അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യം

അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യം. അന്ന് ജയില്‍വാസം അനുഭവിച്ചിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കണമെന്ന് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി ആവശ്യപ്പെട്ടു. വിഷയമുന്നയിച്ച് ജൂണ്‍ 26ന് സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് സമിതി.
പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അടിയന്തിരാവസ്ഥ തടവുകാരുടെ ഏകോപന സമിതി സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ കാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചവരെ സ്വാതന്ത്ര സമര സേനാനികളായി അംഗീകരിക്കുകയും അവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുകയും ചെയ്യണം. അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. അടിയന്തിരാവസ്ഥക്ക് സംസ്ഥാനത്ത് സ്മാരകം പണിയണം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ഇടതുപക്ഷ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കണമെന്ന് സമിതി പറയുന്നു. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പ്രചാരണ പരിപാടികള്‍ നടത്തി വരികയാണ്. ജൂണ്‍ 26ന് ബഹുജന മാര്‍ച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ സംഘടിപ്പിക്കുന്‌പോള്‍ സര്‍ക്കാര്‍ വിഷയം ശ്രദ്ധിക്കുമെന്നാണ് സമിതിയുടെ പ്രതീക്ഷ.