Fredy.K.Thazhath: ഇടതു പക്ഷ ബദല്‍ മാത്രമാണ് ഇന്ത്യയുടെ ഭാവി. അല്ലാത്തതെല്ലാം ഇരുളില്‍ തന്നെ വട്ടം തിരിയലാണ്.


ഇടതു പക്ഷ ബദല്‍ മാത്രമാണ് ഇന്ത്യയുടെ ഭാവി. അല്ലാത്തതെല്ലാം ഇരുളില്‍ തന്നെ വട്ടം തിരിയലാണ്. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കണോ മൂന്നാം മുന്നണിയുടെ പാചകക്കാരാവണോ എന്നത് രണ്ടും പരാജയവാദപരമായ ധ്വനി ഉള്ള തെരഞ്ഞെടുപ്പാണ്. രാഷ്ട്രീയ അടവുകളെ സംബന്ധിച്ച ചുരുങ്ങിയ ചര്‍ച്ചയാണ് അത്. രാഷ്ട്രീയ അടവുകളെ പറ്റി ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇടതു പക്ഷ പാളയത്തില്‍ തുടര്‍ച്ചയായി കേള്‍ക്കുന്നത് ഇതാണ് 'ഇടതു പക്ഷ പാര്‍ട്ടികള്‍ എല്ലാം കൂടി ച്ചേര്‍ന്നൊരു ബ്ലോക്ക് ആയി നിന്നാലും ബഹുജന പിന്തുണയുടെ എണ്ണത്തില്‍ ബൂര്‍ഷ്വാ പാര്ട്ടികലുടെയും അവരുടെ മുന്നണികളുടെയും അടുത്തെത്തില്ല. ഭൂരിപക്ഷം ജനങ്ങളും സാമ്പത്തിക ശാസ്ത്രത്തെ സംബന്ധിച്ചോ രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള പാരസ്പ്പര്യത്തെ സംബന്ധിച്ചോ അറിയാത്ത , കര്‍ഷക ഭൂരിപക്ഷമുള്ള, ഇന്ത്യയില്‍ ഈ അവസ്ഥ മാറാന്‍ ഏറെ കാലമെടുക്കുകയും ചെയ്യും . അതിനാല്‍ നാം എന്ത് ചെയ്യും ?' ഇവിടെയാണ് 'ഉള്ളത് കൊണ്ട് തൃപ്തിപ്പെടുന്ന' 'പ്രായോഗിക' അടവുകളുടെ 'ശരിമ' ക്കായി വാദിക്കുന്നവര്‍ രംഗത്ത് വരുന്നത്. ഈ 'പ്രായോഗിക ശരിമാ' വാദികള്‍ ഒരിക്കലും ഓര്‍ക്കാത്തത് ഇതര രാഷ്ട്രങ്ങളിലെ കമ്യൂണിസ്റ്റ് ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ ഈ പാത പ്രയോഗിച്ച്നോക്കുകയും ആ പാതയില്‍ ശുഷ്ക്കിച്ച്ചു പോവുകയും അവിടങ്ങളിലെ പാര്‍ല്യമെണ്ടറി മേഖലയില്‍ പോലും തീരെ ചെറുതായി പ്പോവുകയും പലതും പിരിച്ചു വിടുകയും ചെയ്തു എന്ന ചരിത്ര സത്യമാണ്. അതായത് , 'പ്രായോഗിക വാദ അടവുകള്‍' ഒരിക്കലും കമ്യൂണിസ്റ്റ് ഇടതു പക്ഷ പ്രസ്ഥാനങ്ങളെ വളര്‍ത്തിയില്ല. തീവ്രവാദം വിസ്ഫോടനാന്ത്യം ആണ് കൊണ്ടുവന്നതെങ്കില്‍ വലതുപക്ഷ 'പ്രായോഗികതാ വാദം' നെടുവാര്‍ദ്ധക്യവും 'കോമ'യും ദൈന്യ മരണവും കൊണ്ടുവന്നു. (അക്കാര്യത്തിലും മാര്‍ക്സും എംഗല്‍സും ലെനിനും പറഞ്ഞത് ശരിയായി!! ) അതിനാല്‍ , ഇടതു പക്ഷ പാര്‍ട്ടികള്‍ ഇന്ന് ന്യൂനപക്ഷമാണ് എന്ന് ബോധ്യപ്പെടുന്നു എങ്കില്‍ ആദ്യം തീരുമാനിക്കേണ്ടത് ഒരുമിച്ചു നില്‍ക്കാനാണ്. പിന്നെ ചെയ്യേണ്ടത് പരമാവധി ക്ലിയര്‍ ആയ ഇടതു പക്ഷ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനാണ്. തുടര്‍ന്നു ചെയ്യേണ്ടത് ആ മാനിഫെസ്റ്റൊവിനായി ദേശീയ ക്യാംപെയ്ന്‍ ചെയ്യാനാണ്. ഇതിലൂടെ മാത്രമേ രാജ്യം നേരിടുന്ന പ്രശ്നം സാമ്പത്തിക പ്രതിസന്ധിയുടെതാണ് വലതുപക്ഷ 'വികസന വാദ'ത്തിന് ഈ പ്രതിസന്ധിയെ തീവ്രമാക്കാനും സങ്കീര്‍ണമാക്കാനുമല്ലാതെ ലഘൂകരിക്കാനോ പരിഹരിക്കാനോ കഴിയില്ല എന്നുള്ള സത്യം കര്‍ഷകരിലേക്കും ഗ്രാമീണ തൊഴിലാളി വിഭാഗങ്ങളിലേക്കും എത്തിച്ചേരൂ. പെട്രോളിയം, വിദ്യുച്ഛക്തി, ഖനിജധാതുക്കള്‍ കോര്‍ വ്യവസായങ്ങള്‍ എന്നിവയെല്ലാം ഉടനേ ദേശസാല്‍ക്കരിക്കാതെ നമുക്ക് വരാനിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷയില്ല. കാര്‍ഷിക മേഖല ഒരേ സമയം ആധുനിക വല്‍ക്കരിക്കുകയും അതേസമയം അവിടെ ആര്‍ത്തടുത്തുകൊണ്ടിരിക്കുന്ന വിദേശ-ഉള്‍നാടന്‍ കുത്തകകളെ ആട്ടിയോടിക്കുകയും വേണം.പ്ലാന്‍റെഷന്‍ മേഖല ചുരുങ്ങിയ ചുവടു ദൂരത്തില്‍ ദേശസാല്‍ക്കരിക്കണം. ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദന സഹകരണ സംഘങ്ങളെ സൃഷ്ടിക്കുകയും അവയെ മുഖ്യമായും ഭക്ഷ്യ വിളോല്‍പ്പാദനത്തിനായി പ്രോത്സാഹിപ്പിക്കുകയും വേണം. പൊതു മേഖലാ വ്യവസായങ്ങളുടെ ഓഹരി വില്‍പ്പന ഉടനേ നിര്‍ത്തി വയ്ക്കുകയും പൊതുമേഖലയെ നവീകരിക്കുകയും വേണം. ഇക്കാര്യങ്ങളെ കേന്ദ്രീകരിച്ച മാനിഫെസ്റ്റോ ഇടതു പക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് പ്രഖ്യാപിക്കുക എന്നത് രാജ്യത്തെ ഇടതു പക്ഷ ബദല്‍ സൃഷ്ടിക്കു ആവശ്യാവശ്യമാണ്. അതിനു ശേഷം നമുക്ക് അടവുകളെ സംബന്ധിച്ചു ചര്‍ച്ച ചെയ്യാം; ആദ്യം ചുവടുറയ്ക്കട്ടെ; എന്നിട്ട് അതിനൊത്തതാവണം അടവുകൾ ///