ANTI FASCIST CAMPAIGN-ഫാസിസ്സ്റ്റു വിരുദ്ധ കാംമ്പയിന്‍-സി‌പി‌ഐ (എം.എല്‍) റെഡ് ഫ്ലാഗ്-മാര്‍ച്ച് 23-29

ആഗോളവല്‍ക്കരണത്തിനും ,വര്‍ഗ്ഗീയ ഫാസിസത്തിനും, ഇന്ത്യയെ മത രാഷ്ട്രം ആക്കി മാറ്റുന്നതിനും എതിരെ--

ഫാസിസവത്ക്കരണത്തെ ചെറുക്കുക

ആഗോളവല്‍ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ പോരാടുക,

ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കത്തെ ചെറുക്കുക.

2018 മാർച്ച് 23 (ഭഗത് സിംഗ് രക്തസാക്ഷി ദിനം) മുതൽ
മാർച്ച് 29 (കയ്യൂർ രക്തസാക്ഷി ദിനം) വരെ
ഫാസിസവത്ക്കരണ വിരുദ്ധ ക്യാമ്പയ്‌ൻ

ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങളെ തന്നെ വെല്ലുവിളിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. ഭരണത്തിൻ കീഴിൽ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും ജനാധിപത്യ ഇടങ്ങൾ അനുദിനം ചുരുങ്ങി വരുന്നതും ഫാസിസ്റ്റു അധികാരപ്രമത്തത രാക്ഷസീയമായ വിധം വളർച്ച നേടുന്നതുമാണ് നാം കാണുന്നത്. സുപ്രീം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഉൾപ്പെടെയുള്ള പരമോന്നത ഭരണഘടനാ സ്ഥാപനങ്ങൾ പോലും കേന്ദ്രസർക്കാരിന്റെയും അതിനു നേതൃത്വം നൽകുന്ന ബി.ജെ.പി.യുടെയും അതിന്റെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വവർഗീയതയുടെയും ദു:സ്വാധീനങ്ങൾക്കു വിധേയമാക്കപ്പെടുകയാണെന്ന് സമീപകാല സംഭവവികാസങ്ങൾ തെളിയിക്കുന്നു.

തങ്ങൾ അധികാരത്തിലെത്തിയിരിക്കുന്നത് ഇന്ത്യൻ ഭരണഘടനയെ അഴിച്ചുപണിയാനും മാറ്റിമറിക്കാനുമാണെന്നു അടുത്തയിടെ പരസ്യമായി പ്രസ്താവിച്ചത് കേന്ദ്രമന്ത്രി അനന്ത കുമാർ ഹെഗ്‌ഡെ ആയിരുന്നു. "സെക്കുലർ" എന്നോ "മതനിരപേക്ഷകരെ"ന്നോ സ്വയം വിളിക്കുന്നവർ സ്വന്തം പിതൃത്വത്തെയോ പാരമ്പര്യത്തെയോ കുറിച്ചു അറിവില്ലാത്തവരാണെന്ന് ആക്ഷേപിക്കുകയും ചെയ്തു അദ്ദേഹം. മതനിരപേക്ഷതയെ ആമുഖത്തിലെ അടിസ്ഥാനമൂല്യമായി ഉൾച്ചേർത്തിട്ടുള്ള ഇന്ത്യൻ ഭരണഘടനയെ മോദി സർക്കാരിലെ ഒരു മന്ത്രി എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് ഈ പ്രസ്താവനകൾ വ്യക്തമാക്കുന്നുണ്ട്.

ജനാധിപത്യത്തെയോ മതനിരപേക്ഷതയെയോ ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രശിക്ഷണത്തിൽ തുടരുന്ന ബിജെപി ഹിന്ദുത്വ വർഗീയതയുടെ നയങ്ങൾ തന്നെയാണ് രാജ്യത്തെങ്ങും നടപ്പാക്കാൻ ശ്രമിക്കുന്നത്. കപടദേശീയതയുടെയും പരമതവിദ്വേഷത്തിന്റേയും വിയോജിപ്പ് പുലർത്തുന്നവരോടുള്ള അസഹിഷ്ണുതയുടെയും മൂലധനശക്തികളോടുള്ള നിരുപാധിക വിധേയത്വത്തിന്റെയും രാഷ്ട്രീയവും സംസ്കാരവുമാണ് അവർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പു ഫലങ്ങളെ അട്ടിമറിക്കാനും പണം മുടക്കിയും കുതിരക്കച്ചവടം നടത്തിയും അധികാരം പിടിക്കാനും അങ്ങനെ പിടിച്ചെടുത്ത അധികാരം ഉപയോഗിച്ചു വർഗീയ ഫാസിസ്റ്റു നയങ്ങൾ നടപ്പാക്കാനും തങ്ങൾക്ക് വലിയ പ്രാഗൽഭ്യം ഉണ്ടെന്ന് അവർ തെളിയിച്ചുകഴിഞ്ഞു. ബിജെപി അധ്യക്ഷനായ അമിത് ഷാ മുഖ്യപ്രതിയായിരുന്ന "സൊറാബുദ്ദിൻ ഷെയ്ഖ് ഏറ്റുമുട്ടൽ കൊലപാതക" കേസ് വിചാരണ ചെയ്തിരുന്ന മുംബൈ സിബിഐ കോടതി ജഡ്‌ജി ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ടു പുറത്തു വന്ന വിവരങ്ങൾ സ്വാഭാവിക നീതിന്യായ പ്രക്രിയയെ അട്ടിമറിക്കാൻ അവർ ഏതറ്റം വരെ പോയേക്കുമെന്ന് വെളിപ്പെടുത്തുന്നുണ്ട്.

ശത്രുരാജ്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പിനു ഇന്ത്യൻ സൈന്യത്തിന് മൂന്നു മാസത്തെ സമയം വേണ്ടിവരുമ്പോൾ തങ്ങൾക്ക് വെറും മൂന്നു ദിവസം കൊണ്ട് അത് സാധ്യമാണെന്ന് പറഞ്ഞ ആർ എസ് എസ് തലവൻ മോഹൻ ഭാഗവതിന്റെ പ്രസ്താവന ഒരു പൊങ്ങച്ചം പറച്ചിലിനപ്പുറം വലിയ രാഷ്ട്രീയ അർത്ഥങ്ങളുള്ള ഒരു ഭീഷണിയാണെന്ന കാര്യം ഇനിയും പലരും തിരിച്ചറിഞ്ഞിട്ടില്ല.. ഗോരക്ഷയുടെ പേരിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘപരിവാരശക്തികൾ കെട്ടഴിച്ചുവിട്ട അതിക്രമങ്ങളും അരുംകൊലകളും ശിക്ഷിക്കപ്പെടുമെന്ന ഭയമേതുമില്ലാതെ തേർവാഴ്ച നടത്തുന്ന ശ്രീരാമസേനയും ഹനുമാൻസേനയും പോലുള്ള അക്രമിസംഘങ്ങളും ഗൗരി ലങ്കേഷിനെയും ഡോ. കൽബുർഗിയെയും പോലുള്ള പുരോഗമനവാദികളെ കൊലപ്പെടുത്തുന്ന, വർഗീയപ്രത്യയശാസ്ത്രം ഉയർത്തിപ്പിടിക്കുന്ന അക്രമികളുമൊക്കെ ഫാസിസ്റ്റു രാഷ്ട്രീയം പ്രയോഗിക്കുന്ന കേന്ദ്രസർക്കാരിന്റെ രക്ഷാകർതൃത്വത്തിലാണ് നിലനിൽക്കുകയും വളരുകയും ചെയ്യുന്നത്.

കരസേനാ മേധാവിയായ ബിപിൻ റാവത് ആസ്സാമിലെ രാഷ്ട്രീയസ്ഥിതിയെപ്പറ്റി സമീപകാലത്തു നടത്തിയ പ്രസ്താവന വെളിപ്പെടുത്തുന്നത് ബിജെപി ഭരണം സൈന്യത്തിനകത്തു പോലും ചെലുത്തിക്കഴിഞ്ഞിരിക്കുന്ന വർഗീയസ്വാധീനത്തെയാണ്. ചരിത്രത്തെ തിരുത്തി എഴുതിക്കൊണ്ടും പാഠപുസ്തകങ്ങളിലും പാഠ്യപദ്ധതിയിലും അടിസ്ഥാനപരമായ അട്ടിമറികൾ നടത്തിക്കൊണ്ടും വിദ്യാർത്ഥികളുടെ മനസ്സിലും അക്കാദമിക മേഖലയിൽ അപ്പാടെയും വർഗീയതയുടെ വിഷം നിറക്കാനുള്ള വിപുലമായ പദ്ധതികൾ അവർ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.

ഭരണകൂടത്തിന്റെ വിവിധതലങ്ങളിലെ അഴിമതിക്കും ജനങ്ങൾ നേരിടുന്ന മറ്റു ദുരിതങ്ങൾക്കും പരിഹാരമുണ്ടാക്കുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ വന്ന മോദി സർക്കാർ "അച്ഛേ ദിൻ" നൽകിയത് കോർപറേറ്റുകൾക്കും മറ്റു മൂലധനശക്തികൾക്കും മാത്രമാണെന്ന് ഏവർക്കും ബോധമായിക്കഴിഞ്ഞു. റാഫേൽ യുദ്ധവിമാനം വാങ്ങുന്നതിലും കൽക്കരി , പെട്രോളിയം, മറ്റു ധാതുപദാർത്ഥങ്ങൾ എന്നിവയുടെ ഖനനാവകാശങ്ങൾ വിതരണം ചെയ്യുന്നതിലും റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തിലുമൊക്കെ ഉള്ളടങ്ങിയിട്ടുള്ള അഴിമതി രാജ്യത്ത് ഇനിയും വേണ്ട വിധത്തിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിൽ നടന്ന "വ്യാപം" അഴിമതിക്കേസിൽ മരണപ്പെടുന്നവരുടെ സംഖ്യ പെരുകുന്നതല്ലാതെ അഴിമതിക്കാരാരും ശിക്ഷിക്കപ്പെട്ടിട്ടില്ല.. ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനു ശേഷം ആത്മഹത്യയിൽ അഭയം തേടിയ കർഷകരുടെ എണ്ണത്തിൽ 26% വർദ്ധനയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നത് നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ തന്നെയാണ്. തൊഴിലാളി താല്പര്യങ്ങൾക്കെതിരായി തൊഴിൽ നിയമങ്ങൾ ഭേദഗതി ചെയ്യുകയും പൊതുമേഖലാ സ്ഥാപനങ്ങൾ വ്യാപകമായി സ്വകാര്യവത്ക്കരിക്കുകയും ഫിനാൻസ് മൂലധനത്തിനനുകൂലമായി സാമ്പത്തിക നയങ്ങൾ ആവിഷ്കരിക്കുകയും പൊതുമേഖലാ ബാങ്കുകളെ കൊള്ള ചെയ്യാൻ കുത്തകകൾക്ക് കൂട്ടു നിൽക്കുകയും ചെയ്യുന്ന മോദി സർക്കാർ തൊഴിലില്ലായ്മ രൂക്ഷമാക്കുകയും ജനജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്തിരിക്കുകയാണ്. "ഫാസിസം കോർപ്പറേറ്റ് മൂലധനത്തിന് സർവ്വസ്വാതന്ത്ര്യങ്ങളും അനുവദിക്കുന്നതാണെന്ന" മുസ്സോളിനിയുടെ വാക്കുകളെ സാധൂകരിക്കുന്ന നയങ്ങളാണ് മോദി സർക്കാരും പിന്തുടരുന്നത്.

1930 കളിലെ ലോകസാമ്പത്തിക കുഴപ്പത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ജർമനിയിലും ഇറ്റലിയിലും മറ്റു ചില യൂറോപ്യൻ രാജ്യങ്ങളിലും ഫാസിസം വളർച്ച നേടിയതെങ്കിൽ 2008 ൽ ആരംഭിച്ച ലോകസാമ്പത്തിക കുഴപ്പത്തിന്റെ സാഹചര്യം ഉപയോഗപെടുത്തിക്കൊണ്ടാണ് ഇന്ത്യ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇന്ന് ഫാസിസം ശക്തി നേടിക്കൊണ്ടിരിക്കുന്നത്. അത് ഫിനാൻസ് മൂലധനത്തിന്റെ ഏറ്റവും ആക്രമണോത്സുകവും രാക്ഷസീയവുമായ രൂപമായിരിക്കുമ്പോൾ തന്നെ, ഓരോ പ്രദേശത്തിന്റെയും സവിശേഷത അനുസരിച്ചു സങ്കുചിതദേശീയവാദത്തെയും വംശീയതയെയും പരമതവിദ്വേഷത്തെയും ജാതീയതയേയുമൊക്കെ അവർ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്ത്യയിൽ ക്ലാസിക്കൽ ഫാസിസം ഇനിയും അധികാരത്തിൽ എത്തിയിട്ടില്ലെന്ന ദുർബലവാദത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഫാസിസത്തിനെതിരെയുള്ള യോജിച്ച സമരത്തിന് സമയമായിട്ടില്ലെന്നു വാദിക്കുന്നവർ ഫാസിസത്തിന് അങ്ങനെയൊരു ക്ലാസിക്കൽ രൂപമില്ലെന്ന കമ്മ്യൂണിസ്റ്റ് ആചാര്യനായ ജ്യോർജി ദിമിത്രോവിന്റെ വാക്കുകൾ ഓർമ്മിക്കേണ്ടതാണ്. 1975-77 കാലത്തു പ്രഖ്യാപിതമായ അടിയന്തിരാവസ്ഥയിൽ ഫാസിസ്റ്റു അധികാരപ്രയോഗത്തിന്റെ അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ള ഇന്ത്യയിൽ അത്തരം പ്രഖ്യാപനങ്ങളില്ലാതെ തന്നെ ഫാസിസം പ്രയോഗിക്കുന്ന നരേന്ദ്ര മോദി സർക്കാർ, പഴയതിൽ നിന്ന് വ്യത്യസ്തമായി ഹിന്ദുത്വവർഗീയതയുടെയും കപടദേശീയതയുടെയും കുറേക്കൂടി നിന്ദ്യമായ സാമ്രാജ്യത്വ വിധേയത്വത്തിന്റെയും അകമ്പടിയോടെയാണ് ഇന്നത്തെ അധികാരപ്രയോഗം നടത്തുന്നത്. മാത്രവുമല്ല, ഒരു വിഭാഗം ജനങ്ങളെ കൂടി വിവിധതരം മസ്തിഷ്കപ്രക്ഷാളനങ്ങളിലൂടെ തെറ്റിദ്ധരിപ്പിക്കാനും കൂടെനിർത്താനും ഫാസിസ്റ്റുകൾക്കു കഴിയുന്നുണ്ട് എന്നത് സാഹചര്യങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നു.

വർധമാനമായിക്കൊണ്ടിരിക്കുന്ന ഈ ഫാസിസവത്കരണപ്രക്രിയയെ ചെറുക്കാൻ എല്ലാ ജനാധിപത്യ, മതനിരപേക്ഷശക്തികളുടെയും വിശാലമായ ഐക്യനിര വളർത്തിയെടുക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനമായ കടമ. ഇത്തരമൊരു ഫാസിസ്റ്റു വിരുദ്ധമുന്നണിക്ക് നേതൃത്വം നൽകാനുള്ള ഉത്തരവാദിത്വം രാജ്യത്തെ ഇടതുപക്ഷശക്തികൾക്കാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്. ദിമിത്രോവ് ചൂണ്ടിക്കാണിക്കുന്നതു പോലെ ഫാസിസത്തെ ചെറുക്കുക എന്നതല്ലാതെ മറ്റൊരുപാധിയും ഇങ്ങനെയൊരു മുന്നണിക്കില്ല. രാജ്യത്തേയും ജനങ്ങളെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാർഗത്തിൽ ഉറപ്പിച്ചുനിർത്താനും സോഷ്യലിസത്തിലേക്ക് മുന്നേറാനും ഇതത്യാവശ്യമാണ്.

സമീപനാളുകളിൽ ഇടതുപക്ഷശക്തികളുടെ മുൻകൈയിലും നേതൃത്വത്തിലും മഹാരാഷ്ട്രയിൽ നടന്ന കർഷകപ്രക്ഷോഭത്തിനു സർക്കാരിനെ മുട്ടു കുത്തിക്കാനും കർഷകരുടെ ആവശ്യങ്ങൾ അവരെ കൊണ്ട് അംഗീകരിപ്പിക്കാനും കഴിഞ്ഞത് ശരിയായ മുദ്രാവാക്യങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് സമരരംഗത്തു വന്നതുകൊണ്ടായിരുന്നു. വർഗീയതയുടെയും വിഭാഗീയതയുടെയും ശക്തികൾക്ക് അവരെ ഭിന്നിപ്പിക്കാനായില്ല എന്നത് ശ്രദ്ധേയമാണ്. ആഗോളീകരണനയങ്ങൾക്കെതിരെ പതിനാറു പൊതുപണിമുടക്കുകൾ നടത്തിയ ഇന്ത്യയിൽ പത്തുകോടി വരുന്ന തൊഴിലാളികളാണ് ഈ സമരങ്ങളിൽ പങ്കെടുത്തത്. തൊഴിലാളി കർഷക ഐക്യത്തെ അച്ചുതണ്ടാക്കിക്കൊണ്ട് കെട്ടിപ്പടുക്കുന്ന ഒരു ഇടതുപക്ഷബദലിന് മാത്രമാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനാവു എന്ന് വിശാലബഹുജനവിഭാഗങ്ങളെ ഇടതുപക്ഷശക്തികൾ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇതിന്റെ മറ്റൊരു മുന്നുപാധി തീര്‍ച്ചയായും ഇടതുപക്ഷത്തിന്റെ ഐക്യമാണ്.

ഈ പശ്ചാത്തലത്തിൽ ഭഗത് സിംഗ് രക്തസാക്ഷിദിനമായ 2008 മാർച്ച് 23 മുതൽ കയ്യൂർ രക്തസാക്ഷിദിനമായ മാർച്ച് 29 വരെ സിപിഐ (എംഎൽ) റെഡ് ഫ്ലാഗിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫാസിസവൽക്കരണത്തിനെതിരായ ക്യാമ്പയ്‌ൻ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമനശക്തികളുടെയും പിന്തുണ ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു .
20-3-2018
പി.സി.ഉണ്ണിച്ചെക്കൻ,
സെക്രട്ടറി,
സിപിഐ(എംഎൽ) റെഡ് ഫ്ളാഗ്
കേരളസംസ്ഥാനക്കമ്മിറ്റി