2006ലെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ എം.സുകുമാരനെ ആദരിക്കാന്‍ 2007 ഫെബ്രുവരി 20ന് ആഡിറ്റ് & അകൗണ്ട്സ് ഡിപാര്‍ട്ട്‌മെന്റ് ജീവനക്കാരുടെ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. പകരം വായിക്കുവാനായി എഴുതി നല്‍കിയ കത്തിലെ വരികളാണിത്....
കത്തിന്റെ പൂർണരൂപം:........................................
പ്രിയമുള്ളവരെ, നിങ്ങളോടെപ്പം ഈ യോഗത്തില്‍ എത്തിച്ചേരാന്‍ കഴിയാത്തതില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. അറുപത്തിനാലിലെത്തി നില്‍ക്കുന്ന എന്റെ ഇപ്പോഴത്തെ രോഗപീഡകള്‍ എന്റെ അസാന്നിദ്ധ്യത്തിന് കാരണായി പറയുന്നത് അര്‍ദ്ധസത്യമേ ആകുന്നുള്ളു. ഒട്ടും ഔപചാരികതയില്ലാതെ തന്നെ തുറന്നുപറയട്ടേ. നിങ്ങള്‍ക്കഭിമുഖമായി നിങ്ങളേക്കാള്‍ ഉയരത്തില്‍ ഒരു കസേരയിലിരിക്കാന്‍ എനിക്കു വയ്യ. ആള്‍ക്കൂട്ടത്തില്‍ ആരോരുമറിയാതെയുള്ള ഒരു ഇരിപ്പിടമാണ് എനിക്കിഷ്ടം. ഒരു അവാര്‍ഡ് ജേതാവിന്റെ മേലങ്കിയണിഞ്ഞ്, അനുമോദനങ്ങളേറ്റുവാങ്ങി വിയര്‍ത്തൊലിച്ചും വിയര്‍പ്പുമുട്ടിയും നിങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഞാന്‍ അശക്തനാണ്.
ഇത്തരം ചടങ്ങുകളില്‍ സ്വാഭാവികമായും ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ആത്മാര്‍ത്ഥമായ പ്രശംസാവചനങ്ങള്‍ കേട്ടിരുന്നാസ്വദിക്കാന്‍ എനിത്ത് കഴിയുമോ എന്ന ആശങ്ക എന്റെ വ്യക്തിത്വ ദൗര്‍ബല്യമായി ഞാന്‍ തിരിച്ചറിയുന്നു. സ്വകാര്യജീവിതത്തിലും സാഹിത്യജീവിതത്തിലും കൈവരുന്ന നേട്ടങ്ങള്‍ ആഘോഷിക്കാന്‍ കഴിയാത്ത ഒരുതരം മാനസ്സികാവസ്ഥ പണ്ടേ എന്നില്‍ നാമ്പെടുത്തിട്ടുള്ളതാണ്. എന്നിലെ ജന്‍മസിദ്ധമായ ഈ അന്തര്‍മുഖത്വം മുറിച്ചുമാറ്റാന്‍ പറ്റാത്ത ശീലമായി വളര്‍ന്നു വലുതായിരിക്കുന്നു. എന്റെ ഹൃദയത്തില്‍ നിന്നും അഗ്നിശുദ്ധി കഴിഞ്ഞ് പുറത്തുവരുന്ന വാക്കുകളാണ് ഇപ്പറഞ്ഞവയെല്ലാം. നിങ്ങളിതേറ്റു വാങ്ങണം. എന്നെ മനസ്സിലാക്കണം. എന്നോട് പൊറുക്കണം.
മൂലധന തത്വങ്ങളോ മാനിഫെസ്റ്റോ വചനങ്ങളോ മനഃപ്പാഠമാക്കിയല്ല 1963ല്‍ ഞാനീ നഗരത്തില്‍ എത്തിച്ചേരുന്നത്. ഏജീസ് ഓഫിസിലെ അന്നത്തെ പ്രക്ഷുബ്ധ സാഹചര്യങ്ങള്‍ ഉയര്‍ത്തിവിട്ട ചിന്താഗതികള്‍,ബാല്യകൗമാരങ്ങളില്‍ ചാരംമൂടിക്കിടക്കുന്ന അസമത്വങ്ങളുടെ കനല്‍പ്പൊട്ടുകളെ ആളിക്കത്തിച്ചു. വിശന്നുപൊരിയുന്നവരും വിയര്‍പ്പൊഴുക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരും പാര്‍ശ്വവത്കൃതരും എന്റെ രചനാ ഭൂമികയില്‍ ഇടംതേടിത്തുടങ്ങിയത് ആ കലുഷിതകാലഘട്ടത്തിലാണ്.
അവകാശപോരാട്ടങ്ങളില്‍ പൊരുതി വീണവരേയും പരിക്ക് പറ്റിയവരേയും ഒന്നടങ്കം സംരക്ഷിച്ചു നിര്‍ത്തിയ അഭിമാനര്‍ഹമായ ചരിത്രമാണ് ഏജീസ് ഓഫീസിലെ എന്റെ സംഘടനക്കുള്ളത്. അതുവഴി തൊഴിലാളിവര്‍ഗ സമരചരിത്രത്തിന്റെ പ്രഥമഖണ്ഡികയില്‍ തന്നെ നമ്മുടെ സംഘടനയുടെ നാമധേയം തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. ആ മൂല്യബോധത്തിന്റെ തുടര്‍ച്ചാണ് ഈ വേദിയും ഈ സദസ്സും ഈ സായാഹ്നവും. സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്യപ്പെട്ട് മൂന്നു പതിറ്റാണ്ടുകള്‍ കടന്നുപോയിട്ടും അതിവിപുലമായ ഒരു സുഹൃദ്‌സംഘം എന്റെ കുടുംബത്തിന് ചുറ്റും സുരക്ഷിതത്വത്തിന്റെ ഉരുക്കുകോട്ട പണിതുയര്‍ത്തിയിരിക്കുന്നു. അതില്‍പ്പെട്ടവരാരും തന്നെ നന്ദിവാക്കുകള്‍ക്കോ കടപ്പാടുകള്‍ക്കോ വേണ്ടി കാത്തുനില്‍ക്കുന്നവരല്ല. സാഹിത്യകാരന്‍മാരായ സുഹൃത്തുക്കള്‍ എന്റെ പട്ടികയില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേയുള്ളൂ എന്ന വസ്തുതയും എവര്‍ക്കുമറിയാം.
എന്തുകൊണ്ട് എഴുത്ത് നിര്‍ത്തി എന്ന ചോദ്യം എനിക്ക് ചുറ്റും ഉയരുന്നുണ്ട്. ഈ ജീവിതത്തില്‍ എഴുതാനുള്ളതെല്ലാം എഴുതിത്തീര്‍ന്നുവെന്നും ഇനിയും തുനിഞ്ഞാല്‍ എല്ലാം തനിയാവര്‍ത്തനങ്ങളായിത്തീരുമെന്നും മറ്റും അര്‍ത്ഥം വരുന്ന അതിശക്തവും നിരന്തരവുമായ ഉള്‍വിളിമൂലമാണ് എനിക്ക് എഴുത്തവസാനിപ്പിക്കേണ്ടി വന്നത്. ചക്കുകാളയുടെ ദുര്‍വിധി കലാകാരന്‍ ഏറ്റുവാങ്ങരുതല്ലോ. ഒരെഴുത്തുകാരന്റെ സര്‍ഗജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷാത്മകതയുടെ പ്രശ്‌നങ്ങള്‍ മറ്റാര്‍ക്കെങ്കിലും പങ്കുവെയ്ക്കാനോ പരിഹരിക്കാനോ കഴിയുന്നതല്ലതാനും.
ചിന്തയിലാവട്ടേ പ്രവൃത്തിയിലാവട്ടേ ഒന്നിനോടൊപ്പവും ഓടിയെത്താന്‍ ഇന്നെനിക്ക് കഴിയുന്നുല്ല. 'പര്‍വ്വതങ്ങളെ നീക്കം ചെയ്യാ'മെന്നു വ്യാമോഹിച്ച വയോധികന്റെ വൈയക്തികമായ നിസ്സഹായവസ്ഥ കൊണ്ടാവാം അത്.
കത്തുന്ന പ്രായത്തില്‍,കൂട്ടായ്മക്കരുത്തില്‍ ശരിയെന്നു തോന്നിയ പലതും ചെയ്യാന്‍ ശ്രമിച്ചു. അക്കാലത്തെ കാഴ്ചച്ചില്ലുകള്‍ നല്‍കിയ വ്യക്തത ഇന്നു നഷ്ടപ്പെട്ടിരിക്കുന്നു. അപരാഹ്ന ജീവിതത്തിലെ കണക്കെടുപ്പില്‍ ദൃശ്യങ്ങള്‍ മങ്ങുകയും മാഞ്ഞുപോകുകയും ചെയ്യുന്നു. ഇമകളടച്ചു തുറക്കും മുമ്പെ അപ്രത്യക്ഷമാകുന്ന മൂല്യങ്ങള്‍. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന രാഷ്ട്രീയ മായോപജീവികള്‍. ധനാധിപത്യത്തിന്റെ വര്‍ണപ്പൊലിമയില്‍ ആടിത്തിമിര്‍ക്കുന്ന സൈദ്ധാന്തിക തെയ്യങ്ങള്‍. ഒരു റൊമാന്റിക് റെവലൂഷണറിയുടെ സ്വപ്‌നജല്‍പനങ്ങളായി ഈ വാക്കുകള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടേക്കാം. പോര്‍ക്കളത്തില്‍ കീഴടങ്ങുന്ന പോരാളികളുണ്ട്,ഒളിച്ചോടുന്നവരുണ്ട്,വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരില്‍ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്? എനിക്കറിഞ്ഞുകൂടാ.
യൗവ്വാനാരംഭത്തില്‍ത്തന്നെ ദൈവസങ്കല്‍പങ്ങളില്‍ നിന്നും കുതറിയോടിപ്പോയതിനാല്‍,ആത്മീയതയുടെ തണല്‍ തേടിയുള്ള യാത്ര തികച്ചും അചിന്തനീയം. ഏകാന്തത നല്‍കുന്ന സാന്ത്വനം എനിക്കിപ്പോള്‍ അനിര്‍വചനീയമായ ആത്മസുഖം നല്‍കുന്നു. ഈയവസ്ഥയിലും പൊതുതുന്ന ജനതയുടെ പോര്‍വിളികളും ചിതറിത്തെറിക്കുന്ന മൃതശരീരങ്ങളും പട്ടിണിക്കോലങ്ങളുടെ പലായന കാഴ്ചകളും എന്നെ അസ്വസ്ഥനാക്കുന്നു.
പ്രിയപ്പെട്ടവരേ,
സ്ഥിതിസമത്വ ചിന്തകള്‍ കാലഹരണപ്പെട്ടു എന്നുച്ചരിക്കാന്‍ എനിക്കാവില്ല. സിദ്ധാന്തങ്ങള്‍ എപ്പോഴും വിജയിക്കുന്നു. പ്രയോഗം പലപ്പോഴും പരാജയപ്പെടുന്നു. എന്നിട്ടും സമത്വ സുന്ദരമായ ഒരു നവലോകസങ്കല്‍പം എന്റെ മനസ്സില്‍ രക്തനക്ഷത്രമായി ഇന്നും നിലകൊള്ളുന്നു.
അഭിവാദ്യങ്ങളോടെ, എം സുകുമാരന്‍.