.ജെ.പി.സർക്കാരുകളുടെ യഥാർത്ഥ നിറം പുറത്തു കൊണ്ടുവരുന്നുണ്ട്‌.

ഈ പശ്ചാത്തലത്തിൽ, ഈ അടിച്ചമർത്തലുകളേയും അതിക്രമങ്ങളേയും പറ്റി സർക്കാർ നടത്തുമെന്നു പറയുന്ന അന്വേഷണം സത്യസന്ധമോ നിഷ്പക്ഷ മോ ആകാനിടയില്ല എന്നു സംശയിക്കുന്നത് തികച്ചും സ്വാഭാവികമാണ്.

ഈ സാഹചര്യത്തിൽ

1)
തടവിലാക്കപ്പെട്ട എല്ലാ വരേയും നിരുപാധികം വിട്ടയക്കണമെന്നും

2)
അവർക്കെതിരെ ചുമത്തപ്പെട്ട എല്ലാ കേസുകളും പിൻവലിക്കണമെന്നും

3)
ഈ അതിക്രമങ്ങളെപ്പറ്റി ഒരു പാർലമെൻററി കമ്മിറ്റിയെക്കൊണ്ട് സുതാര്യവും സമഗ്രവുമായ അടിയന്തിര അന്വേഷണം നടത്തിക്കണമെന്നും

4)
രക്തസാക്ഷികളായ വരുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകുകയും അവർക്കുണ്ടായ കഷ്ടനഷ്ടങ്ങൾ പരിഹരിക്കുവാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും
ഞങ്ങൾ ആവശ്യപ്പെടുന്നു.

എസ്.സി. എസ്.ടി അതിക്രമങ്ങൾ തടയൽ നിയമത്തെ ദുർബ്ബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളേയും അസാധുവാക്കാനുള്ള പുന:പരിശോധന ഹർജി അതിൽ അന്തിമ തീരുമാനമുണ്ടാകും വരെ ആത്മാർത്ഥമായി മുന്നോട്ടു കൊണ്ടു പോകണമെന്നും ആവശ്യമായി വരുന്ന പക്ഷം ഇക്കാര്യത്തിൽ യുക്തമായ നിയമനിർമ്മാണ നടപടികൾ സ്വീകരിക്കണമെന്നും മോദി സർക്കാരിനോട് ഞങ്ങൾ ആവർത്തിച്ച് ആവശ്യപ്പെടുന്നു.

ഈ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഏപ്രിൽ 9ന് രാജ്യവ്യാപകമായി
 കരിദിനം ആചരിക്കുവാൻ പാർട്ടി ആഹ്വാനം ചെയ്യുന്നു. പോരാടുന്ന
 ദളിതരുടെ ആവശ്യങ്ങളെ പിന്തുണച്ചു കൊണ്ട് അവരോട് ഐക്യപ്പെടണമെന്നും അവർക്കെതിരെ അഴിച്ചു വിട്ടിരിക്കുന്ന പോലീസ് രാജിനെ എതിർത്തു തോല്പിക്കാൻ മുന്നിട്ടിറങ്ങണമെന്നും എല്ലാ മതേതര ജനാധിപത്യ ശക്തികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
ഏപ്രിൽ 8                                                      എം.എസ്. ജയകുമാർ
                                                                കൊച്ചി ജനറൽ സെക്രട്ടറി
                                                               കേന്ദ്ര കമ്മിറ്റി
                                                     സി.പി.. (എം.എൽ) റെഡ് ഫ്ളാഗ്