ഒരു കീഴാറ്റൂർ വിചാരം-ഫ്രെഡി എഴുതുന്നു



ഒരു കീഴാറ്റൂർ വിചാരം

1)
അരനൂറ്റാണ്ടിനപ്പുറം പെട്രോളിയം കേന്ദ്രീകൃതമായ, കത്തിക്കുന്ന ഇന്ധന കേന്ദ്രീകൃതമായ , ഗതാഗതത്തിന് നിലനിൽപ്പില്ല. മാത്രമല്ല, ഘർഷണത്തെ പരമാവധി കുറച്ചു കൊണ്ടുള്ള ധ്രുത വേഗ -മാസ്സ് ട്രാൻസ്പോർട്ട് ആണ് ലോകത്ത് വളരെ വേഗത്തിൽ വികസിക്കുന്നത്; പ്രത്യേകിച്ചും ജനസംഖ്യാധിക്യമുള്ള രാജ്യങ്ങളിൽ . ഉദാ: ചൈന. ഇത്തരം ഗതാഗത സംവിധാനം 500 കി.മീ മുതൽ 1500 / 3000 കി.മീ വരെ വേഗതയാർജ്ജിക്കാവുന്നവയാണ്.

ഇതിനോടൊപ്പം നിയന്ത്രിത വേഗതയുള്ള ചെറിയ ഇലക്ട്രിക് ക്യാബ് വാഹനങ്ങൾ, വൈദ്യുത മോട്ടോർ ഘടിപ്പിച്ചതും അല്ലാത്തതുമായ സൈക്കിളുകൾ എന്നിവയാണ് ചൈന വികസിപ്പിക്കുന്ന പാത. ഇത് അടുത്ത പതിറ്റാണ്ടുകളിൽ വികസിച്ചു വ്യാപിക്കാനാരംഭിക്കുന്നതും 2050 ൽ ലോകത്താകെ വ്യാപിക്കുന്ന പ്രവണതയിലേക്ക് കടക്കുന്നതുമായ ഗതാഗത വ്യവസ്ഥയാണ്.

ആയതിനാൽ,
ഇന്ന് കൃഷിയിടങ്ങൾ മണ്ണിട്ടു മൂടിയും വീടുകൾ പൊളിച്ചു കളഞ്ഞും നാം പണിയുന്ന വഴികൾ പാഴ് പ്രവൃത്തിയുടെ മണ്ടൻ പാതകളാണ്. ഇത് ഇടതു പക്ഷ കാഴ്ച്ചപ്പാടോടെ ചിന്തിക്കുന്ന ആസൂത്രണ വികസന പരികല്പന പ്രയോഗത്തിൽ വരുത്താൻ പ്രതിജ്ഞാബദ്ധരായ പ്ലാനർ മാർക്ക് പകൽ പോലെ മനസ്സിലാകേണ്ട കാര്യമാണ്. അത് അവർ കർശ്ശനമായി നടപ്പാക്കുകയും വേണം.

കൊച്ചി മെട്രോ തന്നെ ഇതിന്റെ പോസിറ്റിവും നെഗറ്റിവുമായ ഉദാഹരണം.

ചേർത്തല മുതൽ ചാലക്കുടി വരെയുള്ള ഒരു മെയിൻ ലൈനും + തൃപ്പൂണിത്തുറ കോട്ടയം ദിശയിലും കാക്കനാട് പെരുമ്പാവൂർ ഭാഗത്തേക്കും ബ്രാഞ്ച് ലൈനുകളും എന്ന രീതിയിലാക്കിക്കൊണ്ട്, ഒരൊറ്റ ഫെയർ എന്നതിനു പകരം സ്റ്റേജ് ഫെയർ സിസ്റ്റത്തിൽ പ്രവർത്തിച്ചാൽ കൊച്ചി മെട്രോ കൊച്ചിയുടെ മാത്രമല്ല കേരളത്തിന്റെ ഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായിത്തീരും. അത് ചെയ്തില്ല. എന്നിട്ട് ഇപ്പോൾ അത് കാഴ്ച്ച ബംഗ്ലാവ് ട്രെയിൻ പോലെ ഓടിക്കുന്നു.

2)
വലിയ ജനസാന്ദ്രതയും അടുത്തടുത്ത ജന ആവാസ വ്യവസ്ഥയും പാരിസ്ഥിതിക ദുർബ്ബലാവസ്ഥയും മൂലം വളരെ സങ്കീർണ്ണമായ കേരളത്തിൽ വികസനം എന്നത് NHAI എന്ന കാട്ടുപോത്തിന് മേയാനുള്ള പുൽത്തകിടി പോലെ തുറന്നിട്ടു കൊടുക്കേണ്ട ഒരു കാര്യമേയല്ല.

കൈക്കൂലിയിൽ കുളിച്ച IIT പ്പിറവികളായ പിശാചുക്കളുടെ കോട്ടയാണ് NHAl എന്നത് അതിനെതിരെ CBI ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ ഫയലുകളുടെ കനം കണ്ടാൽ മനസ്സിലാവും.

മാത്രമല്ല,

(a ) BOT കച്ചവടം പൊടിപൊടിക്കുക

(b) നിയോലിബറൽ മുതലാളിത്ത കുറിപ്പടിക്കൊത്ത പോലെ പെട്രോളിയത്തിന്റേയും ഓട്ടോമൊബൈലിന്റേയും വിൽപ്പനയ്ക്കൊത്തതായി ഗതാഗത സംവിധാനത്തെ അരക്കിട്ടുറപ്പിക്കുക,

(c)'വഴിക്കൊപ്പം വഴിവാണിഭം' എന്ന ടൂറിസം 'വ്യവസായ ' കാഴ്ച്ചപ്പാടിൽ ഊന്നി ക്കൊണ്ട് മൊത്തം സമ്പദ്ഘടനാ വികാസത്തെ വികലമായി മനസ്സിലാക്കുക 'എന്നീ തൊഴിലാളി വർഗ്ഗ വിരുദ്ധവും കർഷകശത്രുവുമായ വികസന കാഴ്ച്ചപ്പാടിന്റെ കൊടിലും ചട്ടുകവുമായി പ്രവർത്തിക്കുന്ന ജനദ്രോഹി സംഘടനകളാണ് NHAl ഉൾപ്പെടെയുള്ള അഥോറിറ്റികൾ എല്ലാം തന്നെ.

അന്താരാഷ്ട്ര ഫിനാൻസ് മൂലധനമെന്ന ഭൂലോക മൂലധന ഡ്രാക്കൂളയ്ക്ക് ചോര കുടിക്കാനായി നമ്മുടെ രാജ്യത്തിന്റെ കഴുത്തിലെ ധമനി പിടിച്ചു കൊടുക്കുന്ന ഈ വക ഒറ്റു സംഘങ്ങളെ പൊരുതി നശിപ്പിക്കലാണ് തൊഴിലാളി വർഗ്ഗത്തിന്റെ അടിസ്ഥാന ലക്ഷ്യം.

കാരണം, 
അവ കൊണ്ടുവരുന്നത് വിപണി വികസനമാണ്; ആസൂത്രിത വികസനമല്ല.
തൊഴിലാളി വർഗ്ഗ കാഴ്ചപ്പാടിൽ
വിപണി വികസനത്തിലൂന്നിയ വളർച്ച ക്യാൻസറാണ്. ഗ്രീസ് തകർന്നു തരിപ്പണമായത് വിപണി വികസനം കുറവായതുകൊണ്ടാണോ? ടൂറിസം വളരാഞ്ഞതുകൊണ്ടാണോ? യൂറോപ്പിന്റെ തായ്ലൻറായി മാറിയ ഗ്രീസ് ഇന്ന് ആ പാതയിൽ വികസിച്ച് വികസിച്ച് പൊളിഞ്ഞു പാളീസായി.

ആയതിനാൽ, പ്രിയ സഖാക്കളെ, സുഹൃത്തുക്കളേ, കീഴാറ്റൂർ ഒരു ലിറ്റ്മസ് ആയി നാം കാണണം. 
നഗരം മാത്രമല്ല വയലും മണ്ണിട്ടു നികത്തി വഴിപണിയരുത്. 
അത് വികസനമല്ല. 
ക്യാൻസറാണ്.

മറ്റൊരു പോംവഴിയുമില്ലാത്ത രീതിയിൽ വഴി പണിയുക അനിവാര്യമാണോ? 
എങ്കിൽ, എലിവേറ്റഡ് ഹൈവേ , ഡബിൾ ബർഥ്ഡ് റോഡ് പോലുള്ള മാതൃകകളിലേക്ക് പോകണം.

ഇത് വികസനത്തിന്റേയും വികസന വിരോധത്തിന്റേയും ദിത്വം (ബൈനറി ) അല്ല; നല്ല നഷ്ടപരിഹാരത്തിന്റേയോ നല്ല പുന:രധിവാസ പാക്കേജിന്റേയോ പ്രശ്നമല്ല; 
ബുദ്ധിയും വിവേകവും വേണോ മണ്ടത്തരവും ധാർഷ്ട്യവും വേണോ എന്ന തിരഞ്ഞെടുപ്പാണ് പ്രശ്നം.

ആയതിനാൽ കിളിവേട്ട നടത്തി കീഴാറ്റൂർ സംരക്ഷിച്ച്,
പുറത്തു നിന്ന് കയ്യേറ്റക്കാർ വരാതിരിക്കാൻ കാവൽപ്പുര കെട്ടി അതിൽ കുത്തിയിരുന്ന് ഇടക്കിടയ്ക്ക് 'അഖിലലോക ഗാനമിത് മനുഷ്യവംശമായിടും' എന്ന് ഇന്റർനാഷണൽ വരികൾ പാടിയാൽ അത് മറ്റൊരു ഖെമർറൂഷ് വൈകൃതമായാണ് ലോകത്തിന് കാണാനാവുക.

കർഷകരുടെ സമരത്തിനെതിരെ കർഷമനോഭാവത്തിലുള്ള (peasant mentality) 'വേലികെട്ട് ' 'കാവൽപ്പുര' മോഡൽ ചെറുത്തു നിൽപ്പ് നമ്മെ ഒരു പ്രാചീന ജീവി വിത്തുകോശമാക്കി ചുരുക്കിക്കളയും. 
കമ്മ്യൂണിസ്റ്റ് ത്യാഗവും ധീരതയും ഒരു വന്യമായ ക്ഷത്രിയ ഭ്രാന്തല്ല. കണ്ണൂർ മറ്റൊരു കൊസ്സാക്ക് ഭൂമിയാവരുത്.

'ഡോൺ ശാന്തമായൊഴുകുന്നു' വിൽ ഷൊളോഖോവ് വരച്ചുകാട്ടിയ പോലെ പരമധീരനായ ഗ്രിഗറി ശരിയായ ആശയ പ്രയോഗ തിരഞ്ഞെടുപ്പുകളിൽ പിഴച്ചതിനാൽ ശൂന്യ ജീവിത വിരാമത്തിലെത്തിയ തിന്റെ ആവർത്തനമായി കമ്മ്യൂണിസ്റ്റ് ക്യാഡർമാർ മാറരുത്.

'ഡോൺ ശാന്തമായൊഴുകുന്നു ' നമ്മെ മറ്റെന്താണ് പഠിപ്പിക്കുന്നത്?
                        
                                                                   FREDY.K THAZHATH