Fredy.K.Thazhath:" രാഷ്ട്രീയ സമ്പദ്ഘടന"യിലാണ് ഇടതു- വലത് അവസര വാദങ്ങൾക്കെതിരെ മാർക്സിസം ലെനിനിസത്തിന്റെ അടിസ്ഥാന സമരം എന്ന് തിരിച്ചറിഞ്ഞ് പ്രയോഗിക്കുക എന്നതാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റുകളുടെ ഇന്നത്തെ കടമ.




രണ്ടാം ലോകയുദ്ധത്തിനും ഫാഷിസത്തിനു മേലുണ്ടായ വിജയത്തിനും ശേഷം  സോഷ്യലിസത്തിനെതിരെ സാമ്രാജ്യത്വ ക്യാമ്പിൽ ആപേക്ഷികമായി ഉണ്ടായ ഐക്യത്തെ  സാമ്രാജ്യത്വ യുഗത്തിലെ പുതിയ ഗുണപരമായ വഴിത്തിരിവായി കാണുന്നത് തെറ്റും അനുഭവ വാദപരവുമാണ്.
ഇത്തരത്തിലുള്ള തെറ്റായ കണക്കുകൂട്ടലിന്റെ വെളിച്ചത്തിൽ ഇത്തരം 'സാമ്രാജ്യത്വ ഐക്യം' ലെനിനിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ നിന്നുള്ള മാറ്റമായും കാണുന്ന പ്രവണത വസ്തു നിഷ്ടപരമായി പരിശോധിച്ചാൽ തെറ്റായ പ്രവണതയാണ്.
ഇന്നിപ്പോൾ റഷ്യയും അമേരിക്കയും തമ്മിൽ മൂർച്ഛിക്കുന്ന വൈരുദ്ധ്യത്തെ വിശദീകരിക്കാൻ മേൽപ്പറഞ്ഞ അബദ്ധവിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സാദ്ധ്യമല്ല.
റഷ്യയും ചൈനയും തമ്മിൽ ഉണ്ടായിരിക്കുന്ന ഇന്നത്തെ സഖ്യത്തെ പഴയ സോഷ്യലിസ്റ്റ് ബ്ലോക്കായി തെറ്റിദ്ധരിക്കുന്നതും ഇതേ അനുഭവ വാദപരമായ പിശകാണ്.
'ഏക ധ്രുവ ലോകത്തിനെതിരെ ബഹു ധ്രുവ ലോകത്തിലേക്ക് ' എന്ന സമീപനം സി.പി.ഐ (എം) ഉയർത്തിയതും ഇതേ പോലെ അനുഭവവാദത്തിന്റെ ദോഷം പേറുന്നു.
ഫിനാൻസ് മൂലധനം നേരിടുന്ന ഇന്നത്തെ പ്രതിസന്ധിയുടെ ആഴം വേണ്ടത്ര ഗ്രഹിക്കാനാവുന്നില്ല എന്നത് മേൽപ്പറഞ്ഞ എല്ലാ അനുഭവവാദ നിലപാടുകളിലും കാണാം.
വൈരുദ്ധ്യാത്മകമായി കാര്യങ്ങൾ മനസ്സിലാക്കുന്ന രീതി ഉപേക്ഷിച്ച് അനുഭവമാത്ര പരമായി മനസ്സിലാക്കുന്ന രീതിയാണ് ലോക സാഹചര്യത്തെ വിലയിരുത്താൻ തിരുത്തൽ വാദികൾ സ്വീകരിക്കുന്നത്; തീവ്രവാദികളും അങ്ങിനെത്തന്നെ .
ആയതിനാൽ, അനുഭവ വാദപരമായ വിശകലന നിർണ്ണയങ്ങളുടെ അടിസ്ഥാനത്തിൽ "സോഷ്യലിസം തകർന്നു" എന്ന ബോധ്യത്തിലേക്കും "ഇനി ആഗോള ഫിനാൻസ് മൂലധനശക്തികളുമായി അടവു പരമായ ഐക്യത്തിലൂടെയേ വികാസം സാധ്യമാകൂ" എന്ന നിലപാടിലേക്കും വികസിക്കുന്നതായിത്തീരുന്നു തിരുത്തൽ വാദികളുടെ യഥാർത്ഥ ഡോക്ട്റൈൻ.
അതായത് , 'സോഷ്യലിസത്തിനേറ്റ തിരിച്ചടി ഏതാണ്ട് സ്ഥിരമായതോ നീണ്ടു നിൽക്കുന്നതോ ആണ് ' എന്ന മനസ്സിലാക്കലിൽ നിന്നാണ് 'ബംഗാൾ മാതൃക'യും കേരളത്തിൽ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരുന്ന "കിഫ്ബി"യുമെല്ലാം ഉൾപ്പെടുന്ന വികസനപാതാ സങ്കൽപ്പം ഉണ്ടാവുന്നത്.
ഇതിനെതിരെ ശാസ്ത്രീയമായ ആശയസമരം സമഗ്രസ്വഭാവത്തിൽ നടത്തിക്കൊണ്ട് ഇത്തരം യാന്ത്രിക ഭൗതികവാദ കാഴ്ച്ചപ്പാടിനെതിരെ ക്ഷമാപൂർവ്വം സമരം ചെയ്ത് വിജയം വരിക്കുന്നതിലൂടെ മാത്രമെ സോഷ്യലിസത്തെപ്പറ്റി ശാസ്ത്രീയമായ കാഴ്ച്ചപ്പാട് സ്ഥാപിച്ചെടുക്കാനാവൂ.
ചുരുക്കത്തിൽ, സോഷ്യലിസത്തിനേറ്റ തിരിച്ചടി താത്ക്കാലികമാണ് എന്നും മൂലധനവും അദ്ധ്വാനവും തമ്മിലുള്ള മൂർച്ഛിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന വൈരുദ്ധ്യത്തിന്റെ ഫലമായി തൊഴിലാളി വർഗ്ഗം കരുത്താർജ്ജിക്കുന്നുണ്ടെന്നും അത് ആഗോള ഫിനാൻസ് മൂലധനത്തിനെതിരെ കൂടുതൽ കരുത്താർജ്ജിച്ചതും നിശിതവും ആയ സമരങ്ങൾ ഉയർത്താൻ പ്രാപ്തി നേടിക്കൊണ്ടേ യിരിക്കുന്നുണ്ടെന്നും കാണുന്നില്ലെങ്കിൽ തിരുത്തൽവാദത്തിനെതിരെ നമുക്ക് പ്രസക്തമായ കേസ് തന്നെയില്ല എന്നാണ് ഞാൻ പറയുന്നത്.
അതായത്, ഇതര മർദ്ദിത ജനവിഭാഗങ്ങളുടെ വ്യവസ്ഥാ വിരുദ്ധ സമരത്തെപ്പോലെയല്ല സംഘടിത ആധുനിക തൊഴിലാളി വർഗ്ഗത്തിന്റെ ഫിനാൻസ് മൂലധനത്തിനെതിരായ സമരം എന്നർത്ഥം; സംഘടിത ആധുനിക വ്യവസായ തൊഴിലാളി വർഗ്ഗത്തിന്റെ സമരത്തിനു മാത്രമെ മറ്റ് മർദ്ദിത ചൂഷിത ജനവിഭാഗങ്ങളുടെ വിമോചനത്തിനായുള്ള പോരാട്ടത്തെ  ഫലപ്രാപ്തിയിൽ എത്തിക്കാൻ വേണ്ടതായ നേതൃപരവും പൂർണ്ണതയുള്ളതുമായ പങ്ക് വഹിക്കാൻ കഴിയൂ എന്നർത്ഥം.
ഇങ്ങിനെ കാണാതെ, എല്ലാം ചിതറിയ സമരങ്ങളായി, അങ്ങിനെ 'ചിതറിയ ലക്ഷ്യപ്രാപ്തി സാധ്യമാണ്' എന്ന മട്ടിൽ കാണുന്നത് പരാജയവാദ പരമാണ്. യഥാർത്ഥത്തിൽ ഫിനാൻസ് മൂലധനത്തിനെതിരെ ഒന്നായി ഉരുകിച്ചേർന്ന വൻ സമര പോരാട്ടത്തെ പിഞ്ഞിപ്പറിച്ച് ശിഥിലമാക്കുന്ന പ്രവൃത്തിയായി അത്തരം ശിഥില സ്വപ്ന വാദം എത്തിച്ചേരുന്നു.
ഇത്തരം ശിഥിലസ്വപ്നവാദ ദോഷം വച്ചു കൊണ്ട് യാന്ത്രിക ഭൗതികവാദത്തെ എതിർക്കാൻ സാധ്യമല്ല. യാന്ത്രിക ഭൗതികവാദത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് ഉയിർ കൊള്ളുന്ന വികലമായ, ഫിനാൻസ് മൂലധനത്തിനനുകൂലമായ, വികസന പാതയെ ഫലപ്രദമായി എതിർക്കാൻ സാധ്യമല്ല.അതുകൊണ്ട് രാഷ്ട്രീയ സമ്പദ്ഘടന അഥവാ പൊളിറ്റിക്കൽ ഇക്കോണമിയിലാണ് ഇടതു- വലത് അവസര വാദങ്ങൾക്കെതിരെ മാർക്സിസം ലെനിനിസത്തിന്റെ ബേസിക് ഫൈറ്റ് എന്ന് തിരിച്ചറിഞ്ഞ് പ്രയോഗിക്കുക എന്നതാണ് മാർക്സിസ്റ്റ് ലെനിനിസ്റ്റുകളുടെ ഇന്നത്തെ കടമ.