COMRADE TEAM:-മഹാമാരി നിമിഷങ്ങളിലെ മേയ്-ദിനം


                                    ഒരു പക്ഷെ ചരിത്രത്തിലെ എല്ലാ അർത്ഥത്തിലും നിർണായകമായ ഒരു ഘട്ടത്തിലാണ് ഇന്ന് ലോകം ചിക്കാഗോ തെരു വീഥികളെ പ്രകമ്പനം കൊള്ളിച്ച മുതലാളിത്ത ആദി പിതാക്കളുടെ ഉറക്കം കെടുത്തിയ ചരിത്രത്തെ തന്നെ മാറ്റി മറിച്ച ഒരു സമത്വസുന്ദരലോകത്തിനായി പ്രതിജ്ഞ ചെയ്ത വർഗസമര പോരാളികളെ ഓർക്കുന്നത്. ലാഭത്തിനായി കുരുതി കൊടുക്കപെടേണ്ട കേവല ജീവികളല്ലാ തൊഴിലാളികളെന്നും അവർ ഈ ലോകത്തിന്റെ തന്നെ അവകാശികളാണെന്നും പ്രഖ്യാപിച്ചുകൊണ്ടു രൂക്കുമരങ്ങളിലേക്ക് ധീരമായി ഭാവി തലമുറയ്ക്കായി കാലുവച്ച ചിക്കാഗോ രക്തസാക്ഷികളെ ഓർക്കുമ്പോൾ വർത്തമാനകാല അമേരിക്കയിൽ കൊറാണയുടെ ഇരകളായി ഫലത്തിൽ മുതലാളിത്ത നയങ്ങളുടെ തന്നെ രക്തസാക്ഷികളായ മനുഷ്യരെയും ഓർക്കാം. എട്ടു മണിക്കൂർ ജോലി എന്ന മുദ്രാവാക്യം യഥാർത്ഥത്തിൽ ഇന്നും പ്രസക്തമാകുമ്പോൾ മുതലാളിത്തം അതിന്റെ പ്രജകളെ നിലനിർത്താൻ പോലും പരാജയപ്പെടുന്ന യാഥാർഥ്യം' ആധുനിക സാങ്കേതിക വിദ്യയുടെ പ,ശ്ചാത്തലവും അവർ തന്നെ അവകാശപ്പെടുന്ന ജനാധിപത്യവും തൊഴിലാളികളുടെ തൊഴിൽ സമയം കുറയ്ക്കുന്നതിനും അവരുടെ ജീവിതം അർത്ഥവത്താക്കുന്നതിനും, കൂടുതൽ തൊഴിൽ സാധ്യത ഉറപ്പാക്കുന്നതിനും പകരം തൊഴിൽ ഇല്ലായ്മ വർദ്ധിപ്പിക്കുകയും, തൊഴിൽ സമയം കൂട്ടുകയും, വേതനത്തിലടക്കം തീവ്റ അസമത്വം സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു. 
                                             ലോകത്ത് സോഷ്യലിസ്റ്റ് ചേരി രൂപപ്പെട്ട ചരിത്ര ഘട്ടത്തിൽ മുതലാളിത്ത രാജ്യങ്ങൾ തന്നെ അടിസ്ഥാനപരമായ മാറ്റം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഭാഗിഗമായ സോഷ്യലിസ്റ്റ് ഛായ നിലനിർത്തുവാൻ നിർബന്ധിതരായി.എന്നാൽ സ്വകാര്യ സ്വത്ത് എന്ന സാമ്പത്തിക ഘടകത്തെ മറികടക്കാത്തതു കൊണ്ടു തന്നെ സ്വാഭാവികമായും മുന്നോട്ടു പോകുന്തോറും താൽക്കാലികമായി നിലനിന്ന ലാഭത്തിലെ കുറവ് നിലനിർത്തുവാൻ മുതലാളിത്തത്തിന് അതിന്റെ ജനിതിക സവിശേഷതകൊണ്ടു തന്നെ സാധ്യമാവാതെ വരുകയും, വീണ്ടും സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് നയിക്കുകയും ചെയ്തു. അതായത് കമ്മ്യുണിസ്റ്റ് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നതു പോലെ "നല്ലവനായ മുതലാളി നിലനിൽക്കുകയില്ല' നിയോലിബറൽ നയങ്ങളിലൂടെ വീണ്ടും തീവ്റ ആക്രമണം ആരംഭിക്കുകയും ഇനിയും ഒരു വിശദീകരണം തന്നെ വേണ്ടാത്ത തരത്തിൽ വർത്തമാനകാല തീവ്റ അസമത്വ പ്രതിസന്ധി സംജാതമാവുകയും ചെയ്തു. ഇൻഡ്യൻ അവസ്ഥയും അതിൽ നിന്നും അടിസ്ഥാനപരമായി ഭിന്നമല്ല. ഈ ഒരു ദുരന്ത പശ്ചാത്തലത്തിലാണ് കോവിഡ് ആക്രമണം. അത് മുതലാളിത്തത്തിന് അതിന്റെ മാതൃക കേന്ദ്രങ്ങളിൽ പോലും ഒന്നും ചെയ്യാനാകില്ലയെന്ന് തെളിയിച്ചു. ലാഭം മാത്രമാണ് മുതലാളിത്തത്തിന്റെ ശ്വസന വായു വെന്നുള്ള യാഥാർഥ്യം വ്യക്തമാക്കുന്നതാണ് ഈ കൊറോണ ഘട്ടം. വീണ്ടും ഭൂരിപക്ഷത്തിനെ തള്ളി ലാഭ കേന്ദ്ര ന്യൂനപക്ഷ രക്ഷാമാർഗങ്ങൾ തേടുകയാണ് ഇൻഡ്യയിലടക്കം. 
                            അതോടൊപ്പം ഈ മറവിലൂടെ എല്ലാ വിധ വിയോജന ശബ്ദങ്ങളേയും പ്രക്ഷോഭങ്ങളേയും സ്തംഭിപ്പിച്ചു നിർത്തുവാൻ നിലവിലുള്ള ഭരണകൂട ശക്തികൾക്ക് സാധ്യമാവുന്നു.മുതലാളിത്ത പ്രതിസന്ധിയിൽ ഒരു കോവിഡ് മാസ്ക്ക് ചാർത്തി തൊഴിലാളി വിരുദ്ധ കരിനിയമങ്ങൾ അടിച്ചേൽപിക്കാനാകുന്നു. മാത്രവുമല്ല താൽക്കാലിക സ്വഭാവമറയിൽ ചേക്കേറുന്ന ഏത് കരിനിയമവും സ്ഥിരം താവളമാർജ്ജിക്കുന്നതാണ് ചരിത്രം.ഇൻഡ്യൻ സാഹചര്യം കൂടുതൽ ഗൗരവതരമാണ്. നിയോലിബറലിസം വർഗീയ ഫാസിസവുമായി അവിശുദ്ധ ഐക്യത്തിന്റെ പാത പിന്തുടരുകയാണ്. അവിടെയാണ് മേയ്-ദിനം ഒരു നവ പ്രഖ്യാപന ദിനമായി മറേണ്ടത്.തൊഴിലാളി വർഗത്തിന്റെ മഹാ ഐക്യ പ്രഖ്യാപനം മാത്രമല്ല, കർഷകവർഗ മടക്കമുള്ള മുഴുവൻ വർത്തമാനകാല ചൂഷിത വർഗങ്ങളുമായുള്ള ഐക്യത്തിന്റെ ദിനങ്ങൾക്കായുള്ള ഉണർത്തുപാട്ടായി മാറുകയാണ് ഈ മഹാമാരി നിമിഷങ്ങളിലെ മേയ്-ദിനം. ചങ്ങലകൾ പൊട്ടി തകരുക തന്നെ ചെയ്യും.പുതിയൊയൊരു ലോകം പിറവി കൊള്ളുകയാണ്. തടയാനാവില്ല ഒരു കോവിഡിനും