P K Venugopalan -എസ്. ഹരീഷിന്റെ നോവലിനു നേരെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിക്കുക.
പി.കെ വേണുഗോപാലൻ എഴുതുന്നു .
എഴുത്തിന്റെ കഴുത്തിനു നേരെ കൊലക്കത്തിയുമായി സംഘ പരിവാരം.
എസ്. ഹരീഷിന്റെ നോവലിനു നേരെ വർഗ്ഗീയ ഫാസിസ്റ്റ് ശക്തികൾ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിക്കുക.
ഒരു എഴുത്തുകാരന് സ്വതന്ത്രമായി എഴുതാനും തന്റെ രചനകൾ പ്രസിദ്ധീകരിക്കാനും കേരളത്തിൽ പോലും സാധ്യമല്ലാതെ വരുന്ന തികച്ചും ഭീതിജനകമായ സാഹചര്യം സംഘപരിവാര ശക്തികൾ സൃഷ്ടിച്ചിരിക്കുന്നു എന്നാണു് 'മാതൃഭൂമി' ആഴ്ചപ്പതിപ്പിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചു വരുന്ന 'മീശ' എന്ന തന്റെ നോവൽ പിൻവലിക്കാൻ എഴുത്തുകാരനായ എസ്.ഹരീഷ് നിർബ്ബന്ധിതനായതിൽ നിന്നും മനസ്സിലാക്കാനാവുക.
'മീശ'യുടെ ആദ്യ അദ്ധ്യായങ്ങൾ മാത്രമേ പുറത്തു വന്നിട്ടുള്ളൂ. അതിൽ ഒരിടത്തു കടന്നു വരുന്ന ഒരു കഥാപാത്രത്തിന്റെ സംഭാഷണത്തെ സന്ദർഭത്തിൽ നിന്നും അടർത്തിയെടുത്ത് 'ഹിന്ദുവിരുദ്ധ'മാണെന്നു പ്രചരിപ്പിച്ച് ഭീഷണികളും അശ്ലീല പ്രയോഗങ്ങളും വർഷിച്ച് നോവലിസ്റ്റിനും കുടുംബത്തിനും സ്വസ്ഥമായി ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ച്, നോവൽ പിൻവലിക്കാൻ നിർബ്ബന്ധിതനാക്കുകയായിരുന്നു സോഷ്യൽ മീഡിയക്കകത്തും പുറത്തുമുള്ള സംഘപരിവാറിന്റെ ഗുണ്ടാസംഘം. നോവലിന്റെ കേന്ദ്ര പ്രമേയവുമായോ ആന്തരിക ഘടനയുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു അപ്രധാന സംഭാഷണത്തിന്റെ പേരു പറഞ്ഞ് ഒരെഴുത്തുകാരനെ നിശ്ശബ്ദനാക്കാനുള്ള ഫാസിസ്റ്റ് രാഷ്ടീയശക്തികളുടെ ശ്രമത്തിനെതിരെ ഏറ്റവും ശക്തമായി പ്രതിഷേധിക്കേണ്ട സന്ദർഭമാണിത്.
തമിഴ് എഴുത്തകാരനായ പെരുമാൾ മുരുകനെ, 'മാതോരുപാകൻ' എന്ന നോവലിലെ ചില പരാമർശങ്ങളുടെ പേരിൽ എഴുത്തു നിർത്തിക്കുകയും നിശ്ശബ്ദനാക്കുകയും ചെയ്തത് തമിഴ്നാട്ടിലെ ചില ജാതീയ ശക്തികളും അവരോടൊപ്പം ചേർന്ന സംഘപരിവാരവുമായിരുന്നു. അതിന്റെ മറ്റൊരു തരം ആവർത്തനമാണ് ഹരീഷിനെ നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിലുമുള്ളത്. "എഴുത്തോ നിന്റെ കഴുത്തോ, ഏറെക്കൂറേതിനോട്?" എന്നു ചോദിച്ച് ഒരു അധികാര കേന്ദ്രം എഴുത്തുകാരനു മുന്നിൽ ഭീഷണിയുമായെത്തുന്ന സാഹചര്യത്തെ കുറിച്ച് എം. ഗോവിന്ദനെഴുതിയത് വീണ്ടുമൊരിക്കൽ യാഥാർത്ഥ്യമാവുകയാണു് കേരളത്തിൽ. മുസ്ലീമായ എം.എം. ബഷീറിന് രാമായണത്തെപ്പറ്റിയെഴുതാൻ എന്തധികാരമെന്നു ചോദിച്ച ഇതേ ശക്തികൾക്കു മുന്നിൽ, ഹരീഷിന്റെ നോവൽ പ്രസിദ്ധീകരിച്ച അതേ ആഴ്ചപ്പതിപ്പിന്റെ കൂടി നടത്തിപ്പുകാരായ മാനേജുമെന്റ് വഴങ്ങിക്കൊടുത്തതിന്റെ അനുഭവം കേരളീയർക്കു മുന്നിലുണ്ട്.
ഇന്ന് തങ്ങളുടെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു വരുന്ന നോവലിനും നോവലിസ്റ്റിനുമെതിരെ സംഘപരിവാര ശക്തികൾ ഭീഷണിയുയർത്തുമ്പോൾ സർഗ്ഗ സ്വാതന്ത്ര്യത്തെ ഉയർത്തിപ്പിടിക്കാനും എഴുത്തുകാരന് എഴുതാനും പ്രസാധകന് പ്രസിദ്ധീകരിക്കാനും അവകാശമുണ്ടെന്നു പ്രഖ്യാപിച്ചു കൊണ്ട് നോവലിന്റെ പ്രസിദ്ധീകരണവുമായി മുന്നോട്ടു പോകാനും 'മാതൃഭൂമി' മാനേജുമെൻറ് തയ്യാറാകുമോ എന്നതും പ്രധാനമാണ്.
ഒരു കല്പിത രചനയിലെ (fiction) കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്റെ പേരിൽ എഴുത്തുകാരനും കുടുംബവും ഭീഷണി നേരിടുകയും അതേ തുടർന്ന് തന്റെ രചന പിൻവലിക്കാൻ എഴുത്തുകാരൻ നിർബ്ബന്ധിതനാവുകയും ചെയ്യുമ്പോൾ, ഗോമാംസത്തിന്റേയും ഗോസംരക്ഷണത്തിന്റേയും പേരിൽ നിരപരാധരായ മനുഷ്യരെ ആൾക്കൂട്ടങ്ങൾ അടിച്ചു കൊല്ലുന്നതു (lynching) പോലെ തന്നെ, ഒരെഴുത്തുകാരന്റെ സർഗ്ഗ വ്യക്തിത്വത്തെ ആൾക്കൂട്ടക്കൊലക്കു വിധേയമാക്കുകയാണ് സംഘപരിവാരം. (ആഴ്ചപ്തിപ്പിന്റെ പത്രാധിപരും തന്റെ ട്വിറ്റർ പോസ്റ്റിൽ ഇതേ കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.) അധികാരം നടത്തുന്നത് തങ്ങളായതുകൊണ്ട് ശിക്ഷിക്കപ്പെടുമെന്ന ഭയപ്പാടില്ലാതെ ആൾക്കൂട്ടക്കൊലകൾ നടത്താമെന്ന സംഘപരിവാരത്തിന്റെ നിലപാട് സാഹിത്യത്തിന്റേയും എഴുത്തിന്റേയും പ്രഭാഷണത്തിന്റേയുമൊക്കെ മേഖലകളിലേക്കു കൂടി പ്രയോഗിക്കുകയാണവർ. അടുത്തയിടെ കവിയും പ്രഭാഷകനുമായ കുരീപ്പുഴ ശ്രീകുമാറിനും മറ്റു പലർക്കും എതിരെയുണ്ടായ കൈയേറ്റ ശ്രമങ്ങളും ഒളിഞ്ഞും തെളിഞ്ഞുമുള്ള ഭീഷണികളും ഇതാണു കാണിക്കുന്നത്. ഈ ഫാസിസ്റ്റ് നിലപാടുകൾക്കും കടന്നാക്രമണങ്ങൾക്കുമെതിരെ ഏറ്റവും വിശാലമായ ഐക്യനിര കെട്ടിപ്പടുക്കാനും ജനാധിപത്യ മതനിരപേക്ഷ ശക്തികളുടെ പ്രതിഷേധം വളർത്തിയെടുക്കാനും കഴിയുന്നില്ലെങ്കിൽ കേരളീയർ കൊണ്ടാടുന്ന സാംസ്കാരിക പ്രബുദ്ധത എത്രമേൽ ദുർബ്ബലവും ശുഷ്ക്കവുമാണെന്നു ലോകം പരിഹസിക്കും.