P C UNNICHEKKAN-;രാമക്ഷേത്ര നിർമ്മാണത്തിന് പിന്നിലെ കാണാച്ചരടുകൾ


 

രാമക്ഷേത്ര നിർമ്മാണത്തിന് പിന്നിലെ കാണാച്ചരടുകൾ
-- P C UNNICHEKKAN
ജനുവരി 22ന് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങുകൾ നടക്കുകയാണ്. ഹിന്ദുമത വിശ്വാസങ്ങൾക്കെതിരാണ് എന്നതിന്റെ പേരിൽ നാല് ശങ്കരാചാര്യന്മാരും ചടങ്ങിൽ പങ്കെടുക്കില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി മതവിശ്വാസത്തെ ഉപയോഗിക്കുകയാണ് എന്നാണ് സുപ്രീംകോടതി നിയോഗിച്ച മുഖ്യ പുരോഹിതൻ ലാൽദാസിന്റെ വിമർശനം.മതവിശ്വാസം വ്യക്തികളുടെ സ്വകാര്യകാര്യമാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കുന്നില്ല എന്നും പ്രഖ്യാപിച്ച കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ പെരുകുകയാണ്.
മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നിലവിലെ രാഷ്ട്രപതി ദ്രൗപതി മുർമുവിനും ക്ഷണമില്ല.എന്നാൽ മുൻ രാഷ്ട്രപതി പ്രതിഭ പാട്ടിലിനെ ക്ഷണിച്ചിട്ടുമുണ്ട്. ദ്രൗപതി മുർമു ആദിവാസിയും രാംനാഥ് കോവിന്ദ് ദളിതനും ആണ് അതിനാൽ അവർക്ക് ക്ഷണമില്ല.
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങ് സംഘപരിവാറിന്റെ സ്വപ്നം പൂവണിയുന്നതാണ് എന്നാണ് പലരും കരുതുന്നത്.എന്നാൽ അത് ഒരു ഭാഗം മാത്രമാണ് എന്ന് ചരിത്രം പരിശോധിക്കുന്നവർക്ക് കാണാനാകും. ജനങ്ങൾക്കുള്ള മതവിശ്വാസത്തെ രാഷ്ട്രീയ ശക്തിയായി പരിവർത്തിപ്പിക്കാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങൾ തുടങ്ങിയിട്ട് കാലം ഏറെയായി. സംഘപരിവാറിന്റെ സ്വപ്നങ്ങൾക്കൊപ്പം സാമ്രാജ്യത്വ മൂലധനത്തിന്റെയും സാമ്രാജ്യത്വ ശക്തികളുടെയും സ്വപ്നം കൂടിയാണ് പൂവണിയുന്നത് എന്ന് രാമക്ഷേത്രത്തിന്റെയും ബാബറി മസ്ജിദ് പൊളിച്ചതിന്റെയും പിന്നിലെ കാണാച്ചരടുകൾ പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും.
അമേരിക്കൻ ചാര സംഘടനയായ CIA യുടെ പുത്രികാ സ്ഥാപനമായ 'കാർണഗി എൻഡോമെന്റ് ഫോർ ഇന്റർനാഷണൽ പീസ്' എന്ന സംഘടന 1980ലാണ് ഇന്ത്യയിലെ മൂവായിരത്തോളം ആരാധനാലയങ്ങളെ തർക്കം പ്രദേശങ്ങളാക്കി മാറ്റണം എന്ന നിർദ്ദേശം ആദ്യം മുന്നോട്ടുവെക്കുന്നത്. 1981 ഇൽ VHP യുടെ സാർവദേശീയ സമ്മേളനം വാഷിംഗ്ടൺ DC യിൽ നടക്കുകയും 'കാർണഗി എൻഡോമെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ ഈ നിലപാടുകൾ ആവർത്തിച്ച് പ്രഖ്യാപിക്കുകയും ചെയ്തു.
CIA യുടെ മറ്റൊരു പുത്രികാ സ്ഥാപനമായ ഐഡിആർഎഫ് എന്ന സംഘടനയാണ് സാമ്പത്തിക സമാഹരണത്തിൽ മുഖ്യപങ്കുവഹിച്ചത്. അമേരിക്കയിലെ മേരി ലാൻഡ് സംസ്ഥാനത്തെ ഇന്ത്യൻ വംശജനായ ലോക ബാങ്ക് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ഐഡിആർഎഫ് രൂപം കൊണ്ടത്. സിസ്‌കോ, സൺ മൈക്രോ സിസ്റ്റം സ്, AOL, TIME WARNER, ഹ്യൂ വൈറ്റ് പക്കാ ർഡസ്,യുഎസ് ആസ്ഥാനം ആയ ബഹുരാഷ്ട്ര കുത്തകകൾ എന്നിവരാണ് IDRF ന് സാമ്പത്തിക സഹായം നൽകിക്കൊണ്ടിരിക്കുന്നത്.
Stop hate fund എന്ന ഒരു സംഘടന നടത്തിയ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ 2001 നവംബർ 20ന് 91 പേജുള്ള റിപ്പോർട്ട് ആയി പുറത്തുവരികയുണ്ടായി. ഇതുകൂടാതെ ബ്രിട്ടനിലെ സേവ് ഇന്റർനാഷണൽ എന്ന സംഘടനയും ഫണ്ട് നൽകുകയുണ്ടായിട്ടുണ്ട്.
1991 ജനുവരിയിൽ ലാൽ കൃഷ്ണ അദ്വാനി കാർണഗി ഉദ്യോഗസ്ഥന്മാരുമായി നാലുമണിക്കൂർ അടഞ്ഞ വാതിൽ ചർച്ച നടത്തുകയുണ്ടായി. സൈനിക വിദഗ്ധർ, നയരൂപീകരണ വിദഗ്ധർ, പത്രപ്രവർത്തകർ, ബഹുരാഷ്ട്ര കുത്തകകളുടെ ഡയറക്ടർമാർ, വൈറ്റ് ഹൗസിലെ ഉന്നതന്മാർ എന്നിവരാണ് ഈ അടഞ്ഞ വാതിൽ ചർച്ചയിൽ പങ്കെടുത്തത്.
1992 ഡിസംബർ 6 ന് ബാബറി മസ്ജിദ് പൊളിക്കുന്നതിന് മാസങ്ങൾക്കു മുൻപ് കാർണഗി എൻഡോമെന്റ് ഫോർ ഇന്റർനാഷണൽ പീസിന്റെ ഇന്ത്യകാര്യ വിദഗ്ധനായ ഡോക്ടർ ക്രിസ് ബർഗ് ഇന്ത്യയിലെത്തി.റിസർച് സ്കോളറുടെ വേഷം അണിഞ്ഞു കൊണ്ടാണ് അദ്ദേഹം ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ എത്തിയ ക്രിസ് ബർഗ് സംഘപരിവാർ സംഘടനകളുടെ രഹസ്യ യോഗങ്ങളിൽ പങ്കെടുത്തതായി ഇന്റലിയൻസ് റിപ്പോർട്ടുകൾ ആ സമയത്ത് തന്നെ പുറത്തുവരികയുണ്ടായി
.യുപി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്രയെകുറിച്ചും വലിയ ആരോപണങ്ങൾ ആ സമയത്ത് ഉയർന്നു വരികയുണ്ടായി. അമേരിക്കൻ ചാര സംഘടനയായ സി ഐ യുടെ ചാരനാണ് അദ്ദേഹം എന്ന വിമർശനമാണ് സംഘപരിവാർ വൃത്തങ്ങളിൽ നിന്നു പോലും അന്ന് ഉയർന്നത്.CIA ഉദ്യോഗസ്ഥന്മാരുമായി അദ്ദേഹം നിരന്തരം നടത്തിയ കൂടിക്കാഴ്ചകളെക്കുറിച്ചും അന്ന് റിപ്പോർട് വരികയുണ്ടായി. ബാബറി മസ്ജിദ് സംഘപരിവാർ ഭീകരർ തകർത്തു കഴിഞ്ഞപ്പോൾ ആദ്യത്തെ സന്ദേശം സംഭവസ്ഥലത്തുനിന്ന് ക്രിസ് ബർഗ് തന്നെയാണ് വാഷിംഗ്ടണിലേക്ക് അയച്ചത്.
ബാബറി മസ്ജിദ് തകർത്തതിനുശേഷം നിർപേന്ദ്ര മിശ്രയെ കല്യാൺ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. പിന്നീട് അദ്ദേഹം മോഡി പ്രധാനമന്ത്രിയായി കഴിഞ്ഞപ്പോഴാണ് പ്രിൻസിപ്പൽ സെക്രട്ടറിയായി വീണ്ടും വന്നത്. TRAI യുടെ ചെയർമാൻ സ്ഥാനത്തിരുന്ന ആളുകൾക്ക് മറ്റു സ്ഥാനങ്ങൾ വഹിക്കാൻ പാടില്ല എന്ന നിയമം ലംഘിച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കി കൊണ്ടാണ് മോഡി തന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നൃപേന്ദ്ര മിശ്രയെ വാഴിച്ചത്.
പള്ളി പൊളിച്ച സ്ഥലത്ത് സംഘപരിവാരങ്ങൾ തീർത്ത താൽക്കാലിക രാമ ക്ഷേത്രത്തിന്റെ മോഡൽ കാണാൻ അമേരിക്കൻ സെനറ്റർമാരുടെ ഒരു സംഘം എത്തി. 1950 മുതൽ അമേരിക്കൻ സിഐഎ ഇന്ത്യയിൽ നടത്തിക്കൊണ്ടിരുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി കാണാനുള്ള സന്തോഷത്തോടുകൂടിയാണ് അവർ ഇന്ത്യയിലേക്ക് വന്നത് അവർക്ക് അകമ്പടി സേവിച്ചത് യുപിയിലെ പ്രമുഖ ബിജെപി നേതാവും മന്ത്രിയുമായിരുന്ന ലാൽജി ഠണ്ഡനും. രാമ ജന്മഭൂമി ന്യാസ് ന്റെ തലവൻ രാമചന്ദ്ര പരമഹംസനുമായിരുന്നു. വിമർശനങ്ങൾ ശക്തമായപ്പോൾ അമേരിക്കയിൽ നിന്ന് എത്തിയ സാംസ്കാരിക സംഘത്തെ സഹായിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് ലാൽ കൃഷ്ണ അദ്വാനി മറുപടി നൽകിയത്.
1857ലെ ഒന്നാം സ്വാതന്ത്രസമരത്തെ തുടർന്ന് ബ്രിട്ടീഷുകാർ നട്ട വിഷവിത്തിന്( ഭിന്നിപ്പിച്ചു ഭരിക്കുക ) വെള്ളവും വെളിച്ചവും നൽകി സ്വതന്ത്ര ഇന്ത്യയിൽ അമേരിക്കയെ പരിപോഷിപ്പിക്കാൻ ശ്രമിച്ചു. ഇന്ത്യൻ ഭരണവർഗങ്ങൾ അതിന് എല്ലാ ഒത്താശയും നൽകുകയുണ്ടായി.
ആഗോളവൽക്കരണ നയത്തെ തുടർന്ന് 1991ൽ ഔപചാരികമായി ഇന്ത്യയിൽ ആരംഭിച്ച പുത്തൻ സാമ്പത്തിക നയവും 1992 ഡിസംബർ 6 ആറിലെ ബാബറി മസ്ജിദിന്റെ തകർക്കലും സാമ്രാജ്യത്വ ശക്തികൾ തയ്യാറാക്കിയബ്ലൂ പ്രിന്റ് അനുസരിച്ചാണ് നടന്നത്. അതിന്റെ നടത്തിപ്പുകാരായിരുന്നു ഇന്ത്യയിലെ സംഘപരിവാർ സംഘടനകൾ.ജനങ്ങളുടെ മതവിശ്വാസത്തെ സാമ്രാജ്യത്വ കൊള്ളയ്ക്ക് ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് ഇന്ത്യയിൽ അരങ്ങേറിയത്. ഒരു കൂട്ടം ഇന്ത്യക്കാരുടെ മനസ്സിലുള്ള രാമ ഭക്തിയെ സാമ്രാജ്യത്വ താൽപര്യങ്ങൾക്ക് എങ്ങനെ ഉപയോഗിച്ചു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് ഇന്ത്യയിലെ ഫാസിസ്റ്റ് തേർവാഴ്ചയും കുത്തകളുടെ തടിച്ചു കൊഴുക്കലും വ്യക്തമാക്കുന്നത്.
2024ലെ തെരഞ്ഞെടുപ്പിനുള്ള ഒരു അജണ്ടയായി സംഘപരിവാരങ്ങൾ ഇതിന് കാണുമ്പോൾ രാജ്യത്തെ കൊള്ളയടിക്കാനും ശിഥിലീകരിക്കാനും ഉള്ള കുതന്ത്രത്തിന്റെ ഭാഗമായാണ് ഭിന്നിപ്പിക്കൽ ഭരിക്കൽ തന്ത്രം സാമ്രാജ്യത്വം ഇന്ത്യയിൽ നടപ്പാക്കുന്നത്. അതിന്റെ കോടാലി കൈകളായി മാറുകയാണ് ഇന്ത്യയിലെ സംഘപരിവാർ ശക്തികൾ. ജനാധിപത്യ സ്വതന്ത്ര- ജനാധിപത്യ - മതേതര- റിപ്പബ്ലിക്കിനെ മതരാഷ്ട്രമാക്കി മാറ്റാനുള്ള കൊണ്ടു പിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്.