മോറലിസ്റ്റിക്ക് കല്ലേറ് + മോറലിസ്റ്റിക്ക് പ്രതിരോധം---.കേരളവും കാത്തിരിക്കുന്നത് അതു തന്നെയാണ്---.FREDY.K.THAZHATH


കേരളത്തിൽ നടന്നതിനേക്കാൾ ചോര ചിന്തിയ ഫ്യൂഡൽ വിരുദ്ധ സമരം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്യമായിരുന്നു നൈസാമിന്റെ ഹൈദരാബാദ് പ്രിൻസ്ലി സ്റ്റേറ്റ് .1951 ലെ പൊതു തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കുകയും ചെയ്തു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രവി നാരായണ റെഡ്ഡി ജയിച്ചത് നെഹ്രുവിനേക്കാൾ ഭൂരിപക്ഷത്തിലാണ്.
എന്നാൽ പടിപടിയായി പാർട്ടി പുറകോട്ട് പോയി. സി.പി.ഐ.- സി.പി.ഐ (എം) പിളർപ്പിനു ശേഷം കുറച്ചു കാലം സി.പി.ഐ (എം) ഉം നക്സൽ ബാരിക്കു ശേഷം APCCCRഉം പിന്നീട് ചന്ദ്രപുള്ള റെഡ്ഡിയുടെ സി.പി.ഐ (എംഎൽ) വിഭാഗവും സി.പി.ഐ. (എംഎൽ) പീപ്പിൾസ് വാർ ഉം എല്ലാം തെലങ്കാനാ സമരപാത പിന്തുടർന്നു.
എന്നാൽ ഇതൊന്നും നിലനിന്നില്ല. മാത്രവുമല്ല, സമൂഹത്തിൽ ഇടതുപക്ഷത്തിന് വേരോട്ടമുള്ള കേരളത്തെപ്പോലെ വേരോട്ടമുണ്ടാക്കിയെടുക്കാൻ കഴിഞ്ഞുമില്ല .
ആന്ധ്രാ പ്രദേശിൽ സ. സുന്ദരയ്യക്ക് വലിയ സ്വീകാര്യതയാണ് ഉണ്ടായിരുന്നത് എന്നതുകൂടി ഇതിനോടൊപ്പം കൂട്ടി വായിക്കണം . അപ്പോഴേ കാര്യങ്ങൾ ശരിയായി താരതമ്യപൂർവ്വം ഗ്രഹിക്കാനാവൂ.
മറിച്ച്, കേരളത്തിൽ, 1957 ലെ മന്ത്രിസഭയും ഭൂപരിഷക്കരണ - വിദ്യഭ്യാസ പരിഷ്കരണ നിയമനിർമ്മാണവും ഉത്പാദക വർഗ്ഗങ്ങൾക്ക് , തൊഴിലാളി വർഗ്ഗത്തിനും കർഷകർക്കും, വിമോചന പാത തുറന്നിട്ടു.
ഉത്പാദന ബന്ധങ്ങളിൽ കാതലായ മാറ്റമുണ്ടായി. ഉത്പ്പാദന ബന്ധ ങ്ങളിലെ ഈ കാതലായ മാറ്റം സേഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള ജനാധിപത്യ വിപ്ലവ മുന്നേറ്റത്തിന്റെ ഒരു ചുവട് മുന്നേറാൻ സഹായിച്ചു.
ഉത്പ്പാദന ബന്ധങ്ങളിലെ മേൽപ്പറഞ്ഞ _ഒരു ചുവട് മുന്നേറ്റത്തിന്റെ_ പാതയിൽ വെള്ളം ചേർത്തുകൊണ്ട് ഉൽപ്പാദനശക്തികളെ വികസിപ്പിക്കാൻ സാധിക്കുകയില്ല.
ഇതാണ് ബംഗാൾ പ്രധാനം ചെയ്യുന്ന ഉദാഹരണം.
കേരളവും കാത്തിരിക്കുന്നത് അതു തന്നെയാണ്.
ഇതിനെതിരെ ശക്തവും ക്രിയാത്മകവുമായ വിമർശമാണ് വേണ്ടത്.അതിനു പകരം മോറലിസ്റ്റിക്ക് പ്രതികരണവാദ വിമത ശബ്ദമാണ് ഉയർന്നു കേൾക്കുന്നത്.
അതിനെതിരെ 'കോൺഗ്രസ്സിന്റെ കോടാലിക്കൈ' ആക്ഷേപം പ്രയോഗിച്ചു കൊണ്ട് തിരിച്ച് മറ്റൊരു മോറലിസ്റ്റ് പ്രത്യാക്രമണമാണ് നടക്കുന്നത്.
ഉത്പ്പാദന ബന്ധങ്ങളെ വിപ്ലവകരമായി മാറ്റി മറിക്കാനായാൽ മാത്രമേ ഉത്പ്പാദനശക്തികളെ വികസിപ്പിക്കാനാവൂ എന്ന മാർക്സിസ്റ്റ് സാരം രാഷ്ട്രീയ സമ്പദ്ഘടനാ നിർമ്മിതിയുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാൻ പോലും; അത്തരത്തിൽ കാർഷിക വ്യാവസായിക പുന:സൃഷ്ടിയുടെ കാര്യത്തിൽ മൗലികമായ ബദൽ പദ്ധതിയായി മുന്നോട്ടുവയ്ക്കാൻ പോലും ആർക്കും സാധിക്കുന്നില്ല.
പകരം മോറലിസ്റ്റിക്ക് കല്ലേറ് + മോറലിസ്റ്റിക്ക് പ്രതിരോധം.