രണ്ടു ജീര്‍ണപാതകള്‍:- ആശയവാദപരവും യാന്ത്രിക ഭൗതികവാദ പരവുമായ രണ്ടു വിഭിന്ന പാതകള്‍

ഫ്രെഡി.കെ താഴത്ത്
FREDY 7
രാഷ്ട്രീയ സമ്പദ്ഘടനയെപ്പറ്റിയുള്ള ശാസ്ത്രീയമായ മൗലിക വിപ്ലവ നിലപാടിൽ ഊന്നിക്കൊണ്ടാണ് മാർക്സിസം ലെനിനിസം നിലനിൽക്കുന്നത്. അത്, എംഗൽസിന്റെ വാക്കുകളിൽ, ഭൗതികവാദപരമായ വൈരുദ്ധ്യാത്മകത (Materialistic Dialectics) യിൽ അധിഷ്ഠിതമാണ്.
ആ ശാസ്ത്രീയ നിലപാട് ദുർബ്ബലമാകുന്നതോടെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് ജ്ഞാനം ഇല്ലാതാകുന്നു.
പിന്നെ, മുദ്രാവാക്യം വിളി കേവലം സംഘടനാപരമായ അനുഷ്ടാനമായി മാറുന്നു.
ഏത് അനുഷ്ടാനവും  യുക്തിയുമായി സ്വയം ബന്ധം വിച്ഛേദിക്കുന്ന സ്വഭാവമുള്ളതാണ്.
അതേ സമയം,
ഏത് അനുഷ്ടാനവും ഇതര അനുഷ്ടാനങ്ങളുമായി ചേരാൻ കുയുക്തി കണ്ടെത്തും. അത്തരം സങ്കലിത അനുഷ്ടാനാധിഷ്ഠിത വിശ്വാസങ്ങളാണ് പ്രാമാണിക മതങ്ങളായി മാറുന്നത്. രാഷ്ട്രീയ അയഥാർത്ഥ്യവാദത്തിലേക്ക് കൂപ്പുകുത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ഇതു തന്നെയാണ് സംഭവിക്കുന്നത്.

പൊളിറ്റിക്കൽ ഇക്കോണമിയുമായി സദാ ബന്ധിതമല്ലെങ്കിൽ , അപ്രകാരം ഭൗതികവാദപരമായ വൈരുദ്ധ്യാത്മകത (Materialistic Dialectics) യുമായി സദാ ബന്ധിതമല്ലെങ്കിൽ മാർക്സിസം ലെനിനിസത്തിന്റെ പേരിൽ പ്രചരിക്കുന്നതും അ(കു)യുക്തികമായ അനുഷ്ടാനാധിഷ്ഠിത മതമായിരിക്കും.
ഇത്തരം രൂപാന്തരത്തിന് പ്രത്യക്ഷത്തിൽ ആശയവാദപരവും യാന്ത്രിക ഭൗതികവാദ പരവുമായ രണ്ടു വിഭിന്ന പാതകളുണ്ട്.
ഇവയിൽ ആശയവാദപാത പ്രത്യക്ഷത്തിൽ ചൂഷണമർദ്ദന സാമൂഹ്യവ്യവസ്ഥയ്ക്ക് എതിരെ 'സന്ധിയില്ലാത്ത' യുദ്ധത്തിലായിരിക്കും; സായുധ സമരത്തിൽ വരെ മുഴുകിയിരിക്കും.
പക്ഷേ,
മാർക്സിസ്റ്റ് ലെനിനിസ്റ്റ് രാഷ്ട്രീയ അർത്ഥശാസ്ത്ര ജ്ഞാനത്തിൽ നിന്ന് വേരറുക്കപ്പെട്ടതും അതിനാൽ തന്നെ വിജയം , അടവുപരമായ വിജയം പോലും, ആ പാതയ്ക്ക് അപ്രാപ്യവുമായിരിക്കും.

ഇതിന്റെ അനുഭവവേദ്യമായ മുഖ്യ കാരണം,  ആ പാതക്കാർക്ക് സംഘടിത ആധുനിക വ്യവസായത്തൊഴിലാളി വർഗ്ഗവുമായുള്ള അപരിഹാര്യമായ അന്യവൽക്കരണമാണ്.
അവർ എന്നും 'രാഷ്ട്രീയ സദാചാര'വും 'മൗലിക ധാർമ്മികത'യും 'വിപ്ലവകരമായ ഇച്ഛാശക്തി'യും വെട്ടിത്തിളങ്ങുന്ന വാൾ പോലെ ഉയർത്തിപ്പിടിക്കും.
ചുവടുറപ്പിക്കാൻ തറയുണ്ടാവില്ല.

  യാന്ത്രിക ഭൗതികവാദ പാതക്കാർ ദുരമൂത്ത ഫിനാൻസ് ക്യാപ്പിറ്റലിസ്റ്റ് ആർത്തിക്ക് ജനക്ഷേമ പദ്ധതികളുടെ താത്വിക മേമ്പൊടി ചാർത്തുന്ന വൈദ്യ ശിരോമണികളായി 'ഞങ്ങൾ കൃത്യതയാർന്ന മാർക്സിസ്റ്റ് ലെനിനിസ്റ്റുകൾ ' എന്ന ബാഡ്ജ് സഹിതം ഏറ്റവും വികൃതമായ മൂലധനസേവകരായി, വിപണി ന്യായക്കാരായി രൂപാന്തരപ്പെട്ട നേർത്ത കെയ്നിഷ്യൻ കഞ്ഞിവെള്ളമായി മാറി, അന്തിമമായി ഫിനാൻസ് മൂലധന ഏജൻറുകളായി അധഃപ്പതിക്കും.
ഈ രണ്ടു ജീർണ്ണപാതകളും തരാതരം പോലെ വരട്ടുതത്വ വാദമേനി പറച്ചിലിനും ബൂർഷ്വാ ജനാധിപത്യത്തിന്റെ പലവക പുളിച്ചു തേട്ടലിനും മേന്മകണ്ടെത്തും.
തൊഴിലാളി വർഗ്ഗ പ്രക്ഷോഭങ്ങൾ ശക്തമായി ഉയർന്നു വരുന്ന മുറയ്ക്ക് മാത്രമേ ഈ രണ്ട് പ്രവണതയ്ക്കുമെതിരെ ശരിയും ശാസ്ത്രീയവുമായ സമരം വിജയിക്കുകയുള്ളൂ.
അങ്ങിനെ മാത്രമേ,
പൊളിറ്റിക്കൽ മോറലിസത്തിനും / രാഷ്ട്രീയ സദാചാര വാദത്തിനും മാർക്കറ്റ് എഞ്ചിനിയറിങ്ങ് പ്രാഗ് മാറ്റിസത്തിനും / വിപണി വഴക്ക പ്രായോഗികതാവാദത്തിനും എതിരെ ,
രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ / പൊളിറ്റിക്കൽ ഇക്കോണമിയുടെ മാർക്സിസ്റ്റ് ലെനിനിസ്റ്റ് സാരാംശത്തിലൂന്നിക്കൊണ്ടുള്ള , സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന്റെ/ പ്രോലിറ്റേറിയറ്റിന്റെ വർഗ്ഗസമര പ്രയോഗത്തിലൂന്നിക്കൊണ്ടുള്ള
വിപ്ലവകരമായ ആശയസമരം വിജയം വരിക്കൂ.