"PERUMAL MURUGAN" STOPPED WRITING ! BUY THE BOOK "ONE PART WOMAN" AND PROTEST

FROM "DESHABHIMANI" ,DAILY ,LINK BELOW


എഴുത്തോ അതോ കഴുത്തോ?

on 15-January-2015
""എഴുത്തോ, നിന്റെ കഴുത്തോ? ഏറെ കൂറ് ഏതിനോട്'' എന്ന ചോദ്യം എഴുത്തുകാര്‍ക്കുനേര്‍ക്ക് ചരിത്രത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് മുഴങ്ങിയിട്ടുണ്ട്. ഫാസിസ്റ്റ് ജര്‍മനി ആക്രമിച്ച് കൂട്ടിച്ചേര്‍ത്ത പോളിഷ് പ്രദേശത്ത് സ്ഥാപിച്ച ഓഷ്വിറ്റ്സ് ഭേദ്യ അറകളില്‍ മുഴങ്ങിയത് ഇതേ ചോദ്യമാണ്. എഴുത്തുകാരനെക്കൊണ്ട് പേന വയ്പിക്കുക. അതിന് വിസമ്മതിക്കുന്നുവെങ്കില്‍ ഗില്ലറ്റിനിലോ ഗ്യാസ് ചേംബറിലോ അവനെ ഒടുക്കുക. ഇതായിരുന്നിട്ടുണ്ട് എല്ലാ അമിതാധികാര വംശീയ- വര്‍ഗീയ ആധിപത്യങ്ങളുടെയും വിദ്വേഷകലുഷമായ രീതി. ഈ രീതി അനുവര്‍ത്തിച്ചവര്‍ ഒരുകാര്യം ഓര്‍മിക്കണം. ഓഷ്വിറ്റ്സിനുശേഷവും സാഹിത്യം വ്യവസ്ഥിതിയുടെ കരാളകല്‍പ്പനകള്‍ക്കെതിരെ മൂര്‍ച്ചയോടെ നിലനിന്നു. പോള്‍ സെലാനെയും നെല്ലി സിംഹ്സിനെയും അബ്ബ കോവനാറെയും പോലുള്ള അതിശക്തരായ എഴുത്തുകാര്‍ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍ നിന്നുതന്നെ ഉയര്‍ന്നുവന്നു. "ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിത്രം' ഒരിക്കലും പൗരോഹിത്യത്തിന്റെ, സ്വേച്ഛാധിപത്യത്തിന്റെ ഇഷ്ടത്തിലുള്ളതല്ല. ക്രൂശിക്കലില്‍ എല്ലാം ഒടുങ്ങണം എന്നേ അവര്‍ ആഗ്രഹിക്കൂ.
അത്തരത്തിലുള്ള ക്രൂശിക്കലിന്റെ മനോഭാവത്തോടെയാണ് സംഘപരിവാര്‍ ശക്തികള്‍ "എഴുത്തോ, നിന്റെ കഴുത്തോ?' എന്ന ചോദ്യവുമായി ഇപ്പോള്‍ തമിഴ് സാഹിത്യകാരനായ പെരുമാള്‍ മുരുഗനുനേര്‍ക്ക് പാഞ്ഞടുക്കുന്നത്. തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലുള്ള തിരുച്ചെങ്കോട് സ്വദേശിയായ പെരുമാള്‍ മുരുഗന്‍ തമിഴിലെ അറിയപ്പെടുന്ന കവിയും നോവലിസ്റ്റുമാണ്. കോളേജ് പ്രൊഫസര്‍ കൂടിയായ ഈ സാഹിത്യകാരന് നാടുവിട്ടോടേണ്ടിവന്നിരിക്കുന്നു. "മാധോരുഭഗന്‍' എന്ന നോവലിന്റെ പേരില്‍ സംഘപരിവാര്‍ ശക്തികള്‍ വിദ്വേഷം പടര്‍ത്തിയതോടെയാണ് ഈ അവസ്ഥയുണ്ടായത്. തമിഴില്‍ നേരത്തെതന്നെ വന്ന നോവല്‍ അടുത്തകാലത്താണ് ഇംഗ്ലീഷില്‍ ഇറങ്ങിയത്. തമിഴില്‍ നോവലിറങ്ങിയിട്ട് വര്‍ഷങ്ങളായി. ഈ വര്‍ഷങ്ങളിലൊന്നും നോവലിന്റെ പേരില്‍ തിരുച്ചെങ്കോട്ടോ തമിഴ്നാട്ടിലെവിടെയെങ്കിലുമോ ഏതെങ്കിലും വിധത്തിലുള്ള ഒരുവിധ കാലുഷ്യവും പടര്‍ന്നില്ല. ഇംഗ്ലീഷ് നോവലിന്റെ പേരില്‍ എന്തെങ്കിലും അസ്വാസ്ഥ്യം എവിടെയെങ്കിലും ഉണ്ടാവുമെന്നു കരുതുന്നതിന് അടിസ്ഥാനവുമില്ല.
എന്നാല്‍, ഗ്രാമത്തെയും അവിടത്തെ ദൈവത്തെയും ആക്ഷേപിക്കുന്നതാണ് നോവല്‍ എന്ന് അടുത്തയിടെ ചില സംഘപരിവാര്‍ "പണ്ഡിറ്റുകള്‍' വിലയിരുത്തി. ഇതേത്തുടര്‍ന്നുള്ള കോലാഹലങ്ങള്‍ക്കൊടുവില്‍ പെരുമാള്‍ മുരുഗന്‍ തന്റെ സകല കൃതികളും പിന്‍വലിക്കുന്നതായും എഴുത്ത് നിര്‍ത്തുന്നതായും പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതനായി. ""പെരുമാള്‍ മുരുഗന്‍ മരിച്ചു; മുരുഗന്‍ ദൈവമല്ല, അതുകൊണ്ടുതന്നെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമില്ല''- തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം എഴുതി. തന്റെ കൃതി വാങ്ങി വായിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സന്നദ്ധനാണെന്നും തന്റെ എല്ലാ കൃതികളും കൂട്ടിയിട്ട് കത്തിച്ചുകളയാവുന്നതാണെന്നും വില്‍ക്കാത്ത കോപ്പികള്‍ ബുക്ക്സ്റ്റാളുകളില്‍നിന്ന് തിരികെ എടുത്തുകൊള്ളാമെന്നും അദ്ദേഹം അറിയിച്ചു. ഒരു സാഹിത്യകാരനും സ്വമേധയാ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുകയില്ല. കത്തിമുനയ്ക്ക് മുന്നില്‍ നില്‍ക്കേണ്ടിവരുമ്പോഴല്ലാതെ ഒരാളും ഇത്തരം പ്രഖ്യാപനങ്ങളെക്കുറിച്ച് ചിന്തിക്കുകപോലുമില്ല.
മക്കളില്ലാതെ വിഷമിക്കുന്ന അച്ഛനമ്മമാരുടെ കഥയാണ് നോവലില്‍ പെരുമാള്‍ മുരുഗന്‍ പറയുന്നത്. ഒരു ക്ഷേത്രവും അവിടുത്തെ രഥോത്സവവും അവയൊക്കെ ഉള്‍പ്പെട്ട ഒരു പുരാവൃത്തവും മുന്‍നിര്‍ത്തിയാണ് കഥയുടെ ചുരുള്‍ നിവരുന്നത്. നൂറുവര്‍ഷംമുമ്പ് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍, വിശ്വാസാചരണങ്ങള്‍ തുടങ്ങിയവ കഥയിലുണ്ട്. ഇത് ദേവനെയും നാടിനെയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്നാണിപ്പോള്‍ ആരോപണം. ഇത് മുന്‍നിര്‍ത്തി തിരുച്ചെങ്കോട്ടെ ജനങ്ങളില്‍ അപസ്മാരബാധപോലെ തെറ്റിദ്ധാരണ പടര്‍ത്തുകയാണ് സംഘപരിവാര്‍ ചെയ്തത്. ഇതിന്റെ ഫലമായാണ് മുരുഗന് നാടുവിട്ടോടേണ്ടിവന്നതും തിരിച്ച് നാട്ടില്‍ ചെല്ലാന്‍ നിരുപാധികം മാപ്പ് എഴുതിനല്‍കേണ്ടിവന്നതും. തിരുച്ചെങ്കോട് മുരുഗന്റെയും നാടാണ്. നാട് അപമാനിക്കപ്പെട്ടാല്‍ അതിന്റെ ഭാഗം മുരുഗന്റെ മാനത്തില്‍ കൂടിയാണ് വന്നുവീഴുന്നത്. അതറിയാവുന്ന മുരുഗന്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്, താന്‍ സ്വന്തം നാടിനെക്കുറിച്ച് അഭിമാനിക്കുന്നയാളാണ് എന്ന്. പണ്ട് നിലനിന്ന ഒരു ആചാരത്തെക്കുറിച്ച് പറയുമ്പോള്‍ അത് ദൈവവിരോധമായി എടുക്കരുത് എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പക്ഷേ, ആരു കേള്‍ക്കാന്‍!
പഴയ ആചാരങ്ങളിലെ ജീര്‍ണതകള്‍ തുറന്നുകാട്ടാന്‍ നവോത്ഥാന സംസ്കാരത്തിന്റെ ഭാഗമായി സാമുദായിക നേതാക്കളും സാമൂഹികപ്രവര്‍ത്തകരും ഒക്കെയുണ്ടായിട്ടുണ്ട് എന്നതുകൊണ്ടാണ് ആധുനികമായ ഒരു കാലം പിറന്നത്. സംഘപരിവാറിന് ആവശ്യം ഈ ആധുനികകാലത്തെ പൗരാണികമായ അന്ധകാരംകൊണ്ട് വീണ്ടും പകരംവയ്ക്കുക എന്നതാണ്. അതിനുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ രാജ്യവ്യാപകമായി നടക്കുകയാണ്. അതിന്റെ ഭാഗമായി വേണം മുരുഗന്റെ പുസ്തകത്തോടുള്ള അസഹിഷ്ണുതയെ വിലയിരുത്താന്‍.
എ കെ രാമാനുജന്റെ "രാമായണപഠന'ത്തിനെതിരെ ഡല്‍ഹി സര്‍വകലാശാലയിലെ ചരിത്രവിഭാഗത്തില്‍ സംഘപരിവാറുകാര്‍ സൃഷ്ടിച്ച കലാപം മറക്കാറായിട്ടില്ല. ആ കൃതി എത്രയോ കാലമായി നിലനില്‍ക്കുന്നുണ്ടായിരുന്നു. ആ കൃതി മുന്‍നിര്‍ത്തി എവിടെയും ഒരു പ്രശ്നവുമുണ്ടായില്ല. ആകെയുണ്ടായ പ്രശ്നം എബിവിപിക്കാര്‍ ചരിത്രവിഭാഗം അടിച്ചുതകര്‍ത്തതുമാത്രമാണ്.അസഹിഷ്ണുതയുടെ കാട്ടുതീ പടര്‍ത്തുകയാണ് സംഘപരിവാര്‍ നമ്മുടെ സാംസ്കാരികരംഗത്ത്. ചില ദിവസങ്ങള്‍ക്കുമുമ്പാണ് ആമിര്‍ഖാന്റെ പികെ എന്ന ചലച്ചിത്രം ആക്രമണത്തിനിരയായത്. അതിനുമുമ്പ് ദീപാമേത്തയുടെ "ഫയര്‍', അവരുടെതന്നെ "വാട്ടര്‍' എന്നീ ചിത്രങ്ങള്‍ക്കെതിരെ സംഘപരിവാറിന്റെ വിദ്വേഷം ജ്വലിച്ചുയര്‍ന്നു. രാമായണം സിനിമയാകുമ്പോള്‍ ആര് രാമനായി അഭിനയിക്കണമെന്ന് താക്കറേ കല്‍പ്പിക്കുമെന്ന സ്ഥിതിയുണ്ടായി. ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ കുലപതിയായ ദിലീപ്കുമാറിന് ജന്മനാട്ടില്‍ പോയി അവാര്‍ഡ് സ്വീകരിക്കുന്നതിന് വിലക്കുണ്ടായി. അലീഷ ചിനായിയുടെ പോപ് കണ്‍സേര്‍ട്ട് നടത്തിയാല്‍ ഓഡിറ്റോറിയം ഇടിച്ചുനിരത്തുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. എം എഫ് ഹുസൈനെ ഈ രാജ്യത്തുനിന്നുതന്നെ ഓടിച്ചുവിട്ടു. മൃണാളിനി സാരാഭായിയെയും മല്ലികാ സാരാഭായിയെയുംപോലുള്ള പ്രതിഭകള്‍ക്ക് വീട്ടുതടങ്കലില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി. ഷബ്നാ ആസ്മിക്ക് തെരുവില്‍ ചെരുപ്പുമാലയണിഞ്ഞ് നില്‍ക്കേണ്ട സ്ഥിതിയുണ്ടാക്കി.
ഈ കാടത്തം അനുവദിച്ചുകൂടാ. നാം എന്തു വായിക്കണമെന്നും കാണണമെന്നും കേള്‍ക്കണമെന്നും ആസ്വദിക്കണമെന്നും തീരുമാനിക്കാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്, അവകാശമുണ്ട്, അധികാരമുണ്ട്. അതിനുമേല്‍ വിലങ്ങുകളും വിലക്കുകളുമായി വരാന്‍ സംഘപരിവാറിനെ അനുവദിച്ചുകൂടാ. "ജോഥാ അക്ബര്‍' മുതല്‍ "റാം കേ നാം' വരെ ആക്രമിക്കപ്പെടുന്ന നില. സല്‍മാന്‍ റഷ്ദിക്ക് ജയ്പുര്‍ ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാനാവില്ല എന്ന സ്ഥിതി. തസ്ലിമ നസ്റീന് കൊല്‍ക്കത്താ ബുക്ക്ഫെയറില്‍ പങ്കെടുക്കാനാവില്ല എന്ന സ്ഥിതി. പല നിറത്തിലും തരത്തിലുമുള്ള സ്വത്വവാദ- മതമൗലികവാദ ശക്തികള്‍ നമ്മുടെ സംസ്കാരിക പൊതുമണ്ഡലത്തെ ഞെരിച്ചുകൊല്ലുകയാണ്. ഇത് ഒരു മഹാരോഗത്തിന്റെ ലക്ഷണമാണ്. നോവലിസ്റ്റ് തോമസ് മാന്‍ "ഇരുപതാംനൂറ്റാണ്ടിന്റെ പ്ലേഗ്' എന്നു നിര്‍വചിച്ച ഫാസിസ്റ്റ് മഹാരോഗത്തിന്റെ ലക്ഷണങ്ങള്‍. ഇത് മുളയിലേ നുള്ളണം. മതനിരപേക്ഷ ജനാധിപത്യ സാംസ്കാരികലോകം പീഡിപ്പിക്കപ്പെടുന്ന പെരുമാള്‍ മുരുഗന്മാര്‍ക്കൊപ്പം നില്‍ക്കണം. അല്ലെങ്കില്‍ നാളെ സാഹിത്യമുണ്ടാവില്ല, ശാസ്ത്രമുണ്ടാവില്ല, മനുഷ്യനുമുണ്ടാവില്ല.