എം.എസ് ജയകുമാര്‍- സിപി ഐ- 23-ാം പാർട്ടി കോൺഗ്രസ്സിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ വിമർശനക്കുറിപ്പ്

                           

    സിപിഐ 23-ാം പാർട്ടി കോൺഗ്രസ്സിന്റെ  കരട് രാഷ്ട്രീയ പ്രമേയത്തിന്റെ വിമർശനക്കുറിപ്പ്
                                                        സിപിഐ 23-ാം പാർട്ടി കോൺഗ്രസ്സിന്റെ  കരട് രാഷ്ട്രീയ പ്രമേയത്തിൽ സാമ്രാജ്യത്വ ആഗോളവൽക്കരണത്തേയും വർഗ്ഗീയ ഫാഷിസത്തേയും എതിർക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മതേതര  പുരോഗമന ശക്തികളുടെ ഐക്യം നേടിയെടുക്കാൻ സഹായകമായ നിലപാടുകൾ ദൃശ്യമാണ്.
സാർവ്വദേശീയ ഫിനാൻസ് മൂലധന പ്രതിസന്ധിയുടെ സ്വഭാവത്തെപ്പറ്റിയും അത് ഉളവാക്കുന്ന സാമൂഹ്യ-രാഷ്ട്രീയ അവസ്ഥയെപ്പറ്റിയും രേഖയുടെ നിലപാട് 'മുതലാളിത്ത പ്രതിസന്ധിയിൽ നിന്ന് വീണ്ടെടുപ്പ് സാധ്യമാണ് '  എന്ന് വാദിക്കുന്നവരിൽ നിന്ന് ഗുണപരമായി വ്യത്യസ്ഥമാണ്. ഇന്ത്യയിൽ NDA ഭരണത്തോടെ  ഈ പ്രതിസന്ധി രൂക്ഷമായിരിക്കുന്നു എന്നും രേഖ വിലയിരുത്തുന്നു.
( രേഖയിലെ ആമുഖം 2,3 പാരഗ്രാഫുകൾ)

വർഗ്ഗീയ ഫാഷിസത്തിനെതിരായ പോരാട്ടത്തിൽ അടവുനയത്തിന്റെ അടിസ്ഥാനം എന്തായിരിക്കണം എന്നതിനെ സംബന്ധിച്ച രേഖയുടെ നിലപാട് പൊതുവിൽ ഇടതുപക്ഷ ഐക്യത്തിനും വിശാല ഐക്യമുന്നണിക്കും അനുയോജ്യമാണ്.
(രേഖയിലെ 'രാഷ്ട്രീയ അടവ് 1, 2)

 ഇത്തരത്തിൽ ശരിയായ ദിശയിലുള്ള അടവുപരമായ കാഴ്ചപ്പാടിന്റെ വികാസത്തിന്, അതിന്റെ സിദ്ധാന്തത്തിന്റേയും പ്രയോഗത്തിന്റേയും കാര്യത്തിൽ,  തന്ത്രപരമായ വിശകലനവും തന്ത്രപരമായ പാതയും സംബന്ധിച്ച് ശരിയായ മൗലിക നിലപാട് അവശ്യ ഉപാധിയാണ്. വലതുപക്ഷ അവസരവാദികൾ മേൽപ്പറഞ്ഞ മൗലിക നിലപാടിനെ സംബന്ധിച്ച് തീരെ വ്യസനിക്കുന്നില്ല. പ്രായോഗിക വിജയങ്ങളിൻമേൽ കേവലമായി ഊന്നുന്ന പ്രവണതയാണ് അത്തരക്കാർക്കുള്ളത്.  എന്നാൽ, ഇടതുപക്ഷ അവസരവാദികളാകട്ടെ പരിപാടിപരമായ അന്തിമ ലക്ഷ്യം മാത്രമാണ് ഊന്നുന്നത്. അടവ്പരമായ മെയ് വഴക്കം എന്നത് അവർക്ക് ചതുർത്ഥിയാണ്.
'സമൂർത്ത സാഹചര്യങ്ങളുടെ സമൂർത്ത വിശകലനവും അതനുസരിച്ചുള്ള  മുർത്ത പ്രയോഗവും'  എന്നതാണ് മേൽപ്പറഞ്ഞ രണ്ട് പാളിച്ചകൾക്കും മറുമരുന്ന്. അടവും തന്ത്രവും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധം ശരിയായി ഗ്രഹിക്കുന്നതിന് ഇതു തന്നെയാണ് ശരിയായ വഴി.
എന്നാൽ, പ്രാധാന വൈരുദ്ധങ്ങളെ സംബന്ധിച്ചും കേന്ദ്ര വൈരുദ്ധ്യത്തെ സംബന്ധിച്ചും ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പിൻപറ്റി വന്ന ശാസ്ത്രീയ വിശകലനം ഈ രേഖയിൽ വ്യക്തമല്ല.
 ആയതിന്റെ ഫലമായി സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള കേന്ദ്ര വൈരുദ്ധത്തെ മൂലക്കല്ലായി രേഖക്ക് കാണാൻ കഴിയുന്നില്ല. അന്തർസാമ്രാജ്യത്വ വൈരുദ്ധ്യത്തിന്റെ പ്രാധാന്യത്തെയും തിരിച്ചറിയാൻ കഴിയുന്നില്ല. ആഗോള സംഭവവികാസങ്ങളെയാകെ നയിക്കുന്നത് ഏകധ്രുവ ലോകവും ബഹുധ്രുവ ലോകവും തമ്മിലുള്ള വൈരുദ്ധ്യമാണ് എന്ന് കാണുക വഴി , ഫലത്തിൽ ,  അനുഭവങ്ങളെ മാത്രം കേവലമായി ഊന്നുന്ന വർഗ്ഗേതര കാഴ്ച്ചപ്പാടിന് കീഴ്പ്പെടുകയാണുണ്ടാകുന്നത്.

ശരിയായ അടവ് പ്രയോഗിക്കാനായി വർഗ്ഗാടിത്തറ വികസിപ്പിക്കുകയും വിശാല ബഹുജനാടിത്തറ നേടിയെടുക്കുകയും വേണം. തൊഴിലാളി വർഗ്ഗ - കർഷ സഖ്യം അതിന്റെ ഒഴിച്ചുകൂടാനാകാത്ത മൗലിക ഘടകമാണ്. ഇതിന്റെ ശക്തി സംഘടനാപരമായി സ്വാംശീകരിക്കാനാവാതെ അടവുലൈനിനെ മാത്രമായി വികസിപ്പിക്കാൻ സാധിക്കില്ല. മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന സമ്പദ്ഘടനാ പ്രതിസന്ധിയും അതിന്റെ ഭാഗമായി നേരിടുന്ന വ്യാവസായിക വീഴ്ച്ചയും കാർഷിക തകർച്ചയും തൊഴിലാളികളേയും കർഷകരേയും ഇതര അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും അതി ഗുരുതരമായി ബാധിക്കുന്നുണ്ട്. ആയതിന്റെ ഫലമായി തൊഴിലാളി വർഗ്ഗത്തിന്റെയും കർഷക ജനതയുടേയും പ്രതിഷേധ സമരങ്ങൾ ശക്തി പ്രാപിക്കുന്നുമുണ്ട്. എന്നാൽ ആകർഷകമായ ചെപ്പിടിവിദ്യകൾ കാട്ടിയും ജാതീയ-വർഗ്ഗീയ ചേരിതിരിവുണ്ടാക്കിയും കർഷകരേയും ഇതര അദ്ധ്വാനിക്കുന്ന ജനതയേയും തൊഴിലാളി വർഗ്ഗത്തിൽ നിന്നടർത്താനാണ് ഭരണവർഗ്ഗ ശക്തികൾ സദാ ശ്രമിക്കുന്നത്. ഈ ഭിന്നിപ്പിക്കൽ തന്ത്രം ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്; കർഷകരെ തൊഴിലാളി വർഗ്ഗവുമായി ഐക്യപ്പെടുത്തേണ്ടതുണ്ട്. കർഷകരെ പാട്ടിലാക്കുവാനുള്ള ബൂർഷ്വാസിയുടെ ചെപ്പിടിവിദ്യകൾ തുറന്നു കാട്ടേണ്ടതുണ്ട്. ഒപ്പം, മാറിയ സാഹചര്യങ്ങളിൽ കർഷകർക്ക് അനുഗുണമായ, കാർഷികോത്പാദനത്തിനനുഗുണമായ, രീതിയിൽ കാർഷിക പരിപാടിയിൽ വികാസമുണ്ടാക്കേണ്ടതുണ്ട്. പിന്നാക്കം നിൽക്കുന്ന സാമൂഹ്യാവസ്ഥയെ, ജാതി ഉൾപ്പെടെ, ഭേദിക്കാൻ ഉതകുന്ന ക്രിയാത്മക പദ്ധതി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്നുയർന്നു വരണം. അതാണ് 'ഇടതുപക്ഷ ബദൽ ഇടതുപക്ഷ ഐക്യം' എന്ന കാഴ്ച്ചപ്പാടിനും പ്രയോഗത്തിനും വ്യാപകമായ സ്വീകാര്യത ലഭിക്കുകയുള്ളൂ.
ഇത്തരത്തിൽ വർഗ്ഗശാക്തീകരണവും അതുവഴി വർഗ്ഗാടിത്തറയും വികസിപ്പിക്കാൻ ബോധപൂർവ്വം ശ്രമിക്കുന്ന ക്യാഡർ നിരയ്ക്കു മാത്രമേ ശരിയായ, മെയ് വഴക്കമുള്ള അടവുലൈൻ പ്രയോഗിക്കാനാകുകയുള്ളൂ.
ജനാധിപത്യ വിപ്ലവത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെ നേതൃസ്ഥാനവും കാർഷിക വിപ്ലവ കാഴ്ച്ചപ്പാടും തൊഴിലാളി കർഷക സഖ്യത്തിന്റെ പ്രാമുഖ്യവും എല്ലാം ഉള്ളടക്കിയ പരിപാടി പരമായ പരിപ്രേക്ഷ്യത്തിന്റെ അവശ്യകതയെപ്പറ്റി പഞ്ചാബിലെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് സ. സത്യപാൽ ഡാങ്ങ് 90 കളിൽ ഉന്നയിച്ചിരുന്നു. ദേശീയ ബൂർഷ്വാസി ഉള്ളടങ്ങിയ ദേശീയ ജനാധിപത്യ വിപ്ലവം എന്ന കാഴ്ച്ചപ്പാടിൽ നിന്ന് ഗുണപരമായി വ്യത്യസ്തമായിരുന്നു ഇത്. എന്നാൽ, പരിപാടിപരമായ കാഴ്ച്ചപ്പാടിന്റെ കാര്യത്തിൽ ഇത്തരത്തിൽ കാതലായ മാറ്റം വരുത്താൻ സി.പി.ഐക്ക് സാധിച്ചിട്ടില്ല.
ഈ ദൗർബ്ബല്യം കരട് രാഷ്ട്രീയപ്രമേയത്തിലും പ്രതിഫലിക്കുന്നുണ്ട്. സാർവ്വദേശീയ ഫിനാൻസ് മൂലധന പ്രതിസന്ധിയും രാജ്യത്തിനകത്തെ ആഭ്യന്തര പ്രതിസന്ധിയും തമ്മിലുള്ള പരസ്പര ബന്ധത്തെ വേണ്ടത്ര ശരിയായി വിശകലനം ചെയ്യുന്നതിൽ ഈ ദൗർബ്ബല്യം പ്രതിബന്ധം സൃഷ്ടിക്കുന്നു .

പക്ഷേ, മാർക്സിസം പ്രയോഗ ശാസ്ത്രമാണ്. രാജ്യത്തിനും ജനങ്ങൾക്കും മുന്നിൽ ഉയർന്നു വന്നിരിക്കുന്ന സാമ്രാജ്യത്വ ആഗോളവൽക്കരണത്തിന്റേയും വർഗ്ഗീയ ഫാഷിസത്തിന്റെയും ഇരട്ട വെല്ലുവിളിയെ വർഗ്ഗസമരത്തിന്റെ പ്രയോഗ പാതയിൽ എപ്രകാരം നേരിടാനാകും?
അതിനായി എപ്രകാരം ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ബദലും നേടിയെടുക്കാനാകും?
മേൽപ്പറഞ്ഞ വെല്ലുവിളി നേരിടാനായി,  വിശാലമായ ഐക്യമുന്നണി എപ്രകാരം കെട്ടിപ്പെടുക്കാനാവും?
എന്നിങ്ങനെയുള്ള വർഗ്ഗസമര പ്രയോഗത്തിന്റെ പോരാട്ട പാതയിലെ മൂർത്തമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിലൂടെ,
ഐക്യവും സമരവും ശരിയായി കയ്യാളുന്നതിലൂടെയാണ് ദൗർബ്ബല്യങ്ങളെ തരണം ചെയ്യാനാകൂ എന്നതാണ് സത്യം .
അതിനു തകുന്ന രീതിയിൽ ഈ രേഖയിലൂടെ മുന്നോട്ടുവയ്ക്കപ്പെട്ട ഗുണപരമായ നിലപാടുകൾ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കാം.