M S JAYAKUMAR:-രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി പിൻവലിച്ച് അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം പുന:സ്ഥാപിക്കുക.

 


മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (റെഡ്ഫ്ലാഗ്)

                                              കേന്ദ്ര കമ്മിറ്റി                                                       2023 മാർച്ച് 26


ജനാധിപത്യത്തിനും ജനപ്രാതിനിധ്യ അവകാശത്തിനും എതിരെയുള്ള 

ഫാഷിസ്റ്റ് ആക്രമണത്തിനെതിരെ പൊരുതുക:


 രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി പിൻവലിച്ച് 

അദ്ദേഹത്തിന്റെ പാർലമെന്റ് അംഗത്വം പുന:സ്ഥാപിക്കുക.

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കെതിരെയുണ്ടായ കോടതിവിധി കാരണമാക്കിക്കൊണ്ട് (പ്രസ്തുത വിധി സസ്പെൻഡ് ചെയ്യപ്പെട്ടിട്ടുള്ളതാണെങ്കിലും) വയനാട് മണ്ഡലത്തിൽ നിന്നുള്ള ലോക്‌സഭാ അംഗത്വത്തിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള  അസാധാരണമായ തിടുക്കത്തിലുള്ള നടപടി, വിയോജിപ്പുകളെയും അഭിപ്രായ വ്യത്യാസങ്ങളെയും പ്രതിഷേധത്തിന്റെ എല്ലാ മാർഗങ്ങളെയും അടിച്ചമർത്താനുള്ള മോദി ഭരണത്തിന്റെ നീചമായ ഉദ്ദേശ്യത്തെ വെളിവാക്കുന്നു. അദാനിയെപ്പോലുള്ള കോർപ്പറേറ്റ് മുതലാളിത്ത ശക്തികളുടെ ആർത്തിക്ക് അഴിമതിഗ്രസ്തമായി കൂട്ടുനിൽക്കുന്ന  സർക്കാർ നടപടിക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ മോദി ഭരണകൂടം ഭയക്കുന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്.


ശിക്ഷാ നടപടികളും അവയുടെ ലക്ഷ്യവും തലകീഴാക്കി അട്ടിമറിച്ചുകൊണ്ട് അഴിമതിക്കെതിരെ കാഹളമൂതുന്നവരെ തന്നെ ശിക്ഷയുടെ ഇരയാക്കുന്നതിലൂടെ, പാർലമെന്റിന്റെ സഭകളും നീതിന്യായ കോടതി വിധികളും  പോലുള്ള ഭരണഘടനാ  സ്ഥാപനങ്ങളേയും സംവിധാനങ്ങളേയും, അവ മൂലം സംരക്ഷിക്കാൻ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള, ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് തന്നെ എതിരാക്കി തിരിച്ചുപയോഗിക്കുകയാണ്. ചരിത്രത്തിൽ ആവർത്തിച്ച് ഉളവായിട്ടുള്ള ഫാസിസ്റ്റ് ലക്ഷ്യ പ്രക്രിയകളുടെ  യഥാർത്ഥ മുദ്രയാണ് ഈ കുടില പ്രവൃത്തിയിലൂടെ വെളിപ്പെട്ടത്. ഇന്നിത് ജനാധിപത്യത്തിന്റെ വേരുകൾ പോലും നശിപ്പിക്കും വിധത്തിൽ നമ്മുടെ രാജ്യത്ത് പടരുകയാണ്.


എല്ലാ ജനാധിപത്യ ശക്തികളും അഭിപ്രായഭേദങ്ങൾ വകഞ്ഞു മാറ്റി, ഒത്തൊരുമിച്ച്, പഴുതടച്ച് അണിചേർന്ന്, നിലയുറച്ച ദീർഘസമരത്തിലൂടെ,   ബോദ്ധ്യത്തിലും പ്രവർത്തനങ്ങളിലും, ഐക്യ മുന്നണി സംഘടനയിലും ഫാസിസ്റ്റ് വിരുദ്ധ ഐക്യം ഊട്ടിയുറപ്പിച്ചുകൊണ്ട്, ഇതിനെ ചെറുക്കേണ്ടതുണ്ട്. ഇടതുപക്ഷ-ജനാധിപത്യ ശക്തികൾ കലവറ കൂടാതെ ജനാധിപത്യ-മതേതര ശക്തികളുമായി ഒത്തുചേർന്ന് ഈ അടിയന്തിര ലക്ഷ്യം നേടാൻ ഉടൻ മുന്നിട്ടിറങ്ങണം. 


രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിലൂടെ  ജനാധിപത്യത്തിന്റെ  കാതലായ സത്തയെ ഹനിച്ച ഹീനമായ ഈ നടപടിയെ ഞങ്ങൾ അപലപിക്കുകയും പ്രസ്തുത നടപടി ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു.


അഖിലേന്ത്യാ തലത്തിലും സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ എല്ലാ തെരുവുകളിലും കൈകോർത്ത് പ്രവർത്തിക്കാൻ എല്ലാ വിഭാഗം ഫാസിസ്റ്റ് വിരുദ്ധ ശക്തികളോടും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ജനതയെ ചരിത്രത്തിന്റെ ഇരുണ്ട തടവറകളിലേക്ക് തള്ളിയിടുന്ന ജനാധിപത്യത്തിന്റെയും റിപ്പബ്ലിക്കിന്റെയും മരണം നോക്കി നിൽക്കാൻ നമുക്കാവില്ല. മഹാൻമാരായ ധീരരക്തസാക്ഷികളുടെ പതാക ഉയർത്തിപ്പിടിച്ചുകൊണ്ട് ജനാധിപത്യത്തെയും നമ്മുടെ റിപ്പബ്ലിക്കിനെയും സംരക്ഷിക്കുന്നതിനായി മുന്നോട്ട് മാർച്ച് ചെയ്യാനുള്ള ഇച്ഛാശക്തിയെ മുറുകെ പിടിക്കേണ്ട സമയമാണിത്.


എം.എസ്.ജയകുമാർ,

ജനറൽ സെക്രട്ടറി.