Mohandas Kunnath:-കേരളത്തിൽ എല്ലാ സാദ്ധ്യതകളും വാഴുന്നുണ്ട്.,പോലീസ് പറഞ്ഞിട്ടുണ്ട്. അവർ ........ സ്റ്റുകൾ ആണല്ലൊ."



റഫീക്ക് അഹമ്മദും ഹരി നാരായണനുമടക്കമുള്ള കവികൾ, ഗാനരചയിതാക്കൾ, ഗായകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർക്കെതിരെ, അവരുടെ കലാവിഷ്കാരങ്ങൾ പൌരത്വ ഭേദഗതി നിയമം, N R C, NPR എന്നിവയോടുള്ള പ്രതിഷേധ സമരമായി പരിണമിച്ചു എന്ന് ബേജാറായി തൃശൂർ വെസ്റ്റ് പോലീസ് കേസെടുത്തു എന്ന് വാർത്ത.

'പാട്ടുപാടി സമരം; നീതിയ്ക്കു വേണ്ടി നമ്മളല്ലാതാര് പാടാൻ' എന്നാണ് 'ദേശാഭിമാനി' വാർത്തയുടെ ശീർഷകം. പു.ക.സ. ജില്ല സെക്രട്ടറി എം.എൻ. വിനയകുമാറും പങ്കെടുത്തിരുന്നു എന്ന് ദേശാഭിമാനി വാർത്ത പറയുന്നുണ്ട്. (പക്ഷേ, പോലീസ് കേസിനെപ്പറ്റി പരാമർശമില്ല. പാട്ടിലൂടെ സമരം തീർക്കുകയാണെന്നറിഞ്ഞ കലക്ടറും പോലീസും കവികളേയും ഗായകരേയും അയ്യന്തോളിലെ 'അമർ ജ്യോതി ജവാൻ ' പാർക്കിൽ നിന്ന് ഇറക്കി വിട്ടു എന്നേ പറയുന്നുള്ളു) .

'സംഗീത സന്ധ്യയെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധ സമരം നടത്തി കോർപ്പറേഷനെ കബളിപ്പിച്ചെന്നും വെസ്റ്റ് പോലീസ് പറഞ്ഞു' എന്ന് മാതൃഭൂമി വാർത്തയിൽ.

2019 ഡിസംബർ ആദ്യവാരം മുതൽ ഇന്ത്യയിലെമ്പാടും പൌരത്വ ഭേദഗതി നിയമത്തിനും ത്തതിന്റെ തുടർ നടപടികൾക്കുമെതിരെ രണോത്സുകമായ പ്രക്ഷോഭങ്ങൾ നടക്കുന്നു. ലോക രാജ്യങ്ങളിലേയ്ക്ക് അതു പടർന്നുകൊണ്ടിരിയ്ക്കുന്നു. ഭരണകൂടത്തിന്റെ ഹിംസാത്മകതയ്ക്കെതിരെ ജനത, അതിന്റെ സമസ്ത വിഭാഗങ്ങളും, രാപ്പകലില്ലാതെ തെരുവിലാണ്. സൈനികതയിലൂടെ നിലനിർത്തപ്പെടുന്ന ഔദ്യോഗിക ക്രമസമാധാനത്തിന്റെ നൈയ്യാമിക വ്യാകരണത്തെ അതെപ്പോഴേ തകർത്തുകളഞ്ഞു. അനുനിമിഷം ഇന്ത്യയിലെവിടെയെങ്കിലുമൊക്കെ പൌരസാതന്ത്ര്യവാഞ്ഛ സിവിൽ നിയമങ്ങളെ ലംഘിച്ചു കൊണ്ടേയിരിയ്ക്കുന്നു. എല്ലാ അവകാശങ്ങളുടെയും പ്രഭവമൂലകമായ കേവലാവകാശ സംസ്ഥാപനത്തിനായി ജനാധിപത്യത്തിന്റെ മുഖാവരണമണിഞ്ഞ ജനവിരുദ്ധമായ സിവിൽ നിയമലംഘനത്തിലൂടെ മാത്രമേ സാദ്ധ്യമാവൂ. (പൌരത്വ ഭേദഗതി സംബന്ധിച്ച ഭരണ നടപടികൾക്കായുള്ള കേന്ദ്രാനുശാസനങ്ങൾ നടപ്പിലാക്കില്ല എന്ന് അറിഞ്ഞോ അറിയാതേയോ മുഖമന്ത്രി പ്രഖ്യാപിയ്ക്കുമ്പോൾ മൌലികമായ ഈ സിവിൽ നിയമ ലംഘനമാണ് സംഭവിയ്ക്കുന്നത്. ഇത് ജനേച്ഛയുടെ ആവിഷ്കാരമായിത്തീരുന്നു)

ഡിസംബർ 9 മുതൽക്കെങ്കിലും തൃശൂരിലെ ജനങ്ങൾ പ്രക്ഷോഭവുമായി നിരത്തുകളിലുണ്ട്. ആരെങ്കിലും ഈ സമരങ്ങൾക്കായി കലക്ടറുടേയും പോലീസിന്റേയും അനുമതി തേടുകയോ നേടുകയോ ചെയ്തിട്ടുണ്ടോ എന്നറിയില്ല. കേരള സർക്കാർ പൌരത്വ നിയമ ഭേദഗതി നടപ്പിലാക്കാതിരിയ്ക്കാൻ കേന്ദ്രത്തിന്റെ അനുമതി തേടുന്നതുപോലെയുള്ള വങ്കത്തമല്ലേ ജനകീയ സമരങ്ങൾ അധികൃതരുടെ സമ്മതത്തോടെ നടക്കുക എന്നത്? (അഥവാ ദില്ലിയിലെ സമരങ്ങളോട് ഒരു സമീപനവും കേരളത്തിലേതിനോട് മറെറാന്നും എന്ന ഭരണരാഷ്ട്രീയമാണോ അയ്യന്തോൾ സംഗീത പ്രക്ഷോഭത്തിലെ കലാകാരമാർക്കെതിരെയുള്ള പോലീസ് കേസ് വെളിവാക്കുന്നത് ?)

പൌരന്റെ നീതി ബോധത്തിന് മുകളിൽ പോലീസിന്റെ ക്രമസമാധാന പരിപാലനത്തിന്റെ അതിജാഗ്രതയ്ക്ക് പ്രാഥമ്യവും പ്രാമുഖ്യവും ലഭിക്കുന്ന ഒരു ഭരണ സംവിധാനത്തിൽ റഫീക്ക് അഹമ്മദിന്റേയും ഹരി നാരായണന്റേയും കാവ്യാലാപനവും സുധീപ് പാലനാടിന്റേയും മാ മുഹമ്മദിന്റേയും കെ.ജെ. പോൾസൺ തുടങ്ങിയവരുടേയും സംഗീതാവിഷ്കാരങ്ങളും കുറ്റകരമാവാതിരിയ്ക്കില്ല. (രസകരമായത് ഇക്കാര്യത്തിലും ഭരണത്തിന്റെ രാഷ്ട്രീയ നേതൃത്വം ഇതൊന്നും അറിയുന്നില്ലെന്നും ലോക്കൽ പോലീസിന്റെ കൈ കുറ്റപ്പാടാണിതെന്നുമൊക്കെയുള്ള ന്യായീകരണവുമായി എത്ര പേരാണ് സോഷ്യൽ മീഡിയയിൽ യുദ്ധസന്നദ്ധമാകുന്നത് എന്ന തത്രെ ! ജാഗത !)

അയ്യന്തോൾ കേരളത്തിനുള്ളിൽ, പോണ്ടിച്ചേരിയുടെ മാഹി പോലെ, യു.പിയുടെ ഭരണാധികാരമുള്ള സ്ഥലമാണോ? ഇന്ത്യയുടെ വർത്തമാന ചരിത്രം അറിയേണ്ടതില്ലാത്ത ഉദ്യോഗസ്ഥ പ്രഭുത്വത്തിന്റെ വകതിരില്ലായ്മയാണോ തൃശൂർ കലക്ടർ ? എല്ലാവർക്കും മീതെ 'പോലീസ് ശരി' തന്നെയാണ് രാജ്യഭാരം നടത്തുന്നത് !

റഫീക് അഹമ്മദിനും ഹരിനാരായണനും കവിത ബാലകൃഷ്ണനുമൊക്കെ എതിരെയുള്ള കേസ് സർക്കാർ പിൻവലിച്ചേക്കാം. അഥവാ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ UAPA ചുമത്തി അത് NIA യുടെ കൈകളിലെത്തിച്ചേരാം.

കേരളത്തിൽ എല്ലാ സാദ്ധ്യതകളും വാഴുന്നുണ്ട്.

നാളെ , പത്രക്കാരോട് കുത്സിതമായ ചിരിയോടെ മുഖ്യമന്ത്രി പറഞ്ഞു കൂടെന്നില്ല.
" എന്താ സംശയം, പോലീസ് പറഞ്ഞിട്ടുണ്ട്. അവർ ........ സ്റ്റുകൾ ആണല്ലൊ."